15 വയസുകാരനെ തട്ടിക്കൊണ്ട് പോയി, തോക്കിന്‍ മുന്നില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചെന്ന് പരാതി

By Web Team  |  First Published May 6, 2024, 5:42 PM IST

കൌമാരക്കാരന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു. ഇതിന് പിന്നാലെ ആള്‍ക്കൂട്ടം കൌമാരക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. 



ട്ടിക്കൊണ്ട് പോകല്‍ വിവാഹങ്ങള്‍ ഇന്നും ബിഹാറില്‍ അപൂര്‍വ്വമായെങ്കിലും നടക്കുന്നുണ്ട്.  പക്കാഡ്വാ വിവാഹ് എന്നറിയപ്പെടുന്ന ഇത്തരം തട്ടിക്കൊണ്ട് വിവാഹങ്ങളില്‍ പൊതുവേ തട്ടിക്കൊണ്ട് പോകുന്ന യുവാവിന് സ്ഥിര വരുമാനമുള്ള സര്‍ക്കാര്‍ ജോലിയോ മറ്റെന്തെങ്കിലും വരുമാനമോ ഉണ്ടായിരിക്കും. മകള്‍ക്ക് വേണ്ടി അച്ഛനും സഹോദരങ്ങളും ബന്ധുക്കളും ചേര്‍ന്നാകും ഇത്തരത്തില്‍ വരനെ തട്ടിക്കൊണ്ട് പോകുന്നതിന് നേതൃത്വം നല്‍കുന്നതും. ഇത്തരത്തില്‍ തട്ടിക്കൊണ്ട് വരുന്ന യുവാവിനെ തോക്കിന്‍ മുന്നില്‍ നിര്‍ത്തി നിര്‍ബന്ധിപ്പിച്ചാകും വിവാഹം കഴിപ്പിക്കുക. എന്നാല്‍, കഴിഞ്ഞ ദിവസം ബിഹാറിലെ ഗോപാൽപൂരില്‍ വ്യത്യസ്തമായൊരു തട്ടിക്കൊണ്ട് പോകല്‍ വിവാഹത്തിനുള്ള ശ്രമം നടന്നു. വധുവിന്‍റെ ബന്ധുക്കള്‍ 15 വയസുള്ള ജമുയി ജില്ലക്കാരനായ കൌമാരക്കാരനെയാണ് വിവാഹത്തിന് നിര്‍ബന്ധിച്ചത്. കൌമാരക്കാരനെ കൊണ്ട് അവനെക്കാള്‍ പ്രായമുള്ള ഒരു യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.

സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെയാണ് വിഷയം പുറത്ത് അറിഞ്ഞത്. വീഡിയോയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കൌമാരക്കാരനെ ഒരു കൂട്ടം ആളുകള്‍ വളയുന്നതും വധുവിന് സിന്ദൂരം ചാര്‍ത്താന്‍ നിര്‍ബന്ധിക്കുന്നതുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കൌമാരക്കാരന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു. ഇതിന് പിന്നാലെ ആള്‍ക്കൂട്ടം കൌമാരക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. കൌമാരക്കാരന്‍റെ ബന്ധുക്കളുടെ പരാതിയില്‍ ഖൈറ പോലീസ് കേസെടുത്തു. 

Latest Videos

അച്ഛന്‍റെ സ്ഥാനത്ത് നിന്ന് കൊല്ലപ്പെട്ട സൈനികന്‍റെ മകളുടെ വിവാഹം നടത്തി സിആർപിഎഫ് ജവാന്മാര്‍; പോസ്റ്റ് വൈറല്‍

ഗോപാൽപൂർ സ്വദേശി ഗനൗരി ഠാക്കൂറും മറ്റ് മൂന്ന് പേരും ചേർന്നാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലമായി വിവാഹം കഴിപ്പിച്ചെന്ന് ഖൈറ പോലീസ് പറയുന്നു. എന്നാല്‍, സാധാരണയില്‍ നിന്നും വ്യത്യസ്തമായി, ജോലിയില്ലാത്ത കൌമാരക്കാരനെ എന്തിന് തട്ടിക്കൊണ്ട് പോയി എന്നതിന് പോലീസിന് വിശദീകരണമില്ല. ഗനൗരി താക്കൂറും മൂന്ന് കൂട്ടാളികളും കൂടി വീട്ടിലെത്തി മകൻ രാംബാലക് കുമാറിനെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് ദാബിൽ നിവാസിയായ ലക്ഷ്മി താക്കൂർ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

ഇറാനില്‍ മീന്‍മഴ; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി വീഡിയോ

പിന്നീട് ഇവര്‍ മൂവരും ചേര്‍ന്ന് ആണ്‍കുട്ടിയെ  ഗോപാൽപൂരിലേക്ക് കൊണ്ട് വരികയും അവിടെ വച്ച് കൊഡ്വാട്ടണ്ട് സ്വദേശിയായ പെൺകുട്ടിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം സമാനമായ ഒരു ഡസനോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യം റവന്യു ഉദ്യോഗസ്ഥനായ റിന്‍റു കുമാർ ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്ന് വിവാഹം കഴിച്ചത് വലിയ വാര്‍ത്തായായിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2020 ജനുവരി മുതൽ നവംബർ വരെ 7,194 നിർബന്ധിത വിവാഹ കേസുകളും 2019-ൽ 10,925-ഉം 2018-ൽ 10,310-ഉം 2017-ൽ 8,972-ഉം നിർബന്ധിത വിവാഹ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ കണക്കുകളെക്കാള്‍ ഇരട്ടിയാണെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

യാചകനെന്ന് തെറ്റിദ്ധരിച്ചു; കോടീശ്വരന് ഭിക്ഷ നല്‍കി ഒമ്പത് വയസുകാരന്‍, പിന്നീട് സംഭവിച്ചത്
 

click me!