കിറ്റം ഗുഹകള്‍ മനുഷ്യ വംശത്തിന് ഭീഷണിയോ? ആശങ്കയോടെ ലോകം

By Web Team  |  First Published Apr 23, 2024, 6:28 PM IST

മാംസത്തെ ശരീരവുമായി ബന്ധിപ്പിക്കുന്ന ടിഷ്യുകളെ വൈറസുകള്‍ ദ്രവിപ്പിച്ചതിനാല്‍ അസ്ഥികള്‍ തുങ്ങിക്കിടക്കുന്ന നിലയിലായ അദ്ദേഹം പെട്ടെന്ന് തന്നെ മരണത്തിന് കീഴടങ്ങി.



കെനിയയിലെ ദേശീയോദ്യാനത്തിലെ മൗണ്ട് എൽഗോണിൽ സ്ഥിതി ചെയ്യുന്ന കിറ്റം ഗുഹകൾ ലോകത്തിലെ ഏറ്റവും മാരകമായ ഗുഹയായി ശാസ്ത്രലോകം കണക്കാക്കുന്നു. മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ വൈറസുകളുടെ സംഗമ സ്ഥാനമാണ് ഈ പ്രത്യേക ഗുഹ. ലോകത്തെ വിറപ്പിക്കാന്‍ ശേഷിയുള്ള  അടുത്ത പകർച്ചവ്യാധിയുടെ തുടക്കം ഈ ഗുഹയാകുമോയെന്ന ശാസ്ത്രജ്ഞരുടെ ആശങ്കയാണ് ഇതിന് വാര്‍ത്താ പ്രാധാന്യം നേടിക്കൊടുത്തത്. എബോളയും മാർബർഗ് വൈറസും ഇവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് വിദഗ്ധരുടെ കണ്ടെത്തലാണ് ഗുഹയെ കുപ്രസിദ്ധമാക്കിയതും. മാർബർഗ് വൈറസ് പകർച്ചവ്യാധി സാധ്യതയുള്ളതാണെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത് ആശങ്ക വര്‍ദ്ധിപ്പിച്ചു. 

1980 കളിൽ പ്രദേശത്തെ ഒരു പഞ്ചസാര മില്ലിൽ ജോലി ചെയ്തിരുന്ന ഒരു ഫ്രഞ്ച് എഞ്ചിനീയർ ഈ മാരകമായ ഗുഹ അന്വേഷിച്ച് എത്തുകയും നിർഭാഗ്യവശാൽ ശരീരം ഉരുകുന്ന മാർബർഗ് വൈറസുമായി സമ്പർക്കം പുലർത്തി. വൈറസ് ബാധ കാരണം അദ്ദേഹത്തിന്‍റെ മുഖം തലയോട്ടിയിൽ നിന്ന് ഏതാണ്ട് വേർപെട്ട നിലയിലായിരുന്നു. മാംസത്തെ ശരീരവുമായി ബന്ധിപ്പിക്കുന്ന ടിഷ്യുകളെ വൈറസുകള്‍ ദ്രവിപ്പിച്ചതിനാല്‍ അസ്ഥികള്‍ തുങ്ങിക്കിടക്കുന്ന നിലയിലായ അദ്ദേഹം പെട്ടെന്ന് തന്നെ മരണത്തിന് കീഴടങ്ങി. വർഷങ്ങള്‍ക്ക് ശേഷം പ്രദേശത്ത് കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയ ഒരു ഡാനിഷ് ആൺകുട്ടി, റാവന്‍ എന്ന വൈറസ് ബാധിച്ച് മരിച്ചു. 

Latest Videos

ഈ സംഭവങ്ങള്‍ക്ക് പിന്നാലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് (USAMRIID) കിറ്റം ഗുഹയിലേക്ക് ഒരു അനേഷണ സംഘത്തെ അയച്ചു. എന്നാല്‍ വൈറസുകളെ തിരിച്ചറിയുന്നതില്‍ സംഘം പരാജയപ്പെട്ടു. ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞ്, പഴങ്ങള്‍ കഴിക്കുന്ന വവ്വാലുകളിൽ മാർബർഗ് വൈറസിന്‍റെ ആർഎൻഎ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പിന്നാലെ മധ്യ ആഫ്രിക്കയിൽ ഉടനീളമുള്ള വവ്വാലുകളിലും വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തി. 2007 ജൂലൈയിൽ ഗുഹയിൽ നിന്ന് ഒരു ഫ്രൂട്ട് വവാലിനെ പിടികൂടുകയും പിന്നീട് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മറ്റ് ഗുഹകളില്‍ നിന്നും സമാനമായ വവ്വാലുകളെ കണ്ടെത്തുകയും ചെയ്തു. 

രോഗബാധിതനായ വ്യക്തിയുടെ ശരീര സ്രവങ്ങളുമായി സമ്പർക്കം പുലർത്തുന്നതിലൂടെ ഈ വൈറസുകള്‍ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം. തൂവാലകളോ സമാനമായ മറ്റ് സ്വകാര്യ വസ്തുക്കളിലൂടെയോ വൈറസുകള്‍ വ്യാപിക്കുന്നു. മാർബർഗ് വൈറസ് ബാധിതരില്‍ 88 ശതമാനം പേരും മരണത്തിന് കീഴടങ്ങുന്നതിനാല്‍ ഇവയെ മാരകമായ വൈറസുകളായി കണക്കാക്കുന്നു. ഇത്തരം മാരക വൈറസുകളുടെ ഈറ്റില്ലമായതിനാല്‍ കിറ്റം ഗുഹകളെ ആശങ്കയോടെയാണ് ശാസ്ത്ര ലോകം കാണുന്നത്.  

കിറ്റം ഗുഹകളിലെ ഉപ്പിന്‍റെ അംശമുള്ള ധാതു നിക്ഷേപം പടിഞ്ഞാറൻ കെനിയയിൽ നിന്ന് ധാരാളം ആനകൾ, എരുമകൾ, ഉറുമ്പുകൾ, പുള്ളിപ്പുലികൾ, കഴുതപ്പുലികൾ തുടങ്ങിയ അനേരം വന്യമൃഗങ്ങളെ ഗുഹയിലേക്ക് ആകര്‍ഷിച്ചു. ഇത് സൂനോട്ടിക് അണുബാധയുടെ പ്രജനന കേന്ദ്രമാക്കി ഗുഹകളെ മാറ്റി. 600 അടി താഴ്ചയുള്ള ഗുഹ ആനകൾ കുഴിച്ച് വികസിപ്പിക്കുകയും പിന്നാലെ വവാലുകളുടെ കേന്ദ്രമായി മാറുകയും ചെയ്തു. ഇതോടെയാണ് വിവിധ മൃഗങ്ങളിലെ രോഗകാരികളായ വയറസുകളുടെ കേന്ദ്രമായി കിറ്റം ഗുഹകള്‍ മാറിയതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 
 

click me!