കോഫി അറബിക്കയുടെ ഉത്ഭവം 6,00,000 വർഷങ്ങൾക്ക് മുമ്പ് എത്യോപ്യയിലെ വനങ്ങളിൽ നിന്നാണെന്നാണ് ഈ പഠനത്തിൽ പറയുന്നത്.
ചായയോ കാപ്പിയോ? ഏതാണ് നിങ്ങളുടെ ഇഷ്ട പാനീയം? കാപ്പി ആണെങ്കിൽ ഒരു നിമിഷം, കാപ്പിയെ കുറച്ച് ചില കാര്യങ്ങൾ പറയാം. മോച്ച, ലാറ്റെ, കപ്പുച്ചിനോ മുതൽ ഫിൽട്ടർ കോഫി വരെ, ലോകമെമ്പാടുമുള്ള കാപ്പി പ്രേമികൾ ആസ്വദിക്കുന്ന നിരവധിതരം കാപ്പികളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കോഫി അറബിക്ക. നേച്ചർ ജെനറ്റിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം കോഫി അറബിക്കയുടെ ഉത്ഭവത്തെക്കുറിച്ച് കൗതുകകരമായ ചില വെളിപ്പെടുത്തലുകൾ നടത്തി. കോഫി അറബിക്കയുടെ ഉത്ഭവം 6,00,000 വർഷങ്ങൾക്ക് മുമ്പ് എത്യോപ്യയിലെ വനങ്ങളിൽ നിന്നാണെന്നാണ് ഈ പഠനത്തിൽ പറയുന്നത്. എന്ന് വച്ചാൽ ഏകദേശം 3,00,000 വർഷങ്ങൾക്ക് മുമ്പ് ഉടലെടുത്ത ഹോമോ സാപ്പിയൻസുകളേക്കാൾ പഴയതാണ് ഈ കാപ്പി ഇനമെന്ന് തന്നെ.
10,000 വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ഗുഹാമുഖം കണ്ടെത്തി
കോഫി കാനെഫോറ (Coffea canephora), കോഫി യൂജെനിയോയിഡുകൾ (Coffea eugenioides) എന്നീ സ്പീഷീസുകളുടെ സ്വാഭാവിക സങ്കരയിനമായാണ് കോഫി അറബിക്ക രൂപപ്പെടുന്നത്. ഈ ക്രോസ് ബ്രീഡിംഗ് 'ആധുനിക മനുഷ്യർക്കും കാപ്പി കൃഷിക്കും' മുമ്പുള്ളതാണന്നാണ് പഠനം പറയുന്നത്. ഇന്ന് ജീവിച്ചിരിക്കുന്ന സസ്യങ്ങളുടെ ജനിതക വിവരങ്ങൾ ഉപയോഗിച്ചാണ് അറബിക്കയുടെ ചരിത്രത്തിലേക്ക് ഗവേഷകര്‍ കൂടുതൽ ഇറങ്ങിച്ചെന്നതെന്നാണ് പഠനത്തിൽ പങ്കാളിയായ വിക്ടർ ആൽബർട്ട് പറയുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്ന പുതിയ അറബിക്ക ഇനങ്ങളെ വികസിപ്പിക്കുന്നതിന് സമകാലിക ഇനങ്ങളുടെ ഉത്ഭവത്തെയും പ്രജനന ചരിത്രത്തെയും കുറിച്ചുള്ള വിശദമായ ധാരണ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ലോകത്ത് ചിലയിടങ്ങളിൽ മാത്രമേ അറബിക്കയ്ക്ക് വളരാൻ അനുകൂലമായ സാഹചര്യമുള്ളൂ. മറ്റ് കാപ്പി ഇനങ്ങളെ അപേക്ഷിച്ച് അറബിക്കയുടെ സുഗന്ധം ഏറെ ആസ്വാദ്യകരവും രുചി അല്പം മധുരം നിറഞ്ഞതും ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ കഫീൻ കുറവുള്ളതിനാൽ കൂടുതൽ അസിഡിറ്റി ഉണ്ട്. അതിനാല്‍ തന്നെ കാപ്പിയുടെ സ്വാഭാവികമായ കയ്പ്പ് ഇത് കുറയ്ക്കാൻ സഹായിക്കുന്നു. ലോകത്തിലെ മൊത്തം കാപ്പി ഉൽപന്നങ്ങളുടെ 60 ശതമാനവും ഈ ഇനത്തിലുള്ള ബീൻസ് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. അറബിക്ക കാപ്പിയുടെ കൃഷി പ്രധാനമായും 1600 കളിൽ യെമനിൽ ആരംഭിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യന്‍ സന്യാസി ബാബ ബുദാന്‍ 1600 ഓടെ യെമനില്‍ നിന്ന് ഏഴ് അറബിക്കയുടെ വിത്തുകള്‍ കൊണ്ടുവന്നത് ഇന്ത്യന്‍ അറബിക്ക കൃഷി ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.