മകളുടെ നൃത്തപഠനത്തിനും, മത്സരങ്ങളിൽ പ്രത്യേകപരിശീലനത്തിനുമെല്ലാം വരുന്ന സാമ്പത്തികച്ചെലവ് വലിയ ബാധ്യത തന്നെയാണ് ശ്രീജയ്ക്കും ഉണ്ണികൃഷ്ണനും. വയനാട് ജില്ലയിലെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളെയാണ് ശ്രീജയും ഉണ്ണികൃഷ്ണനും നൃത്തം പഠിപ്പിക്കുന്നത്.
മകളുടെ സ്വപ്നങ്ങൾക്ക് വേണ്ടി എന്തും വിറ്റുപെറുക്കാൻ തയ്യാറായിത്തന്നെയിറങ്ങിയതാണ് കൽപ്പറ്റ എമിലിയിൽ നിന്നുള്ള ശ്രീജയും ഉണ്ണികൃഷ്ണനും. അതിനുവേണ്ടി ശ്രീജയുടെ സ്വർണം മുഴുവനും പണയപ്പെടുത്തി. കൊവിഡ് കാലത്ത് അന്നം നൽകിയിരുന്ന രണ്ട് പശുക്കളെ വിറ്റു. എന്നാലും, ഇരുവർക്കും സങ്കടമില്ല. കാരണം, ഇത് അവരുടെ മകൾക്ക് വേണ്ടി മാത്രമല്ല. ഇപ്പോഴും സംസ്ഥാനകലോത്സവ വേദികളന്യമായ അനേകം ഗോത്രവിദ്യാർത്ഥികൾക്ക് കൂടി വേണ്ടിയാണ്.
കലോത്സവത്തിന്റെ അവസാന ദിനം... തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ, കേരളത്തിലങ്ങളോമിങ്ങളോമുള്ള കുട്ടികൾക്കൊപ്പം വേദി ഒന്ന് അതിരാണിപ്പാടത്ത് മത്സരാർത്ഥിയായി എത്തുമ്പോൾ ഒരു ജനതയുടെ തന്നെ പ്രതീക്ഷകളുടെ ചൂടും ചൂരുമുണ്ട് അമയയ്‍ക്ക്. 'സംസ്ഥാന കലോത്സവത്തിൽ ആദ്യമായി ശാസ്ത്രീയനൃത്തത്തിൽ പങ്കെടുക്കുന്ന ഗോത്ര വിഭാഗത്തിൽ പെട്ട പെൺകുട്ടി' എന്ന് ചരിത്രം കുറിക്കുമ്പോൾ അമയയുടെ കണ്ണുകളിലുള്ള പ്രതീക്ഷ ഒന്ന് മാത്രമാണ്. ഇനി വരും വർഷങ്ങളിലെങ്കിലും തന്റെ മനുഷ്യർക്ക്, അതിലെ വിദ്യാർത്ഥികൾക്ക് ഇതുപോലെ വേദികളിൽ വന്ന് നിൽക്കാൻ സാധിക്കണമേ എന്ന്. ഗോത്രവിഭാഗമായ കുറിച്യ വിഭാഗത്തിൽ പെടുന്ന നൃത്താധ്യാപകരായ ശ്രീജയുടെയും ഉണ്ണികൃഷ്ണന്റെയും മകൾ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ സ്വപ്നം കാണും?
ഒന്നാം ക്ലാസ് മുതൽ അമയ നൃത്തം അഭ്യാസിക്കുന്നുണ്ട്. പാഠം പകർന്ന് നൽകിയത് അമ്മയും അച്ഛനും തന്നെ. ഭരതനാട്യവും മോഹിനിയാട്ടവും പഠിപ്പിക്കാൻ വേറെ അധ്യാപകരുണ്ട്. സബ്ജില്ലയിലും ജില്ലയിലും മികച്ച പ്രകടനം കാഴ്ച വച്ച അമയ അപ്പീൽ നൽകി തീർപ്പാകാത്തതിനെ തുടർന്ന് കോടതിവിധിയിലൂടെയാണ് സംസ്ഥാന കലോത്സവവേദിയിലേക്ക് എത്തിയത്. ഒരിനത്തിനെങ്കിലും കോടതിവിധി നേടി സംസ്ഥാന കലോത്സവത്തിനെത്തണം എന്നത് അമയയുടെ സ്വപ്നമായിരുന്നു. ഒരിനത്തിനാണ് കൊടുത്തതും. എന്നാൽ, ഗോത്രവിദ്യാർത്ഥി ആയതുകൊണ്ട് മൂന്നിനും പങ്കെടുക്കാൻ അനുമതി കിട്ടുകയായിരുന്നു.
മകളുടെ നൃത്തപഠനത്തിനും, മത്സരങ്ങളിൽ പ്രത്യേകപരിശീലനത്തിനുമെല്ലാം വരുന്ന സാമ്പത്തികച്ചെലവ് വലിയ ബാധ്യത തന്നെയാണ് ശ്രീജയ്ക്കും ഉണ്ണികൃഷ്ണനും. വയനാട് ജില്ലയിലെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളെയാണ് ശ്രീജയും ഉണ്ണികൃഷ്ണനും നൃത്തം പഠിപ്പിക്കുന്നത്. ഇരുന്നൂറ്റിയമ്പതോ മുന്നൂറോ രൂപയാണ് ഫീസായി കിട്ടുന്നത്. അവർക്ക് അതിനെ സാധിക്കൂ. ആ പണം കൊണ്ടുവേണം കുടുംബത്തിന് കഴിയാനും അമയയുടെ നൃത്തപഠനവും മറ്റും തുടർന്ന് കൊണ്ടുപോകാനും.
കൊവിഡ് കാലത്ത് ലോണെടുത്ത് രണ്ട് പശുവിനെ വാങ്ങി. അതുകൊണ്ട് തന്നെ മറ്റ് നൃത്താധ്യാപകരെ പോലെ കഷ്ടപ്പാടുണ്ടായില്ല. എന്നാൽ, കൊവിഡിന് ശേഷം മകളുടെ പഠനം, കലാപഠനം ഒക്കെ കൂടി വലിയ ബുദ്ധിമുട്ടിലായി കുടുംബം. സയൻസ് തന്നെ പഠിക്കാനായിരുന്നു അമയയ്ക്കിഷ്ടം. എന്നാൽ, പ്രവേശനം കിട്ടിയത് വിദൂരത്തുള്ള ഒരു സ്കൂളിലും. അവിടെ പോയി വരിക എന്നുള്ളത് പ്രയാസമായിരുന്നു. അങ്ങനെ പഠനം വലിയ പ്രതിസന്ധിയിലായി. അപ്പോഴാണ്, വയനാട് ജില്ലയിൽ വൈത്തിരി സബ്ജില്ലയിൽ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തൊക്കെ നിൽക്കുന്ന ഒരു കുട്ടിക്ക് അഡ്മിഷനില്ല എന്ന് അറിഞ്ഞ് ഒരു അൺഎയ്ഡഡ് സ്കൂളിലെ പ്രിൻസിപ്പൽ ഉണ്ണികൃഷ്ണനെ വിളിക്കുന്നത്. ഫീസൊന്നും വേണ്ട, കലാപഠനത്തിനും സഹായിക്കാം എന്ന് വാക്കും നൽകി. ആ വാക്ക് സ്കൂൾ പാലിച്ചു.
യുവജനോത്സവവേദിയിൽ അമയ ചുവടുകൾ വയ്ക്കുമ്പോൾ സദസിന് മുന്നിൽ തന്നെ അഭിമാനത്തോടെയിരിപ്പുണ്ട് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ബാബു മാഷ്.
അമയയ്ക്കിനിയും സ്വപ്നമുണ്ട്, കച്ചേരി നടത്തണം
രണ്ട് പശുവിനെ വിറ്റ് അതിൽ നിന്നും കിട്ടിയ കാശുമായാണ് അമയ സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തിയിരിക്കുന്നത്. ഭരതനാട്യം പഠിപ്പിച്ച അധ്യാപകന് ഇനിയും രണ്ട് വർഷം മുമ്പ് വരെയുള്ള ഫീസ് കൊടുക്കാനുണ്ട് എന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. റീന പപ്പൻ എന്ന അധ്യാപികയാണ് അമയയെ നാടോടിനൃത്തം പഠിപ്പിക്കുന്നത്. ഇതുവരെ ഒരുരൂപ പോലും കൊടുത്തിട്ടില്ല. തങ്ങൾ ഡാൻസ് പഠിപ്പിച്ച് കിട്ടുന്ന പണത്തിൽ നിന്നും കുറേശ്ശെ കുറേശ്ശെയായി കൊടുത്ത് തീർക്കാം എന്നാണ് ശ്രീജയും ഉണ്ണികൃഷ്ണനും പ്രതീക്ഷിക്കുന്നത്.
പ്ലസ് ടു കഴിഞ്ഞ് കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കണം എന്നതാണ് അമയയുടെ ആഗ്രഹം. ആ ആഗ്രഹം മാറുമോ എന്ന് അറിയില്ല. എങ്കിലും ഭരതനാട്യവും മോഹിനിയാട്ടവുമൊന്നും ഒരിക്കലും ഉപേക്ഷിക്കില്ല എന്ന് അമയ പറയുന്നു. ഭരതനാട്യം പഠിച്ച് കച്ചേരി ചെയ്യാനുള്ള ആഗ്രഹവുമായിട്ടാണ് അമയ കഴിയുന്നത്. എന്നാൽ, സാമ്പത്തികമായ പ്രതിസന്ധി കാരണം ആ സ്വപ്നമിപ്പോഴും സാക്ഷാത്കരിക്കപ്പെടാതെ തുടരുകയാണ്. കലോത്സവത്തിന്റെ ബാധ്യത തീർന്നിട്ട് വേണം ആ സ്വപനത്തിന് പിന്നാലെ പോകാൻ.
'എന്റെ അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു എന്നെ ഡാൻസ് പഠിപ്പിക്കണം എന്ന്. എനിക്കും വലിയ ആഗ്രഹമായിരുന്നു. എന്നാൽ, അന്ന് ഞങ്ങൾക്ക് അതിനൊന്നും കഴിഞ്ഞില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് ഡാൻസ് പഠിക്കാൻ പോകുന്നത്. ഇപ്പോൾ ഭരതനാട്യവും മോഹിനിയാട്ടവും പഠിക്കുന്നുണ്ട്. എന്നാൽ, എന്റെ മോള് എന്നെപ്പോലെ ആവരുത് എന്നുണ്ടായിരുന്നു. അവള് മാത്രമല്ല, ഞങ്ങളുടെ ഒരുപാട് കുഞ്ഞുങ്ങൾക്ക് ഇന്നും ഈ വേദിയിലെത്താൻ കഴിഞ്ഞിട്ടില്ല... അത് കഴിവില്ലാഞ്ഞിട്ടല്ല...' ശ്രീജ മുഴുവനാക്കാതെ നിർത്തുന്നു.
കോടതിവിധിയിലൂടെ വന്നത് കൊണ്ടുതന്നെ ഔദ്യോഗികമായി അമയയുടെ ഫലത്തിന് ഇനിയും കാത്തിരിക്കണം. എന്നാൽ, അമയയ്‍ക്കിത് വലിയ വിജയം തന്നെയാണ്. അതേ, അവൾ സംസ്ഥാനകലോത്സവേദിയിൽ തന്റെ അടയാളം പതിച്ചു കഴിഞ്ഞു. അവൾക്ക് പിന്നാലെ ഇനിയും ഈ വേദികളിൽ ചുവടുകൾ വയ്ക്കാൻ അനേകർ വരുമെന്ന പ്രതീക്ഷയോടെ തന്നെയാണ് ചിലങ്കയും നെഞ്ചോട് ചേർത്ത് അവൾ അച്ഛനും അമ്മയ്ക്കുമൊപ്പം ചുരം കയറുന്നത്.