കോടതി കയറിയ സെലബ്രിറ്റി ദാമ്പത്യം. ഞെട്ടിക്കുന്ന ലൈംഗിക പീഡന കഥകള്‍. ജോണി ഡെപ്പ് -ആംബര്‍ ഹെഡ് കേസില്‍ ഇനി എന്തു സംഭവിക്കും-പ്രജുല എഴുതുന്നു
സ്വകാര്യ ജീവിതത്തെ എന്നും പൊതുശ്രദ്ധയില്‍ നിന്ന് അകറ്റി നിര്‍ത്തിയ ജോണി ഡെപിന്റെ ജീവിതമിപ്പോള്‍ ലോകത്തിനു മുന്നിലൊരു തുറന്ന പുസ്തകമായി മാറിയിരിക്കുന്നു. പ്രണയവും പകയും ആക്ഷനുമൊക്കെയായി സിനിമയെ വെല്ലുന്ന ഡെപ് - ആംബര്‍ പ്രണയകഥയുടെ ക്ലൈമാക്‌സ് അരങ്ങേറുന്നത് ഒരു കോടതി മുറിയിലാണ്- പ്രജുല എഴുതുന്നു
undefined
ഹോളിവുഡ് ആഘോഷിച്ച പ്രണയം, അതിനു പിന്നാലെ ലോകമാകെ ഉറ്റുനോക്കിയ പ്രണയസാഫല്യം. തീവ്രപ്രണയത്തിനൊടുവില്‍ സൂപ്പര്‍ താരം ജോണി ഡെപ്പ് സഹനടി ആംബര്‍ ഹെഡുമൊത്ത് ജീവിതം തുടങ്ങിയപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത് സിനിമയേക്കാള്‍ മനോഹരമായ പ്രണയകാവ്യമായിരുന്നു. പക്ഷെ കഷ്ടിച്ച് ഒന്നര വര്‍ഷം നീണ്ട ആ ദാമ്പത്യം ഇന്ന് കോടതി മുറിക്കുള്ളില്‍ വിചാരണ ചെയ്യപ്പെടുകയാണ്.
സ്വകാര്യ ജീവിതത്തെ എന്നും പൊതുശ്രദ്ധയില്‍ നിന്ന് അകറ്റി നിര്‍ത്തിയ ജോണി ഡെപിന്റെ ജീവിതമിപ്പോള്‍ ലോകത്തിനു മുന്നിലൊരു തുറന്ന പുസ്തകമായി മാറിയിരിക്കുന്നു. പ്രണയവും പകയും ആക്ഷനുമൊക്കെയായി സിനിമയെ വെല്ലുന്ന ഡെപ് -ആംബര്‍ പ്രണയകഥയുടെ ക്ലൈമാക്‌സ് അരങ്ങേറുന്നത് വര്‍ജീനിയയിലെ ഒരു കോടതി മുറിയിലാണ്. ശതകോടികളുടെ മാനനഷ്ടക്കേസില്‍ വിജയം ആര്‍ക്കൊപ്പം എന്ന് ഉറ്റുനോക്കുകയാണ് ലോകം.
2009-ല്‍ 'ദ റം ഡയറി' എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് കഥയുടെ തുടക്കം. അന്ന് ആംബര്‍ താരതമ്യേന പുതുമുഖം. ഡെപ്പ് സൂപ്പര്‍താരവും. കമിതാക്കളായി വേഷമിട്ട സിനിമ പൂര്‍ത്തിയായ പിന്നാലെ ഇരുവര്‍ക്കും ഇടയില്‍ ശരിക്കുമുള്ള പ്രണയവും മൊട്ടിട്ടു. എങ്കിലും അക്കാര്യം അവര്‍ തുറന്നുപറഞ്ഞത് 2 വര്‍ഷങ്ങള്‍ക്ക് ശേഷം.
2012-ല്‍ അവര്‍ ഒന്നിച്ചുള്ള ജീവിതയാത്ര തുടങ്ങി. 2015-ല്‍ വിവാഹം. ഫ്രഞ്ച് നടി വനേസയുമായി വേര്‍ പിരിഞ്ഞ ശേഷമാണ് ഡെപ് തന്നേക്കാള്‍ 20 വയസ്സ് ചെറുപ്പമുള്ള ആംബര്‍ ഹെഡിന്റെ കൈ പിടിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഡെപിന്റെ ഏഴാമത്തെ പങ്കാളി.
കൊട്ടിഘോഷിക്കപ്പെട്ട പ്രണയകഥയില്‍ പക്ഷേ ഒരു വര്‍ഷത്തിനപ്പുറം അപസ്വരങ്ങള്‍ തലപൊക്കി. വിവാഹമോചനം ആവശ്യപ്പെട്ട് ആംബര്‍ 2016-ല്‍ കോടതിയില്‍ എത്തി. ലഹരിക്കടിമയായ ഡെപ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപണം. ഒടുവില്‍ 54 കോടിയോളം രൂപ നഷ്ടപരിഹാരമായി നിശ്ചയിച്ച് ഒത്തുതീര്‍പ്പ്. ആരോപണങ്ങള്‍ അവസാനിപ്പിച്ച് സംയുക്തവാര്‍ത്താക്കുറിപ്പും പുറത്തിറക്കി.
എന്നാല്‍, രണ്ട് വര്‍ഷത്തിന് ശേഷം സ്ഥിതി വീണ്ടും വഷളായി. ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകളെ കുറിച്ച് ആംബര്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനം ഡെപ്പിനെ പ്രകോപിപ്പിച്ചു. ലേഖനത്തില്‍ ഡെപ്പിന്റെ പേരില്ലെങ്കിലും, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ തന്റെ കരിയറിനെ ബാധിച്ചെന്ന് കാട്ടി താരം മാനനഷ്ടക്കേസ് കൊടുത്തു. ആംബര്‍ ഹെഡ് 380 കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം. കേസ് റദ്ദാക്കാന്‍ ആംബര്‍ നിയമപോരാട്ടം തുടങ്ങിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ഡെപ്പില്‍ നിന്ന് 800 കോടിയോളം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആംബര്‍ തിരിച്ചും ഹര്‍ജി നല്‍കി. ലോകം കണ്ട ഹൈ പ്രൊഫൈല്‍ കേസുകളിലൊന്നായി സംഭവം മാറി.
ഏപ്രില്‍ 12-ന് വെര്‍ജിനിയ കോടതിയില്‍ കേസ് വിസ്താരം തുടങ്ങി. പരസ്പരം മുഖം കൊടുക്കാതിരുന്ന ദമ്പതികള്‍ കോടതി മുറിയില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ഏറ്റുമുട്ടി. മുന്‍കാമുകിയെ കുറിച്ച് പറഞ്ഞ് കളിയാക്കിയതിന്റെ പേരില്‍ ആണ് ഡെപ് ആദ്യമായി തല്ലിയതെന്ന് ആംബര്‍ വെളിപ്പെടുത്തി. സ്വകാര്യഭാഗത്ത് വൈന്‍ കുപ്പി പൊട്ടിച്ച് കയറ്റിയതും സിഗററ്റ് കൊണ്ട് പൊളളിച്ചതും തുടങ്ങി ഡെപ്പിന്റെ ലൈംഗിക പീഡന മുറകളെ കുറിച്ച് നടി കണ്ണീരോടെ വിവരിച്ചപ്പോള്‍ ലോകം അമ്പരപ്പോടെ കേട്ടു.
സംശയരോഗം, പരസ്ത്രീ ബന്ധം, വധശ്രമം തുടങ്ങി തന്റെ സിനിമകളിലും വസ്ത്രധാരണത്തിലും ഡെപ് കൈകടത്തിയ സംഭവങ്ങള്‍ വേറെയും അക്കമിട്ട് നിരത്തി ആംബര്‍. ഗാര്‍ഹിക പീഡനത്തിന് വിധേയനായത് താനാണെന്നും, ജീവിതത്തില്‍ ഇന്ന് വരെ സ്ത്രീകളെ തല്ലിയിട്ടില്ലെന്നും വാദിച്ചാണ് ഡെപ് ആരോപണങ്ങള്‍ നേരിട്ടത്.
താരത്തിന്റെ പരസ്പരവിരുദ്ധമായ ചില പരാമര്‍ശങ്ങള്‍ കോടതി മുറിയില്‍ ചിരി പടര്‍ത്തുകയും ചെയ്തു. നാലാഴ്ചയോളം നീണ്ടു ആദ്യഘട്ടവാദം. ദിവസങ്ങള്‍ക്കകം തന്നെ രണ്ടാംഘട്ടം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ക്രോസ് വിസ്താരം അടക്കം കൂടുതല്‍ ഉദ്വേഗമായ നടപടികളിലേക്ക് കടക്കുകയാണ് ഇനി. വിധി വരുംമുന്‍പേ ഇരുവരെയും എതിര്‍ത്തും അനുകൂലിച്ചും സൈബര്‍ പോര് തുടങ്ങിക്കഴിഞ്ഞു. ഹാഷ് ടാഗ് പ്രചാരണവും മുറുകി. ആംബറിന്റെ മുന്‍ പങ്കാളി ആയ വനിതാ ഫോട്ടോഗ്രാഫര്‍ നടിക്കെതിരെ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയും, ടെസ്ല മേധാവി ഇലോണ്‍ മാസ്‌കുമായുള്ള സൗഹൃദവും എല്ലാം ഡെപ്പ് അനുകൂലികള്‍ കുത്തിപ്പൊക്കുന്നുണ്ട് ഇപ്പോള്‍.
താര വിവാഹ മോചനങ്ങള്‍ ഏറെ കണ്ടിട്ടുണ്ടെങ്കിലും സിനിമയിലും നീതിന്യായലോകത്തും അസാധാരണ കേസായി മാറുകയാണ് ഡെപ് ആംബര്‍ പോര്. ആഡംബര പ്രിയന്‍ ആയ ഡെപ്പിന്റെ ഒരു മാസത്തെ ചെലവ് 150 കോടി ആണെന്നാണ് കഥ. കേസിനോടുവില്‍ നഷ്ടം ആര്‍ക്കാകും എന്ന് കാത്തിരുന്ന് കാണാം..