കപ്രിജെയിൽ നിന്നുള്ള കർഷകർ 19-ാം നൂറ്റാണ്ടിൽ ബാവ്ൽജെനാക് ദ്വീപില്‍ കാർഷിക കോളനിവൽക്കരണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തെക്കുകിഴക്കൻ യൂറോപ്പില്‍ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് ക്രൊയേഷ്യ. ഇറ്റലിക്ക് കിഴക്ക് അഡ്രിയാറ്റിക് കടലിന്‍റെ തീരത്ത് ഒരു ചന്ദ്രക്കല പോലെ കിടക്കുന്ന രാജ്യമാണ് ക്രൊയേഷ്യ. ഉയരം കുറഞ്ഞ പർവ്വതങ്ങളും മനോഹരമായ ദ്വീപുകളും ഉള്‍ക്കൊള്ളുന്നതാണ് ക്രൊയേഷ്യയുടെ ഭൂമിശാസ്ത്രം. ക്രൊയേഷ്യന്‍ ദ്വീപുകളിലൊന്നാണ് വിരലടയാളത്തിന്‍റെ ആകൃതിക്ക് സമാനമായ ബാവ്ൽജെനാക് ദ്വീപ് (Bavljenac Island). 1000 ഡ്രൈ-സ്റ്റോൺ മെഡിറ്ററേനിയൻ മതിലുകൾ കൊണ്ട് നിർമ്മിച്ച ഈ ദ്വീപ് ക്രൊയേഷ്യ തീരത്തിന്‍റെ മധ്യഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
ഡ്രൈ സ്റ്റോൺ വാലിംഗ് ടെക്നിക് ഉപയോഗിച്ച്, ദ്വീപിലെമ്പാടും നിര്‍മ്മിച്ച ചെറു മതിലുകളാണ് ദ്വീപിന് വിരലടയാളത്തിന്‍റെ പ്രതീതി നല്‍കുന്നത്. മോർട്ടറോ മറ്റേതെങ്കിലും കെട്ടിട നിര്‍മ്മാണ സാമഗ്രികളോ ഉപയോഗിക്കാതെ ചെറു ഘടനകൾ നിർമ്മിക്കുന്നതിനുള്ള ഒരു സാങ്കേതികതയാണ് ഡ്രൈ സ്റ്റോൺ വാളിംഗ്. ഷിബെനിക് ദ്വീപസമൂഹത്തിലെ ബാൽജെനാക് ദ്വീപ് മുകളിൽ നിന്ന് നോക്കുമ്പോൾ ഒരു ഭീമൻ വിരലടയാളത്തിന് സമാനമാണ് ഈ നിര്‍മ്മിതി. കപ്രിജെ ദ്വീപിന് സമീപമാണ് ബാൽജെനാക് സ്ഥിതി ചെയ്യുന്നത്. ക്രൊയേഷ്യന്‍ തീരത്ത് നിന്ന് 10 കിലോമീറ്റർ അകലെ ഷിബെനിക് ദ്വീപസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന 249 ദ്വീപുകളിൽ ഒന്നാണ് ബാവ്ൽജെനാക് ദ്വീപ്. അയൽ ദ്വീപായ കപ്രിജെയിൽ നിന്നുള്ള കർഷകർ 19-ാം നൂറ്റാണ്ടിൽ ബാവ്ൽജെനാക് ദ്വീപില്‍ കാർഷിക കോളനിവൽക്കരണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
undefined
എംആർഐ സ്കാൻ റൂമിനുള്ളിൽ നിന്ന് തോക്ക് പൊട്ടി; അഭിഭാഷകന് ദാരുണാന്ത്യം !
ബാവ്ൽജെനാക് ദ്വീപിലെത്തിയ കർഷകർ ദ്വീപില്‍ മുന്തിരിത്തോട്ടങ്ങള്‍ വച്ച് പിടിപ്പിച്ചു. ഒലിവ് മരങ്ങളും അത്തിപ്പഴങ്ങളും മറ്റ് ഫലവൃക്ഷങ്ങളും അവര്‍ അവിടെ നട്ടുപിടിപ്പിച്ചു. എന്നാല്‍, ഇന്ന് ഈ ദ്വീപില്‍ ആള്‍ത്താമസമോ കൃഷിയോ ഇല്ല. അതേ സമയം ഇവിടുത്തെ നിര്‍മ്മിതികള്‍, അക്കാലത്ത് വലിയൊരു കാര്‍ഷിക ജീവിതത്തിന്‍റെ ബാക്കി പത്രമായി നിലനില്‍ക്കുന്നു. ഏതോ കര്‍ഷകന്‍ അവശേഷിപ്പിച്ച് പോയ ഒരു വിരലടയാളം പോലെ, 0.14 സ്ക്വയര്‍ കിലോമീറ്റര്‍ മാത്രമാണ് ദ്വീപിന്‍റെ വലിപ്പം. അതേസമയം ദ്വീപിലെ വരണ്ട കല്‍മതില്‍ ശൃംഖലയ്ക്ക് 23.357 കിലോമീറ്റർ നീളമുണ്ട്. ദ്വീപിന്‍റെ തീരപ്രദേശം 1431 മീറ്ററിൽ കൂടുതലില്ലെന്നും ഓര്‍ക്കുക. കൃഷി ഭൂമിയുടെ അതിരുകൾ നിർണ്ണയിക്കാൻ ലളിതമായ കല്ലുകൾ ഉപയോഗിച്ചാണ് ഈ ചെറു കല്‍മതിലുകള്‍ നിർമ്മിച്ചത്. ഈ കൽഭിത്തികൾ ഒലിവ് മരങ്ങളെയും മുന്തിരിവള്ളികളെയും കടലില്‍ നിന്നുള്ള ശക്തമായ കാറ്റിൽ നിന്ന് സംരക്ഷിച്ചു. പിന്നീട് ഈ കല്‍മതിലുകള്‍ അയല്‍ ദ്വീപുകളിലും നിര്‍മ്മിക്കപ്പെട്ടു. എന്നാല്‍ ബാവ്ൽജെനാക് ദ്വീപിലെ അത്രയും വലിയവ പിന്നീട് ഉണ്ടാക്കപ്പെട്ടില്ല. 2018-ൽ യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ബാൽജെനാക്ക് ഉൾപ്പെടുത്തി.