പകൽ മിലാനിൽ കറങ്ങി നടന്നുവെന്നും സാൻഡ്‍വിച്ച് ആസ്വദിച്ചു എന്നുമാണ് ഇവർ പറയുന്നത്. അന്നുരാത്രി തന്നെ തങ്ങൾ വീട്ടിലേക്ക് മടങ്ങിയെന്നും ആകെ യാത്രയ്ക്ക് 10,000 രൂപ മാത്രമാണ് ചെലവായത് എന്നും അവർ പറയുന്നു.
നല്ല ഭക്ഷണം കഴിക്കാൻ തോന്നിയാൽ കഴിക്കണം അല്ലേ? എന്നാൽ, ചിലപ്പോൾ അതിന് വില വളരെ കൂടുതലാണെങ്കിലോ? അതും നമ്മൾ പരിഗണിക്കേണ്ടി വരും. എന്നാൽ, സ്വന്തം രാജ്യത്ത് വില കൂടുതലാണ് എന്നും പറഞ്ഞ് നമ്മളാരെങ്കിലും അയൽരാജ്യത്ത് പോയി ഭക്ഷണം കഴിക്കാൻ മെനക്കെടുമോ? ഇല്ല അല്ലേ? എന്നാൽ, ഈ ദമ്പതികൾ അങ്ങനെ ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, യുകെയിൽ താമസിക്കുന്ന ദമ്പതികൾ സാൻഡ്വിച്ച് കഴിക്കാൻ വേണ്ടി മിലാനിലേക്ക് യാത്ര ചെയ്തുവത്രെ. തങ്ങൾക്ക് സാൻഡ്‍വിച്ച് കഴിക്കാൻ വലിയ കൊതി തോന്നിയെന്നും തങ്ങളുടെ വീട്ടിൽ നിന്നും ലണ്ടനിലേക്ക് പോവുന്നതിനേക്കാൾ ഇറ്റലിയിലേക്ക് പോവുന്നതാണ് നല്ലതെന്ന് തോന്നിയെന്നുമാണ് ദമ്പതികൾ പറയുന്നത്. മാത്രമല്ല, അവിടെ സാൻഡ്‍വിച്ചിന് വിലക്കുറവാണ് എന്നതും കാരണമാണ് എന്നും ദമ്പതികൾ പറയുന്നു.
undefined
49 -കാരിയായ ഷാരോൺ സമ്മറും പങ്കാളിയായ ഡാൻ പുഡിഫൂട്ടുമാണ് സാൻഡ്‍വിച്ച് കഴിക്കുന്നതിന് വേണ്ടി നേരെ മിലാനിലേക്ക് വിട്ടത്. ബെഡ്‌ഫോർഡ്‌ഷയറിലെ ക്രാൻഫീൽഡിൽ നിന്ന് ലണ്ടനിലേക്കുള്ള ടിക്കറ്റിന് 3700 മുതൽ 4800 രൂപ വരെയായിരുന്നു നിരക്ക്. യാത്രയ്ക്ക് ഏകദേശം ഒന്നര മണിക്കൂർ എടുക്കും. പകരം, അവർ ഇറ്റലിയിലെ മിലാനിലേക്ക് പറക്കാൻ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല, വെറും 1500 രൂപയ്ക്ക് ഒരു ഫ്ലൈറ്റും അവർ കണ്ടെത്തി. അങ്ങനെ അവർ പകൽ മിലാനിൽ കറങ്ങി നടന്നുവെന്നും സാൻഡ്‍വിച്ച് ആസ്വദിച്ചു എന്നുമാണ് ഇവർ പറയുന്നത്. അന്നുരാത്രി തന്നെ തങ്ങൾ വീട്ടിലേക്ക് മടങ്ങിയെന്നും ആകെ യാത്രയ്ക്ക് 10,000 രൂപ മാത്രമാണ് ചെലവായത് എന്നും അവർ പറയുന്നു.
അതൊരു അടിപൊളി ദിവസമായിരുന്നു എന്നും നന്നായി ആ ദിവസവും സാൻഡ്‍വിച്ചും ആസ്വദിച്ചു എന്നും കൂടി ദമ്പതികൾ പറയുന്നു.