പണം സ്വീകരിക്കുന്നതിന് ബാങ്ക് അധികൃതര്‍ ദമ്പതിമാര്‍ക്ക് മുന്നില്‍ ഒരു ഉപാധി വച്ചു. പക്ഷേ ഉപാധി സ്വീകരിക്കാന്‍ ദമ്പതികള്‍ തയ്യാറായില്ല. പണം ബാങ്ക് എറ്റെടുത്തില്ലെങ്കിലും തങ്ങളുടെ ധനശേഖരണം തുടരാന്‍ തന്നെയാണ് ദമ്പതികളുടെ തീരുമാനം.
സാധാരണയായി ബാങ്കിൽ പണം നിക്ഷേപിക്കാൻ ആളുകൾ ചെല്ലുന്നത് ബാങ്ക് അധികൃതർക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. എന്നാൽ മിനസോട്ടയിൽ നിന്നുള്ള ദമ്പതികൾക്ക് തങ്ങളുടെ 10 വർഷത്തെ സമ്പാദ്യം ബാങ്കിൽ നിക്ഷേപിക്കാനായി എത്തിയപ്പോൾ ഉണ്ടായ അനുഭവം നേരെ മറിച്ചായിരുന്നു. കൂൺ റാപ്പിഡ്‌സിലെ താമസക്കാരായ ജോൺ ബെക്കറിനും ഭാര്യയ്ക്കുമാണ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്. പത്ത് വർഷമായി ഇവർ സ്വരുക്കൂട്ടിയ സമ്പാദ്യം ബാങ്കിൽ നിക്ഷേപിക്കാൻ എത്തിയപ്പോഴാണ് ബാങ്ക് അധകൃതർ ചില തടസ്സങ്ങൾ പറഞ്ഞത്. ബാങ്ക് അധികൃതരുടെ അസംതൃപ്തിക്ക് കാരണം എന്താണന്ന് അറിയണ്ടേ? ദമ്പതികൾ നിക്ഷേപിക്കാനായി കൊണ്ടുവന്നത് മുഴുവൻ നാണയങ്ങൾ ആയിരുന്നു എന്നത് തന്നെ.
കയ്യിൽ കിട്ടുന്ന നാണയങ്ങൾ ചെറിയ ഭരണികളിലും മറ്റും ഇട്ട് സൂക്ഷിക്കുന്ന പതിവ് നമ്മിൽ പലർക്കും ഉണ്ടാകും. ഇത്തരത്തിൽ ഇവർ പത്ത് വർഷക്കാലമായി ശേഖരിച്ച പെന്നികൾ (യുഎസ് നാണയം) ആണ് ബാങ്കിൽ നിക്ഷേപിക്കാനായി കൊണ്ടുവന്നത്. എന്നാൽ, കൂൺ റാപ്പിഡിലെ ബോർഡർ ബാങ്കിലെ ബാങ്ക് ജീവനക്കാർ ദമ്പതികള്‍ വലിയ പാത്രങ്ങളില്‍ സൂക്ഷിച്ച നാണയങ്ങൾ സ്വീകരിക്കാൻ മടിക്കുകയായിരുന്നു. പണം സ്വീകരിക്കുന്നതിനുള്ള തടസ്സമായി ബാങ്ക് മാനേജർ വ്യക്തമാക്കിയ കാരണം അവർ നാണയങ്ങൾ ശേഖരിച്ചിരുന്ന പാത്രത്തിന്‍റെ വാ വട്ടം ചെറുതായതിനാൽ നാണയങ്ങൾ പുറത്തെടുത്ത് എണ്ണി തിട്ടപ്പെടുത്തുക പ്രയാസമാണെന്നായിരുന്നു.
പ്രശ്നം പരിഹരിക്കുന്നതിന് പണം വാ വട്ടം കൂടുതലുള്ള ചെറിയ പാത്രങ്ങളിലാക്കി വീണ്ടും കൊണ്ടുവരാനും ബാങ്ക് ദമ്പതിമാർക്ക് നിർദ്ദേശം നൽകി. അപ്രതീക്ഷിതമായ ഈ സംഭവത്തിൽ കടുത്ത നിരാശയാണ് ജോൺ ബെക്കറും ഭാര്യയും പ്രകടപ്പിച്ചത്. കാരണം തങ്ങളുടെ പത്ത് വർഷത്തെ ഈ നാണയ ശേഖരം ബാങ്ക് അധികൃതർ നിർദ്ദേശിച്ചരീതിയിൽ പുനക്രമീകരിക്കുക അത്ര എളുപ്പമല്ല എന്നത് തന്നെ. ബങ്ക് നിരസിച്ചാലും തങ്ങളുടെ നാണയ ശേഖരണം ഇനിയും തുടരാൻ തന്നെയാണ് ഈ ദമ്പതികളുടെ തീരുമാനം.
മോഷ്ടിക്കപ്പെട്ടത് ഒരു ബക്കറ്റ്; പിന്നാലെ നടന്ന യുദ്ധത്തില്‍ മരിച്ച് വീണത് 2000 സൈനികര്‍ !