ന്യൂയോർക്ക് സിറ്റിയിൽ ആകെ താമസമുള്ളവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ജപ്പാനിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം.
ടോക്യോ: ജപ്പാനിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം 90 ലക്ഷമായി ഉയർന്നെന്ന് റിപ്പോർട്ട്. രാജ്യത്തെ ആഭ്യന്തര മന്ത്രാലയം ക്രോഡീകരിച്ച കണക്കുകൾ പ്രകാരം നിലവിലുള്ള വീടുകളിൽ 14 ശതമാനമാണ് ആരും താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. ജപ്പാനിലെ ജനന നിരക്ക് കുറയുന്നതാണ് കാരണം.
ആരും താമസിക്കാനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വീടുകള്‍ 'അകിയ' എന്നാണ് അറിയപ്പെടുന്നത്. നേരത്തെ ജപ്പാന്‍റെ ഗ്രാമപ്രദേശങ്ങളിലായിരുന്നു ഇത്തരം വീടുകള്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ടോക്യോ, ക്യോട്ടോ തുടങ്ങിയ വലിയ ജാപ്പനീസ് നഗരങ്ങളിലും ഇത്തരം വീടുകളുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ന്യൂയോർക്ക് സിറ്റിയിൽ ആകെ താമസമുള്ളവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ജപ്പാനിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം.
ജപ്പാനിലെ ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്‍റെ സൂചനയാണിതെന്ന് ചിബയിലെ കാൻഡ യൂണിവേഴ്‌സിറ്റി ഓഫ് ഇന്‍റർനാഷണൽ സ്റ്റഡീസിലെ അധ്യാപകൻ ജെഫ്രി ഹാൾ അഭിപ്രായപ്പെട്ടു. പുതുതായി വളരെയധികം വീടുകൾ നിർമിക്കുന്നതു കൊണ്ടുള്ള പ്രശ്നമല്ലിത്. താമസിക്കാൻ ആളില്ലാത്തതു കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.
ജപ്പാനിൽ പ്രായമാകുന്നവരുടെ എണ്ണം കൂടുകയാണ്. അതേസമയം ജനന നിരക്കാകട്ടെ ഗണ്യമായി കുറയുന്നു. അനന്തരാവകാശികൾ ഇല്ലാതെ, താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ് അകിയകൾ. നഗരങ്ങളിലേക്ക് മാറിത്താമസിച്ച യുവതലമുറയിൽ ഒരുവിഭാഗമാകട്ടെ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുമില്ല. പൊതുഗതാഗതം, ആശുപത്രി സംവിധാനം തുടങ്ങിയവയുടെ അഭാവവും ഗ്രാമങ്ങളിലെ വീടുകളിൽ നിന്ന് യുവതലമുറയെ അകറ്റുന്നു. അത്തരം ഉപേക്ഷിക്കപ്പെട്ട വീടുകൾ വിൽക്കാൻ ഉടമകൾ ആഗ്രഹിക്കുന്നുവെങ്കിൽപ്പോലും, വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്.
ഈ വീടുകള്‍ വാങ്ങാൻ വിദേശികള്‍ ആഗ്രഹിച്ചിട്ട് കാര്യമില്ലെന്ന് ജെഫ്രി ഹാൾ പറഞ്ഞു. കുറേ നിയമക്കുരുക്കുകള്‍ ഉണ്ട്. ജാപ്പനീസ് സംസാരിക്കാൻ അറിയാത്ത, ജാപ്പനീസ് വായിക്കാൻ അറിയാത്ത ആളുകള്‍ക്ക് വീടുവാങ്ങൽ പ്രക്രിയ പൂർത്തിയാക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും. ഒഴിഞ്ഞു കിടക്കുക ആണെങ്കിലും കുറഞ്ഞ വിലയ്ക്ക് വീടുകള്‍ ലഭിക്കാനും പോകുന്നില്ലെന്ന് ജെഫ്രി ഹാൾ പറഞ്ഞു.
2023ലെ കണക്ക് പ്രകാരം ജപ്പാനിൽ ജനന നിരക്ക് തുടർച്ചയായ എട്ടാം വർഷവും കുറഞ്ഞു തന്നെ തുടരുന്നു. 1.3 ആണ് നിലവിലെ ജനന നിരക്ക്. സുസ്ഥിര ജനസംഖ്യയ്ക്ക് ജനന നിരക്ക് 2.1 ആയി ഉയരേണ്ടതുണ്ട്. 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം തുടർച്ചയായി 43-ാം വർഷമായി കുറഞ്ഞുതന്നെ തുടരുന്നു. ഏപ്രിൽ 1 ലെ കണക്കനുസരിച്ച് ഏകദേശം 14 ദശലക്ഷമാണ് 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം.
ഭവാനി സാഗര്‍ ഡാമും വറ്റി; ഉയര്‍ന്നുവന്നത് 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം