മൂവിന് ഇത്രയും വിലയേറിയ സാധനങ്ങളൊക്കെ വാങ്ങിക്കൊടുത്ത് അവളെ നിങ്ങൾ ചീത്തയാക്കുകയാണ് എന്ന് കുറ്റപ്പെടുത്തുന്നവരും അനേകം പേരുണ്ട്.
ഒരു 11 വയസ്സുകാരി എങ്ങനെയായിരിക്കും ജീവിക്കുക? സമപ്രായക്കാരോടൊത്ത് കളിച്ചും ചിരിച്ചും കാർട്ടൂൺ കണ്ടും ഒക്കെയായിരിക്കും. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു 11 വയസ്സുകാരിയുണ്ട്. മൂ എബ്രഹാം എന്നാണ് അവളുടെ പേര്. ആഡംബര ബ്രാൻഡുകളുടെ പ്രൊഡക്ടുകൾ ഉപയോഗിക്കുകയും കുടുംബത്തിന്റെ സെക്കൻഡ് ഹാൻഡ് ലക്ഷ്വറി സ്റ്റോർ ബിസിനസിൽ പങ്കാളിയാവുകയും ഒക്കെ ചെയ്തുകൊണ്ടാണ് അവൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അവളുടെ ബാഗും വാച്ചും എല്ലാം വില കൂടിയ ബ്രാൻഡഡ് പ്രൊഡക്ടുകളാണ്.
ടിക്ടോക്കിൽ അവൾ അറിയപ്പെടുന്നത് 'the billionaire daughter' എന്നാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുകയും സെക്കൻഡ് ഹാൻഡ് ലക്ഷ്വറി സാധനങ്ങൾ വിൽക്കുകയും ചെയ്യുന്ന 'ലവ് ലക്ഷ്വറി'യുടെ സ്ഥാപകരായ എമിലിയുടെയും ആദം എബ്രഹാമിന്റെയും മകളാണ് മൂ എബ്രഹാം. ഈ ദമ്പതികൾ ബില്ല്യണയർമാരല്ലെങ്കിലും ഓൺലൈനിൽ ശ്രദ്ധിക്കപ്പെടുന്ന മൂവിന്റെ സോഷ്യൽ മീഡിയയിലെ പേര് 'ബില്ല്യണയറുടെ മകൾ' എന്നാണ് എന്നതാണ് രസകരം.
ആഡംബര വസ്തുക്കളുടെയും ഷോപ്പിംഗിന്റെയും ഒക്കെ അനേകം വീഡിയോകൾ ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതിൽ ലണ്ടനിൽ നിന്നും ദുബായിൽ നിന്നും ഒക്കെയുള്ള വീഡിയോകൾ കാണാം. ഒപ്പം തന്നെ എങ്ങനെ ഒരു ലക്ഷ്വറി പ്രൊഡക്ടിന്റെ ഒറിജിനലും വ്യാജനും തിരിച്ചറിയാം എന്നതിലും ഇവർ വീഡിയോ ചെയ്യാറുണ്ട്.
അതുപോലെ ബ്രാൻഡഡ് വസ്തുക്കൾ ധരിച്ചു നിൽക്കുന്ന മൂവിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട്. അതിനും കമന്റുകൾ ഒത്തിരിയാണ്. ചിലരെല്ലാം അത് ഇഷ്ടപ്പെടുമ്പോൾ മറ്റ് ചിലർക്ക് കുട്ടികൾക്ക് ഇങ്ങനെ ആഡംബര വസ്തുക്കൾ ഉപയോഗിക്കാൻ നൽകരുത് എന്ന അഭിപ്രായമാണ് ഉള്ളത്. അതുപോലെ മൂവിന് ഇത്രയും വിലയേറിയ സാധനങ്ങളൊക്കെ വാങ്ങിക്കൊടുത്ത് അവളെ നിങ്ങൾ ചീത്തയാക്കുകയാണ് എന്ന് കുറ്റപ്പെടുത്തുന്നവരും അനേകം പേരുണ്ട്.
എന്നാൽ, മൂവിന്റെ അമ്മയായ എമിലി പറയുന്നത്, അങ്ങനെ വെറുതെ വാങ്ങിക്കൊടുക്കുകയല്ല. ഒന്നുകിൽ ഭാവിയിലേക്കും ഉപകാരപ്പെടുന്നതോ അല്ലെങ്കിൽ വീണ്ടും വിറ്റാൽ നല്ല വില കിട്ടുന്നതോ ആയ വസ്തുക്കൾ മാത്രമാണ് തങ്ങൾ മകൾക്ക് വാങ്ങി നൽകുന്നത് എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം