കാര്‍ബണ്‍ ശേഖരം വര്‍ദ്ധിപ്പിക്കാനും മണ്ണിലേക്ക് സുപ്രധാന പോഷകങ്ങള്‍ വിതരണം ചെയ്യാനും ഉള്ള കഴിവ് കാരണം ആഫ്രിക്കന്‍ കാട്ടാനകളെ 'കാടിന്റെ മെഗാ ഗാര്‍ഡനര്‍മാര്‍' എന്നാണ് വിളിക്കുന്നത്.
അതായത് കാര്‍ബണ്‍ ബഹിര്‍ഗമനം ഉണ്ടാക്കുന്ന കമ്പനികള്‍ തന്നെ അത് ആഗിരണം ചെയ്യുന്നതിനുള്ള പ്രകൃത്യാധിഷ്ഠിത പരിഹാരം കാണുന്നു. ആ പരിഹാരം ആവട്ടെ തദ്ദേശീയ ജനതയെ ഉപയോഗിച്ചുള്ളതും. അവരിലേക്ക് പണമെത്തുന്നുണ്ട്. അതുപയോഗിച്ച് ആ ജനസമൂഹം ജീവിതം കരുപ്പിടിപ്പിക്കുന്നുണ്ട്. ആ ജനങ്ങള്‍ അങ്ങനെ ആഫ്രിക്കന്‍ കാട്ടാനകളുടെ സംരക്ഷകരായി തീരുന്നു. കാട്ടാനകളുണ്ടെങ്കിലേ നിലനില്‍പ്പുള്ളുവെന്ന് ആ ജനസമൂഹം ഇപ്പോള്‍ മനസ്സിലാക്കിയിരിക്കുന്നു.
undefined
'
'ജീവിച്ചിരിക്കുന്ന ഒരു ആഫ്രിക്കന്‍ കാട്ടാന ദശലക്ഷക്കണക്കിന് മൂല്യമുള്ള സേവനമാണ് ഈ ഭൂമിക്ക് നല്‍കുന്നത്. അത് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ മനുഷ്യരെ സഹായിക്കുന്നു, വേട്ടയാടുകയോ,ചത്തുപോവുകയോ ചെയ്യുന്നതിനേക്കാള്‍ ജീവനുള്ള ആഫ്രിക്കന്‍ കാട്ടാനയ്ക്കാണ് മൂല്യമുള്ളത്''
റാല്‍ഫ് ഷാമി
ഐഎംഎഫ് ഇന്‍സ്റ്റ്യൂട്ട് ഫോര്‍ കപ്പാസിറ്റി ഡവലപ്പ്‌മെന്റ്
ആഫ്രിക്കന്‍ മഴക്കാടുകള്‍ക്കിടയിലൂടെ ഒരു കാട്ടാന സഞ്ചരിക്കുകയാണ്. ആ കാട്ടാനയാവട്ടെ അതിന്റെ സഞ്ചാര പാതയില്‍ വരുന്ന ചെറുമരങ്ങള്‍ വലിച്ചൊടിക്കുകയും അത് ഭക്ഷിക്കുകയും അടിക്കാട് ചവിട്ടിമെതിക്കുകയും ചെയ്താണ് മുന്നോട്ട് പോകുന്നത്. ഈ ഇടതൂര്‍ന്ന മഴക്കാടിന് നടുവിലൂടെ ഒരു പച്ച ഇടനാഴി ആ കാട്ടാന സൃഷ്ടിക്കുന്നുണ്ട്.
ഏകദേശം 10 അടി ഉയരം വരുന്ന ഈ ഭീമന്‍ ഒരു ഒറ്റയാനാണ്.അവനാകട്ടെ വൃക്ഷത്തൈകളില്‍ നിന്ന് പുറംതൊലി പറിച്ചെടുക്കുകയും മണ്ണില്‍ കൊമ്പുകള്‍ ആഴ്ത്തി കുഴിക്കുകയും, വേരുകള്‍ ഇളക്കുകയും ഒക്കെ ചെയ്യുന്ന അത്യന്തം അപകടകാരിയാണ്. മഴക്കാടുകളുടെ സമൃദ്ധിയില്‍ അവനുണ്ടാക്കുന്ന നാശം ചില്ലറയല്ല. എന്നാല്‍ അവനുണ്ടാക്കുന്ന ഈ നാശങ്ങള്‍ വനത്തിന് ദോഷം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഗുണം ചെയ്യുന്നുവെന്ന് വന്നാലോ ആ ആഫ്രിക്കന്‍ കാട്ടാനയുടെ ഇത്തരം പ്രവൃത്തികള്‍ വനങ്ങളെ കൂടുതല്‍ കാര്‍ബണ്‍ സംഭരിക്കാന്‍ സഹായിക്കുകയും ഭൂമിയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആവാസവ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് വന്നാലോ?
നോക്കൂ, പുറംതള്ളുന്ന കാര്‍ബണിന്റെ അളവ് കുറയ്ക്കുകയോ അല്ലെങ്കില്‍ അതിന് ബദലായ എന്തെങ്കിലുമൊരു വഴി കണ്ടെത്താനോ നെട്ടോട്ടം ഓടുകയാണ് ലോകം മുഴുവനുള്ള വിവിധ വ്യവസായശാലകളും സര്‍ക്കാരുകളും വിവിധ ഏജന്‍സികളുമെല്ലാം. അപ്പോഴാണ് യാതൊരു സാങ്കേതിക സഹായവുമില്ലാതെ ഒരു ആഫ്രിക്കന്‍ കാട്ടാന ഇക്കാര്യത്തില്‍ കാര്യമായ സംഭാവന നല്‍കുന്നത്.
കാര്‍ബണ്‍ ശേഖരം വര്‍ദ്ധിപ്പിക്കാനും മണ്ണിലേക്ക് സുപ്രധാന പോഷകങ്ങള്‍ വിതരണം ചെയ്യാനും ഉള്ള കഴിവ് കാരണം ആഫ്രിക്കന്‍ കാട്ടാനകളെ 'കാടിന്റെ മെഗാ ഗാര്‍ഡനര്‍മാര്‍' എന്നാണ് വിളിക്കുന്നത്. ഒരു ചതുരശ്ര കിലോമീറ്ററിന് 9,500 മെട്രിക് ടണ്‍ CO2 ആണ് ഈ മഴക്കാടുകളുടെ കാര്‍ബണ്‍ ആഗിരണ ശേഷി. ഒരു വര്‍ഷം 2,047 പെട്രോള്‍ കാറുകള്‍ ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന മലിനീകരണത്തിന് തുല്യമായ തോതിലുള്ള കാര്‍ബണാണ് ഇത്. ഇതിനെ വലിയ തോതില്‍ വര്‍ധിപ്പിക്കുകയാണ് സ്വാഭാവികരമായ നശീകരണ സ്വഭാവം കൊണ്ട് ഓരോ കാട്ടാനയും ചെയ്യുന്നത്.
2019-ല്‍ നടത്തിയ ഒരു പഠനത്തില്‍ നിന്നാണ് ആഫ്രിക്കന്‍ ആനയുടെ ഈ വിനാശകരമായ ശീലം മധ്യ ആഫ്രിക്കന്‍ മഴക്കാടുകളെ കാര്‍ബണ്‍ സംഭരണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയത്. കോംഗോ ബേസിനിലെ രണ്ട് സ്ഥലങ്ങളിലാണ് ശാസ്ത്രജ്ഞര്‍ തുടക്കത്തില്‍ പഠനം നടത്തിയത്. ഒന്നാമത്തെയിടം കാട്ടാനകള്‍ സജീവമായതും രണ്ടാമത്തെയിടം കാട്ടാനകളുടെ സാന്നിധ്യം ഇല്ലാത്തയിടവും. രണ്ടിടത്തെയും ജൈവ വ്യവസ്ഥയും വൃക്ഷങ്ങളുടെയും ചെടികളുടെയും സാന്ദ്രതയും വ്യത്യാസങ്ങളും രേഖപ്പെടുത്തി. പിന്നീട് ആനകള്‍ ചെയ്യുന്നത് പോലെ വൃക്ഷങ്ങളും ചെടികളും അടിക്കാടുകളും നശിപ്പിക്കുന്നത് അനുകരിച്ച് ഒരു പ്രത്യേക സ്ഥലം കൃത്രിമമായി സൃഷ്ടിച്ചു.എന്നാല്‍ കാട്ടാനകളുടെ സ്വാഭാവിക ഇടപെടല്‍കൊണ്ടുണ്ടാകുന്ന തരം മാറ്റമല്ല കൃത്രിമമായി ഉണ്ടാക്കിയെടുത്ത സ്ഥലത്ത് സൃഷ്ടിക്കപ്പെട്ടതെന്ന് കണ്ടെത്തി. കാട്ടാനകള്‍ കാടിന്റെ സാന്ദ്രത സ്വാഭാവികമായി കുറച്ചെങ്കിലും ആ ഇടത്തെ സ്വാഭാവിക ജൈവാംശം വര്‍ദ്ധിച്ചതായി കണ്ടെത്തി. വെള്ളത്തിനും വെളിച്ചത്തിനും നിലനില്‍ക്കാനുള്ള സ്ഥലത്തിനും വേണ്ടി വലിയ വൃക്ഷങ്ങളുമായി മത്സരിക്കേണ്ടി വരുന്ന ചെറിയ മരങ്ങള്‍ ആനകള്‍ നശിപ്പിക്കുന്നു. ഇങ്ങനെ ചെറിയ മരങ്ങള്‍ ഇല്ലാതാകുന്നതോടെ വലിയ വൃക്ഷങ്ങള്‍ ഈ മേഖലയില്‍ തഴച്ചുവളരുകയും ചെയ്യുന്നു.അതായത് ആനകളുടെ ഈ സ്വാഭാവിക നശീകരണ ശീലം കാരണം വലിയ വൃക്ഷങ്ങള്‍ കൂടുതല്‍ ഉയരത്തില്‍ വളരുന്നുവെന്ന് പഠനം തെളിയിച്ചു.
ആഫ്രിക്കന്‍ കാട്ടാനകള്‍ ഭക്ഷണമാക്കാന്‍ ഇഷ്ടപ്പെടുന്ന ചെറിയ മരങ്ങള്‍ക്ക് പൊതുവെ ഇതേ കാരണം കൊണ്ട് തന്നെ സാന്ദ്രത കുറവായിരിക്കും. ആനകളുടെ പെരുമാറ്റം സാവധാനത്തില്‍ മാത്രം വളരുന്ന മരങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നവയാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.
മരങ്ങളുടെ കാര്‍ബണ്‍ സംഭരണശേഷി അവയുടെ എണ്ണത്തെയും സാന്ദ്രതയെയും ആശ്രയിച്ചാണ് കണക്ക് കൂട്ടുന്നത്. അത്തരത്തില്‍ വൃക്ഷങ്ങളുടെ നിലനില്‍പ്പിനെ പ്രോത്സാഹിപ്പിക്കുകയും കാര്‍ബണ്‍ ആഗിരണത്തിന് അനുയോജ്യമായ പരിസ്ഥിതി രൂപപ്പെടുത്തുകയും ചെയ്യുന്നതില്‍ ആഫ്രിക്കന്‍ മഴക്കാടുകളിലെ ആനകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അങ്ങനെ നോക്കുമ്പോള്‍ കാട്ടാനകളെ വേണമെങ്കില്‍ 'ഫോറസ്റ്റ് മാനേജര്‍മാര്‍' എന്നും വിളിക്കാം.
ആവാസവ്യവസ്ഥയുടെ ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ ആഫ്രിക്കന്‍ കാട്ടാനകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പഠനങ്ങളില്‍ നിന്ന് വ്യക്തം. വന്‍ വൃക്ഷങ്ങളും ചെറു മരങ്ങളും തമ്മിലുള്ള അതിജീവനത്തിനുള്ള മത്സരം ഇല്ലാതാക്കുന്നതിന് പുറമെ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് പുറംതള്ളുന്ന പിണ്ഡം ആനകളുടെ സഞ്ചാരപാതയിലുടനീളം വിത്തുകളുടെ വിതരണത്തിനും അതുവഴിയുണ്ടാകുന്ന പുതിയ വൃക്ഷങ്ങളുടെ വളര്‍ച്ചയ്ക്കും കാരണമാകുന്നുണ്ട്. ആഫ്രിക്കന്‍ കാട്ടാനകളെ പരിസ്ഥിതി എഞ്ചിനിയര്‍മാരായി ജീവശാസ്ത്രജ്ഞന്മാര്‍ അടയാളപ്പെടുത്തിയിട്ട് ഏറെ നാളൊന്നും ആയിട്ടില്ല.
കാട്ടാനകളുടെ വംശനാശം മധ്യ ആഫ്രിക്കന്‍ മഴക്കാടുകളില്‍ മാത്രം 7% കാര്‍ബണ്‍ ആഗിരണ ജൈവ വ്യവസ്ഥയുടെ നാശത്തിന് കാരണമാകും. ഒരു വര്‍ഷത്തിനിടെ 2 ബില്യണിലധികം പെട്രോള്‍ കാറുകള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിന് തുല്യമാണ് ഈ 7%.
വേട്ടയാടല്‍ കാരണം ആഫ്രിക്കന്‍ കാട്ടാനയുടെ സംഖ്യ അതിവേഗം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.ഇപ്പോള്‍ ഇവ ഗുരുതരമായ വംശനാശ ഭീഷണിയിലുമാണ്. 1970-കളില്‍ 1.2 ദശലക്ഷം ആനകള്‍ ആഫ്രിക്കന്‍ മഴക്കാടുകളില്‍ ഉണ്ടായിരുന്നെങ്കില്‍ വേട്ടക്കാര്‍ കാരണവും ആവാസവ്യവസ്ഥയുടെ നാശവും മൂലം അവ വംശനാശത്തിന്റെ വക്കിലെത്തി. 2013-ലെ ഒരു പഠനമനുസരിച്ച് ഇന്ന് 100,000 കാട്ടാനകള്‍ മാത്രമാണ് ആഫ്രിക്കന്‍ മഴക്കാടുകളില്‍ അവശേഷിക്കുന്നത്.
2002 മുതല്‍ -2013 വരെയുള്ള കാലയളവില്‍ കുറഞ്ഞത് രണ്ട് ലക്ഷം ആനകളെങ്കിലും കൊല്ലപ്പെട്ടെന്നാണ് കണക്ക്. അതായത് ഒരു ദിവസം 60 കാട്ടാനകള്‍ വീതം. അല്ലെങ്കില്‍ ഓരോ 20 മിനിറ്റിലും ഒന്ന് വീതം രാത്രിയും പകലുമായി വേട്ടയാടപ്പെട്ടെന്ന് ഇതേപ്പറ്റി പഠനം നടത്തിയ ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അംഗം ഫിയോണ മൈസല്‍സ് തന്റെ പുസ്തകത്തില്‍ പറയുന്നു.
സ്‌കോട്ട്ലന്‍ഡിലെ സ്റ്റിര്‍ലിംഗ് സര്‍വകലാശാലയില്‍ നിന്നുള്ള എമ്മ ബുഷ് 2020-ല്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ അതിഭീകരമായ ചില സത്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. തുടര്‍ച്ചയായ വേട്ടയാടല്‍ ആഫ്രിക്കന്‍ കാട്ടാനകളുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്ന് എമ്മ ബുഷ് പറയുന്നു. പല കുട്ടിയാനകള്‍ക്കും അമ്മയുടെ സാന്നിധ്യമോ വാത്സല്യമോ ലഭിച്ചിട്ടില്ല. മാത്രവുമല്ല സാധാരണയായി അമ്മയാനകളില്‍ നിന്ന് കൈമാറിക്കിട്ടുന്ന പല വന്യജീവിത രീതികളും കുട്ടിയാനകള്‍ക്ക് കിട്ടുന്നില്ലെന്നും എമ്മ ചൂണ്ടിക്കാട്ടുന്നു. ആവാസ വ്യവസ്ഥയിലുണ്ടായ കുറവ് കാരണം മനുഷ്യ മേഖലകളിലേക്ക് തുടര്‍ച്ചയായി ആനകള്‍ക്ക് കടന്നു വരേണ്ടി വരുന്നു. ഇത് ആനകളും മനുഷ്യരും തമ്മിലുള്ള തുടര്‍ച്ചയായ സംഘര്‍ഷത്തിനും കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം ആഫ്രിക്കന്‍ കാടുകളില്‍ ഭക്ഷ്യലഭ്യത ഇല്ലാതാക്കുന്നതിനും കാരണമാകുന്നുണ്ട്.
ആഫ്രിക്കന്‍ കാട്ടാനകളുടെ കൂട്ടം അതിന്റെ പഴയ വലുപ്പത്തിലേക്ക് എത്തുകയും 2.2 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ പരിധി വീണ്ടെടുക്കുകയും ചെയ്താല്‍, ഒരു ഹെക്ടറിന് 13 മെട്രിക് ടണ്‍ എന്ന നിലയില്‍ കാര്‍ബണ്‍ ആഗിരണം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍.
ആമസോണ്‍ മഴക്കാടുകളുടെ നാലിലൊന്ന് ഭാഗവും ഇപ്പോള്‍ ആഗിരണം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്നുവെന്നാണ് ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസര്‍ച്ച് (INPE) നടത്തിയ ഗവേഷണം കാണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യു.എന്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനലിന്റെ നിര്‍ദേശം അനുസരിച്ച് കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനായി കൃത്രിമ മാര്‍ഗ്ഗങ്ങളേക്കാള്‍ ഏറെ പ്രകൃത്യാധിഷ്ഠിത പരിഹാരങ്ങളെയാണ് ആശ്രയിക്കേണ്ടതെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ പറയുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ പല വന്‍കിട കമ്പനികളും അവരുടെ സിഎസ്ആര്‍ ഫണ്ടുകളുടെ ഒരുഭാഗം ആഫ്രിക്കന്‍ ആനകളുടെ സംരക്ഷണത്തിനായി മാറ്റിവെക്കുന്നുണ്ട്. തദ്ദേശീയ ജനസമൂഹത്തെ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത് താനും.
അതായത് കാര്‍ബണ്‍ ബഹിര്‍ഗമനം ഉണ്ടാക്കുന്ന കമ്പനികള്‍ തന്നെ അത് ആഗിരണം ചെയ്യുന്നതിനുള്ള പ്രകൃത്യാധിഷ്ഠിത പരിഹാരം കാണുന്നു. ആ പരിഹാരം ആവട്ടെ തദ്ദേശീയ ജനതയെ ഉപയോഗിച്ചുള്ളതും. അവരിലേക്ക് പണമെത്തുന്നുണ്ട്. അതുപയോഗിച്ച് ആ ജനസമൂഹം ജീവിതം കരുപ്പിടിപ്പിക്കുന്നുണ്ട്. ആ ജനങ്ങള്‍ അങ്ങനെ ആഫ്രിക്കന്‍ കാട്ടാനകളുടെ സംരക്ഷകരായി തീരുന്നു. കാട്ടാനകളുണ്ടെങ്കിലേ നിലനില്‍പ്പുള്ളുവെന്ന് ആ ജനസമൂഹം ഇപ്പോള്‍ മനസ്സിലാക്കിയിരിക്കുന്നു. പരസ്പരാശ്രയത്വത്തിലുറച്ചുള്ള ഒരു ജീവിതക്രമം അങ്ങനെ രൂപപ്പെട്ട് വരികയും ചെയ്യുന്നു.