ട്രെയിനുകളിൽ കത്തിക്കുത്തിനെ പ്രതിരോധിക്കാൻ ബ്ലേഡ്-പ്രൂഫ് കുടകളുമായി ജപ്പാനിലെ കമ്പനി

By Web TeamFirst Published Oct 23, 2024, 1:05 PM IST
Highlights

കമ്പനി പറയുന്നതനുസരിച്ച് കുടയുടെ ആകൃതിയിൽ വരുന്നത് ഇത്തരം അപകടങ്ങളെ ചെറുക്കാനുള്ള ഒരു ഉപകരണമാണ്. ഇത് യാത്രക്കാർക്ക് സുരക്ഷിതമായി ഓടിപ്പോകാനുള്ള സമയം നൽകും.

കത്തി ഉപയോ​ഗിച്ചുള്ള ആക്രമണം രാജ്യത്ത് വർധിച്ചതോടെ ജപ്പാനിലെ കൻസായി മേഖലയിൽ കത്തിക്കുത്തിനെ പ്രതിരോധിക്കാനുള്ള കുടകൾ വരുന്നു. ബുള്ളറ്റ് പ്രൂഫ് എന്നൊക്കെ പറയുംപോലെ ബ്ലേഡ് പ്രൂഫ് കുടകളാണ് ഇതുവഴിയുള്ള ട്രെയിനുകളിലേക്ക്  ജെആർ വെസ്റ്റ് എന്ന കമ്പനി നൽകുന്നത്. 

ആയിരത്തിയിരുന്നൂറോളം, ഭാരം കുറഞ്ഞ കത്തിക്കുത്ത് ഏൽക്കാത്ത രീതിയിലുള്ള കുടകളാണത്രെ കമ്പനി നൽകുന്നത്. അപകടകരമായ സാഹചര്യങ്ങളിൽ പ്രതിരോധിക്കാനും സംരക്ഷണം നൽകാനും ഈ കുടകൾക്ക് സാധിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞയാഴ്ച ആദ്യമാണ് കമ്പനി ഒരു പത്രസമ്മേളനത്തിൽ കുടകളെ കുറിച്ച് വിശദീകരിച്ചത്. 

Latest Videos

ഈ കുടകൾ ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമാണെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. “വണ്ടിക്കുള്ളിൽ ഒരു പരിധിവരെ അവ പ്രവർത്തിപ്പിക്കാനാകും, ശക്തിയേറിയതുമാണ്. ഇത്തരം അടിയന്തിരസാഹചര്യങ്ങളിൽ ജീവനക്കാർ പ്രതികരിക്കുകയും യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നാണ് ജെആർ വെസ്റ്റ് പ്രസിഡൻ്റ് കസുവാക്കി ഹസെഗാവ പറഞ്ഞത്. 

കമ്പനി പറയുന്നതനുസരിച്ച് കുടയുടെ ആകൃതിയിൽ വരുന്നത് ഇത്തരം അപകടങ്ങളെ ചെറുക്കാനുള്ള ഒരു ഉപകരണമാണ്. ഇത് യാത്രക്കാർക്ക് സുരക്ഷിതമായി ഓടിപ്പോകാനുള്ള സമയം നൽകും. സാധാരണ കുടയേക്കാൾ 20 സെൻ്റീമീറ്റർ അധികം നീളമുള്ളതും എളുപ്പത്തിൽ തുളച്ചുകയറാത്തതുമായ ഒരു പ്രത്യേക തുണി ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.

ഇവ അക്രമമുണ്ടാകുന്ന സമയത്ത് ഒരു ഷീൽഡ് പോലെ പ്രവർത്തിക്കും. സ്ത്രീ യാത്രക്കാർക്കും ഇത് ഉപയോ​ഗിക്കാൻ എളുപ്പമാണ് എന്നും കമ്പനി പറയുന്നു. ഈ വർ‌ഷം നവംബറിലാണ് ഈ കുടകൾ ട്രെയിനുകളിൽ ലഭ്യമാക്കി തുടങ്ങുക എന്നും കമ്പനി പറയുന്നു. 

അതേസമയം, ജപ്പാനിൽ ട്രെയിനുകളിലെ കത്തിക്കുത്ത് ഒരു വലിയ ഭീഷണിയായി നിലനിൽക്കുകയാണ്. കഴിഞ്ഞ വർഷം തന്നെ ഇത്തരം ആക്രമണങ്ങൾ വളരെ കൂടുതലായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഒറ്റനിമിഷം, അസാമാന്യ ധൈര്യം, പിന്നിലൂടെ യുവാവിനെ അകത്തേക്ക് വലിച്ചിട്ടു, ജീവൻ രക്ഷിച്ച അയൽവാസിക്ക് അഭിനന്ദനം 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!