പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് ഇത്തരം ആപ്പുകള്‍ സന്ദര്‍ശിക്കുന്നത്. അതേസമയം സെപ്തംബറില്‍ മാത്രം ഇത്തരം ആപ്പുകള്‍ സന്ദര്‍ശിച്ചിരുന്നത് രണ്ടരക്കോടിക്ക് അടുത്ത് ആളുകളാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് ഫോട്ടോകളില്‍ നിന്നും വസ്ത്രം നീക്കം ചെയ്ത് നഗ്ന ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ആപ്പുകള്‍ സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണത്തില്‍ പ്രതിദിനം അതിഭീമമായ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. സെപ്തംബറില്‍ മാത്രം ഇത്തരം ആപ്പുകള്‍ സന്ദര്‍ശിച്ചത് 2,40,00,000 പേരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോഷ്യൽ നെറ്റ്‌വർക്ക് വിശകലന കമ്പനിയായ ഗ്രാഫിക്കയാണ് (Graphika) ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ഇത്തരത്തില്‍ ചിത്രങ്ങള്‍ നഗ്നമാക്കുന്ന ആപ്പുകള്‍ തങ്ങളുടെ വിപണി കണ്ടെത്താനായി സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നെന്നും ഗ്രാഫിക്ക ചൂണ്ടിക്കാട്ടുന്നു. എക്സ് (X), റെഡ്ഡിറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400 ശതമാനത്തിലധികം വര്‍ദ്ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരം ആപ്പുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (AI) ഉപയോഗിച്ച് വ്യക്തികളുടെ ചിത്രങ്ങളില്‍ നിന്ന് വസ്ത്രം നീക്കം ചെയ്ത് അവ നഗ്നചിത്രങ്ങളാക്കി മാറ്റുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പല ആപ്പുകളും സ്ത്രീകളുടെ ചിത്രങ്ങള്‍ മാത്രമാണ് നഗ്നമാക്കാന്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ട് എടുത്ത് പറയുന്നു. ഡീപ്ഫേക്ക് പോണോഗ്രഫിക്കായി ഉപയോഗിക്കപ്പെടുന്ന ഇത്തരം ആപ്പുകള്‍ ഗുരുതരമായ നിയമ - ധാർമ്മിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യക്തികളുടെ സമ്മതമില്ലാതെ നിര്‍മ്മിക്കപ്പെടുന്ന ഇത്തരം നഗ്ന ചിത്രങ്ങള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. പലപ്പോഴും ഇര ഇതിനെ കുറിച്ച് അറിയുന്നു പോലുമില്ല. നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ മികച്ച ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നുവെന്നത് ഇത്തരം ആപ്പുകളുടെ ജനപ്രീയത വര്‍ദ്ധിപ്പിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 'നിങ്ങള്‍ക്ക് യഥാര്‍ത്ഥമെന്ന് തോന്നുന്ന ഒരു ചിത്രം സൃഷ്ടിക്കാന്‍ കഴിയും' ഗ്രാഫിക്കയിലെ അനലിസ്റ്റായ സാന്‍റിയാഗോ ലക്കാറ്റോസ് പറയുന്നു.
ഗൂഗിള്‍, റെഡ്ഡിറ്റ് തുടങ്ങിയ വെബ്സൈറ്റുകള്‍ ലൈംഗികതയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ അടങ്ങിയ പരസ്യങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് പറയുമ്പോഴും ഇത്തരം സൈറ്റുകളിലും ഈ ആപ്പുകളുടെ പരസ്യങ്ങള്‍ വ്യാപകമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏറെ പ്രചാരം നേടുമ്പോഴും ചില ആപ്പുകള്‍ ഇത്തരം സേവനങ്ങള്‍ക്ക് പണം ഇടാക്കുന്നു. ഇത്തരം ആപ്പുകളിലേക്ക് പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അതേ സമയം ഡീപ്ഫൈക്ക് പ്രോണാഗ്രാഫിക്കെതിരെ ഒരു രാജ്യത്തും നിയമങ്ങളില്ലെന്നത് കുറ്റവാളികള്‍ക്ക് വീണ്ടും കുറ്റകൃത്യത്തിനുള്ള അവസരമൊരുക്കുന്നു. കഴിഞ്ഞ നവംബറില്‍ യുഎസിലെ കുട്ടികളുടെ മനശാസ്ത്ര വിദഗ്ദനായ ഒരാള്‍ തന്‍റെ രോഗികളുടെ ചിത്രങ്ങളില്‍ നിന്നും വസ്ത്രം നീക്കുന്നതിനായി ഇത്തരം ആപ്പുകള്‍ ഉപയോഗിച്ചിരുന്നു. ഈ കേസ് തെളിയിക്കപ്പെട്ടതിന് പിന്നാലെ ഇയാളെ 40 വര്‍ഷത്തെക്ക് തടവിന് ശിക്ഷിച്ചതാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.