'ഞാൻ ബോസാടാ, ബോസ്'; 104 -ലും വീട്ടിലിരിക്കാനില്ല, കടലിൽ പോയി കൊഞ്ചിനെ പിടിച്ച് മുത്തശ്ശി

By Web Team  |  First Published Jun 17, 2024, 10:54 AM IST

താൻ വിരമിക്കാനേ ഉദ്ദേശിക്കുന്നില്ലെന്നും ഇപ്പോഴും താൻ ബോസ് തന്നെയാണ് എന്നുമാണ് ജിന്നി പറയുന്നത്. എട്ടാം വയസ്സിലാണ് അവൾ കെണിവച്ച് ഞണ്ടിനെ പിടികൂടുന്ന വിദ്യ പഠിച്ചെടുത്തത്.


പ്രായമായാൽ അടങ്ങിയൊതുങ്ങി ഒരു മൂലക്കിരിക്കണം. ഇതാണ് പലരുടേയും ചിന്ത. അതുപോലെ ആരോ​ഗ്യത്തിന് കുഴപ്പമൊന്നുമില്ലെങ്കിലും വിരമിക്കണം തുടങ്ങിയ ചിന്തകളും നമുക്കിടയിലുണ്ട്. എന്നാൽ, അവർക്കൊക്കെ ഒരു വെല്ലുവിളിയാണ് ഈ 104 -കാരി. ഈ പ്രായത്തിലും താൻ ചെയ്തുകൊണ്ടിരുന്ന ജോലി ഉപേക്ഷിക്കാനോ വീട്ടിലിരിക്കാനോ അവർ തയ്യാറായിട്ടില്ല. വിർജീനിയ ജിന്നി ഒലിവർ എന്നാണ് അവരുടെ പേര്. 'ലോബ്‍സ്റ്റർ ലേഡി' എന്നാണ് അവർ അറിയപ്പെടുന്നത്. 

യുഎസ്സിലെ മെയ്നിലെ കൊഞ്ചിനെ പിടിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ആളാണ് ജിന്നി. താൻ വിരമിക്കാനേ ഉദ്ദേശിക്കുന്നില്ലെന്നും ഇപ്പോഴും താൻ ബോസ് തന്നെയാണ് എന്നുമാണ് ജിന്നി പറയുന്നത്. എട്ടാം വയസ്സിലാണ് അവൾ കെണിവച്ച് കൊഞ്ചിനെ പിടികൂടുന്ന വിദ്യ പഠിച്ചെടുത്തത്. പിതാവിനും സഹോദരനുമൊപ്പമായിരുന്നു അത്. ഇപ്പോൾ 96 വർഷമായി അവർ ഈ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. ജീവിതം മുഴുവനും താൻ ഈ ജോലിയാണ് ചെയ്തത്. എന്നാൽ, കടൽ തന്നെ ഒരിക്കലും ചതിച്ചിട്ടില്ല എന്നാണ് അവൾ പറയുന്നത്. 

Latest Videos

പ്രദേശത്തെ താരം തന്നെയാണ് ഇപ്പോൾ ജിന്നി മുത്തശ്ശി. കുട്ടികളുടെ ചിത്ര പുസ്തകങ്ങളിൽ പോലും അവളെ കുറിച്ച് പറയുന്നുണ്ട്. എപ്പോഴാണ് ഈ ജോലിയിൽ നിന്നും വിരമിക്കുക എന്ന് ചോദിച്ചാൽ താൻ അങ്ങനെ വിരമിക്കാനേ ഉദ്ദേശിച്ചിട്ടില്ല, മരണം വരെ ഈ തൊഴിൽ തുടരും എന്നാണ് അവർ പറയുന്നത്. 

ജിന്നിയുടെ ഭർത്താവും ഒരു മത്സ്യത്തൊഴിലാളിയായിരുന്നു. അദ്ദേഹം മരിച്ചു. ഇപ്പോൾ 80 വയസുള്ള മകൻ മാക്സിനൊപ്പമാണ് അവർ കടലിൽ പോകുന്നത്. നാല് മക്കളാണ് ജിന്നിക്കുള്ളത്. അവർ ജനിച്ച അതേ തെരുവിൽ തന്നെയാണ് ഇത്രയും കാലവും അവർ ജീവിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!