വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനും സുപ്രീം കോടതി വരെ നീണ്ട നടപടികള്‍ക്കും ശേഷം കഴിഞ്ഞ ദിവസമാണ് മണിച്ചന്‍ മോചിതനായത്. തിരുവനന്തപുരത്തെ നെട്ടുകാല്‍ത്തേരിയിലെ ജയിലില്‍ നിന്നിറങ്ങി വന്ന മണിച്ചനെ സ്വീകരിച്ചത് ഗുരുവചനമുള്ള ഷാളണിയിച്ചാണ്.
ഇതിനിടെ പരോളില്‍ ഇറങ്ങിയ മണിച്ചന്‍ ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ ബീ ടേസ്റ്റി കാറ്ററിങ് യൂണിറ്റ് ആരംഭിച്ചു. സിബി മാത്യൂസിനെ കൊല ചെയ്യാന്‍ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് മണിച്ചനെതിരെ മറ്റൊരു കേസുമുണ്ടായി. ഇതിന് നാല് വര്‍ഷം ശിക്ഷയും കിട്ടി. മദ്യ രാജാക്കന്‍മാരുടെ കുടിപ്പകയുടെ ഇരയാണ് മണിച്ചനെന്നും വ്യാജ മദ്യത്തില്‍ വിഷം അധികരിച്ച് ദുരന്തമുണ്ടായത് അങ്ങനെയാണെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അന്വേഷണത്തില്‍ അതൊന്നും തെളിയിക്കപ്പെട്ടില്ല. ഉന്നതരുടെ പങ്കുള്ളതിനാല്‍ പലതും അര്‍ത്ഥ വിരാമത്തിലായിരുന്നു.
undefined
മദ്യം വിഷമാണ്. അതുണ്ടാക്കരുത്. കൊടുക്കരുത്. കുടിക്കരുത്. സമകാലിക കേരളം കണ്ട ഏറ്റവും ശ്രേഷ്ഠനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ് ശ്രീനാരായണ ഗുരുവിന്റെ പ്രസക്തമായ ഉപദേശമാണിത്.
ചെത്ത് ഒരു മഹാപാപമാണ് എന്ന് പറഞ്ഞ ഗുരുവിന്റെ ഏറ്റവും പ്രസിദ്ധമായ അരുളാണ് 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്നത്. ആ വരികള്‍ രേഖപ്പെടുത്തിയ ഷാളും അണിഞ്ഞ് ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ജയില്‍ മോചിതനായ ആളെക്കുറിച്ചാണ് ഇനി പറയുന്നത്. പേര് പറഞ്ഞാല്‍ നിങ്ങളറിയാനിടയുണ്ട്-കല്ലുവാതുക്കല്‍ വിഷമദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍ എന്ന ചന്ദ്രന്‍.
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനും സുപ്രീം കോടതി വരെ നീണ്ട നടപടികള്‍ക്കും ശേഷം കഴിഞ്ഞ ദിവസമാണ് മണിച്ചന്‍ മോചിതനായത്. തിരുവനന്തപുരത്തെ നെട്ടുകാല്‍ത്തേരിയിലെ ജയിലില്‍ നിന്നിറങ്ങി വന്ന മണിച്ചനെ സ്വീകരിച്ചത് ഗുരുവചനമുള്ള ഷാളണിയിച്ചാണ്. ഏന്തെങ്കിലും സാമൂഹ്യ പോരാട്ടങ്ങള്‍ക്കിടെ ജയിലായ ആളാണ് മോചിതനായതെന്ന് അത് കണ്ട് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ തെറ്റുപറയാനാവില്ല. പക്ഷേ, ആ കേസ് കല്ലുവാതുക്കല്‍ ദുരന്തമാണ് എന്നറിയുമ്പോള്‍ നമ്മളും തലയ്ക്ക് കൈവെയ്ക്കും.
2000 ഒക്‌റ്റോബര്‍ 21. കൊല്ലം ജില്ലയിലെ കല്ലുവാതുക്കലിലെ താത്ത എന്ന് വിളിക്കുന്ന ഹയറുന്നീസയുടെ കുടില്‍. അവിടന്ന് വ്യാജമദ്യം വാങ്ങി കഴിച്ച 19 പേര്‍ മരിച്ചു. ഒപ്പം പള്ളിക്കല്‍, പട്ടാഴി എന്നിവിടങ്ങളില്‍ നിന്നും സേവിച്ച 13 പേരും. ആകെ 33 പേര്‍. ധാരാളം പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ഈ സംഭവമാണ് കല്ലുവാതുക്കല്‍ മദ്യദുരന്തം എന്ന പേരില്‍ അറിയപ്പെടുന്നത്.
ഇ.കെ നായനാര്‍ സര്‍ക്കാറിന്റെ അവസാന സമയത്താണ് ഈ സംഭവമുണ്ടായത്. അന്ന് വ്യജമദ്യം ഉണ്ടാക്കി മൊത്ത കച്ചവടം നടത്തിയവരിലെ പ്രധാനിയാണ് മണിച്ചന്‍. ആജീവനാന്ത തടവിനും 30.45 ലക്ഷം രൂപ പിഴക്കും ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ഇയാള്‍. 2017 ഫെബ്രുവരിയില്‍- മണിച്ചനും ഒപ്പം ടി. പി. വധക്കേസ് പ്രതികള്‍ക്കും ശിക്ഷയിളവ് നല്‍കാനുള്ള ഒന്നാം പിണറായി സര്‍ക്കാറിന്റെ ശ്രമം പുറത്തുവരികയും വലിയ വിവാദവുകയും ചെയ്തു. അതോടെ ആ ശ്രമം നിര്‍ത്തിവച്ചു. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തിന്റെ ആനുകൂല്യം കൈപറ്റി സംസ്ഥാന സര്‍ക്കാറിന്റെ പ്രതേക ശുപാര്‍ശയിലാണ് മണിച്ചനെ മോചിതനാക്കാന്‍ ഗവര്‍ണ്ണര്‍ ഈ വര്‍ഷം അനുമതി കൊടുത്തത്. കല്ലുവാതുക്കല്‍ മദ്യദുരന്തം നടന്ന് 22 വര്‍ഷം പിന്നിട്ട, വാര്‍ഷിക ദിനമായ ഒക്ടോബര്‍ 21-നാണ് മണിച്ചന്‍ പുറത്തിറങ്ങിയത്.
കല്ലുവാതുക്കല്‍ മദ്യ ദുരന്തം സമഗ്രമായി ഏഷ്യാനെറ്റ് ന്യുസ് കവര്‍ ചെയ്തിരുന്നു. 2000 ഒക്ടോബര്‍ 21-ന് മറ്റൊരാവശ്യത്തിനു കല്ലുവാതുക്കല്‍ വഴി കടന്നുപോവുകയായിരുന്നു ഞങ്ങളുടെ സംഘം. നിരവധി ആള്‍ക്കാരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതായി കണ്ട് അന്വേഷിച്ചപ്പോഴാണ് അത് വ്യാജ മദ്യം കഴിച്ചതിനെ തുടര്‍ന്നുള്ള സംഭവമാണെന്നറിയുന്നത്.
തിരുവന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പിന്നീട് രോഗികളെയും കൊണ്ടുള്ള പ്രവാഹമായിരുന്നു. പലരും കടുത്ത അവശതയിലാണ് അവിടേക്കെത്തിയത്. കണ്ടു നില്‍ക്കാന്‍ പ്രയാസകരമായ കാഴ്ചയായിരുന്നു അത്. വ്യാജ മദ്യം കുടിച്ചുണ്ടായ അപായമായതിനാല്‍ ഒരു തരം അവഹേളനത്തോടെയാണ് പൊതുവേ ദരിദ്രായ അവരെ പൊതു സമൂഹം കണ്ടത്. ഒന്നിന് പുറകേ നിരവധി രോഗികള്‍ വന്നതോടെ മെഡിക്കല്‍ കോളേജ് ആശുപത്രി വീര്‍പ്പുമുട്ടി. എന്നാലും സാധ്യമായ ചികിത്സ തന്നെ അവര്‍ക്ക് ആശുപത്രിയില്‍ നല്‍കി. നമ്മുടെ കണ്‍മുന്നില്‍ തന്നെ പലരും മരണത്തിലേക്ക് പോയി. ജീവന്‍ നിലനിറുത്തിയവരില്‍ പലര്‍ക്കും ആന്തരികാവയവങ്ങള്‍ക്ക് അടക്കം പരിഹരിക്കാനാകാത്ത കേടുപറ്റി. എന്നന്നേക്കുമായി കാഴ്ച നഷ്ടപ്പെട്ടവരുടെ കണ്ണീരിനും ഞങ്ങള്‍ സാക്ഷിയായി.
സിബി മാത്യൂസിന്റെ നേതൃത്തിലുള്ള പൊലീസ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കി. കല്ലുവാതുക്കലിലെ കുടിലില്‍ കഴിയുന്ന ഹയറുന്നീസ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജമദ്യ കച്ചവടത്തിലെ അവസാന കണ്ണി മാത്രമായിരുന്നു ഹയറുന്നീസ. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണം വ്യാജ മദ്യത്തിന്റെ ഉറവിടത്തിലേക്ക നയിച്ചു. മദ്യത്തിന്റെ ഉറവിടമായ ചിറയിന്‍കീഴിലെ മണിച്ചന്റെ വീട് പരിശോധിച്ച പൊലീസ് കണ്ടെത്തിയത് അതിശയിപ്പിക്കുന്ന കാഴ്ചയാണ്. വീടിനോട് ചേര്‍ന്ന് വ്യാജമദ്യ ശേഖരണത്തിനുള്ള വന്‍ അറകളാണ് കണ്ടെത്തിയത്. ഓരോ ദിവസവും ഓരോ മണിക്കൂറിലും വ്യാജ മദ്യ ശൃംഖലയുടെ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഞങ്ങള്‍ കണ്ടത്. അന്ന് ഇന്നത്തെ പോലെ സുഗമമായ തല്‍സമയ സംപ്രേഷണ സൗകര്യങ്ങളില്ലാത്ത കാലമായിരുന്നു. അതിനാല്‍ പുതിയ വിവരങ്ങളും കാഴ്ചകളും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കുക തികച്ചും ദുഷ്‌കരവുമായിരുന്നു.
ഇതിനിടയില്‍ മണിച്ചനടക്കം മുഖ്യ പ്രതികള്‍ ഒളിവില്‍ പോയി. പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും മണിച്ചനെ കണ്ടെത്താനായില്ല. ഒളിവിലായിരുന്ന മണിച്ചനുമായുള്ള അഭിമുഖം ഏഷ്യാനെറ്റ് ന്യുസില്‍ വന്നതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. ഇതു വലിയ വിമര്‍ശനങ്ങള്‍ ഉണ്ടാക്കവേ മണിച്ചനെ തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. ഹയറുന്നീസയും മണിച്ചന്റെ സഹോദരന്‍മാരായ വിനോദ്, കൊച്ചനി എന്നിവരടക്കമുള്ള പ്രതികളും പിടിയിലായി.
അന്വേഷണം വ്യാപകമായതോടെ മണിച്ചനപ്പുറമുള്ള പല ഉന്നത രാഷ്ട്രീയക്കാരിലേക്കും ഉദ്യോഗസ്ഥരിലേക്കും അത് നീണ്ടു. മണിച്ചന്‍ മാസപ്പടി നല്‍കിയവരുടെ നീണ്ട പട്ടിക രേഖപ്പെടുത്തിയ ഡയറി ഏഷ്യാനെറ്റ് ന്യുസടക്കം മാധ്യമങ്ങളിലൂടെ പുറത്തു വന്നു. മണിച്ചന്റെ ഡയറിയില്‍ കുടംപുളി സുരക്ക് നല്‍കുന്ന മാസപടി കണക്കും ഉണ്ടായിരുന്നു. ഇതടക്കം അന്നത്തെ ഭരണകക്ഷി രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പേരുകള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ട് വന്നെങ്കിലും അവരെയെല്ലാം പ്രതി സ്ഥാനത്ത് നിന്ന സമര്‍ത്ഥമായി ഒഴിവാക്കപ്പെട്ടു.
ഇതിനിടെ പരോളില്‍ ഇറങ്ങിയ മണിച്ചന്‍ ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ ബീ ടേസ്റ്റി കാറ്ററിങ് യൂണിറ്റ് ആരംഭിച്ചു. സിബി മാത്യൂസിനെ കൊല ചെയ്യാന്‍ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് മണിച്ചനെതിരെ മറ്റൊരു കേസുമുണ്ടായി. ഇതിന് നാല് വര്‍ഷം ശിക്ഷയും കിട്ടി. മദ്യ രാജാക്കന്‍മാരുടെ കുടിപ്പകയുടെ ഇരയാണ് മണിച്ചനെന്നും വ്യാജ മദ്യത്തില്‍ വിഷം അധികരിച്ച് ദുരന്തമുണ്ടായത് അങ്ങനെയാണെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അന്വേഷണത്തില്‍ അതൊന്നും തെളിയിക്കപ്പെട്ടില്ല. ഉന്നതരുടെ പങ്കുള്ളതിനാല്‍ പലതും അര്‍ത്ഥ വിരാമത്തിലായിരുന്നു.
ചെത്തുകാരെ സമുദായത്തില്‍നിന്ന് വേര്‍പെടുത്തണം. അവരുമായി കൂടിക്കഴിയരുത്. ചെത്ത് ഒരു മഹാപാപമാണ്. ചെത്തുന്നവരെക്കൊണ്ട് തേങ്ങയിടുവിക്കാമല്ലോ. ചെത്തിനുള്ള കത്തി നാലാക്കിയാല്‍ ഒരോ കഷ്ണം കൊണ്ട് മുടി വടിക്കാനുള്ള ഒരോ കത്തിയുണ്ടാക്കാം. അതും കൊണ്ടുനടക്കുന്നതായിരിക്കും ചെത്തിനെക്കാള്‍ മാനം. നല്ല ആദായവും ഉണ്ടാവും. -ശ്രീനാരായണഗുരു അരുള്‍ ചെയ്തത് ഇങ്ങനെയാണ്.
കേസില്‍ സുപ്രീം കോടതിയില്‍ വാദം നടക്കുമ്പോള്‍ മണിച്ചന്റെ അഭിഭാഷകന്‍ മണിച്ചന് മാനസാന്തരം സംഭവിച്ചു എന്നും ഇനി മദ്യവില്‍പ്പന നടത്തില്ല എന്ന് സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. അതില്‍ തരിമ്പെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ അത് ഇനിയുള്ള ജീവിതത്തില്‍ മണിച്ചന്‍ പുലര്‍ത്തട്ടെ .
ഈ കേസുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ പ്രധാന നാള്‍ വഴികള്‍ ഇതാണ്:
2002 ജൂലായ്- മദ്യദുരന്തക്കേസില്‍ മണിച്ചനടക്കം 26 പേര്‍ പ്രതികളെന്ന് കൊല്ലം ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വിധിച്ചു. മണിച്ചനടക്കം 13 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ. മണിച്ചന് 30.45 ലക്ഷം രൂപ പിഴയും ശിക്ഷാ കാലാവധി ജീവിതാവസാനം വരെയെന്നും കോടതി ഉത്തരവിട്ടു.
2004 ഒക്ടോബര്‍ - മണിച്ചനടക്കം എട്ടുപേരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. അഞ്ചുപേരുടെ ജീവപര്യന്തത്തില്‍ ഇളവുനല്‍കി.
2008 ഏപ്രില്‍- മണിച്ചന്റെ ഭാര്യ ഉഷയെയും ബന്ധുവിനെയും കോടതി പത്തുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചു. പിന്നീട് ഹൈക്കോടതി ഇത് സ്റ്റേ ചെയ്തു.
2009 മാര്‍ച്ച് - കേസിലെ ഒന്നാം പ്രതി ഹയറുന്നീസ കരള്‍രോഗം മൂലം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.
2011 ഏപ്രില്‍ - മണിച്ചന്റെ ജീവപര്യന്തം സുപ്രീംകോടതിയും ശരിവച്ചു. കേസിലെ 25, 27 പ്രതികള്‍ക്ക് കോടതി ഇളവുനല്‍കി. മണിച്ചന്റെ മദ്യരാജാവായുള്ള വളര്‍ച്ചയില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സഹായം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
2017 ഫെബ്രുവരി - മണിച്ചനും ഒപ്പം ടി.പി.വധക്കേസ് പ്രതികള്‍ക്കും ശിക്ഷയിളവ് നല്‍കാനുള്ള ഒന്നാം പിണറായി സര്‍ക്കാര്‍ ശ്രമം വിവാദമായതോടെ നിര്‍ത്തിവച്ചു.
2022 ഏപ്രില്‍ - മണിച്ചനടക്കം 33 പേര്‍ക്ക് ജയില്‍മോചനം നല്‍കാനുള്ള ഫയല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കയച്ചു.
2022 ജൂണ്‍ 13 - മണിച്ചനടക്കം 33 പേരെ ജയില്‍ മോചിതരാക്കാന്‍ ഗവര്‍ണറുടെ അനുമതി. എന്നാല്‍ പിഴത്തുകയായ 30.45 ലക്ഷം കെട്ടിവയ്ക്കാന്‍ മണിച്ചന്‍ തയ്യാറാകാത്തതിനാല്‍ മോചനം സാധ്യമായില്ല
2022 ഒക്ടോബര്‍ 19 - പിഴത്തുക നല്‍കാനാവാത്തതിനാല്‍ ഒരാളെ തടവിലിടാന്‍ പാടില്ല എന്ന് സുപ്രീം കോടതി നിലപാടെടുത്തു. ഇത്തരം ഗുരുതരമായ കുറ്റകൃത്യം തടയുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാറിനാണ് ഖജനാവില്‍ നിന്ന് ദുരന്ത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.അവിടെയും തന്റെ കുറ്റത്തിനുള്ള പാപഭാരം താങ്ങാന്‍ നികുതിദായകനെ ബാധ്യസ്ഥനാക്കുന്നതില്‍ മണിച്ചന്‍ വിജയിച്ചു.
2022 ഒക്ടോബര്‍ 21 - സ്വീകരണവുമേറ്റു വാങ്ങി മണിച്ചന്‍ ജയില്‍മോചിതനായി.