പ്രിയപ്പെട്ട കൊറോണാ, നീയൊന്ന് പോവാമോ?

By corona days  |  First Published May 6, 2021, 6:55 PM IST

കൊറോണക്കാലം. കൊറോണയ്ക്ക് ഒരു പ്രണയലേഖനം. ജസീന റഹിം എഴുതുന്നു


കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രിതെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം

 

Latest Videos

undefined

 

പ്രിയപ്പെട്ട കൊറോണാ,

അങ്ങനെ വിളിക്കാമോ എന്നറിയില്ല. ലോകമാകെ മനുഷ്യര്‍ പിടഞ്ഞു മരിക്കുകയാണ്. ശ്വാസം കിട്ടാതെ ഉലഞ്ഞുപോവുന്ന ജീവനുകളുടെ ചിത്രങ്ങളാണെങ്ങും. എങ്കിലും, ഉടലാകെ വയ്യായ്കയുടെ വിത്തുകള്‍ വിതച്ച നിന്നെ സ്‌നേഹം കൊണ്ടെങ്കിലും ഒന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണിത്. മരിക്കാതെ ബാക്കിയാവുന്ന സഹജീവികള്‍ക്കു വേണ്ടിയുള്ള ഒരഭ്യര്‍ത്ഥന. പ്രണയത്തിലെങ്കിലും നീ വീഴുമെങ്കില്‍, രോഗത്തിന്റെ ചിറകുകളുമായി എ്‌ങ്ങോട്ടെങ്കിലും അകന്നുപോവുമെങ്കില്‍, ഈ കുറിപ്പ് നീ വായിക്കാതിരിക്കരുത്.  

അറിയാമോ, നിന്റെ ഗന്ധര്‍വ്വ സാമീപ്യം അറിഞ്ഞിട്ട് ഇന്നേക്ക് പത്ത് നാളുകള്‍. രാത്രിയുടെ ഏഴാം യാമത്തില്‍ കുളിരായി നീ വന്ന് തൊട്ട ആദ്യ നേരം മുതല്‍ ഇന്ന് വരെ അറിഞ്ഞ നീ വല്ലാത്ത പൊസ്സസീവാണ്. അത് കൊണ്ടാണല്ലോ നിന്റെ വഴുവഴുപ്പത്രയും ശരീരത്തിലെ ഒരോ രോമകൂപങ്ങളിലും നിറച്ച്, ഒരിഞ്ച് പോലും മറ്റാര്‍ക്കും വിട്ട് കൊടുക്കില്ലെന്ന മട്ടില്‍ സദാസമയവും  അത്രക്കും ഗാഢമായി മനുഷ്യരെ നീ നിന്നിലേക്ക് വലിച്ചടുപ്പിച്ച് കൊണ്ടിരിക്കുന്നത്. 

ചിലപ്പോഴൊക്കെ തോന്നും, നിന്റെ ഉച്ഛ്വാസങ്ങളെ തൊട്ട് എനിക്കൊരു കവിതയെഴുതണമെന്ന്. അന്നേരങ്ങളില്‍ നീ ഒരു വീരപുരുഷനാവും.  വാക്കുകളേയും ചിന്തകളേയും അപ്പാടെ നിന്റെ കൈപ്പിടിയിലൊതുക്കി നിന്റെ പ്രേമം അപ്പോള്‍ നീ കൂടുതല്‍ അനുഭവിപ്പിക്കും. ആ സമയത്ത് വേദനാമേഘങ്ങള്‍ക്കിടയിലൂടെ ഒരപ്പൂപ്പന്‍ താടി പോലെ ഞാന്‍ പറന്ന് നടക്കും. പ്രണയാതുരനായി നീ പ്രാണനില്‍ നിറച്ച ഒടുങ്ങാത്ത ചുമ തുളുമ്പും. കാലത്തിന്റെ തന്നെ നെറുകയിലൊരു ചോദ്യചിഹ്നമായി നീ അവശേഷിപ്പിക്കുന്ന വേദന കണ്ടില്ലെന്ന മട്ടിലുള്ള നിന്റെ 'അയ്യോ പാവം' നില്‍പ്പ് കാണുമ്പോള്‍ സാനിറ്റൈസര്‍ കുമിളകള്‍ തൊട്ട് നിന്നെ ഞാന്‍ പ്രകോപിപ്പിക്കു.

നീ ഒരിക്കല്‍ എന്നോട് പറഞ്ഞു മാസ്‌കിടുന്നവരെ കാണുന്നത് നിനക്ക് കട്ടക്കലിപ്പാണന്ന്. കാരണം, അമര്‍ത്തിച്ചുംബനങ്ങളുടെ രാജകുമാരനാണല്ലോ നീ. അര്‍പ്പിത മനോഭാവത്തോടെ നേരിയ ഓരോ പഴുതും നീ അച്ചടക്കത്തോടെ കൈയ്യടക്കുന്നത് കണ്ട് അന്തം വിട്ട് നില്‍ക്കുമ്പോള്‍ 'അതും  ഈ കൊറോണാമാരന്റെ കഴിവെന്ന്' നീ നെഞ്ചില്‍ തട്ടി പറയുന്നത് എന്നോട് മാത്രമല്ല ഈ ലോകത്തോട് മുഴുവനായിട്ടാണല്ലോ. അടക്കത്തിലൊതുക്കത്തില്‍ നീയും ഞാനും മാത്രമായി മുറിയടച്ചിട്ടിരുന്ന് നാല് നാളുകള്‍ കഴിഞ്ഞപ്പോഴേക്കും നിനക്ക് ബോറടിച്ച് തുടങ്ങി. 

കാട്ടിക്കൂട്ടിയ കുസൃതിയില്‍ തളര്‍ന്ന് വീണ് പോയ എന്നെ ആംബുലന്‍സിന്റെ നിലവിളി ശബ്ദങ്ങള്‍ക്കിടയിലൂടെ നീ ആനയിച്ച വഴിയെത്ര ദുര്‍ഘടമായിരുന്നു. നിനക്കൊട്ടും മതിയായിട്ടില്ലെന്ന പിറുപിറുപ്പ് ആ യാത്രയിലുടനീളം കേട്ട് കേട്ട് ഞാന്‍ മടുത്തു. നിന്റെ പ്രലോഭനങ്ങളില്‍ പ്പെടാതെ സൂക്ഷിച്ചും കണ്ടും മുന്നോട്ട് പോയിട്ടും ഒരു നിമിഷം എന്നില്‍ സംഭവിച്ച ഒരു പിഴവിനെ എത്ര വിദഗ്ധമായിട്ടാണ് നിന്റെ മാര്‍ജിനിലാക്കിയത്. പേച്ചാലിളകി പനി തുള്ളുന്ന രാത്രികളില്‍ നിസ്സഹായതയോടെ നിലവിളിക്കുമ്പോള്‍ മുള്ളാണി പോലുള്ള നിന്റെ പല്ലുകള്‍ കാട്ടി ഫ്യൂഷന്‍ ഡാന്‍സ് ചെയ്യുന്നതിനിടെ നീ ഇടക്കിടെ ഒരു മയവുമില്ലാത്ത ചേകവരായാതിന്റെ പൊരുള്‍ സത്യമായിട്ടും എനിക്ക് മനസ്സിലായിട്ടില്ല.

കൊറോണാ കുട്ടാ,
ഒരു പക്ഷേ നമ്മുടെ സമാഗമത്തിന്റെ അവസാന യാമങ്ങളില്‍ നീ എന്റെ കാതുകളില്‍ മൊഴിഞ്ഞിരുന്നല്ലോ 'ഞാന്‍ കൊറോണാഗന്ധര്‍വ്വന്‍, പല രൂപത്തില്‍ പല ഭാവത്തില്‍, എവിടെയും എപ്പോഴും,  തൂണിലും തുരുമ്പിലും... നിനക്കെന്നെല്ല, ലോകത്തിലെ സമസ്ത മനുഷ്യക്കുഞ്ഞുങ്ങള്‍ക്കും  മുന്നില്‍ ഞാന്‍ അദ്യശ്യനെന്ന്. അപ്പോള്‍ നിന്റെ വേഷപ്പകര്‍ച്ചകളെ ഇനിയും ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാ മണങ്ങളേയും കവര്‍ന്നെടുത്ത് ഏകാധിപതിയായി എന്നില്‍ നീ വാഴുന്നതറിഞ്ഞ് എണ്ണിയെണ്ണി കഴിഞ്ഞ നാളുകളൊന്നില്‍ തിരിച്ച് കിട്ടിയ ലക്‌സ് സോപ്പിന്റെ 'ഗുംഗും' മണം നീ എന്നെ വിട്ട് പോകുന്നതിന് നല്‍കിയ ആദ്യ സൂചനയാണന്നറിയുന്നു.

മോനേ കൊറോണാ,
നിന്നെ എന്നില്‍ നിന്നും പൂര്‍ണ്ണമായി വേര്‍പിരിക്കാന്‍ വേപ്പറൈസര്‍ മന്ത്രക്കളം സാക്ഷിയാക്കി, 'ഗോ കൊറോണാ' മന്ത്രം ചൊല്ലി ശ്വാസകോശത്തിലേക്ക് എനിക്ക് വേണ്ടപ്പെട്ടവര്‍ ആവാഹിച്ച് കടത്തിവിട്ട പുകച്ചുരുളുകള്‍ക്കിടയിലൂടെ നീ രാക്ഷസ രൂപം വെടിഞ്ഞ് ത്രാണിയില്ലാത്ത പ്രാണിയായി തേങ്ങിക്കരയുന്നത് കാണാന്‍ രസമുണ്ടെങ്കിലും, ഒരിക്കല്‍ എന്റെ കാമുകനായിരുന്ന നിന്നോട് അല്‍പം  കടപ്പാട് എന്നിലിന്നും അവശേഷിക്കുന്നു. കാരണം നമ്മുടെ പ്രണയ നാളുകള്‍ ഒന്നുകൂടി ലോകത്തെ വിശാലമാക്കി കാണാന്‍ എന്നെ പ്രാപ്തയാക്കി. നിന്നെ സോപ്പിട്ട് നിര്‍ത്താനുള്ള എന്റെ ഓസ്‌കാര്‍ അഭിനയമായിരുന്നു ഇന്നാളുകളില്‍ നിന്നോട് ഞാന്‍ കാട്ടിയ അമിതമായ പ്രണയമെങ്കിലും, ഇന്ന് ഉള്ളിലെവിടെയോ എന്തിനെന്നറിയാത്ത ഒരു നോവറിയുന്നു. നിനക്ക് അനേകം കാമുകിമാരുണ്ടായിട്ടും നീ ഒരു ഇടംകൈയ്യനാണന്ന് എന്നോട് മാത്രം പറഞ്ഞ ഗാന്ധര്‍വ്വ രഹസ്യം നമ്മുടെ പ്രണയ കോഡായി ഞാന്‍ എക്കാലവും ഹ്യദയത്തില്‍ കാത്ത് സൂക്ഷിക്കുന്നു. 

വുഹാനിലെ മാര്‍ക്കറ്റില്‍ നിന്ന് ആദ്യ മനുഷ്യ മണം പിടിക്കാനായി ആക്രാന്തം പൂണ്ട് ചാടിയപ്പോള്‍ കഷ്ടകാലത്തിന് ആരോ ചാങ്ങ് ചിങ്ങെന്ന് തുമ്മിയെന്നും, ആ ഒരു നിമിഷം ചാട്ടം പിഴച്ച് മാര്‍ബിള്‍ തറയില്‍ വലം കൈ കുത്തി വീണെന്നും അതോടെ നഷ്ടമായ വലത് കൈ ശേഷി തിരിച്ച് പിടിക്കാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനോട് കൂടിയാലോചിക്കാന്‍ പോയി പരാജയപ്പെട്ട് വന്ന കാര്യമൊക്കെ ചേര്‍ത്ത് ഭാവിയില്‍ ഞാന്‍ ഒരു നോവലെഴുതാനുള്ള സാധ്യതയേറെയാണ്. 

എന്തായാലും എന്റെ കോറോണാ ബോയ്, ഒരു വേര്‍പിരിയല്‍ നമുക്ക് അനിവാര്യമാണ്...നമ്മളൊന്നിച്ചുള്ള ഈ അവസാന നിമിഷങ്ങളില്‍ നിനക്ക് വേണ്ടി ഞാനൊരു പാട്ട് പാടിക്കോട്ടെ പ്ലീസ്...

കൊവിഷീല്‍ഡു കൊണ്ട് ഞാന്‍,
കൊട്ടാരം പണിയും 
രാജകുമാരാ നീ കരയരുതേ ...


ബൈ ദ ബൈ, എഴുതിയിട്ടും പറഞ്ഞിട്ടും ആവേശം  തീരുന്നില്ല, ഇനി കുറച്ച് ചൂടുവെള്ളം കുടിച്ചിട്ടൊന്ന് റിലാക്‌സ് ചെയ്യട്ടെ.

എന്ന്
സ്വന്തം
ഞാന്‍

 

കൊറോണക്കാലത്തെ കുറിപ്പുകള്‍ മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

click me!