മീഷോയില്‍ ഡ്രോണ്‍ ക്യാമറ ഓര്‍ഡര്‍ ചെയ്തു, കിട്ടിയതോ!

By Web Team  |  First Published Sep 27, 2022, 5:47 PM IST

 വിപണിയില്‍  84,999 വിലയുള്ള ഡി ജെ ഐ ഡ്രോണ്‍ ക്യാമറ  10,212 രൂപയ്ക്ക് ലഭ്യമാവുമെന്നായിരുന്നു ഓഫര്‍. 


ഒന്ന് ഓര്‍ഡര്‍ ചെയ്യുക, മറ്റൊന്ന് കിട്ടുക. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളുമായി ബന്ധപ്പെട്ട് നിരന്തരം കേള്‍ക്കുന്നതാണ് ഈ പരാതി. ഏറ്റവുമൊടുവില്‍ ബിഹാറിലെ ഒരാളാണ് ഓണ്‍ലൈന്‍ സൈറ്റില്‍ സാധനം ഓര്‍ഡര്‍ ചെയ്ത് വടിപിടിച്ചത്. പുള്ളി ഓര്‍ഡര്‍ ചെയ്തത് ഒരു ഡ്രോണ്‍ ക്യാമറയാണ്. കിട്ടിയതോ, ഉരുളക്കിഴങ്ങും. അന്തം വിട്ട ഇയാള്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. 

ബിഹാറിലെ നളന്ദ സ്വദേശിയായ ചൈതന്യ കുമാറിനാണ് ഈ പണി കിട്ടിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മീഷോ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലൂടെയാണ് ഇയാള്‍ ഇടപാട് നടത്തിയത്.  ഓണ്‍ലൈന്‍ സൈറ്റില്‍ കണ്ട ഒരു ഡ്രോണ്‍ ക്യാമറയുടെ ഓഫറാണ് ഇയാള്‍ക്ക് പാരയായത്.  വിപണിയില്‍  84,999 വിലയുള്ള ഡി ജെ ഐ ഡ്രോണ്‍ ക്യാമറ  10,212 രൂപയ്ക്ക് ലഭ്യമാവുമെന്നായിരുന്നു ഓഫര്‍. വിലക്കുറവില്‍ സംശയം തോന്നിയ താന്‍ ഓര്‍ഡര്‍ ചെയ്യും മുമ്പ് ബന്ധപ്പെട്ട കമ്പനിയുമായി ബന്ധപ്പെട്ടിരുന്നതായി ഇയാള്‍ പറയുന്നു. പ്രത്യേക ഓഫര്‍ നിലവിലുള്ളത് കൊണ്ടാണ് ഇത്രയും വിലക്കുറവെന്നും ഭയക്കേണ്ട ഒരു കാര്യവുമില്ലെന്നായിരുന്നു കമ്പനിയുടെ മറുപടിയെന്നും ഇയാള്‍ പറയുന്നു. 

Latest Videos

 

 

ഇതോടെ ധൈര്യം കിട്ടിയ ചൈതന്യ കുമാര്‍ മുഴുവന്‍ പണവും ഓണ്‍ലൈനില്‍ അടച്ച് ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്തു. ഒരാഴ്ചയ്ക്കു ശേഷം ഒരു കൊറിയര്‍ ഇയാളെ തേടിയെത്തി. ചെറിയ ഒരു കവറുമായാണ് ഡെലിവറി ഏജന്റ് ഇയാളെ തേടിയെത്തിയത്. അതോടെ സംശയം തോന്നിയ ചൈതന്യ കുമാര്‍ വീഡിയോ ക്യാമറ ഓണാക്കി ആ പാക്കറ്റ് തുറക്കാന്‍ ഡെലിവറി ഏജന്റിനോട് ആവശ്യപ്പെട്ടു. കവര്‍ തുറന്നപ്പോള്‍ കണ്ടത് 10 ഉരുളക്കിഴങ്ങുകള്‍ അടങ്ങിയ പാക്കറ്റായിരുന്നു. ഇതോടെ ഇയാള്‍ ഏജന്റിനോട് രോഷാകുലനാവുന്നതും തനിക്ക് ഇതിനെ കുറിച്ച് മറ്റൊന്നുമറിയില്ല എന്ന് പറയുന്നതും പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ കാണാം. 

പരാതി കിട്ടിയാല്‍ കേസ് എടുത്തു അന്വേഷണം നടത്തുമെന്ന് പര്‍വല്‍പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഈയിടെ ഒരു ഐ ഐ എം ബിരുദധാരിക്കും സമാനമായ അനുഭവമുണ്ടായിരുന്നു.  ഇത് ഡ്രോണ്‍ ക്യാമറ എങ്കില്‍ മറ്റേതില്‍ ലാപ്‌ടോപ്പായിരുന്നു ഇയാള്‍ ഫ്ളിപ്കാര്‍ട്ടിലൂടെ ഓര്‍ഡര്‍ ചെയ്തത്. ലാപ് ടോപ്പിനു പകരം അയാള്‍ക്ക് കിട്ടിയത് അലക്കു സോപ്പുകളായിരുന്നു. തന്റെ പിതാവിന് ഓര്‍ഡര്‍ ചെയ്ത ലാപ്പിന്റെ പേരില്‍ പണി കിട്ടിയതിനെ തുടര്‍ന്ന് ഇയാള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിക്ക് പരാതി നല്‍കിയത്. പാര്‍സല്‍ പരിശോധിക്കാതെ ഒ ടി പി നമ്പര്‍ കൈമാറിയത് ഉപഭോക്താവിന്റെ വീഴ്ചയാണ് എന്നായിരുന്നു കമ്പനിയുടെ പ്രതികരണമെന്ന് എ പി എന്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു

click me!