140 വര്‍ഷം പഴക്കമുള്ള ജീന്‍സ്, വില 71 ലക്ഷം രൂപ!

By Web Team  |  First Published Oct 14, 2022, 2:05 PM IST

ഉപേക്ഷിക്കപ്പെട്ട ഖനിയില്‍ നിന്ന് കിട്ടിയ 1880-കളിലെ ലെവിസ് ജീന്‍സ് ലേലം ചെയ്തത്  87,400- ഡോളറിന്
 


ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയില്‍ പരിശോധന നടത്തിയപ്പോള്‍ ഗവേഷകര്‍ക്ക് കിട്ടിയത് ഒരു ജീന്‍സ് ആണ് . ഏതെങ്കിലും ഖനിത്തൊഴിലാളി ധരിച്ച പഴന്തുണി ആയിരിക്കുമെന്ന് കരുതിയിട്ടും അവര്‍ അത് ഉപേക്ഷിച്ചില്ല. പകരം ശ്രദ്ധാപൂര്‍വ്വം അത് അവിടെ നിന്നും ശേഖരിച്ചു. പിന്നീട് പരിശോധിച്ചപ്പോഴാണ് മനസ്സിലായത് 1880-കളിലെ ലെവിസ് ജീന്‍സ് ആണ് അതെന്ന്.  

ഡെനിം പുരാവസ്തു ഗവേഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മൈക്കല്‍ ഹാരിസ് ആണ് 1880-കളിലെ ഈ ലെവിസ് ജീന്‍സ് കണ്ടെത്തിയത്. ബക്കിള്‍ബാക്ക് അഡ്ജസ്റ്ററുള്ള ജീന്‍സാണ് ഖനിയില്‍ നിന്നും കണ്ടെത്തിയത്. അമേരിക്കന്‍ വെസ്റ്റിലെ ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയില്‍ നിന്നാണ് അദ്ദേഹം ജീന്‍സ്  കണ്ടെത്തിയത്. ഏറെ നാള്‍ മണ്ണിനടിയില്‍ കിടന്നതിന്റെ വലിയ കേടുപാടുകള്‍ ഒന്നും ജീന്‍സിന് ഉണ്ടായിരുന്നില്ല. ചെറിയ രണ്ട് കീറലുകള്‍ ഒഴിച്ചാല്‍ പറയത്തക്ക കേടുപാടുകളില്ല. 

Latest Videos

ഡെനിമിന്റെ  ആഘോഷമായ ഡുറങ്കോ വിന്റേജ് ഫെസ്റ്റിവസില്‍ ലേലത്തിന് വച്ച് ജീന്‍സിന് ഏറെ ആവശ്യക്കാര്‍ ഉണ്ടായിരുന്നു. വാശിയേറിയ ലേലത്തിനൊടുവില്‍ കൈല്‍ ഹോട്ട്‌നര്‍, സിപ് സ്റ്റീവന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് ജീന്‍സ് സ്വന്തമാക്കി. 87,400- ഡോളറിനാണ് ഇവര്‍ ഇത് വാങ്ങിയത്. അതായത് 71,97,962 ഇന്ത്യന്‍ രൂപ. വിലയുടെ 90 ശതമാനം ഹോട്ട്‌നറും ബാക്കി 10 ശതമാനം സ്റ്റീവന്‍സണും സംഭാവന ചെയ്തു.

ലോസ് ഏഞ്ചല്‍സിലെ ഡെനിം ഡോക്ടേഴ്സ് റിപ്പയര്‍ ഷോപ്പിന്റെ ഉടമയും നടത്തിപ്പുകാരനുമാണ് സ്റ്റീവന്‍സണ്‍. പറയത്തക്ക കേടുപാടുകള്‍ ഒന്നും കൂടാതെ ലഭിച്ച ഈ ജീന്‍സ് ഒരു അപൂര്‍വ്വ നേട്ടം ആണെന്ന് സ്റ്റീവന്‍സണ്‍ പറഞ്ഞു. അഞ്ച് വര്‍ഷമായി ഉപേക്ഷിക്കപ്പെട്ട 50 ഖനികളെങ്കിലും പരിശോധിച്ചെങ്കിലും തുല്യ ഗുണനിലവാരമുള്ള ഒരു ജോഡി പോലും കണ്ടെത്താനായില്ലെന്ന്  സ്റ്റീവന്‍സണ്‍ പറഞ്ഞു.

അതേ കാലയളവിലെ മറ്റ് രണ്ട് ജോഡി ലെവിസ് ജീന്‍സുകള്‍ ഇപ്പോഴും നിലവിലുണ്ടെന്ന് അറിയാമെങ്കിലും അവ മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അവ ധരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു.  ലേലം ചെയ്ത ജോഡി, ചെറിയ  അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ ധരിക്കാനാകും എന്ന് അദ്ദേഹം പറഞ്ഞു.

ജീന്‍സിനുള്ളിലെ ഒരു ലേബല്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്: 'വെളുത്ത തൊഴിലാളികള്‍ നിര്‍മ്മിച്ച ഒരേയൊരു തരം.' 

ചൈനീസ് തൊഴിലാളികളെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ 1882 -ലെ ചൈനീസ് ഒഴിവാക്കല്‍ നിയമത്തിന് ശേഷം ഡെനിം കമ്പനി സ്വീകരിച്ച മുദ്രാവാക്യമാണിത്. 1890-കളില്‍ ഈ മുദ്രാവാക്യവും ചൈനീസ് കുടിയേറ്റക്കാരെ നിയമിക്കില്ലെന്ന കമ്പനിയുടെ നയവും റദ്ദാക്കിയതായി ലെവിസ് സ്‌ട്രോസ് കമ്പനിയുടെ പ്രതിനിധി പറഞ്ഞു.

ജീന്‍സ് ഇപ്പോള്‍ സേഫ്റ്റി ഡെപ്പോസിറ്റ് ബോക്സിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അപ്പോയിന്റ്മെന്റ് വഴി കാണാന്‍ കഴിയുമെന്നും പുതിയ ഉടമകള്‍ പറഞ്ഞു.  ഏതെങ്കിലും മ്യൂസിയത്തിന് പാന്റ് വില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു.
 

click me!