പലപ്പോഴും അധ്യാപകര്‍ സ്കൂളില്‍ വൈകിയെത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ബീഹാര്‍ വിദ്യാഭ്യാസ വകുപ്പ് പുതിയ ഹാജര്‍ പരിഷ്കരണം ഏര്‍പ്പെടുത്തിയത്.
സ്കൂളിലെത്താന്‍ വൈകിയ അധ്യാപിക കാറില്‍ ഇരുന്ന് ഓണ്‍ലൈനില്‍ ഹാജര്‍ രേഖപ്പെടുത്തി. പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്‍റെ അച്ചടക്ക നടപടി. ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി, രണ്ട് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രതികരണം അയയ്ക്കാനും ആവശ്യപ്പെട്ടു. അധ്യാപികയുടെ പ്രതികരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ ബൈകുന്ത്പൂർ ബ്ലോക്കിലാണ് സംഭവം. രേണു കുമാരി എന്നാണ് അധ്യാപികയുടെ പേര്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) യോഗേഷ് കുമാറാണ് അധ്യാപികയ്ക്ക് നോട്ടീസ് നൽകിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബീഹാറിലെ വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ മര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം എല്ലാ അധ്യാപകരും അവരുടെ ദൈനംദിന ഹാജർ ഇ-ശിക്ഷാകോഷ് ആപ്ലിക്കേഷന്‍ വഴി രേഖപ്പെടുത്തണം. ഇതിനായി അധ്യാപകര്‍ സ്കൂള്‍ പരിസരത്ത് നില്‍ക്കുന്ന സെല്‍ഫി എടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്യുകയും വേണം. എന്നാല്‍, കഴിഞ്ഞ സെപ്തംബറില്‍ രേണു കുമാരി, കാറില്‍ ഇരുന്നാണ് തന്‍റെ ഹാജര്‍ രേഖപ്പെടുത്തിയത്. ഇത് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ സംഭവം അന്വേഷിക്കുകയും ഇവര്‍, ഹാജര്‍ രേഖപ്പെടുത്തിയ സമയം സ്കൂളിലില്ലായിരുന്നെന്ന് കണ്ടെത്തുകയുമായിരുന്നു. അന്വേഷണത്തില്‍ ഇവര്‍ ഏതാണ്ട് ഏട്ട് ദിവസത്തോളം സമാനമായ രീതിയിലാണ് ഹാജര്‍ രേഖപ്പെടുത്തിയതെന്നും കണ്ടെത്തി. സെപ്റ്റംബർ 9, 10, 13, 14, 23, 24, 27, ഒക്ടോബർ 2 തീയതികളിലാണ് രോണു കുമാരി കാറിലിരുന്നാണ് ഹാജർ രേഖപ്പെടുത്തിയതെന്നണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
undefined
ഇത്രയും ദിവസം വൈകിയതാണ് കാരണം കാണിക്കല്‍ നോട്ടീസിന് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അധ്യാപികയോട് വിശദീകരണം ചോദിച്ച് രണ്ട് ദിവസത്തിനകം ഡിഇഒ ഓഫീസിൽ സമർപ്പിക്കാൻ ഡിഇഒ യോഗേഷ് കുമാർ സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് നിർദ്ദേശം നൽകി. അധ്യാപിക പ്രതികരിക്കാതിരിക്കുകയോ പ്രതികരണം തൃപ്തികരമല്ലാതിരിക്കുകയോ ചെയ്താൽ തുടർനടപടികൾ സ്വീകരിക്കും. ഒപ്പം അധ്യാപിക കാറിലിരുന്ന് ഹാജര്‍ രേഖപ്പെടുത്തിയതിന്‍റെ ഫോട്ടോകളും ഡിഇഒയുടെ ഓഫീസ് പുറത്ത് വിട്ടു. നിരവധി അധ്യാപകര്‍ സ്കൂളിലെത്തും മുമ്പ് തന്നെ ഹാജര്‍ രേഖപ്പെടുത്തുന്നത് വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രദ്ധിയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മെയ് മാസത്തില്‍ ഈ സംവിധാനം നടപ്പാക്കിയ ശേഷം ഏതാണ്ട് 700 ഓളം അധ്യാപകർക്ക് അവരുടെ ഒരു ദിവസത്തെ ശമ്പളം നഷ്ടപ്പെട്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.