കുപ്പി വളരെ സൂക്ഷ്മമായി, സന്ദേശത്തിന് കേടുപാടുകൾ വരാതെയാണ് തുറന്നത്. അതിനുവേണ്ടി കുപ്പി അടച്ചിരിക്കുന്ന കോർക്ക് തുരന്നു.
ഒരു ലൈറ്റ്‍ഹൗസിന്റെ ചുവരുകൾക്കുള്ളിൽ കുപ്പിക്കുള്ളിൽ കണ്ടെത്തിയ 132 വർഷം പഴക്കമുള്ള കത്ത് കൗതുകമാകുന്നു. തെക്കൻ സ്‌കോട്ട്‌ലൻഡിലെ കോർസ്വാൾ ലൈറ്റ്ഹൗസിന്റെ ചുമരിലാണ് ഈ സന്ദേശമടങ്ങിയ കുപ്പി കണ്ടെത്തിയത്.
ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത് എന്നാണ് ഈ കണ്ടെത്തലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 1892 സെപ്തംബർ 4 -ന് എഴുതിയതാണ് ഈ കുറിപ്പ്. തൂവൽ മഷിയിൽ മുക്കിയാണ് സന്ദേശം എഴുതിയിരിക്കുന്നത്. 100 അടി (30 മീറ്റർ) ടവറിൽ ലൈറ്റ് സിസ്റ്റം സ്ഥാപിച്ച മൂന്ന് എഞ്ചിനീയർമാരുടെയും, അന്ന് അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ലൈറ്റ്ഹൗസ് കീപ്പർമാരുടെയും പേരുകൾ ഈ സന്ദേശത്തിൽ ഉൾപ്പെട്ടിട്ടുണ്ടത്രെ.
undefined
നോർത്തേൺ ലൈറ്റ് ഹൗസ് ബോർഡിലെ മെക്കാനിക്കൽ എഞ്ചിനീയർ റോസ് റസ്സൽ നടത്തിയ പരിശോധനയിലാണ് കുപ്പി കണ്ടെത്തിയത്. ചരിത്രപരമായി പ്രാധാന്യമുള്ളത് എന്നാണ് ഈ കത്തിനെ കുറിച്ച് അദ്ദേഹം വിശേഷിപ്പിക്കുന്നത്. കുപ്പി തുറക്കുന്നതിന് വേണ്ടി ലൈറ്റ്ഹൗസ് കീപ്പറായ ബാരി മില്ലറുടെ വരവിനായി സംഘം കാത്തിരുന്നു. ഒടുവിൽ മില്ലർ എത്തിയതിനു ശേഷമാണ് കുപ്പി തുറന്ന് സന്ദേശം പുറത്തെടുത്തത്.
കുപ്പി വളരെ സൂക്ഷ്മമായി, സന്ദേശത്തിന് കേടുപാടുകൾ വരാതെയാണ് തുറന്നത്. അതിനുവേണ്ടി കുപ്പി അടച്ചിരിക്കുന്ന കോർക്ക് തുരന്നു. കത്ത് കീറിപ്പോവാതെ പുറത്തെടുക്കുക എന്നതായിരുന്നു അടുത്ത ടാസ്ക്. ഒടുവിൽ വിജയകരമായി പരിക്കുകൂടാതെ കത്ത് പുറത്തെടുത്തു.
ജെയിംസ് മിൽനെ ആൻഡ് സണിൽ നിന്നുള്ള എഞ്ചിനീയർമാർ എങ്ങനെയാണ് വിജയകരമായി ലൈറ്റ് ഹൗസ് ലൈറ്റ് സ്ഥാപിച്ചത് എന്ന് കുറിപ്പിൽ വിശദീകരിച്ചിരുന്നു. ഒപ്പം, അതിനുവേണ്ടി പ്രവർത്തിച്ചവരുടെയെല്ലാം പേരും അതിൽ കുറിച്ചിരുന്നു. 132 വർഷം പഴക്കമുള്ള ഒരു സന്ദേശം കണ്ടെത്തുക എന്നത് എത്രമാത്രം ഹൃദയഹാരിയായ അനുഭവമാണ് എന്ന് വിശദീകരിക്കാൻ സാധിക്കില്ല എന്നാണ് റസ്സൽ പറഞ്ഞത്.