ഇരുകടുവകളും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിന്‍റെ വീഡിയോ ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി.
രണ്ട് കടുവകൾ തമ്മിലുണ്ടായ പ്രാദേശിക സംഘട്ടനത്തിൽ ഒരു കടുവ മൃഗീയമായി കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ പ്രശസ്തമായ തഡോബ അന്ധാരി കടുവാ സങ്കേതത്തിലെ 'ബജ്‌റംഗ്' (Bajrang) എന്ന കടുവയാണ് കൊല്ലപ്പെട്ടത്. തന്‍റെ ജീവിതകാലത്ത് കുറഞ്ഞത് 50 കുഞ്ഞുങ്ങളുടെ അച്ഛനായ 13 വയസുള്ള ബജ്‌റംഗിനെ, ഛോട്ടാ മട്ക എന്ന മറ്റൊരു കടുവയാണ് ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിമൂർ വനമേഖലയിലെ വഹൻഗാവിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബജ്‌റംഗിനെ നവേഗാവ്-നിംധേലയിലെ ബഫർ സോണിലെ ഒരു കൃഷിത്തോട്ടത്തിലാണ് പിന്നീട് കണ്ടെത്തിയത്. ബ്രഹ്മപുരി ഫോറസ്റ്റ് ഡിവിഷനിലെ ചിമൂർ റേഞ്ചിലെ ഖഡ്‌സംഗി ബഫർ ഏരിയയുടെ അതിർത്തിക്ക് പുറത്തുള്ള വയലിലാണ് സംഘർഷം നടന്നതെന്ന് TATR കൺസർവേറ്ററും ഫീൽഡ് ഡയറക്ടറുമായ ഡോ.ജിതേന്ദ്ര രാംഗോങ്കർ അറിയിച്ചു. കടുവയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചന്ദ്രാപൂരിലെ ടിടിസിയിലേക്ക് അയക്കുമെന്നും ഡോ രാംഗോങ്കർ കൂട്ടിച്ചേര്‍ത്തു. '
ലോകകപ്പ് ഫൈനല്‍ ടിക്കറ്റ് തട്ടിപ്പ്; യുവതിക്ക് നഷ്ടപ്പെട്ടത് 56,000 രൂപ !
രണ്ട് കടുവകളും തമ്മിലുള്ള ആക്രമണത്തിന്‍റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. വീഡിയോയുടെ അടിസ്ഥാനത്തിൽ വന്യജീവി വിദഗ്ധനായ നിഖിൽ അഭ്യങ്കർ പറയുന്നത് ഇരുകടുവകളും തമ്മിൽ നടന്നത് കടുത്ത പോരാട്ടമായിരിക്കാമെന്നാണ്. ഇരു കടുവകളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാകാം സംഘര്‍ഷത്തിന് കാരണം. അതുകൊണ്ട് തന്നെ ഛോട്ടാ മട്കയ്ക്കും സാരമായി പരിക്കേൽക്കാനുള്ള സാധ്യതകളുണ്ടെന്നും അതിനാൽ കടുവയെ കണ്ടെത്തി അതിന്‍റെ ആരോഗ്യം പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഛോട്ടാ മട്ക, ഖഡ്‌സംഗി ശ്രേണിയിലെ ശക്തനായ ആണ്‍ കടുവയാണ്. മൂന്ന് പെൺ കടുവകളിൽ നിന്നുണ്ടായ എട്ട് കുഞ്ഞുങ്ങളുടെ അച്ഛനാണ് ഛോട്ടാ മട്ക എന്നാണ് ഈ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ കുഞ്ഞുങ്ങളുടെ നിലനിൽപ്പിന് അവന്‍റെ അതിജീവനം നിർണായകമാണ്. ഒരു ശക്തനായ ആൺകടുവ തന്‍റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും തന്‍റെ പ്രദേശത്തേക്ക് നുഴഞ്ഞുകയറുന്ന മറ്റ് ആൺ കടുവകളെ കൊല്ലുകയും ചെയ്യുമെന്നാണ് ഡോ.ജിതേന്ദ്ര രാംഗോങ്കർ പറയുന്നത്. ജനുവരി മുതൽ മഹാരാഷ്ട്രയിൽ ബജ്‌റംഗ് ഉൾപ്പെടെ 42 കടുവകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടങ്ങൾ, പ്രദേശിക സംഘർഷങ്ങൾ, വേട്ടയാടൽ എന്നിവയാണ് ഈ മേഖലയിൽ കടുവകൾ കൊല്ലപ്പെടുന്നതിനുള്ള മൂന്ന് പ്രധാന കാരണങ്ങളായി വന്യജീവി വിദഗ്ധർ ചൂണ്ടികാട്ടുന്നത്. കടുവകളുടെ ആവാസ വ്യവസ്ഥകൾ ചുരുങ്ങുന്നത് പ്രാദേശിക ഏറ്റുമുട്ടലുകളിലേക്ക് നയിക്കുമെന്നും കടുവ പ്രദേശങ്ങളിലെ ഹൈവേകൾക്ക് വീതികൂട്ടുന്നത് കൂടുതല്‍ അപകടങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.
തമിഴന്‍റെ ചരിത്രം മാറുമോ? ശിവകലൈയിലെ ശ്മശാനത്തിൽ കണ്ടെത്തിയ നെൽക്കതിരുകൾക്ക് 3,200 വർഷം പഴക്കം !