നാഗമ്മാൾ മരിച്ചതോടെ കുടുംബം അവരുടെ ആഗ്രഹം നിറവേറ്റി. അതിനായി വീട്ടിലെ കുട്ടികളുടെയും ഗ്രാമത്തിലെ കുട്ടികളുടെയും ഒക്കെ ഡാൻസും പാട്ടും ഒക്കെയായി അവർ നാഗമ്മാളിന്റെ മരണം ആഘോഷിച്ചു.
തമിഴ്നാട്ടിൽ നിന്നുള്ള നാഗമ്മാൾ എന്ന 96 -കാരിയുടെ മരണത്തെ തുടർന്ന് കുടുംബം ഒരു വൻ ആഘോഷപരിപാടി സംഘടിപ്പിച്ചു. മരണത്തിനെന്ത് ആഘോഷം എന്നാണോ? നാഗമ്മാളിന്റെ അവസാനത്തെ ആഗ്രഹമായിരുന്നത്രെ അത്. ഉസിലംപട്ടിയിൽ നിന്നുള്ള നാഗമ്മാൾ, ക്ഷേത്ര പൂജാരിയായിരുന്ന പരമതദേവരുടെ ഭാര്യയായിരുന്നു.
വാർധക്യസംബന്ധിയായ അസുഖത്തെ തുടർന്നാണ് അവർ മരിച്ചത്. തന്റെ മരണം സങ്കടങ്ങളും കരച്ചിലുമായി ആചരിക്കാതെ പാട്ടും ഡാൻസുമായി ആഘോഷിക്കണം എന്ന് നാഗമ്മാൾ തന്നെയാണ് പറഞ്ഞത്. രണ്ട് ആൺമക്കളും നാല് പെൺമക്കളും 78 കൊച്ചുമക്കളും അവരുടെ മക്കളും ഒക്കെയുള്ള വലിയ കുടുംബമായിരുന്നു നാഗമ്മാളിന്റേത്. താൻ മരിക്കാറായി എന്ന് തോന്നിയപ്പോൾ അവർ തന്റെ കുടുംബത്തോട് പറഞ്ഞത് കുടുംബക്കാരൊക്കെ പാട്ടുപാടിയും നൃത്തം ചെയ്തും ഒക്കെ വേണം തന്റെ മരണം ആഘോഷിക്കാൻ എന്നാണത്രെ.
undefined
അങ്ങനെ നാഗമ്മാൾ മരിച്ചതോടെ കുടുംബം അവരുടെ ആഗ്രഹം നിറവേറ്റി. അതിനായി വീട്ടിലെ കുട്ടികളുടെയും ഗ്രാമത്തിലെ കുട്ടികളുടെയും ഒക്കെ ഡാൻസും പാട്ടും ഒക്കെയായി അവർ നാഗമ്മാളിന്റെ മരണം ആഘോഷിച്ചു. സ്ത്രീകൾ ഇവിടുത്തെ ജനപ്രിയ നാടോടി നൃത്തമായ കുമ്മിയും അവതരിപ്പിച്ചു. കുടുംബത്തിലെ ഇളയ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
ശവസംസ്കാരചടങ്ങുകളായി ആരംഭിച്ച പരിപാടി അധികം വൈകാതെ ഗ്രാമത്തിലെ ഒരു ഉത്സവം പോലെ തന്നെയായി മാറി. എങ്ങനെയാണോ അവസാനം കുടുംബാംഗങ്ങൾ തന്നെ യാത്രയാക്കാൻ നാഗമ്മാൾ ആഗ്രഹിച്ചത് അതുപോലെ തന്നെയാണ് അവരെ യാത്രയാക്കിയത്.
ഗ്രാമത്തിലുള്ള പലരും നാഗമ്മാളിന്റെ കുടുംബത്തെ അഭിനന്ദിച്ചു. സാധാരണയായി കരഞ്ഞുകൊണ്ട് തീരേണ്ടുന്ന ഒരു ചടങ്ങ് നാഗമ്മാളിന്റെ മനോഹരമായ ജീവിതത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, അവരുടെ ആഗ്രഹം പോലെ തന്നെ ആഘോഷമായി കുടുംബം നടത്തി.