ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഇരുവരും തളര്‍ന്നു. ശരീരത്തില്‍ മരവിപ്പ് പടരുന്നതായി തോന്നിയ മാഗ്നോ ആശുപത്രിയിലേക്ക് സ്വയം കാറോടിച്ച് പോയെങ്കിലും തളര്‍ന്നു വീണു.
ഭൂമിയില്‍ ലഭ്യമായവയെല്ലാം ഭക്ഷ്യയോഗ്യമല്ലെന്ന് നമ്മുക്കറിയാം. ചിലത് ഭക്ഷ്യയോഗ്യമാണെന്ന് തോന്നുമെങ്കിലും അവയിലെ വിഷാംശം മനുഷ്യശരീരത്തിന് ഹനീകരമാണ്. നമ്മളില്‍ പലരും മത്സ്യം കഴിക്കുന്നവരാണ്. എന്നാല്‍, എല്ലാ മത്സ്യവും ഭക്ഷ്യയോഗ്യമല്ല. അത്തരത്തില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഒരു മത്സ്യമാണ് പഫര്‍ഫിഷ് (Pufferfish).ബ്രസീലിലെ മാഗ്നോ സെര്‍ജിയോ ഗോമസ് എന്ന 46 കാരനാന്‍ പഫര്‍ഫിഷിനെ കറിച്ച് വച്ച് കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും പിന്നാലെ മരിക്കുകയുമായിരുന്നു. ബ്രസീലിലെ സ്പാരിറ്റോ സാന്‍റയിലെ അരക്രൂസിലാണ് ഈ ദാരുണ സംഭവമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. സഹോദരൻ ഒരിക്കല്‍ പോലും ഒരു പഫർഫിഷിനെ വൃത്തിയാക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് മാഗ്നോ സെര്‍ജിയോ ഗോമസിന്‍റെ സഹോദരി മൈരിയൻ ഗോമസ് ലോപ്പസ് പറഞ്ഞു.
അതേസമയം വിഷാംശമുള്ള പഫര്‍ഫിഷിനെ മാഗ്നോയ്ക്ക് സമ്മാനിച്ചത് പേര് വെളിപ്പെടുത്താത്ത ഒരു സുഹൃത്താണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. പഫര്‍ഫിഷിനെ മാഗ്നോയും സുഹൃത്തും ചേര്‍ന്നാണ് കഴുകി മുറിച്ചത്. തുടര്‍ന്ന് അതിന്‍റെ കരളും കുടലും നീക്കം ചെയ്ത് നാരങ്ങ നീരില്‍ വറുത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും മത്സ്യത്തെ ഭക്ഷിച്ചു. പിന്നാലെ ഒരു മണിക്കൂറിനുള്ളില്‍ ഇരുവരും അസ്വസ്ഥത പ്രകടിപ്പിച്ചു. ഈ സമയം മാഗ്നോയ്ക്ക് വായിൽ മരവിപ്പ് അനുഭവപ്പെടാൻ തുടങ്ങിയെന്ന് മൈറിയൻ ഗോമസ് ലോപ്പസ് പറയുന്നു. അസ്വസ്ഥത ശക്തമായപ്പോള്‍ മാഗ്നോ സ്വയം ഡ്രൈവ് ചെയ്ത് എട്ട് മിനിറ്റിനുള്ളില്‍ അദ്ദേഹം ആശുപത്രിയിലെത്തി. എന്നാല്‍, ഈ സമയമായപ്പോഴേക്കും അസ്വസ്ഥത ശക്തമാവുകയും എട്ട് മിനിറ്റിനിടെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയും പിന്നാലെ തളര്‍ന്ന് വീഴുകയും ചെയ്തു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ പഫർ ഫിഷിന്‍റെ കരളിലും പ്രത്യുത്പാദന കേന്ദ്രങ്ങളിലും കാണപ്പെടുന്ന മനുഷ്യന് ദോഷകരമായ വിഷാംശമായ ടെട്രോഡോടോക്സിൻ (tetrodotoxin), മാഗ്നോയെ ബാധിച്ചതായി യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. സയനൈഡിനേക്കാൾ 1,000 മടങ്ങ് മാരകമായ ഈ വിഷവസ്തു പേശികളിലേക്കുള്ള നാഡി സിഗ്നലുകളെ തടസ്സപ്പെടുത്തുന്നു. പിന്നാലെ ശരീരത്തിന്‍റെ ബലം നഷ്ടപ്പെടുകയും ഇത് പക്ഷാഘാതത്തിലേക്കും മരണത്തിലേക്കും നയിക്കുന്നു.
ആശുപത്രിയിലെത്തിയ മാഗ്നോ തളര്‍ന്ന് വീണതിന് പിന്നാലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 35 ദിവസത്തോളം ആശുപത്രി ഐസിയുവില്‍ കിടന്നെങ്കിലും ജനുവരി 27 ന് മാഗ്നോ മരിച്ചു. ഇതിനിടെ വിഷാംശം ശരീരത്തെ മുഴുവനും ബാധിക്കുകയും ശരീരം തളരുകയും ഇതിനിടെ അപസ്മാരം തലച്ചോറിനെ സാരമായി ബാധിക്കുകയും ചെയ്തു. മാഗ്നോ മരിച്ചെങ്കിലും അദ്ദേഹത്തിന്‍റെ സുഹൃത്ത് രക്ഷപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന്‍റെ കാലുകള്‍ ന്യൂറോളജിക്കൽ പ്രശ്നങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സൂഹൃത്തിന് ഇപ്പോഴും നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ജപ്പാനില്‍ പഫർ ഫിഷിനെ ഭക്ഷിക്കുന്നുണ്ട്. പക്ഷേ അത് പ്രത്യേക രീതിയില്‍ വൃത്തിയാക്കിയ ശേഷം പാചകം ചെയ്താണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പഫര്‍ ഫിഷിനെ പോലെ അമിതമായി ശരീരത്ത് എത്തിയാല്‍ അപകടകരമായേക്കാവുന്ന ചില ഭക്ഷ്യവസ്തുക്കളാണ് കാസു മര്‍സു ചീസ് (ഇറ്റലിയിലെ സാർഡിനിയയില്‍ പുഴുക്കളെ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഒരു ജനപ്രിയ വിഭവം), റുബാര്‍ബ് ഇലകള്‍ (യുകെയില്‍ സാധാരണയായി ഉപയോഗിക്കുന്ന ഈ ഇലകള്‍ വൃക്കയില്‍ കല്ലുകള്‍ക്ക് കാരണമാകുന്നു), ചുവന്ന സോയാബീന്‍സ് (ഇവ അധികമായാല്‍ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്), ജാതിക്ക (അമിതമായ അളവില്‍ ജാതിക്ക കഴിച്ചാല്‍ ശ്വാസംമുട്ടിന് കാരണമാകും).