എന്തുകൊണ്ടാണ് പൊലീസുകാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നത്? ഇതിനുള്ള പ്രധാന കാരണങ്ങളെന്തൊക്കെയാണ്? പൊലീസുകാരിലെ ആത്മഹത്യ പ്രവണ എങ്ങനെ നിയന്ത്രിക്കാനാകും? വിഷയത്തില്‍ മാനന്തവാടി എഎസ്‍പി വൈഭവ് സക്‌സേന ഐപിഎസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
വിഷാദികളാവുന്നവരുടേയും ആത്മഹത്യ ചെയ്യുന്നവരുടേയും എണ്ണം കേരളത്തില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. വെറുതെയൊരു തോന്നലിന് പോയി ആത്മഹത്യ ചെയ്യുന്നവരാകില്ല ആരും. ഒരുപാട് ചിന്തിച്ചും ഒരുപാട് വേദനിച്ചും തന്നെയാണ് ഒരാള്‍ ആത്മഹത്യ എന്ന തെറ്റായ വഴി തെരഞ്ഞെടുക്കുന്നത്. 'ഭീരുക്കളാണ് ആത്മഹത്യ ചെയ്യുക, അല്ല ധീരന്മാരാണ് ആത്മഹത്യ തെരഞ്ഞെടുക്കുക' എന്നൊക്കെയുള്ള കാല്‍പനിക വചനങ്ങളും കേള്‍ക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു കണക്ക് പറയുന്നത് കേരളത്തിലെ പൊലീസുകാരും ആത്മഹത്യയെന്ന വഴി തെരഞ്ഞെടുക്കുന്നുവെന്നാണ്. സ്വതവേ ധീരതയുടെ പര്യായമായും ക്രമസമാധാനപാലകരായുമെല്ലാം നാം നോക്കിക്കാണുന്ന പൊലീസുകാര്‍ എന്തുകൊണ്ടാണ് ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നത്?
ഏതായാലും കണക്കുകള്‍ ഇവ്വിധമാണ്: കഴിഞ്ഞ മൂന്നര വർഷത്തിനിടെ 48 പൊലീസുകാർ കേരളത്തില്‍ ആത്മഹത്യ ചെയ്‍തിട്ടുണ്ട്. സ്റ്റേറ്റ് ഇന്റലിജൻസിന്‍റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൊലീസുകാരും മനുഷ്യരല്ലേ, അവര്‍ക്കും പലവിധ പ്രശ്‍നങ്ങളുണ്ടാവും. എന്നാല്‍, ഇതില്‍ ഏറ്റവുമധികംപേര്‍ മാനസിക സംഘർഷം മൂലമാണ് ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. 23 പൊലീസുകാരാണ് സംസ്ഥാനത്ത് മാനസിക സംഘർഷം മൂലം മാത്രം ജീവനൊടുക്കിയത്. 12 പേർ കുടുംബപ്രശ്നം മൂലവും രണ്ടുപേർ സാമ്പത്തിക ബാധ്യത മൂലവുമാണ് ആത്മഹത്യ ചെയ്തതെന്നും കണക്കുകള്‍ പറയുന്നു. 2016 മുതൽ 2019 നവംബർ വരെയുള്ള റിപ്പോർട്ടാണ് സ്റ്റേറ്റ് ഇന്‍റലിജൻസ് യൂണിറ്റ് പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സമർപ്പിച്ചത്.
undefined
പൊലീസിനും കാണും ആത്മസംഘര്‍ഷം
ഈ വിധത്തില്‍ പൊലീസുകാര്‍ മാനസിക സംഘര്‍ഷമനുഭവിക്കേണ്ടി വരുന്നുവെങ്കിലെന്ത് ചെയ്യും? അത് കുറക്കാനുള്ള വഴികളാലോചിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. അതിനെ കുറിച്ച് സംസാരിക്കാന്‍ പറ്റിയ ഏറ്റവും മികച്ചൊരാള്‍ വയനാടുണ്ട്. മാനന്തവാടി എഎസ്‍പി വൈഭവ് സക്‌സേന ഐപിഎസ്...
വൈഭവ് സക്‌സേന ഐപിഎസ്
തടവുകാരുടെയടക്കം മാനസിക സംഘര്‍ഷം കുറക്കാനുള്ള വഴികള്‍ നേരത്തെ തെരഞ്ഞെടുത്ത ഓഫീസറാണ് അദ്ദേഹം. അതിനായി ലോക്കപ്പിനകത്ത് ധ്യാനനിരതനായ ബുദ്ധന്റെ വലിയൊരു മ്യൂറൽ പെയിന്റിങ്ങും ഒരുക്കിട്ടുണ്ട്. ലോക്കപ്പില്‍ കിടക്കുന്നവരുടെ മാനസിക സംഘർഷത്തിന് അയവുവരുത്താനാണത്രെ ഇത്. മാനന്തവാടിയിലെ തലപ്പുഴ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലെ ചുവരിലാണ് ബുദ്ധന്റെ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തോടൊപ്പം, 'വിഷമങ്ങൾ നേരിടുമ്പോൾ ക്ഷമയാണ് ധൈര്യം. നിരാശയുടെ ഇരുൾ മുറിയിൽ തളർന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസ്സിനെ നയിക്കുക...' എന്ന ബുദ്ധവചനവും ഉൾപ്പെടുത്തിയിട്ടുണ്ട്. തീര്‍ന്നില്ല, ഈ വർഷം, രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷൻ എന്ന പട്ടത്തിനുവേണ്ടി മത്സരിക്കുന്ന കേരളത്തിലെ 11 പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ് തലപ്പുഴ.
തലപ്പുഴ സ്റ്റേഷനിലെ ബുദ്ധന്‍റെ പെയിന്‍റിങ്
പൊലീസുകാരുടെ ആത്മഹത്യയെ കുറിച്ച് ഡോക്ടര്‍ കൂടിയായിരുന്ന വൈഭവ് സക്‌സേന ഐപിഎസ്സിന് ഏഷ്യാനെറ്റിനോട് സംസാരിച്ചു. അതില്‍ അദ്ദേഹം വ്യക്തമാക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്:
പൊലീസുകാരും സാധാരണ മനുഷ്യരാണ്. ചിന്തിക്കുകയും ചിരിക്കുകയും ചെയ്യുന്നവർ. അവർക്കിടയിലും മാനസിക പ്രശ്നങ്ങളുണ്ടാകും. അത് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് എത്രയും പെട്ടെന്ന് അതിജീവിക്കാനുള്ള കരുത്ത് അവർക്ക് നൽകുകയും ചെയ്യേണ്ടതുണ്ട്. ഒപ്പം, എല്ലാ മനുഷ്യരും ആത്മഹത്യ ചെയ്യുന്ന അതേ കാരണങ്ങള്‍ കൊണ്ടുതന്നെ പൊലീസുകാരും ആത്മഹത്യ ചെയ്യാം. അതില്‍, മാനസികാരോഗ്യ പ്രശ്നങ്ങളും, ജനിതക ഘടകങ്ങളും, ലഹരി പദാര്‍ത്ഥങ്ങളുടെ അമിതോപയോഗവും, സാമൂഹ്യ-കുടുംബ പശ്ചാത്തലവും എല്ലാം പെടാം. അക്കൂട്ടത്തില്‍ തൊഴിലിടത്തിലെ പ്രശ്‍നങ്ങളെ മാറ്റിനിര്‍ത്താനാകില്ല. ഡ്യൂട്ടി സമയം, നൈറ്റ് ഡ്യൂട്ടി, അവധിയില്ല, അമിത ജോലിഭാരം തുടങ്ങിയ നിരവധി വിഷയങ്ങൾ ഇതിലുമുണ്ട്. അതും ഒരു പൊലീസുകാരനെ ആത്മഹത്യയിലേക്ക് നയിച്ചേക്കാം. ഡിപ്പാർട്ടിമെന്റിൽ നിന്നുള്ള സമ്മർദ്ദങ്ങള്‍ ഒരു പൊലീസുകാരന്‍റെ ആത്മഹത്യയ്ക്ക് കാരണമാകാം.
കുടുംബത്തിൽ നിന്നോ ഡിപ്പാർട്ട്മെന്‍റിൽ നിന്നോ പലർക്കും വേണ്ട പിന്തുണ കിട്ടുന്നുണ്ടാകില്ല. പ്രശ്നങ്ങൾ തുറന്നു പറയാനോ കേൾക്കാനോ ആളുകളുണ്ടാകില്ല. പ്രശ്നങ്ങൾ തുറന്ന് പറയാൻ മറ്റുള്ളവരുമായി അവർ നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിച്ചിട്ടുണ്ടാകില്ല. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായോ മികച്ച ആരോഗ്യം കാത്തുസൂക്ഷിക്കാനോ ഉള്ള വ്യായാമങ്ങളോ യോഗയോ മെഡിറ്റേഷനോ ചെയ്യാനുള്ള സമയം കിട്ടുന്നുണ്ടാകില്ല. കൃത്യമായി ഉറങ്ങാൻ പോലും ഒരു പൊലീസുകാരന് സമയം കിട്ടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഉയർന്ന ഉദ്യോഗസ്ഥനിൽ മാനസിക സമ്മർദ്ദം നേരിട്ടേക്കാമെന്നും അദ്ദേഹം പറയുന്നു.
ഇതിനുള്ള ചില പരിഹാരങ്ങളും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്:
ആദ്യം ആ വ്യക്തിയുടെ സാമൂഹിക പെരുമാറ്റം മനസ്സിലാക്കണം. അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ടെങ്കിൽ അത് മനസ്സിലാക്കി അതിന് വേണ്ട പരിഹാരങ്ങൾ കണ്ടെത്തണം. ലഹരിക്ക് അടിമയാണെങ്കിൽ അതിൽ നിന്ന് പുറത്തുകടക്കാനുള്ള മാർഗങ്ങൾ അദ്ദേഹത്തിന് നിർദ്ദേശിക്കണം. ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക, റിലാക്സ് ചെയ്യാനുള്ള അവസരം നൽകുക തുടങ്ങിയ കാര്യങ്ങൾക്ക് അദ്ദേഹത്തെ സഹായിക്കുക എന്നിവയാണവ.
പൊലീസ് സ്റ്റേഷനുകളിൽ യോഗയും മെഡിറ്റേഷനുകളും പരീശിലിപ്പിക്കുന്നതിനായി ഡിജിപി ലോകനാഥ് ബെഹ്റ നടപ്പിലാക്കിയ പദ്ധതി സ്വാഗതാർഹമാണ്. എന്നാൽ, 24 മണിക്കൂറും ജോലി ചെയ്യുന്ന വകുപ്പെന്ന നിലയിൽ എത്രത്തോളം ഈ പദ്ധതികൾ നടപ്പിലാക്കാനാകും എന്നത് വെല്ലുവിളിയാണ്. പക്ഷെ, പൊലീസുകാരിൽ ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കുകയും അതിനുവേണ്ട മുൻകരുതലുകൾ അദ്ദേഹം എടുക്കുകയും ചെയ്‍തത് വളരെ പ്രശംസനീയാർഹമാണ്. കോർപ്പറേറ്റീവ് സ്ഥാപനങ്ങളിൽ കാണുന്നതുപോലെ ടീം ബിൽഡിങ് പൊലീസിലും ആവശ്യമാണെന്നും എസിപി വൈഭവ് സക്‌സേന നിർദ്ദേശിച്ചു.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ മാനസികസമ്മര്‍ദ്ദങ്ങളില്ലാതെയാക്കാനുള്ള നടപടികളുണ്ടാവുന്നത് പൊലീസിന് മാത്രമല്ല പൊതുജനങ്ങള്‍ക്കും നല്ലതാണ്. കാരണം, മിക്കപ്പോഴും പൊലീസുകാര്‍ നടത്തുന്ന അക്രമത്തിനുശേഷം കേള്‍ക്കുന്നതാണ് പൊലീസുകാരുടെ സമ്മര്‍ദ്ദം അറിയില്ല നിങ്ങള്‍ക്കൊന്നും എന്നത്. കേരളത്തിലെ പൊലീസുകാര്‍ക്കിടയിലെ ഈ ആത്മഹത്യാപ്രവണത കുറയുന്നതിന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശവും വൈഭവ് സക്സേന ഐപിഎസ്സിനെപ്പോലെയുള്ള പൊലീസുദ്യോഗസ്ഥരുടെ ഇടപെടലുകളും സഹായിക്കുമെന്ന് കരുതാം.