30 അമ്മമാർ കുഞ്ഞുങ്ങൾക്ക് മുലയൂട്ടി, ഈ ഒറാങ്ങുട്ടാന്റെ മുന്നിൽവച്ച്, കാരണം ഇതായിരുന്നു

By Web Team  |  First Published Aug 14, 2024, 3:56 PM IST

ഒറാങ്ങുട്ടാൻ മറ്റുള്ളവരെ അനുകരിക്കുന്നതിൽ മിടുക്കരാണ്. അതിനാൽ തന്നെ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് മുജൂറും കണ്ടുപഠിച്ചോളും എന്നാണ് പറയുന്നത്. നിരവധി സ്ത്രീകളാണ് മുജൂറിനോട് വളരെ കരുതലോടെ പെരുമാറിയത്.


ജനിച്ചയുടനെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാത്ത അമ്മമാരുണ്ടാവില്ല. എന്നാൽ, പല കാരണങ്ങൾ കൊണ്ടും കുഞ്ഞുങ്ങളെ മുലയൂട്ടാനാവാത്ത അമ്മമാരും ഉണ്ട്. എന്തിനേറെ പറയുന്നു, പോസ്റ്റ്പാർട്ടം ഡിപ്രഷൻ കാരണം ബുദ്ധിമുട്ടുന്ന അമ്മമാർക്ക് വരെ ചിലപ്പോൾ കുഞ്ഞുങ്ങളെ മുലയൂട്ടാൻ സാധിക്കാതെ വരാറുണ്ട്. അടുത്തിടെ, ഡബ്ലിൻ മൃഗശാലയിൽ 30 അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളുമായി മുലയൂട്ടാൻ ചെന്നു. അവിടെയുണ്ടായിരുന്ന ഒരു ഒറാങ്ങുട്ടാന്റെ മുന്നിൽ വച്ചായിരുന്നു അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ മുലയൂട്ടിയത്. അതിന് ഒരു കാരണവും ഉണ്ടായിരുന്നു. 

മൃഗശാലയിലെ 19 വയസ്സുള്ള ഒറാങ്ങുട്ടാൻ മുജൂർ ജൂലൈ അവസാനത്തോടെയാണ് ആരോഗ്യമുള്ള ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ, അവൾ തന്റെ കുഞ്ഞിനെ മുലയൂട്ടാൻ തയ്യാറായില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി മൃ​ഗശാല ഈ ​ഗർഭിണിയായ ഒറാങ്ങുട്ടാന്റെ മുന്നിൽ ചെന്ന് മുലയൂട്ടാനായി ഓരോ അമ്മമാരെയായി ഏർപ്പാടാക്കുകയായിരുന്നു. ഒറാങ്ങുട്ടാനിൽ കുഞ്ഞുമായുള്ള അടുപ്പം വർധിപ്പിക്കാനും കുഞ്ഞിനെ മുലയൂട്ടാനായി അതിനെ തയ്യാറാക്കാനും വേണ്ടിയായിരുന്നു ഇത്. 

Latest Videos

undefined

2019 -ലും 2022 -ലും മുജൂർ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. എന്നാൽ, ഒരമ്മ എന്ന നിലയിലുള്ള പരിചരണം മുജൂറിന്റെ ഭാ​ഗത്തുനിന്നും ഉണ്ടാവാതെ വന്നതോടെ കുഞ്ഞുങ്ങൾ രണ്ടും ചത്തുപോവുകയായിരുന്നു. 

അങ്ങനെ, മൃ​ഗശാലയിലെ മൃ​ഗഡോക്ടർമാർ ലിസി റീവ്സിനെ സമീപിച്ചു. ഒരു ക്ലിനിക്കൽ മിഡ്‌വൈഫും ഡബ്ലിനിലെ നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റലിലെ മുലയൂട്ടലും പരിചരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ​ഗ്ധയുമാണ് ലിസി.  

അവരാണ് ഇങ്ങനെയൊരു കാര്യത്തെ കുറിച്ച് പറഞ്ഞത്. ഒപ്പം തന്റെ ആശുപത്രിയിലെ എട്ട് സഹപ്രവർത്തകർ ഇതിന് തയ്യാറാണ് എന്നും പറഞ്ഞു. പുറത്തുനിന്നും താല്പര്യമുള്ളവരോട് ബന്ധപ്പെടാനും പറഞ്ഞു. 30 അമ്മമാരാണ് തങ്ങളുടെ താല്പര്യം അറിയിച്ചുകൊണ്ട് ലിസിയെ ബന്ധപ്പെട്ടത്. 

ഒറാങ്ങുട്ടാൻ മറ്റുള്ളവരെ അനുകരിക്കുന്നതിൽ മിടുക്കരാണ്. അതിനാൽ തന്നെ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് മുജൂറും കണ്ടുപഠിച്ചോളും എന്നാണ് പറയുന്നത്. നിരവധി സ്ത്രീകളാണ് മുജൂറിനോട് വളരെ കരുതലോടെ പെരുമാറിയത്. ഇത് ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതാണ്. അവിടെ മനുഷ്യരാണോ മൃ​ഗമാണോ എന്ന വ്യത്യാസമൊന്നും ഇല്ല എന്നാണ് ലിസി പറയുന്നത്. 

എന്തായാലും, ഇപ്പോഴും മുജൂറിന് മുലയൂട്ടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, അവളിൽ വലിയ മാറ്റമുണ്ട് എന്നും കുഞ്ഞിനെ നന്നായി പരിചരിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നുമാണ് അധികൃതർ പറയുന്നത്. എന്തായാലും, മുജൂറിന്റെ കുഞ്ഞിന് ഇപ്പോൾ കുപ്പിപ്പാലാണ് നൽകുന്നത്. 

(ആദ്യചിത്രം പ്രതീകാത്മകം)

click me!