'കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാന്‍ നിങ്ങള്‍ ഗോത്രവിഭാഗത്തെക്കൂടി കേള്‍ക്കണം' -അര്‍ച്ചനാ സോറംഗ് പറയുന്നത്

By Web Team  |  First Published Sep 28, 2020, 11:09 AM IST

ഉദാഹരണത്തിന് പ്ലാസ്റ്റിക് മലിനീകരണത്തെ കുറിച്ച് പറയാം. എന്‍റെ വീട്ടുകാരെയോ ഗ്രാമത്തിലെ മറ്റുള്ളവരെയോ എടുത്താല്‍ അവര്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് പ്ലാസ്റ്റിക്കല്ല, അതിന്‍റെ ബദല്‍ മാര്‍ഗങ്ങളാണ്. 


യുണൈറ്റഡ് നാഷന്‍സ് സെക്രട്ടറി ജനറലിന്‍റെ 'യൂത്ത് അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ക്ലൈമറ്റ് ചേഞ്ചി'ന്‍റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഏഴ് അംഗങ്ങളിലൊരാളാണ് ഒഡീഷയിലെ അര്‍ച്ചന സോറംഗ് എന്ന ഇരുപത്തിനാലുകാരി. വര്‍ഷങ്ങളായി കാലാവാസ്ഥാ വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുകയും പരിസ്ഥിതിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് അര്‍ച്ചന. അക്കൂട്ടത്തില്‍ പ്രധാനമാണ് അര്‍ച്ചനയുടെ ഗ്രാമത്തിലെ ഗോത്രവിഭാഗങ്ങളുടെ ജീവിതരീതി എങ്ങനെയാണ് പരിസ്ഥിതിയെ സംരക്ഷിക്കാനുതകുന്നതെന്ന അവളുടെ വീക്ഷണവും. അര്‍ച്ചനയുമായി വൈസ് നടത്തിയ അഭിമുഖത്തില്‍ നിന്ന്.

എങ്ങനെയാണ് ഈ ഗോത്രവിഭാഗങ്ങളുടെ ജീവിതവും ജീവിതരീതിയും കാലാവസ്ഥാ പോരാട്ടവുമായി ചേര്‍ന്നുപോകുന്നത്?

Latest Videos

undefined

അവരുടെ ജീവിതവും ജീവിതരീതിയും ശ്രദ്ധിച്ചാല്‍ത്തന്നെ അവര്‍ വളരെ പരിസ്ഥിതി സൗഹാര്‍ദ്ദപരമായി ജീവിക്കുന്നവരാണ് എന്ന് മനസിലാക്കാന്‍ സാധിക്കും. പരിസ്ഥിതിയെ സംരക്ഷിക്കാവുന്ന തരത്തിലുള്ള കാര്യങ്ങള്‍ അവര്‍ നേരത്തെ തന്നെ പരിശീലിച്ചിട്ടുണ്ട്. അതവര്‍ മനപ്പൂര്‍വം അങ്ങനെ ചെയ്യണമല്ലോ എന്ന് ആലോചിച്ച് ചെയ്യുന്നതൊന്നുമല്ല. അവരുടെ ജീവിതരീതി തന്നെ അങ്ങനെയാണ്. ഇവിടെ എല്ലാവരും പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ചും കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചും സംസാരിക്കാറുണ്ട്. എന്നാല്‍, ഈ തദ്ദേശീയ വിഭാഗങ്ങള്‍ക്കെന്താണ് പറയാനുള്ളതെന്നത് എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. അവരുടെ ജീവിതവും കാലാവസ്ഥാ വ്യതിയാനങ്ങളും പരപ്സരം ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ട്. അതാണ് ഞാന്‍ ചെയ്യുന്നത്.

എങ്ങനെയാണ് ഈ അറിവുകളെ നാം മനസിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക?

ആ വിഷയത്തിലുള്ള എഴുത്തുകളിലൂടെയും മറ്റുമാണ് അത് കൂടുതല്‍ മനസിലാക്കാന്‍ സാധിക്കുക. ഏഷ്യയെയും തദ്ദേശവാസികളെയും അടിസ്ഥാനമാക്കിയിട്ടുള്ള അത്തരത്തിലൊരു എഴുതിവെച്ച രേഖയൊന്നും തന്നെയില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവരുടെ പരമ്പരാഗതമായ അറിവുകള്‍ രേഖപ്പെടുത്തി വയ്ക്കുക എന്നതിനാണ് ഞാനിപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. യുവാക്കളെയും അങ്ങനെ രേഖപ്പെടുത്തുന്നതിന് പ്രോത്സാഹിപ്പിക്കുക. ഇന്ത്യയിലെന്നല്ല ലോകത്തിലെ തന്നെ എല്ലാ ഭാഷയിലും അവ രേഖപ്പെടുത്തി വയ്ക്കപ്പെടണം. മാത്രവുമല്ല, ആളുകള്‍ക്ക് ഇരുന്നു സംസാരിക്കാനുള്ള ഒരിടത്തിന്‍റെ അഭാവവും ഇവിടെയുണ്ട് എന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. യുവാക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഇരുന്ന് സംസാരിക്കാനും ചര്‍ച്ച ചെയ്യാനും ക്ലൈമറ്റ് ആക്ഷന്‍ സ്ട്രാറ്റജി തയ്യാറാക്കാനും ഉള്ള ഒരിടം വേണം. കാരണം, ഇപ്പോള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നവര്‍ക്ക് ഓരോരുത്തര്‍ക്കും അവരുടേതായ താല്‍പര്യങ്ങളാണ്. അവയെല്ലാം ഒരുമിച്ച് ചേര്‍ക്കേണ്ടതുണ്ട്.  ഓരോ വംശത്തിലെയും യുവാക്കള്‍ കാലാവസ്ഥയെ കുറിച്ച് അവരുടേതായ ഭാഗം സംസാരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഭിന്നശേഷിക്കാര്‍. അങ്ങനെ കാലാവസ്ഥാവ്യതിയാനങ്ങള്‍ കൂടുതലായി ബാധിക്കുന്നവര്‍, അതിനെതിരെ പോരാടാന്‍ യോജിച്ചവര്‍.

ഗോത്രവിഭാഗത്തിന്‍റെ പരമ്പരാഗതരീതിയും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നതിനെ കുറിച്ച് പറഞ്ഞല്ലോ? ഉദാഹരണം പറയാമോ?

ഉദാഹരണത്തിന് പ്ലാസ്റ്റിക് മലിനീകരണത്തെ കുറിച്ച് പറയാം. എന്‍റെ വീട്ടുകാരെയോ ഗ്രാമത്തിലെ മറ്റുള്ളവരെയോ എടുത്താല്‍ അവര്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് പ്ലാസ്റ്റിക്കല്ല, അതിന്‍റെ ബദല്‍ മാര്‍ഗങ്ങളാണ്. ചെറുകിട വന ഉൽപ്പന്നങ്ങളെ അവർ വളരെയധികം ആശ്രയിക്കുന്നു, ഇതിലൂടെ സർക്കാരിന് വലിയ വരുമാനമുണ്ടാക്കാൻ മാത്രമല്ല, പരിസ്ഥിതിയെ സഹായിക്കാനും കഴിയും. ഉദാഹരണത്തിന് ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാവുന്ന പ്ലാസ്റ്റിക്കിനേക്കാള്‍ ഇലകള്‍ കൊണ്ടുണ്ടാക്കുന്ന പാത്രങ്ങളാണ് നമ്മുടെ സമുദായത്തിലുള്ളവരുപയോഗിക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് അത്തരം പാത്രങ്ങള്‍ പല ഇ-കൊമേഴ്സ് സൈറ്റുകളിലും കാണാം. പക്ഷേ, നഗരപ്രദേശങ്ങളില്‍ വളരെ ചുരുക്കം ചിലരിലേക്കേ അതെത്തുന്നുള്ളൂ. റെസ്റ്റോറന്‍റുകളില്‍പ്പോലും ഡിസ്പോസബിള്‍ പാത്രങ്ങള്‍ മാറ്റണമെന്നാണ് ഞങ്ങളാവശ്യപ്പെടുന്നത്. 

ഇവിടെ ഞങ്ങള്‍ ഇലകള്‍ പറിച്ചെടുക്കുന്നതുപോലും വളരെ ശ്രദ്ധിച്ചുകൊണ്ടാണ്. ഈ വര്‍ഷം കാടിന്‍റെ വടക്ക് ഭാഗത്തുനിന്നാണ് ഇലകള്‍ പറിച്ചെടുക്കുന്നതെങ്കില്‍ അടുത്ത വര്‍ഷം തെക്ക് ഭാഗത്തുനിന്നാവും ഇലകള്‍ പറിച്ചെടുക്കുന്നത്. പ്രകൃതിയിലെ മുളകളുപയോഗിച്ചാണ് അവ തുന്നിയെടുക്കുന്നതുപോലും. ഇതിന്‍റെ വേറൊരു നല്ല കാര്യം ഇത് സംസ്‍കരിക്കാന്‍ കഴിയുമെന്നതാണ്. അതുപോലെ തന്നെ പശുവിനും ആടിനുമെല്ലാം ആഹാരമാക്കി നല്‍കാനും കഴിയും. അതുകൊണ്ട് തന്നെ മാലിന്യസംസ്‍കരണത്തെ കുറിച്ച് അധികം ആകുലപ്പെടേണ്ടതില്ല. മറ്റ് ഉദാഹരണങ്ങളിൽ വെള്ളം ശേഖരിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കും ടാങ്കുകള്‍ക്കും പകരം മണ്‍കുടങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്തരം ബദലുകളെ ലാഭമുണ്ടാക്കുന്നതിനായി വിവിധ കമ്പനികള്‍ ഹൈജാക്ക് ചെയ്യുന്നുണ്ടിന്ന്. 

ഈ ശ്രമങ്ങള്‍ കൂടുതൽ ആളുകളുടെ കണ്‍മുന്നിലെത്തിക്കാനുള്ള വഴികൾ എന്തൊക്കെയാണ്?

തേങ്കപ്പലി എന്ന സംഘത്തിന്‍റെ പ്രവര്‍ത്തനം നിങ്ങളെ അറിയിക്കാന്‍ ഞാനാഗ്രഹിക്കുകയാണ്. തേങ്ക എന്നാല്‍ വടി എന്നാണര്‍ത്ഥം. പലി എന്നാല്‍ സംരക്ഷണം എന്നും. ഇത് ഒഡീഷയിലെ ഗ്രാമത്തിലെ ഒരു വനസംരക്ഷണസംഘമാണ്. ഗ്രാമത്തിലെ സ്ത്രീകളുടെ ഈ സംഘം മരം കടത്ത് മാഫിയക്കെതിരെ പോരാടുന്നു. ഒപ്പം തന്നെ 600 ഏക്കറുകളിലായി കിടക്കുന്ന വനത്തിലെ നശിച്ച ഭാഗങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും അവര്‍ നടത്തുന്നു. പുരുഷന്മാരെ എതിരിടുന്നതുപോലെ സ്ത്രീകളെ എതിരിടാനാവില്ലെന്ന് ഈ മാഫിയയ്ക്ക് അറിയാം. ഇപ്പോള്‍ സ്ത്രീകള്‍ സംഘമായി കാടിനകത്ത് വടിയുമായി പട്രോള്‍ ചെയ്യുന്നു. എന്നാല്‍, കുറച്ച് കഴിഞ്ഞപ്പോള്‍ സ്ത്രീകള്‍ക്ക് ഒരു കാര്യം മനസിലായി ഈ പുരുഷന്മാര്‍ അവരെ ഉപയോഗിക്കുകയാണ്. സ്ത്രീകള്‍ക്ക് അധികാരം നല്‍കാതെ അവരെ പട്രോളിംഗിനായി മാത്രം ഉപയോഗിക്കുകയാണ് എന്ന്. അപ്പോള്‍ ആ പുരുഷന്മാരില്‍ നിന്നും അധികാരം പിടിച്ചുവാങ്ങാന്‍ അവര്‍ക്ക് ധൈര്യം കിട്ടിയിട്ടുണ്ട്. എങ്കില്‍പ്പോലും ഭൂമിയിലോ കാട്ടിലോ ഉള്ള അവരുടെ അധികാരം ഉറപ്പിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല, അത് കാര്യങ്ങളെ വഷളാക്കുകയും ചെയ്യുന്നുണ്ട്. അവര്‍ക്ക് കുടിയൊഴിയേണ്ടി വരികയോ അവരുടെ ഭൂമി പിടിച്ചെടുക്കപ്പെടുകയോ ചെയ്യുന്നുണ്ട്.  അതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത്, കാലാവസ്ഥാ വ്യതിയാനത്തിന്‍റെ കാര്യം വരുമ്പോള്‍ ഇവരുടെ അവകാശങ്ങള്‍ കൂടി അതില്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന്. 

എങ്ങനെയാണ് നഗരങ്ങളിലുള്ളവര്‍ക്ക് ഇതില്‍ പങ്കാളികളാവാന്‍ പറ്റുക? 

ഈ ജനതയ്ക്ക് ആദ്യമായി വേണ്ടത് ദയവും ബഹുമാനവുമാണ്. തദ്ദേശീയരായ ജനങ്ങളില്‍ നിന്നുള്ള അറിവിനെ ബഹുമാനിക്കാന്‍ നാം തയ്യാറാവണം. അവര്‍ക്ക് സാക്ഷരതയില്ലായിരിക്കാം പക്ഷേ അവര്‍ക്ക് അപാരമായ അറിവുണ്ട്. നിങ്ങള്‍ക്ക് അതിനോട് കരുണയും ബഹുമാനവുമുണ്ടെങ്കില്‍ നിങ്ങള്‍ക്കവരെ കുറിച്ചും അവരുടെ ജീവിതരീതിയെ കുറിച്ചും കൂടുതലറിയാനുള്ള ആഗ്രഹവുമുണ്ടാവും. ആ ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളവരോട് ചേര്‍ന്നുനില്‍ക്കും. അതില്ലെങ്കില്‍ പോലും ആ വിവരങ്ങള്‍ പ്രധാനമാണ്. കാരണം, ആ ശബ്ദം തീര്‍ച്ചയായും കേള്‍ക്കപ്പെടേണ്ടതാണ്. അതാണ് നിങ്ങള്‍ക്ക് ചെയ്യാനുള്ളത്, അവരെ കേള്‍ക്കുക. 

click me!