ഒരു സാൻഡ്‍വിച്ചിന് 84,000 രൂപ, പിന്നാലെ അക്കൗണ്ട് ബാലൻസ് നെ​ഗറ്റീവ്, ഷോക്കിൽ യുവതി

By Web TeamFirst Published Feb 29, 2024, 12:56 PM IST
Highlights

തന്റെ അക്കൗണ്ട് നെ​ഗറ്റീവ് ബാലൻസായി. തനിക്ക് ആവശ്യമുള്ള ​​ഗ്രോസറി സാധനങ്ങൾ പോലും വാങ്ങാനുള്ള പൈസ ഇല്ലായിരുന്നു എന്ന് ലെറ്റീഷ്യ പറയുന്നു.

ഒരു സാൻഡ്‍വിച്ച് വാങ്ങിയതിന് പിന്നാലെ അക്കൗണ്ട് കാലിയായതിന്റെ ഞെട്ടലിൽ ഇരിക്കുകയാണ് ഒഹിയോയിൽ നിന്നുള്ള ലെറ്റീഷ്യ ബിഷപ്പ് എന്ന യുവതി. ഒരു സാൻഡ്‍വിച്ചിന് അവളോട് സബ്‍വേയിൽ നിന്നും ഈടാക്കിയത് ഏകദേശം 84,000 രൂപയാണത്രെ. 

കൊളംബസിലെ തോൺടൺ ഗ്യാസ് സ്റ്റേഷനിലുള്ള സബ്‍വേയിൽ നിന്നാണ് ലെറ്റീഷ്യയോട് ഒരു സാൻഡ്‍വിച്ചിന് ഇത്രയധികം രൂപ ഈടാക്കിയത്. മൂന്ന് സാൻഡ്‍വിച്ചുകളാണ് ലെറ്റീഷ്യ ഇവിടെ നിന്നും വാങ്ങിയത്. സാധാരണയായി ഇന്ത്യൻ രൂപ 600 നും 1000 -ത്തിനും ഇടയിലാണ് ഈ സാൻഡ്‍വിച്ചുകൾക്ക് വില വരുന്നത്. അതേസമയത്താണ് ലെറ്റീഷ്യയ്ക്ക് ഒരു സാൻഡ്‍വിച്ചിന് 80,000 -ത്തിലധികം രൂപ നൽകേണ്ടി വന്നിരിക്കുന്നത്. ഇത് അവരെ ആകെ ഞെട്ടിച്ചു കളഞ്ഞിരിക്കയാണ്. 

Latest Videos

പൈസയടച്ച് സബ്‍വേയിൽ‌ നിന്നും ഇറങ്ങിയ ശേഷമാണ് അവൾക്ക് തന്റെ അക്കൗണ്ടിൽ നിന്നും ഇത്രയധികം രൂപ പോയതായി മനസിലാക്കാൻ സാധിച്ചത്. പിന്നാലെ അവൾ സബ്‍വേയിലെത്തി കാര്യം അന്വേഷിച്ചു. തങ്ങളുടെ കോർപറേറ്റ് ഓഫീസുമായി ബന്ധപ്പെടാനായിരുന്നു അവിടെ നിന്നും കിട്ടിയ മറുപടി. എന്നാൽ, ആരേയും വിളിക്കാനോ സംസാരിക്കാനോ ഒന്നുമുള്ള നമ്പറും ലഭ്യമല്ലായിരുന്നു. തന്റെ ബാങ്കുമായും അവൾ ബന്ധപ്പെട്ടു. എന്നാൽ, അവിടെ നിന്നും സഹായം ഒന്നും കിട്ടിയില്ല. 

തന്റെ അക്കൗണ്ട് നെ​ഗറ്റീവ് ബാലൻസായി. തനിക്ക് ആവശ്യമുള്ള ​​ഗ്രോസറി സാധനങ്ങൾ പോലും വാങ്ങാനുള്ള പൈസ ഇല്ലായിരുന്നു എന്ന് ലെറ്റീഷ്യ പറയുന്നു. വീണ്ടും അവൾ ആ ഔട്ട്ലെറ്റിൽ എത്തിയെങ്കിലും അത് അടച്ചിട്ടിരിക്കുകയായിരുന്നു. കണക്ടിക്കട്ടിലെ ബെറ്റർ ബിസിനസ് ബ്യൂറോയിൽ പിന്നാലെ അവൾ ഒരു പരാതി നൽകി. എന്തായാലും ഇപ്പോഴും ലെറ്റീഷ്യയ്ക്ക് പണം കയ്യിൽ കിട്ടിയിട്ടില്ല എന്നും അവളുടെ പ്രശ്നം മുഴുവനായും പരിഹരിച്ചിട്ടില്ല എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. 

വായിക്കാം: അമ്പട വമ്പാ; ഉ​ഗ്രവിഷമുള്ള പാമ്പിനെപ്പോലും ഭക്ഷണമാക്കുന്ന കുഞ്ഞൻചിലന്തികൾ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!