ആയിരത്തിലധികം കടൽ ചിലന്തികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയും പ്രത്യേകതകള്‍ അവകാശപ്പെടാവുന്നത് പുതുതായി കണ്ടെത്തിയ ഈ ഓസ്ട്രോപല്ലീൻ ഹലാനിച്ചിക്ക് തന്നെയാണ്.
ശാസ്ത്രജ്ഞർ പുതിയതായി കണ്ടെത്തിയ കടൽ ചിലന്തിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലും ഏറെ ശ്രദ്ധ നേടി. ഈ കടല്‍ ചിലന്തിയുടെ ഏറ്റവും വലിയ പ്രത്യേകത അവ ശ്വാസം എടുക്കുന്നത് കാലുകളിലൂടെയാണെന്നതാണ്. ഒപ്പ ചിലന്തിയുടെ നഖങ്ങള്‍ക്ക് ബോക്സിംഗ് ഗ്ലൗസ് പോലുള്ള നഖങ്ങളാണ് ഉള്ളത്. ഇതുവരെ ലോകമെമ്പാട് നിന്നും ആയിരത്തിലധികം കടൽ ചിലന്തികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയും പ്രത്യേകതകള്‍ അവകാശപ്പെടാവുന്നത് പുതുതായി കണ്ടെത്തിയ ഈ ഓസ്ട്രോപല്ലീൻ ഹലാനിച്ചിക്ക് തന്നെയാണ്. ഇത്തരത്തിലൊരു ജീവി വര്‍ഗ്ഗത്തെ മുമ്പ് കണ്ടെത്തിയിട്ടില്ല. സമുദ്രത്തിന്‍റെ അടിത്തട്ടിൽ ജീവിക്കുന്ന കുതിരപ്പട ഞണ്ടുകളുടെയും അരാക്നിഡുകളുടെയും ഒരു വിദൂര ബന്ധുകൂടിയാണ് ഈ കടല്‍ ചിലന്തിയെന്ന് ഗവേഷകര്‍ പറയുന്നു.
ഓസ്ട്രോപല്ലീൻ ഹലാനിച്ചി എന്നാണ് പുതുതായി കണ്ടെത്തിയ ഈ കടല്‍ ചിലന്തിക്ക് ഗവേഷകര്‍ നല്‍കിയ പേര്. ഏറെ വിചിത്രമായി തോന്നിക്കുന്നതും കാഴ്ചയിൽ അസ്വസ്ഥത ഉണ്ടാക്കുന്നതുമാണ് ഈ ചിലന്തിയുടെ രൂപം. മഞ്ഞ കലർന്ന കറുപ്പുനിറത്തിലുള്ളതാണ് ഇവയുടെ ശരീരം. കറുത്ത നിറത്തിലുള്ള നാല് കണ്ണുകളും അറ്റം വീർത്തിരിക്കുന്ന വിധത്തിലുള്ള നഖങ്ങളും ഇവയുടെ എടുത്തു പറയേണ്ട ശാരീരിക പ്രത്യേകതയാണ്. അന്‍റാർട്ടിക്കന്‍ സമുദ്രത്തിലാണ് പുതിയതായി കണ്ടെത്തിയിരിക്കുന്ന കടൽ ചിലന്തികൾ പ്രധാനമായും കാണപ്പെടുന്നതെന്നും പഠന സംഘത്തിലെ ശാസ്ത്രജ്ഞനായ ആൻഡ്രൂ മഹോൺ പറയുന്നു.
ഈ ജീവിവർഗങ്ങൾക്ക് പ്രത്യേക ഭക്ഷണരീതിയുണ്ടെന്നും അവ ഭക്ഷണം കഴിക്കാനായി വായ ഉപയോഗിക്കാറില്ലെന്നും ഗവേഷകർ അവകാശപ്പെടുന്നു. പകരം, ഇവയ്ക്ക് ഭക്ഷണം കഴിക്കാൻ കാഴ്ചയിൽ സ്ട്രോ പോലെ തോന്നിക്കുന്ന ഒരു പ്രത്യേക ശരീരഭാഗം ഉണ്ട്. ഈ സ്ട്രോലുള്ള ശരീരഭാഗത്തിലുടെ ഇവ തങ്ങളുടെ ഭക്ഷണം വലിച്ച് കുടിക്കുകയാണ് ചെയ്യുന്നത്. അത് പോലെ ശ്വസിക്കുന്നത് കാലുകളില്‍ കൂടിയും. ബോക്സിംഗ് ഗ്ലൗസ് പോലുള്ള കൈ നഖങ്ങള്‍ ഉപയോഗിച്ച് ഇവ അനിമോണുകളും വിരകളും പോലുള്ള മൃദുവായ കടല്‍ ജീവനികളെ പിടികൂടാന്‍ ഫലപ്രദമായി ഉപയോഗിക്കുന്നു.
ഓസ്ട്രോപല്ലീൻ ഹലാനിച്ചി കടൽ ചിലന്തിയെ ഉപരിതലത്തിൽ നിന്ന് ഏകദേശം 1,870 അടി (570 മീറ്റർ) താഴെയുള്ള റോസ് കടലിലെ സമുദ്രത്തിന്‍റെ അടിത്തട്ടിൽ നിന്നാണ് കണ്ടെത്തിയത്. സെൻട്രൽ മിഷിഗൺ സർവകലാശാലയിലെ ജീവശാസ്ത്രജ്ഞനായ ആൻഡ്രൂ മഹോൺ, പറയുന്നത്, ഹലാനിച്ചിയുടെ ശരീരത്തിന് ഏകദേശം 0.4 ഇഞ്ച് (1 സെന്‍റീമീറ്റർ) മാത്രമേ നീളമുള്ളൂ എന്നാണ്. എന്നാല്‍ അവയുടെ കാലുകൾക്ക് ഏകദേശം 1.2 ഇഞ്ച് (3 സെന്‍റീമീറ്റർ) നീളമുണ്ട്. ഇത് ഇവയെ കൂടുതല്‍ ഫലപ്രദമായി ഇരപിടിക്കാന്‍ സഹായിക്കുന്നു.