വ്യാജ ബന്ധുക്കളെ വച്ച് ഒരേ സമയം മൂന്ന് പുരുഷന്മാരെ വിവാഹം കഴിച്ചു; 35 കാരി തട്ടിയത് 80 ലക്ഷം രൂപ !

By Web Team  |  First Published Nov 6, 2023, 1:24 PM IST

മൂന്ന് യുവാക്കളെ വിവാഹം കഴിക്കാനും അവരില്‍ നിന്ന് പണം തട്ടാനുമായി യുവതി പ്രൊഫഷണല്‍ അഭിനേതാക്കളെ ബന്ധുക്കളായി ഉപയോഗിച്ചിരുന്നു.



സ്ത്രീധനം തട്ടിയെടുക്കാനായി നിരവധി സ്ത്രീകളെ വിവാഹം ചെയ്ത ചില കല്യാണ വീരന്മാരെ കുറിച്ച് ഇടയ്ക്ക് വാര്‍ത്തകള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. ചൈനയില്‍ പണം തട്ടാനായി ഒരു 35 കാരി ഇതേ തന്ത്രം ഉപയോഗിച്ചു. അവര്‍ ഇതിനായി മൂന്ന് വിവാഹമാണ് കഴിച്ചത്. മൂന്ന് പേരില്‍ നിന്നും ആവശ്യത്തിന് പണവും തട്ടി. പിന്നാലെ ജീവിതത്തില്‍ തന്നെ ഒരു ട്വിസ്റ്റും സംഭവിച്ചു. മൂന്ന് യുവാക്കളെ വിവാഹം കഴിക്കാനും അവരില്‍ നിന്ന് പണം തട്ടാനുമായി യുവതി പ്രൊഫഷണല്‍ അഭിനേതാക്കളെ വരെ ഉപയോഗിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 

കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ നിന്നുള്ള ഷൗ എന്ന 35 കാരിയായ സ്ത്രീയാണ് മൂന്ന് പുരുഷന്മാരിൽ നിന്ന് ഇത്തരത്തില്‍ വ്യജ വിവാഹം കഴിച്ച് പണം തട്ടിയെടുത്തത്. ഷൗ മൂന്നുപേരെയും വിവാഹം കഴിക്കുകയും അവരോടൊപ്പം അല്പ കാലം ജീവിക്കുകയും ചെയ്തു. ഇവരെ കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ പോലീസ് വിശദമായ അന്വേഷണം നടത്തി. അവര്‍ നേരത്തെ വിവാഹിതയാണെന്നും ആ ബന്ധത്തില്‍ ഒരു മകളുണ്ടെന്നും പോലീസ് കണ്ടെത്തി. ഭര്‍ത്താവ് ജോലിക്കായി പോയിരുന്നെന്നും അദ്ദേഹത്തിന് തന്നോടൊപ്പം ജീവിക്കാന്‍ സമയം ലഭിച്ചിരുന്നില്ലെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. 

Latest Videos

ഒരേ സമയം മൂന്ന് യുവാക്കളുമായി ഡേറ്റിംഗ് ആരംഭിച്ചായിരുന്നു ഇതിന് ഷൗ പരിഹാരം കണ്ടത്. പിന്നീട് പല കാലങ്ങളില്‍ ഷൗ ഇവരെ മൂന്ന് പേരെയും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായി. മൂന്ന് പേരോടുമൊപ്പം പല സമയങ്ങളിലായി ജീവിക്കാനും അവള്‍ സമയം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്ന് യുവാക്കളെയും ഔദ്ധ്യോഗികമായി വിവാഹം കഴിക്കാന്‍ ഷൗ തയ്യാറായിരുന്നില്ല. അതിന് കാരണമായി ഷൗ മൂന്ന് പേരോടും പറഞ്ഞ്. തന്‍റെ ആദ്യ വിവാഹം നിയമപരമായി ഒഴിഞ്ഞിട്ടില്ലെന്നായിരുന്നു. തന്‍റെ വീട് സര്‍ക്കാര്‍ പദ്ധതിക്കായി പൊളിച്ചെന്നും അതിന്‍റെ നഷ്ടപരിഹാരം ലഭിക്കാനുണ്ടെന്നും എന്നാല്‍ വിവാഹിതയാണെന്ന് അറിഞ്ഞാല്‍ ആ പണം ലഭിക്കില്ലെന്നും അവള്‍ മൂന്ന് പേരെയും വിശ്വസിപ്പിച്ചു. പലപ്പോഴായി മൂന്ന് യുവാക്കളുടെ മുന്നിലും ബന്ധുക്കളെന്ന വ്യാജേന ഷൗ പ്രാദേശികരായ അഭിനേതാക്കളെ പണം നല്‍കി അവതരിപ്പിച്ചെന്നും പോലീസ് പറയുന്നു. 

ഇതിനിടെ താന്‍ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചെന്നും അമ്മയുടെ വീട്ടില്‍ വച്ച് പ്രസവിക്കാന്‍ പണം വേണമെന്നും ഒരു ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സംശയം തോന്നിയ ഭര്‍ത്താവ് ഷൗവിന്‍റെ അമ്മ വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പുകളുടെ വ്യാപ്തി മനസിലായത്. അവളുടെ ഇരട്ട ഗര്‍ഭം പോലും വ്യാജമായിരുന്നു. തുടര്‍ന്ന് അയാള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഷൗ അയാളെ പോലെ മറ്റ് രണ്ട് പേരെ കൂടി ഭര്‍ത്താക്കന്മാരെന്ന വ്യാജേന തട്ടിപ്പിനായി ഉപയോഗിച്ചിരുന്നെന്നും അവള്‍ക്ക് ഒരു ഭര്‍ത്താവും കുഞ്ഞും ഉണ്ടെന്നും കണ്ടെത്തിയത്. ഇതിനിടെ മൂന്ന് പേരില്‍ നിന്നായി ഷൗ 80 ലക്ഷത്തോളം രൂപയും തട്ടിയെന്നും  ജിയാങ്‌സു പ്രവിശ്യാ പോലീസ് പറയുന്നു. 

click me!