ഫാറ്റിലിവറിനെ ചെറുക്കാനുള്ള സിഎംഎഫ്ആർഐയുടെ കടൽപായൽ ഉൽപന്നം വിപണിയിലേക്ക്

By Web Team  |  First Published Dec 20, 2022, 4:34 PM IST

സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കാജൽ ചക്രബർത്തിയാണ് ഉൽപ്പന്നം വികസിപ്പിച്ചത്. നാല് മാസത്തിനുള്ളിൽ ഉൽപന്നം വിപണിയിലെത്തിക്കുമെന്ന് എമിനിയോടെക് മാനേജിംഗ് ഡയറക്ടർ ഇവാൻജലിസ്റ്റ് പത്രോസ് പറഞ്ഞു.


കൊച്ചി: നോൺആൽകഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കടൽപായലിൽ നിന്നും വികസിപ്പിച്ച പ്രകൃതിദത്ത ഉൽപന്നം ഉടൻ വിപണിയിലെത്തും. കടൽമീൻ ലിവ്ക്യവർ എക്‌സ്ട്രാക്റ്റ് എന്ന ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നം വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിനും വിപണിയിലെത്തിക്കുന്നതിനും സ്വകാര്യ കമ്പനിയായ എമിനിയോടെക്കുമായി സിഎംഎഫ്ആർഐ ധാരണയായി.

കടൽപായലിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങൾ വേർതിരിച്ച് വികസിപ്പിച്ച ഉൽപന്നത്തിന്റെ സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള അനുമതി പത്രം സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണനും എമിനിയോടെക് മാനേജിംഗ് ഡയറക്ടർ ഇവാൻജലിസ്റ്റ് പത്രോസും ഒപ്പുവെച്ചു.

Latest Videos

undefined

നേരത്തെ, പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തമസമ്മർദ്ദം, തൈറോയിഡ് എന്നീ രോഗങ്ങൾക്കെതിരെയും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമായി സിഎംഎഫ്ആർഐ വികസിപ്പിച്ച ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ സ്വകാര്യ കമ്പനികൾ വഴി വിപണിയിലെത്തിച്ചിട്ടുണ്ട്.

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പുകൾ നിയന്ത്രണവിധേയമാക്കുന്നതിനും ഈ ഉൽപന്നം സഹായകരമാണെന്ന് സിഎംഎഫ്ആർഐയുടെ ഗവേഷണത്തിലൂടെ ബോധ്യപ്പെട്ടതാണെന്ന് ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു. പൂർണമായും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് നിർമിച്ച ഈ ഉൽപന്നത്തിന് യാതൊരുവിധ പാർശ്വഫലങ്ങളുമില്ലെന്നത് ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണ്. ഉൽപന്നം വികസിപ്പിച്ചതുമുതൽ വലിയ അളവിൽ ആവശ്യക്കാർ സിഎംഎഫ്ആർഐയെ സമീപിക്കുന്നുണ്ട്. ജീവിതശൈലി രോഗങ്ങൾക്കെതിരെ പ്രകൃതിദത്ത ഉൽപന്നങ്ങൾക്കുള്ള സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തിക്കുന്നതോടെ നോൺഫാറ്റിലിവർ രോഗബാധിതരായ ധാരാളം പേർക്ക് ഏറെ ആശ്വാസകരമാകുമെന്നാണ് കരുതുന്നത്.

ആരോഗ്യസംരക്ഷണ രംഗത്ത് കടൽപായലുകൾക്കുള്ള അനന്തസാധ്യതകൾ മനസ്സിലാക്കി ഇവയുടെ കൃഷി വൻതോതിൽ വികസിപ്പിക്കുന്നതിന് സിഎംഎംഫ്ആർഐ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കാജൽ ചക്രബർത്തിയാണ് ഉൽപ്പന്നം വികസിപ്പിച്ചത്. നാല് മാസത്തിനുള്ളിൽ ഉൽപന്നം വിപണിയിലെത്തിക്കുമെന്ന് എമിനിയോടെക് മാനേജിംഗ് ഡയറക്ടർ ഇവാൻജലിസ്റ്റ് പത്രോസ് പറഞ്ഞു. ആമസോൺ, ഫ്‌ളിപ്കാർട്ട് തുടങ്ങിയ പ്രധാന ഓൺലൈൻ പോർട്ടലുകളിലും എല്ലാ ജില്ലകളിലും നേരിട്ടും വിപണനം നടത്തും. ഫാറ്റിലിവർ കാരണമായുണ്ടാകുന്ന രോഗാവസ്ഥകൾ, ജീവിതശൈലി മാറ്റുന്നതുൾപ്പെടെയുള്ള സ്വാഭാവിക പരിഹാരമാർഗങ്ങൾ എന്നിവയെകുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!