മഴവെള്ളത്തിൻ്റെ ഒഴുക്ക് കുറയ്ക്കുകയും മണ്ണിൻ്റെ ആരോഗ്യം വർധിപ്പിക്കുകയും ഹരിത ഇടങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് നഗര പരിസ്ഥിതി മെച്ചപ്പെടുത്താൻ ഈ പദ്ധതി സഹായിക്കുന്നുവെന്നാണ് ഇവർ അവകാശപ്പെടുന്നത്.
കോൺക്രീറ്റ് നടപ്പാതകൾ പൂർണ്ണമായും നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങൾ. യുകെയിലെ തിരക്കേറിയ നഗരങ്ങൾ മുതൽ ബെൽജിയം, ഫ്രാൻസ് എന്നിവിടങ്ങളിലെ ശാന്തസുന്ദരമായ ഗ്രാമങ്ങൾ വരെ കോൺക്രീറ്റ് നടപ്പാതകൾ പൂർണമായും ഉപേക്ഷിക്കാനുള്ള ശ്രമത്തിലാണത്രെ.
പ്രകൃതി സംരക്ഷണം ഫലവത്താക്കുക എന്ന ഉദ്ദേശത്തോടെയാണ് കോൺക്രീറ്റും മറ്റും ഉപയോഗിച്ചുള്ള നടപ്പാതകൾ പൂർണ്ണമായും നീക്കം ചെയ്ത് ആ ഭാഗങ്ങളിൽ മണ്ണിട്ടും പുല്ലുകള്‍ നട്ടുപിടിപ്പിച്ചുമൊക്കെ പകരം നടപ്പാതകൾ സൃഷ്ടിക്കുന്നത്. ഡീപേവിംഗ് എന്നറിയപ്പെടുന്ന ഈ രീതി ഇപ്പോൾ വിവിധ വിദേശരാജ്യങ്ങളിൽ നടപ്പിലാക്കി വരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
undefined
പാരിസ്ഥിതികവും സാമൂഹികവുമായ നേട്ടങ്ങൾ കണക്കിലെടുത്ത് ഇത്തരം പദ്ധതിക്ക് ഇപ്പോൾ വലിയ സ്വീകാര്യതയാണ് വിദേശരാജ്യങ്ങളിൽ ലഭിക്കുന്നത്. മഴവെള്ളത്തിൻ്റെ ഒഴുക്ക് കുറയ്ക്കുകയും മണ്ണിൻ്റെ ആരോഗ്യം വർധിപ്പിക്കുകയും ഹരിത ഇടങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് നഗര പരിസ്ഥിതി മെച്ചപ്പെടുത്താൻ ഈ പദ്ധതി സഹായിക്കുന്നുവെന്നാണ് ഇവർ അവകാശപ്പെടുന്നത്. കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നഗരപ്രദേശങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ബിബിസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, പോർട്ട്‌ലാൻഡിലെ ഡെപാവ് ഗ്രൂപ്പ് സ്ഥാപിതമായ 2008 മുതൽ തന്നെ ഈ പ്രക്രിയ നിലവിലുണ്ട്. മണ്ണിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് നീക്കം ചെയ്യുന്നത് വെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ സഹായിക്കുന്നു, ഇത് കനത്ത മഴയുള്ള സമയങ്ങളിൽ വെള്ളപ്പൊക്കം കുറയ്ക്കുകയും നഗരങ്ങളെ വലിയൊരു പരിധിവരെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുകയും ചെയ്യുമെന്നാണ് ഇവർ പറയുന്നത്.
കൂടാതെ ഇത്തരം പ്രകൃതിദത്ത നടപ്പാതകളോട് ചേർന്ന് മരങ്ങൾ കൂടി നട്ടുപിടിപ്പിക്കുകയും ചെയ്യുന്നത് ഈ പദ്ധതിയുടെ ഭാഗമാണ്. ഇതിലൂടെ ചൂടിൽ നിന്ന് താമസക്കാരെ സംരക്ഷിക്കാനും ആളുകളുടെ മാനസികാരോഗ്യം പോലും മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.