ബബ്ബര്‍ ഖല്‍സ എന്ന ഭീകരവാദസംഘടനയുടെ നേതാവായിരുന്നു തല്‍വീന്ദര്‍ പര്‍മാ. പിന്നീട്, 1985-ല്‍ 'കനിഷ്‌ക' എന്ന എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചതിനു പിന്നില്‍ ഇയാളായിരുന്നു.
ഖാലിസ്ഥാന്‍ തീവ്രവാദവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും ഏറ്റുമുട്ടുന്നത് ആദ്യമല്ല. 1982-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഖാലിസ്ഥാന്‍ തീവ്രവാദിയായ തല്‍വീന്ദര്‍ പര്‍മാറിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടത് അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി പിയറി ട്രൂഡോയോടാണ്. അതായത് ജസ്റ്റിന്‍ ട്രൂഡോയുടെ അച്ഛന്‍.
undefined
ജസ്റ്റിന്‍ ട്രൂഡോ
ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയില്‍ ഉരുണ്ടുകൂടിയ സംഘര്‍ഷം പല തലങ്ങളിലേക്ക് മാറുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം അത്ര പുതിയതൊന്നുമല്ല. എന്നും അതൊരു ഡമോക്ലസിന്റെ വാളായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ തര്‍ക്കം പഴയതുപോലൊന്നുമല്ല, അതിന് കടുപ്പവും വ്യാപ്തിയും ഇത്തിരി കൂടുതലാണ്.
പഞ്ചാബാണ് സിഖ് മതത്തിന്റെ ജന്‍മഭൂമി. 2021 -ലെ കണക്കനുസരിച്ച് സിഖ് മതവിശ്വാസികള്‍ രണ്ടര കോടിയിലേറെയാണ്. ഇന്ത്യയിലെ ആകെ ജനംഖ്യയുടെ രണ്ട് ശതമാനം. ഇന്ത്യയ്ക്കുപുറത്ത് ഏറ്റവുംകൂടുതല്‍ സിഖ് മതവിശ്വാസികള്‍ ഉള്ളത് കാനഡയിലാണ്. ആകെ ജനസംഖ്യയുടെ 2.1 ശതമാനം. കാനഡയിലെ സിഖ് സമൂഹത്തിന് രാഷ്ട്രീയ സ്വാധീനവുമുണ്ട്. എണ്ണം, സമ്പത്ത്, ഗുരുദ്വാരകള്‍ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍, സമൂഹമെന്ന നിലയിലെ ഐക്യം, സംഘാടനമികവ് അങ്ങനെ പല കാരണങ്ങളുണ്ട് അതിന്.
രാഷ്ട്രീയ നേതാക്കള്‍ കണ്ണുവയ്ക്കുന്ന മറ്റൊന്നുകൂടിയുണ്ട് ഫണ്ട് ശേഖരണം. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയെ താങ്ങിനിര്‍ത്തുന്നതില്‍ സിഖുകാരുടെ രാഷ്ട്രീയപാര്‍ട്ടിയായ എന്‍ഡിപിയുടെ (New Democratic Party) പങ്ക് നിര്‍ണായകമാണ്. ജഗ്മീത് സിംഗിന്റെ നേതൃത്വത്തിലുള്ള എന്‍ഡിപി 2021 -ല്‍ നേടിയത് 24 സീറ്റുകളാണ്. സര്‍ക്കാരിലെ സഖ്യകക്ഷിയാണ് എന്‍ഡിപി. ഈ പാര്‍ട്ടിയുടെ കൂടി പിന്തുണയുണ്ടെങ്കിലേ ട്രൂഡോയ്ക്ക് പ്രധാനമന്ത്രിയായി നിലനില്‍ക്കാനാവൂ.
ട്രൂഡോയുടെ ജനപിന്തുണ കുറയുകയാണെന്ന റിപ്പോര്‍ട്ടുകളും ഇതോടൊപ്പം പരിഗണിക്കേണ്ടതുണ്ട്. പ്രതിപക്ഷനേതാവ് പിയറേ പോള്‍യേവിന്റെ ജനപ്രീതി കൂടുകയുമാണ്. ഇപ്പോഴത്തെ തര്‍ക്കത്തിലും ട്രൂഡോയുടെ നേര്‍ക്ക് വിരല്‍ചൂണ്ടുകയാണ് പ്രതിപക്ഷം. ഇന്ത്യയുമായുള്ള സംഘര്‍ഷത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ട്രൂഡോ പുറത്തുവിട്ടിട്ടില്ല. അവ പുറത്തുവിട്ടാല്‍ കാര്യങ്ങള്‍ ജനം തീരുമാനിക്കും എന്നായിരുന്നു പിയറേ പോള്‍യേവിന്റെ മറുപടി.
ഖാലിസ്ഥാന്‍ വിഘടനവാദികളെ ചൊല്ലി ഇന്ത്യയും കാനഡയും ഏറ്റുമുട്ടുന്നത് ആദ്യമായല്ല. 1982-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഖാലിസ്ഥാന്‍ തീവ്രവാദിയായ തല്‍വീന്ദര്‍ പര്‍മാറിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടത് അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി പിയറി ട്രൂഡോയോടാണ്. ഇപ്പോഴത്തെ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയുടെ അച്ഛനായ പിയറി ട്രൂഡോ ഇന്ത്യയുടെ ആവശ്യം നിരസിച്ചു.
ബബ്ബര്‍ ഖല്‍സ എന്ന ഭീകരവാദസംഘടനയുടെ നേതാവായിരുന്നു തല്‍വീന്ദര്‍ പര്‍മാ. പിന്നീട്, 1985-ല്‍ 'കനിഷ്‌ക' എന്ന എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചതിനു പിന്നില്‍ ഇയാളായിരുന്നു. ആ ദുരന്തത്തില്‍ മരിച്ചത് 329 പേരാണ്. ബോംബ് ആക്രമണ പദ്ധതിയെക്കുറിച്ച് കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അറിയാമായിരുന്നുവെന്ന് കാനഡയിലെ ഖാലിസ്ഥാന്‍ മുന്നേറ്റം വര്‍ഷങ്ങളോളം റിപ്പോര്‍ട്ടുചെയ്ത ടെറി മിലവസ്‌കി എന്ന കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ബോംബ് സ്‌ഫോടന പരീക്ഷണം അവരില്‍ ചിരൊക്കെ നേരില്‍ കാണുകവരെ ചെയ്തതായും പുസ്തകം പറയുന്നു.
എന്നാല്‍, ദൃശ്യങ്ങളടക്കമുള്ള തെളിവ് കിട്ടിയിട്ടും കനേഡിയന്‍ സര്‍ക്കാരും ഏജന്‍സികളും അത് അവഗണിച്ചു, വിമാനദുരന്തത്തിനുശേഷം നടന്ന അന്വേഷണവും അട്ടിമറിക്കപ്പെട്ടു. തെളിവുകളില്ലാത്തതുകൊണ്ട് പര്‍മാറിനെ വെറുതേവിട്ടു. പര്‍മാര്‍ സിംഗിനെ വെറുതെവിട്ടില്ലെങ്കില്‍ ഭീകരാക്രമണങ്ങളുണ്ടാകുമെന്നും കനേഡിയന്‍ പ്രധാനമന്ത്രിയെ കൊല്ലുമെന്നുമുള്ള കത്തുകള്‍ കിട്ടിയിരുന്നതായും വെളിപ്പെടുത്തലുകളുണ്ട്.
'കനിഷ്‌ക' വിമാന ദുരന്തവുമായി ബന്ധപ്പെട്ട് പിന്നീട് അന്വേഷണക്കമ്മിഷന്‍ കണ്ടെത്തിയ വിവരങ്ങളും ഇതൊക്കെത്തന്നെയാണ്. കനേഡിയന്‍ പൊലീസിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും തടയാമായിരുന്ന ദുരന്തം അന്വേഷണം പോലുമില്ലാതെ അവസാനിച്ചു എന്നായിരുന്നു കമീഷന്റെ കണ്ടെത്തല്‍.
കനിഷ്‌ക ദുരന്തം അടക്കമുള്ള സംഭവങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. ആറുമാസത്തിനിടെ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഉള്‍പ്പടെ അഞ്ച് ഖാലിസ്ഥാന്‍ നേതാക്കളാണ് കൊല്ലപ്പെട്ടത്. അതില്‍ വെടിയേറ്റ് മരിച്ചത് നാലുപേര്‍. ഒരു ഗുരുദ്വാരയുടെ പാര്‍ക്കിംഗ് സ്ഥലത്ത് വച്ചാണ് നിജ്ജാര്‍ വെടിയേറ്റ് മരിക്കുന്നത്. ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ നേതാവായിരുന്ന പരംജീത് സിങ് പഞ്ച്‌വാര്‍ മെയ് ആറിന് ലാഹോറിലെ വീടിനടുത്ത് വച്ചാണ് വെടിയേറ്റ് മരിച്ചത്. ഹര്‍മീത് സിംഗ് എന്ന ഖലിസ്ഥാന്‍ നേതാവ് ലാഹോറിലെ ഗുരുദ്വാരക്കടുത്ത് വച്ചാണ് വെടിയേറ്റ് മരിച്ചത്. മയക്കുമരുന്ന് കടത്തും ഖലിസ്ഥാനി ഭീകരരുടെ പരിശീലനവും നടത്തുന്ന സംഘത്തിലുള്ളവരാണ് ഇവരെന്നാണ് പറയുന്നത്.
അവ്താര്‍ സിംഗ് എന്ന ഖലിസ്ഥാന്‍ നേതാവ് യുകെയിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കാന്‍സര്‍ രോഗബാധിതനായിരുന്നു ഇയാളെങ്കിലും വിഷബാധയാണ് മരണകാരമെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പിന്നെ കൊല്ലപ്പെട്ടത് സുഖ്ദൂല്‍ സിംഗ് എന്ന നേതാവ്. പക്ഷേ അതിന് ഉത്തരവാദിത്തം തടവുപുള്ളിയായ ലോറന്‍സ് ബിഷ്‌ണോയി ഏറ്റെടുത്തു. സംഘങ്ങള്‍ക്കിടയിലെ ശത്രുത എന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കുടിയേറ്റവ്യവസായം നിയന്ത്രിക്കാനുള്ള മത്സരമാണ് സംഘങ്ങള്‍ തമ്മില്‍ നടക്കുന്നതെന്നും അന്വേഷണ വൃത്തങ്ങള്‍ പറയുന്നു.
എന്തായാലും എന്‍ ഐ എ പട്ടികയിലുള്ള കുറ്റവാളിയായിരുന്നു സുഖ്ദൂല്‍ സിംഗ്. ഇയാള്‍ക്ക് അര്‍ഷ് ദല്ലാ എന്ന ഭീകരവാദിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പറയുന്നത്. നേരത്തെ പറഞ്ഞ ലോറന്‍സ് ബിഷ്‌ണോയി മയക്കുമരുന്ന് കേസില്‍ അഹമ്മദാബാദിലെ ജയിലില്‍ കഴിയുകയാണ്. സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയത് അടക്കമുള്ള കേസുകളുണ്ട് ഇയാള്‍ക്കെതിരെ. ഇയാള്‍ ഖാലിസ്ഥാന്‍ വിരുദ്ധനാണ്. ഒപ്പം, ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയുന്നയാളും. ഈ സംഭവത്തോടെ ബിഷ്‌ണോയിയെ പിന്തുണച്ചും വീരപരിവേഷം നല്‍കിയും ഇന്ത്യയിലെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുുകള്‍ ട്രെന്‍ഡിംഗായിരുന്നു.
ഖാലിസ്ഥാന്‍ വാദം ഇന്ത്യയില്‍ എന്നും തൊട്ടാല്‍ പൊള്ളുന്ന വിഷയമായിരുന്നു. ഒളിച്ചിരുന്ന ഖാലിസ്ഥാന്‍ വാദികളെ പുറത്തുചാടിക്കാന്‍ സുവര്‍ണക്ഷേത്രത്തിലുണ്ടായ സൈനികനടപടി , മാസങ്ങള്‍ക്കകം സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരണം. തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപം. തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ പില്‍ക്കാലത്ത് നടന്ന സായുധ നടപടികള്‍. അങ്ങനെ സംഭവബഹുലമായ അധ്യായങ്ങള്‍. ആ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല,
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും സിഖ് വിഘടനവാദത്തെ അംഗീകരിക്കുന്നില്ല. എങ്കിലും ഖലിസ്ഥാന്‍ വാദികള്‍ പല രാജ്യങ്ങളില്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഖലിസ്ഥാന്‍ വാദികള്‍ക്ക് പല സംഘടനകളുണ്ട്. പല രാജ്യങ്ങളിലായാണ് ഇവരുടെ പ്രവര്‍ത്തണം. അടുത്തകാലത്തായി ഇവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യാ -വിരുദ്ധ പ്രതിഷേധങ്ങള്‍, മുദ്രാവാക്യങ്ങള്‍, പര്‍മാറിനെ രക്തസാക്ഷി എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്ററുകള്‍, ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്കെതിിരായ ആക്രമണം എന്നിങ്ങനെ പല സംഭവങ്ങള്‍. വാഷിംഗ്ടണില്‍ വരെ നടന്നു ഇത്തരം സംഭവങ്ങള്‍. കാനഡയിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളെ ലക്ഷ്യമാക്കി പോസ്റ്ററുകളുമിറക്കി. ഓസ്‌ട്രേലിയയില്‍ ക്ഷേത്രങ്ങളില്‍ ഖാലിസ്ഥാന്‍ പതാക തൂക്കിയ സംഭവവുമുണ്ടായി. ഖാലിസ്ഥാന്‍ വാദവുമായി ബന്ധപ്പെട്ട് അഭിപ്രായവോട്ടെടുപ്പിനുള്ള ആവശ്യവും ഉയര്‍ന്നു. യുകെയിലെ ഇന്ത്യന്‍ എംബസിയില്‍ ഖാലിസ്ഥാന്‍ ബാനറുകളുമായി കയറിയ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക നീക്കംചെയ്ത സംഭവവും ഇതിനിടെ ഉണ്ടായി.
പ്രമുഖ നേതാക്കള്‍ കൊല്ലപ്പെട്ടതോടെ മറ്റ് പല ഖാലിസ്ഥാന്‍ വാദി നേതാക്കളും ഒളിവില്‍ പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രതിഷേധങ്ങള്‍ നടക്കുന്നത് ഇന്ദിരാഗാന്ധിയുടെ വധം പുന:സൃഷ്ടിച്ചും എകെ 47 തോക്കുകള്‍ പ്രദര്‍ശിപ്പിച്ചും ഒക്കെയാണെങ്കിലും സമാധാനപരമായ പ്രതിഷേധം തടുക്കാന്‍ കഴിയില്ല എന്നു പറയുന്നു ജസ്റ്റിന്‍ ട്രൂഡോ.
സത്യത്തില്‍, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഖാലിസ്ഥാന്‍ വാദം തഴച്ചുവളരുന്നത് ഇന്ത്യക്ക് ആശങ്കതന്നെയാണ്. പല പടിഞ്ഞാറന്‍ രാജ്യങ്ങളും ഖാലിസ്ഥാന്‍ വാദികളുടെ വളര്‍ച്ച അവഗണിക്കുകയാണ് ചെയ്തത്, അതില്‍ ഇന്ത്യക്ക് നേരത്തെ തന്നെ വിയോജിപ്പുകളുമുണ്ട്. പുകഞ്ഞിരുന്നത് ആളിക്കത്തിയിരിക്കുന്നു ഇപ്പോള്‍.
കാനഡക്കും ദോഷകരമാണ് നിലവിലെ തര്‍ക്കം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കാനഡയിലെത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. 2022 -ല്‍ ആകെ എണ്ണത്തിന്റെ 40 ശതമാനം. 80,000 കനേഡിയന്‍ വിനോദസഞ്ചാരികളാണ് 2021 -ല്‍ ഇന്ത്യയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ കയറ്റുമതിയും ഇറക്കുമതിയുമുണ്ട്. പ്രതിസന്ധി കനത്താല്‍ അത് എല്ലാറ്റിനേയും ബാധിക്കും. ഇന്ത്യയും കാനഡയും തമ്മിലെ ഈ ഏറ്റുമുട്ടല്‍ അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കും ആശങ്ക വിതയ്ക്കുന്നതാണ്.
വളര്‍ന്നുവരുന്ന ശക്തിയാണ് ഇന്ത്യ. അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ. എല്ലാറ്റിനും പുറമേ ചൈനയെ ചെറുക്കുന്ന ചേരിയുടെ കോട്ടമതിലും. ജി 20 സംയുക്തപ്രഖ്യാപനത്തില്‍ റഷ്യയെ കുറ്റപ്പെടുത്തരുതെന്ന ഇന്ത്യയുടെ നിലപാടിന് അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ വഴങ്ങിയതിനും കാരണം ഇതുതന്നെയാണ്. റഷ്യയെ കുറ്റപ്പെടുത്താതെ സംയുക്തപ്രഖ്യാപനമുണ്ടായത് ഇന്ത്യയെ തള്ളിക്കളയാന്‍ ലോകരാജ്യങ്ങള്‍ക്കാവില്ല എന്നതിന്റെ തെളിവുമാണ്. ഗ്ലോബല്‍ സൗത്ത് എന്ന വികസ്വര രാജ്യങ്ങളുടെ സംഘത്തിലെ പ്രധാനിയാണ് ഇന്ത്യ. ഈ സംഘം റഷ്യയെ കുറ്റപ്പെടുത്താന്‍ വിസമ്മതിക്കുന്ന വിഭാഗത്തിലാണ്. ഇവരെ ഒപ്പം കൊണ്ടുവരാന്‍ കിണഞ്ഞുപരിശ്രമിക്കയാണ് അമേരിക്കയും യൂറോപ്പും, ഈ ശ്രമത്തിനും തിരിച്ചടിയാണ് ഇന്ത്യയും കാനഡയുമായുള്ള നിലവിലെ സംഘര്‍ഷം.