ആത്മഹത്യ ചെയ്യാൻ സ്കെച്ച് വരച്ച ശേഷം 15 -കാരൻ പതിനാലാം നിലയിൽ നിന്നും ചാടി

By Web Team  |  First Published Aug 2, 2024, 12:51 PM IST

ഓണ്‍ലൈന്‍ ഗെയിമുകളോട് അമിത താത്പര്യം പ്രകടിപ്പിച്ച കുട്ടിയുടെ മുറിയില്‍ നിന്നും ഗെയിമിംഗ് കോഡിന് സമാനമായ രീതിയിൽ ചില കാര്യങ്ങൾ  എഴുതിയ നിരവധി പേപ്പറുകളും ഉദ്യോഗസ്ഥർ കണ്ടെത്തി



മുൻകൂട്ടി ആസൂത്രണം ചെയ്ത് പദ്ധതി തയ്യാറാക്കിയതിന് ശേഷം 15 വയസ്സുകാരൻ കെട്ടിടത്തിന്‍റെ പതിനാലാം നിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ദാരുണവും ആശങ്കയുളവാക്കുന്നതുമായ സംഭവം ജൂലൈ 26 ന് വെള്ളിയാഴ്ച രാത്രി പൂനയിലാണ് നടന്നത്. തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിലാണ് ആത്മഹത്യ ചെയ്യുന്നതിനായി കുട്ടി നടത്തിയ ആസൂത്രണം പുറത്തുവന്നത്. 15 കാരൻ സ്വന്തം മരണം കൃത്യമായി ആസൂത്രണം ചെയ്യുകയായിരുന്നു. മരണ ശേഷം പോലീസ് കുട്ടിയുടെ സ്വകാര്യ വസ്തുക്കൾ പരിശോധന നടത്തിയപ്പോഴാണ് ഒരു നോട്ടുബുക്കിൽ സ്വന്തം മരണത്തിനായി താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ വ്യക്തമായ പ്ലാൻ കുട്ടി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടെത്തിയത്. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് ഏരിയയിലെ അപ്പാർട്ട്‌മെന്‍റ് കെട്ടിടത്തിന്‍റെ 14-ാം നിലയിൽ നിന്ന് ചാടിയാണ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചത്.  

പോലീസ്  സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഒപ്പം ചെയ്യാന്‍ പോകുന്ന കാര്യങ്ങളുടെ രീതിയും സ്ഥലവും വിവരിക്കുന്ന വിശദമായ, കൈയെഴുത്ത് പ്ലാനും കണ്ടെത്തി. പ്ലാനിൽ കൃത്യമായ ഘട്ടങ്ങൾ ഉൾപ്പെടുന്നു, അപ്പാർട്ട്മെന്‍റ് ലേഔട്ടിന്‍റെ രേഖാ ചിത്രങ്ങളും എങ്ങനെ താഴോട്ട് ചാടണം എന്ന് പോലും കൃത്യമായി എഴുതി വെച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനുപുറമേ ഗെയിമിംഗ് കോഡിന് സമാനമായ രീതിയിൽ ചില കാര്യങ്ങൾ  എഴുതിയ നിരവധി പേപ്പറുകളും ഉദ്യോഗസ്ഥർ കണ്ടെത്തി. കുട്ടികളുടെ പ്രവർത്തനങ്ങളിലും മാനസികാരോഗ്യത്തിലും രക്ഷിതാക്കൾ ജാഗ്രത പുലർത്തേണ്ടതിന്‍റെ അടിയന്തര ആവശ്യം ചൂണ്ടിക്കാണിക്കുന്ന സംഭവമായാണ് പോലീസ് ഉദ്യോഗസ്ഥർ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്. 

Latest Videos

undefined

നാൻജിംഗിന്‍റെ മാലാഖ; 469 വിഷാദ രോഗികളെ ആത്മഹത്യയില്‍ നിന്നും തിരികെ കൊണ്ട് വന്ന മനുഷ്യന്‍

കുട്ടിയുടെ അമ്മ എഞ്ചിനീയറും അച്ഛൻ വിദേശത്തുമാണ് ജോലി ചെയ്യുന്നത്. അമ്മയ്ക്കും ഇളയ സഹോദരനും ഒപ്പമായിരുന്നു  15 -കാരൻ താമസിച്ചിരുന്നത്. ഓൺലൈൻ ഗെയിമുകളോട് അമിതമായ ആസക്തി മകന് ഉണ്ടായിരുന്നുവെന്നും ദിവസം മുഴുവൻ ഈ ഗെയിമുകളിൽ മുഴുകിയിരിക്കുമായിരുന്നു എന്നുമാണ് അമ്മ പോലീസിനെ അറിയിച്ചത്. മറ്റാരുമായും സമ്പർക്കം ഇല്ലാതെ മുറിയിൽ തന്നെ കഴിയാനായിരുന്നു മകന് ഇഷ്ടമെന്നും അമ്മ പോലീസിനെ അറിയിച്ചു. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കുട്ടി കത്തി ഉപയോഗിച്ച് കളിച്ചിരുന്നുവെന്നും അമ്മ വെളിപ്പെടുത്തി. 

കൂടാതെ ആത്മഹത്യ ചെയ്തതിന്‍റെ തലേദിവസം പകൽ മുഴുവൻ മുറി കൂറ്റിയിട്ട് അതിനുള്ളിൽ ഇരിക്കുകയായിരുന്നു. അതേസമയം രാത്രിയിൽ പുറത്തിറങ്ങി ഭക്ഷണം കഴിച്ചുിരുന്നുവെന്നും അമ്മ കൂട്ടിചേര്‍ത്തു. ആ ദിവസങ്ങളിൽ ഇളയ കുഞ്ഞിന് പനിയായിരുന്നു അതിനാൽ തനിക്ക് മൂത്തകുട്ടിയുടെ കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും അവര്‍ പറയുന്നു. ജൂലൈ 26 -ന് അർദ്ധരാത്രിയിൽ, ഒരു കുട്ടി കെട്ടിടത്തിൽ നിന്ന് വീണതായി ഒരു സന്ദേശം സൊസൈറ്റിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വന്നുവെന്നും താൻ മകന്‍റെ മുറി പരിശോധിച്ചപ്പോഴാണ് അവനെ കാണാനില്ലെന്ന് മനസ്സിലായത്. ഉടൻതന്നെ താഴെയെത്തി പരിശോധിച്ചപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന മകനെയാണ് കണ്ടതെന്നും അമ്മ അറിയിച്ചതായി പോലീസ് പറയുന്നു. 

മൂന്നര പതിറ്റാണ്ട് മുന്നേയുള്ള മുന്നറിയിപ്പ്; ഭാവി തലമുറയോട് നാമെന്ത് പറയും?

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

click me!