സാംബിയയിലെത്തിയ കൊച്ചുമകൾ മുത്തശ്ശിയെ തന്റെ വാർഡ്രോബിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ വച്ച് ഒരുക്കിയതോടെയാണ് ഇതിന്റെയെല്ലാം തുടക്കം.
പ്രായം വെറും നമ്പറാണ്, അത് ഒന്നിനും ഒരു തടസമല്ല എന്നെല്ലാം പലരും പറയാറുണ്ട്. എന്നാൽ, അത് ജീവിതം കൊണ്ട് തെളിയിച്ചിരിക്കയാണ് സാംബിയയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള 85 വയസ്സുള്ള ഈ സ്ത്രീ. ഒരു ഫാഷൻ ഐക്കൺ തന്നെയായി മാറിയിരിക്കുകയാണ് അവർ. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട് ഈ മുത്തശ്ശിക്ക്.
'ലെജൻഡറി ഗ്ലാമ്മ' എന്ന തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മാർഗരറ്റ് ചോളയ്ക്ക് 105,000 ഫോളോവേഴ്സുണ്ട്. അവരുടെ ഡ്രസും സൺഗ്ലാസുകളും ആഭരണങ്ങളും ഒക്കെത്തന്നെയും ഫാഷനിൽ ആരേയും ഞെട്ടിക്കുന്നവയാണ്. ന്യൂയോർക്ക് സിറ്റിയിൽ നിന്ന് സാംബിയയിലേക്ക് മുത്തശ്ശിയെ സന്ദര്‍ശിക്കാനെത്തിയ ഫാഷൻപ്രേമി കൂടിയായ ചെറുമകൾ ഡയാന കൂംബയാണ് ഈ ക്രിയേറ്റീവ് ആശയത്തിന് തുടക്കമിട്ടത്. അങ്ങനെയാണ് അവർ ഫാഷൻ വസ്ത്രങ്ങളും ലുക്കും ഒക്കെയായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.
സാംബിയയിലെത്തിയ കൊച്ചുമകൾ മുത്തശ്ശിയെ തന്റെ വാർഡ്രോബിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ വച്ച് ഒരുക്കിയതോടെയാണ് ഇതിന്റെയെല്ലാം തുടക്കം. ഏപ്രിൽ മാസത്തിൽ ഈ ഫാഷൻ സീരീസ് ചിത്രങ്ങൾ അവൾ തന്റെ അക്കൗണ്ടിൽ പങ്കുവച്ചു തുടങ്ങി. ഇപ്പോൾ നിരന്തരം മുത്തശ്ശിയുടെ ഫാഷൻ ചിത്രങ്ങൾ അവൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നു.
സ്റ്റൈലിസ്റ്റായി വർക്ക് ചെയ്യുന്ന ഡയാനയുടെ മേൽനോട്ടത്തിൽ മുത്തശ്ശി ഇപ്പോൾ തിളങ്ങുകയാണ്. താൻ ഇപ്പോൾ പുതിയൊരു ജീവിതമാണ് ജീവിക്കുന്നത് എന്നാണ് മാർഗരറ്റ് പറയുന്നത്. ഈ വസ്ത്രങ്ങളും ലുക്കുമെല്ലാം തനിക്ക് വലിയ ആത്മവിശ്വാസം നൽകുന്നു. വേണമെങ്കിൽ ഈ ലോകം തന്നെ കീഴടക്കാൻ തനിക്ക് സാധിക്കുമെന്ന തോന്നലാണ് അതുണ്ടാക്കുന്നത് എന്നും മാർഗരറ്റ് പറയുന്നു.
പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് തന്റെ ചിത്രങ്ങളിലൂടെ മാർഗരറ്റ്.