23 -കാരിയെ വൃദ്ധസദനത്തിൽ വെച്ച് പ്രണയിച്ച് വിവാഹം കഴിച്ച് 80 -കാരൻ; ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി ഒരു പ്രണയം

By Web Team  |  First Published Jun 15, 2024, 12:56 PM IST


അടുത്തിടെ നടന്ന ലളിതമായ ചടങ്ങില്‍ വച്ച് ഇരുവരും വിവാഹിതരായി. വിവാഹത്തില്‍ ഇരുവരുടെയും ബന്ധുക്കളെ കുടുംബാംഗങ്ങളോ പങ്കെടുത്തിരുന്നില്ല.



വൃദ്ധസദനത്തിൽ വച്ച് പരിചയപ്പെട്ട 23 -കാരിയായ യുവതിയെ 80 -കാരൻ വിവാഹം കഴിച്ചു. ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ നിന്നാണ് ഈ അപൂർവ പ്രണയകഥ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൃദ്ധസദനത്തിലെ ജീവനക്കാരിയായിരുന്ന സിയാവോഫാങ് എന്ന പെൺകുട്ടിയും അവിടുത്തെ അന്തേവാസിയായിരുന്ന ലീയും തമ്മിലാണ് വിവാഹിതരായത്. ദീർഘകാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് സിയാവോഫാങ്, ലിയെ വിവാഹം കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്തിടെ നടന്ന ലളിതമായ ചടങ്ങില്‍ വച്ച് ഇരുവരും വിവാഹിതരായി. വിവാഹത്തില്‍ ഇരുവരുടെയും ബന്ധുക്കളെ കുടുംബാംഗങ്ങളോ പങ്കെടുത്തിരുന്നില്ല. എന്നാല്‍, 'ലീയുടെ പ്രായം അദ്ദേഹത്തെ വിവാഹം കഴിക്കാതിരിക്കാനുള്ള ഒരു കുറവായി താൻ കാണുന്നില്ലെ'ന്നാണ് സിയാവോഫാങ് പറഞ്ഞത്. അവളുടെ പക്വത, സ്നേഹം, ജ്ഞാനം എന്നിവയാണ് തന്നെ ആകർഷിച്ചത് എന്നും ലീയും കൂട്ടിച്ചേര്‍ക്കുന്നു. വളരെ ചെറിയ പ്രായമാണെങ്കിൽ കൂടിയും സിയാവോഫാങിന്‍റെ മറ്റുള്ളവരോടുള്ള സഹാനുഭൂതിയും കരുണയും പ്രസരിപ്പുമാണ് അവളെ തന്‍റെ ജീവിതപങ്കാളിയാക്കാൻ താൻ തീരുമാനിച്ചതിന് പിന്നിലെ കാരണമെന്ന് ലീയും പറഞ്ഞു.

Latest Videos

സൗദി അറേബ്യന്‍ സ്വദേശി, എങ്കിലും കേരളത്തിന്‍റെ സ്വന്തം മരുമകന്‍ ഈ സുല്‍ത്താന്‍

വൃദ്ധസദനത്തിലെ ഏതാനും അന്തേവാസികൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.  വിവാഹശേഷമുള്ള ഇരുവരുടെയും ചിത്രങ്ങൾ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ വളരെവേഗം വൈറലായി. വൃദ്ധനായ ഒരാളെ ജീവിത പങ്കാളിയാക്കിയ പെൺകുട്ടിയുടെ പ്രവൃത്തിയെ വിഡ്ഢിത്തമെന്നാണ് ചൈനീസ് സമൂഹ മാധ്യമത്തിലെ ചില ഉപയോക്താക്കള്‍ വിമര്‍ശിച്ചത്. എന്നാൽ പ്രണയത്തിന് പ്രായമില്ലെന്നും എല്ലാ എതിർപ്പുകളെയും അവഗണിച്ച് തന്‍റെ പ്രണയത്തിനൊപ്പം നിന്ന പെൺകുട്ടിയുടെ ധൈര്യത്തെ അഭിനന്ദിച്ചേ മതിയാകൂ എന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്.  സ്വന്തമായി സമ്പാദ്യം ഒന്നുമില്ലാത്ത ലീ തന്‍റെ പെൻഷൻ പണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. സിയാവോഫാങ്ങിന്‍റെ ഏക വരുമാന മാർഗം വൃദ്ധസദനത്തിലെ ജോലിയാണ്. എന്നാൽ, ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കകൾ ഒന്നുമില്ലെന്നും ലീ തന്നോടൊപ്പം ഉണ്ടെങ്കിൽ എന്തും സാധിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും സിയാവോഫാങ് പറയുന്നു.

സ്വകാര്യ സര്‍വകലാശാല കാമ്പസില്‍ വച്ച് യുവതിയുടെ മുഖത്ത് ആഞ്ഞടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍
 

click me!