തെരഞ്ഞെടുപ്പില്‍ യുക്രൈന്‍ വിരുദ്ധത ഉയര്‍ത്തി. ഭരണമേറ്റ ശേഷം ആ വിഷയത്തില്‍ നിന്നും പിന്മാറി. ഇങ്ങനെ വിഷയാധിഷ്ഠിതമായ നിലപാടായിരുന്നു ഫികോ സ്വീകരിച്ചത്.
സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫികോയ്ക്ക് (59) വെടിയേറ്റത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്. യൂറോപ്പിനുള്ള മുന്നറിയിപ്പ്, ഒരുമിച്ച് നിൽക്കേണ്ടതിന്‍റെ പ്രാധാന്യം എന്നൊക്കെ ഉത്ക്കണ്‌ഠപ്പെടുന്നു, നേതാക്കൾ. ഫികോ, പുടിൻ അനുകൂലിയാണ്. വെടിവച്ചത് ചില ആഭ്യന്തര നയങ്ങളോടുള്ള എതിർപ്പാണെന്നും വാർത്തകള്‍ പുറത്തുവന്നു. എപ്പോഴും വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു ഫികോ എന്നത് മറ്റൊരു വസ്തുത. രണ്ട് പതിറ്റാണ്ടായി സ്ലൊവാക്യയുടെ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായ ഫികോയുടെ രാഷ്ട്രീയത്തിലെ ഉയർച്ചതാഴ്ചകൾ അവിശ്വസനീയമാണ്.
ചുറ്റിനും സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നപ്പോഴും ജനക്കൂട്ടത്തിനിടയിൽ കൊലയാളി ഒളിച്ച് നിന്നു. ആക്രമിച്ചാൽ പിടിക്കപ്പെടുമെന്ന് ഉറപ്പ്. അത് തിരിച്ചറിഞ്ഞ് കൊണ്ടുള്ള ഒരു ശ്രമം. സർക്കാർ സംവിധാനങ്ങൾ ഞെട്ടിത്തരിച്ചു. വധശ്രമത്തിന് പിന്നിലെ, പല ഊഹാപോഹങ്ങൾ പരന്നു. ഫികോയുടെ യുക്രൈയ്ൻ വിരുദ്ധത, റഷ്യന്‍ സ്നേഹം എല്ലാം ചൂണ്ടിക്കാണിക്കപ്പെടുന്നു.
രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ തലയാണ് ഫികോയുടേത്. പലതവണ പ്രധാനമന്ത്രിയായിട്ടുണ്ട്. ഓരോ തവണയും സാഹചര്യത്തിന് അനുസരിച്ച് സ്വയം മാറും. വിവാദങ്ങളും അന്വേഷണങ്ങളും ഒക്കെ ഉണ്ടായെങ്കിലും അതിലൂടെയെല്ലാം തുഴഞ്ഞു നീങ്ങാൻ ബഹുമിടുക്കൻ.
തൊഴിലാളി കുടുംബത്തിൽ ജനനം. നിയമ ബിരുദധാരി. പിന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയംഗം. 1989 -ൽ സ്ലൊവാക്യയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം അവസാനിച്ചു, പക്ഷേ, മറ്റൊരു പേരിൽ പുനർജനിച്ച പാർട്ടിയുടെ കൊടിക്കീഴിൽ മത്സരിച്ച ഫികോ പാർലമെന്‍റ് അംഗമായി. 2006 -ൽ പ്രധാനമന്ത്രി. ഇത് പിന്നീട് പലതവണ ആവർത്തിച്ചു. പാർട്ടി തോറ്റപ്പോള്‍ പുതിയ സഖ്യമുണ്ടാക്കി മത്സരിച്ചു. സോവിയറ്റ് കാലത്തെ ഓർമ്മകളുടെ പച്ചപ്പില്‍ നിന്നായിരുന്നു പല വിജയങ്ങളും. പക്ഷേ, 2016 -ലെ തെരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും മാധ്യമപ്രവർത്തകന്‍റെയും പ്രതിശ്രുതവധുവിന്‍റെയും കൊലപാതകത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നു.
2018 ൽ മാധ്യമ പ്രവർത്തകന്‍ ഷാങ് കുസ്യാകിനെയും (Jan Kuciak,27) പ്രതിശ്രുത വധു മാർട്ടിന കുർസിനോവയെയും (Martina Kusnirova) വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നികുതി വെട്ടിപ്പായിരുന്നു കുസ്യാകിന്‍റെ അന്വേഷണ വിഷയം. ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ചത് ആഡംബര അപ്പാർട്ട്മെന്‍റിന്‍റെ നിർമ്മാണത്തിലെ വെട്ടിപ്പിനെ കുറിച്ച്. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക വ്യവസായി തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതിപ്പെട്ട് ഷാങ് കുസ്യാക് ക്രിമിനൽ പരാതി കൊടുത്തിരുന്നു. പക്ഷേ, പരാതിയില്‍ അന്വേഷണമൊന്നും നടന്നില്ലെന്ന് മാത്രം. സ്ലൊവാക്യയ്ക്കുള്ള ഇയു ഫണ്ട് (യൂറോപ്യന്‍ യൂണിയന്‍ ഫണ്ട്) വഴിമാറി ഒഴുകുന്നതിൽ അന്വേഷണം നടത്തുകയായിരുന്നു കൊല്ലപ്പെടുന്ന സമയം കുസ്യാക്.
കുസ്യാകിന്‍റെ കൊലപാതകത്തോടെ രാജ്യത്ത് പ്രതിഷേധം ഇരച്ചുപൊങ്ങി. ഈ തിരത്തള്ളലിൽ പിടിച്ചു നിൽക്കാനാവാതെ, ഗത്യന്തരമില്ലാതെ റോബർട്ട് ഫികോ രാജിവച്ചു. പക്ഷേ, താനെങ്ങും പോകുന്നില്ലെന്ന് ഫികോ പ്രഖ്യാപിച്ചു. സ്വന്തം അനുയായിയെ അന്ന് പ്രധാനമന്ത്രിയാക്കി, പീറ്റര്‍ പെലഗ്രീനി (Peter Pellegrini). പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ ഫികോയുടെ പാർട്ടി തോറ്റു. നേരത്തോട് നേരം പീറ്റർ മറ്റൊരു പാർട്ടി രൂപീകരിച്ചു. പക്ഷേ, ഫികോയിലെ രാഷ്ട്രീയക്കാരന്‍ കൊവിഡ് ഒരു അവസരമാക്കി ഉപയോഗിച്ചു. സർക്കാർ നയങ്ങൾക്കെതിരായി മുന്നില്‍ നിന്ന് പ്രതിഷേധം നയിച്ചു. അത് രാജ്യവ്യാപകമായി വ്യാപിപ്പിക്കാനും അദ്ദേഹത്തിനായി. പിന്നാലെ ഫികോ അറസ്റ്റിലുമായി.
'സഹകരണമോ, ഏറ്റുമുട്ടലോ വേണ്ടത് തെരഞ്ഞെടുക്കാം'; ലോകരാജ്യങ്ങളോട് വീണ്ടും അധികാരമേറ്റ് പുടിന്‍
കൊവിഡിന്‍റെ കാഠിന്യം കുറഞ്ഞതോടെ ഫികോ യുക്രൈയ്ൻ വിഷയത്തിലേക്ക് തിരിഞ്ഞു. യുക്രൈയ്നെ സഹായിക്കരുതെന്ന് ആവശ്യപ്പെട്ടായി പിന്നീടുള്ള പ്രതിഷേധം. അതിന്‍റെ ബലത്തിൽ 2023 -ലെ തെരഞ്ഞെടുപ്പിൽ വിജയിക്കാനും ഫിക്കോയ്ക്ക് കഴിഞ്ഞു. സഖ്യം രൂപീകരിച്ചത് ഒരിക്കൽ സുഹൃത്തായിരുന്ന, പിന്നെ വിട്ടുപോയ പീറ്ററുമായി ചേർന്ന്. പക്ഷേ, ഭരണമേറ്റ ശേഷം യുക്രൈയ്ൻ വിരുദ്ധതയിൽ നിന്ന് ഫികോ പതുക്കെ പിൻമാറി. എന്നാൽ, ഫെബ്രുവരിയിൽ വീണ്ടും യുക്രൈനെതിരെ തിരിഞ്ഞു. റഷ്യൻ പ്രസിഡന്‍റ് വ്ലദീമീർ പുടിനെ പ്രശംസിച്ച് തുടങ്ങി. 'പുടിൻ നല്ലവനെന്നും പടിഞ്ഞാറ് കെട്ടവരെ'ന്നും ആരോപിച്ചായിരുന്നു തുടക്കം.
രാജ്യത്ത് അതുവരെ സക്രിയമായിരുന്ന ഭരണ സംവിധാനങ്ങൾ തച്ചുടച്ചു. അഴിമതിയും കുറ്റകൃത്യവും അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്ന സ്പെഷ്യൽ പ്രോസിക്യൂഷൻ ഓഫീസ് പ്രവര്‍ത്തനം നിരോധിച്ചു. കുസ്യാക് കൊലപാതകം അന്വേഷിച്ചിരുന്നത് സ്പെഷ്യൽ പ്രോസിക്യൂഷൻ ഓഫീസായിരുന്നു. ജൂണിൽ. ദേശീയ ടെലിവിഷൻ ആര്‍ടിവിഎസ് (RTVS) അടച്ച് പൂട്ടാനിരിക്കുകയായിരുന്നു. 71 കാരനായ അക്രമിയെ പ്രകോപിപ്പിച്ചത് ഈ കാരണമാണെന്ന് പറയപ്പെടുന്നു. അതേസമയം, ഫികോയുടെ നയങ്ങളോടുള്ള എതിർപ്പ് രാജ്യത്തിനകത്തും പുറത്തും ശക്തമാണ് താനും. റഷ്യൻ അനുകൂലിയാണെന്നും അല്ലെന്നും പറയുന്നു. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പഴിക്കുകയാണ് ഭരണകക്ഷി അംഗങ്ങൾ. രാഷ്ട്രീയത്തിലെ കളികൾ പലതും കണ്ടിട്ടുള്ള സ്ലൊവാക്യ പക്ഷേ, ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. അതിന്‍റെ ഞെട്ടലിലാണ് സ്ലൊവാക്യക്കാര്‍.
ഉയരുന്ന വിദ്യാര്‍ത്ഥി പ്രതിഷേധവും യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രതിസന്ധിയും