പച്ചമാംസമാണ് ഈ നായയുടെ ഇഷ്ട ഭക്ഷണം. പ്രതിദിനം ഓരോ കോഴിയെ മുഴുവനായും ഇതിന് ഭക്ഷിക്കാൻ കൊടുക്കും.
വളർത്തുമൃഗങ്ങളെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കണ്ട് പരിപാലിക്കുന്നവർ നിരവധിയാണ്. അവയ്ക്കായി എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാനും ഇത്തരം മൃഗ സ്നേഹികളായ ഉടമകൾക്ക് ഒരു മടിയുമുണ്ടാകില്ല. അത്തരത്തിൽ തന്‍റെ പ്രിയപ്പെട്ട നായയുടെ ഭക്ഷണത്തിന് വേണ്ടി മാത്രം പ്രതിവർഷം ലക്ഷങ്ങൾ ചിലവഴിക്കുന്ന ഒരു വ്യക്തിയുണ്ട് ഇംഗ്ലണ്ടിൽ. നോർത്ത് യോർക്ക്ഷെയറിൽ നിന്നുള്ള ഡിലൻ ഷാ എന്ന 33 കാരനായ നായ പരിശീലകനാണ് തന്‍റെ നായയുടെ ഭക്ഷണത്തിന് വേണ്ടി മാത്രം പ്രതിവർഷം നാലര ലക്ഷം രൂപയോളം ചിലവഴിക്കുന്നത്. ടർക്കിഷ് മലക്ലി ഇനത്തിൽപ്പെട്ട രണ്ട് വയസ്സുള്ള ഇദ്ദേഹത്തിന്‍റെ നായയുടെ പേര് 'അബു' എന്നാണ്.
രണ്ട് വയസ്സുകാരൻ ആണെന്ന് കരുതി അബുവിനെ ആരും അത്ര നിസ്സാരക്കാരനായി കാണേണ്ട. കാരണം 113 കിലോ ഭാരമുള്ള ആരു കണ്ടാലും ഭയന്ന് പോകുന്ന ഒരു ഭീമൻ നായയാണ് അബു. തീർന്നില്ല, ഇനി ഇതിന്‍റെ ഉയരം എത്രയാണെന്ന് അറിയണ്ടേ? ഏഴ് അടി ഉയരം ഉണ്ട് തന്‍റെ നായക്കെന്നാണ് ഡിലൻ ഷാ പറയുന്നത്. പച്ചമാംസമാണ് ഈ നായയുടെ ഇഷ്ട ഭക്ഷണം. പ്രതിദിനം ഓരോ കോഴിയെ മുഴുവനായും ഇതിന് ഭക്ഷിക്കാൻ കൊടുക്കും. വീടിന് പുറത്തിറങ്ങിയാൽ വളരെ ഊർജ്ജസ്വലനായാണ് അബു പെരുമാറാറുള്ളതെങ്കിലും വീടിനകത്ത് പാവത്താനായി ആരുടെയെങ്കിലും മടിയിൽ ചുരുണ്ടു കൂടി കിടന്നുറങ്ങാനാണ് അവന് ഇഷ്ടമെന്നും ഡിലൻ ഷാ ബ്രിട്ടീഷ് വാർത്ത ഏജൻസിയായ എസ് ഡബ്ലിയു എൻ എസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. മൂന്ന് വയസ്സാകുമ്പോൾ മാത്രമാണ് ടർക്കിഷ് മലക്ലി ഇനത്തിൽപ്പെട്ട നായകളുടെ ശരീര വളർച്ച പൂർണ്ണമാവുക എന്നാണ് ഡിലൻ പറയുന്നത്. അതുകൊണ്ടുതന്നെ തന്‍റെ അബു ഇനിയും വളരാനുണ്ടെന്നും ഇദ്ദേഹം കൂട്ടിചേര്‍ക്കുന്നു.
2021 നവംബറിലാണ് നാല് മാസം മാത്രം പ്രായമുണ്ടായിരുന്ന അബുവിനെ തുർക്കിയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നത്. തുർക്കിയിലെ ഫീൽഡ് സെക്യൂരിറ്റി നായകളായാണ് ടർക്കിഷ് മലക്ലി അറിയപ്പെടുന്നത്. അമേരിക്കൻ ഡോഗ് ഫെഡറേഷന്‍റെ (എഡിഎഫ്) അഭിപ്രായത്തിൽ വലിയ ശരീരവും അതിനൊത്ത ശക്തിയും വലിയ തലയുമാണ് ഈ നായ്ക്കളുടെ പ്രത്യേകത. ഉടമയോട് വളരെയധികം വിധേയപ്പെട്ടിരിക്കുന്ന ഈ നായ അപരിചിതരോട് ആക്രമണ സ്വഭാവം കാണിക്കാനുള്ള സാധ്യത കൂടുതലാണെന്നും എഡിഎഫ് ചൂണ്ടിക്കാണിക്കുന്നു.