'ഒളിച്ചോടി', ആറുമാസം പൊലീസിനെ വരെ വട്ടം കറക്കി, വിട്ടില്ല ഒടുവിൽ സ്കിപ്പി കുടുങ്ങി

By Web Team  |  First Published Jul 12, 2024, 11:36 AM IST

പലയിടത്തും കണ്ടെത്തി എന്ന് പറഞ്ഞ് വിളി വന്നെങ്കിലും ആറ് മാസത്തേക്ക് സ്കിപ്പിയെ ഒന്ന് തൊടാൻ പോലും പൊലീസിനായില്ല.


ജർമ്മൻ പൊലീസിനെ വരെ വട്ടം കറക്കിയ ഒരു കങ്കാരു ഒടുവിൽ ആറ് മാസത്തിന് ശേഷം 60 കിലോമീറ്റർ ദൂരത്ത് നിന്നും പിടിയിലായി. സ്കിപ്പി എന്ന് പേരിട്ടിരിക്കുന്ന കംഗാരുവിനെ പുതുവത്സര രാവിൽ ഉടമ ജെൻസ് കോൽഹൌസിൻ്റെ സ്റ്റെർൻബെർഗിലെ വീട്ടിൽ നിന്നാണത്രെ കാണാതായത്.

ഉടമ അറിയിച്ചതിനെ തുടർന്ന് പൊലീസടക്കം തിരച്ചിലോട് തിരച്ചിലായിരുന്നെങ്കിലും കങ്കാരുവിനെ കണ്ടെത്താനായില്ല. പലയിടത്തും കണ്ടെത്തി എന്ന് പറഞ്ഞ് വിളി വന്നെങ്കിലും ആറ് മാസത്തേക്ക് സ്കിപ്പിയെ ഒന്ന് തൊടാൻ പോലും പൊലീസിനായില്ല. ഈ വർഷം മാർച്ചിൽ, സാഗ്‌സ്‌ഡോർഫ് പട്ടണത്തിൽ പലതവണ സ്‌കിപ്പി പ്രത്യക്ഷപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പൊലീസുകാർ എത്തുന്നതിന് മുമ്പ് രക്ഷപ്പെടാൻ അതിന് കഴിഞ്ഞു. 

Latest Videos

undefined

എന്നാൽ, ഈ മാസമാദ്യം ലുഡേഴ്‌സ്‌ഡോർഫ് പട്ടണത്തിൽ എത്തിയ സ്കിപ്പിയുടെ ഒളിച്ചോട്ടത്തിന് ഒരു അവസാനമായി. ഒരു പ്രദേശവാസിയാണ് കംഗാരുവിനെ കുടുക്കിയത്. അവർ കങ്കാരുവിനെ തങ്ങളുടെ തൊഴുത്തിൽ പിടിച്ചുവയ്ക്കുകയും പിന്നീട് ഉടമയെ അറിയിക്കുകയും ചെയ്യുകയായിരുന്നു. 

സ്കിപ്പിയുടെ ഉടമ അനേകം കങ്കാരുക്കളെ പെറ്റായി വളർത്തുന്നുണ്ട്. ആറ് മാസം എങ്ങനെയാണ് അത് ആരുടെയും പിടിയിൽ പെടാതെ മുങ്ങി നടന്നത് എന്ന കാര്യം വ്യക്തമല്ല. എന്നാൽ, സ്കിപ്പിയുടെ ഉടമയായ കോൽഹൗസ് പറയുന്നത്, 12 മീറ്റർ ദൂരവും മൂന്ന് മീറ്റർ ഉയരവും ചാടാൻ സ്‌കിപ്പിക്ക് കഴിവുണ്ട് എന്നാണ്. അതുകൊണ്ടായിരിക്കും ആരുടേയും പിടിയിൽ പെടാതെ സ്കിപ്പി മുങ്ങി നടന്നത് എന്നും ഉടമ പറയുന്നു. 

ഇങ്ങനെയൊക്കെയാണെങ്കിലും സ്കിപ്പി ഒട്ടും അപകടകാരിയല്ല എന്നും ഉടമ വിശദീകരിക്കുന്നുണ്ട്. കാരറ്റാണത്രെ സ്കിപ്പിക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണങ്ങളിൽ ഒന്ന്. എന്തായാലും, സ്കിപ്പിയെ കിട്ടിയതിൽ ഉടമയും ഒപ്പം പൊലീസും ഹാപ്പിയാണ്. 
 

click me!