ഒരുവീട്ടിൽ നിന്നും ഒഴിപ്പിച്ചത് ഒരുലക്ഷം തേനീച്ചകളെ, ഇത്രയധികം തേനീച്ചകളെത്തുന്നത് ഇത് രണ്ടാംവട്ടം

By Web Team  |  First Published May 8, 2021, 2:22 PM IST

ആദ്യമായി വലിയ കൂട്ടം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അയല്‍ക്കാര്‍ ലിസയോട് പറഞ്ഞത് ലിസയ്ക്ക് മുമ്പ് വീടിന്‍റെ ഉടമസ്ഥരായിട്ടുണ്ടായിരുന്നവര്‍ക്കും ആ വീട്ടിൽ നിന്നും ഇതുപോലെ തേനീച്ചകളെ ഒഴിപ്പിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ്. 


ജോര്‍ജ്ജിയയില്‍ ഒരു സ്ത്രീ ആകെ ഞെട്ടിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, അവരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത് ഏകദേശം ഒരുലക്ഷമെങ്കിലും തേനീച്ചകളെയാണ്. അതും രണ്ടാമത്തെ വട്ടമാണ് ഇത്രയധികം തേനീച്ചകളെ അവരുടെ വീട്ടില്‍ നിന്നും കണ്ടെത്തുകയും ഒഴിപ്പിക്കുകയും ചെയ്യുന്നത്. ഡെക്കാറ്റൂറിലുള്ള ആ വീട്ടില്‍ 14 വര്‍ഷമായി താമസിക്കുകയാണ് ലിസ ഓറമുണ്ട് എന്ന സ്ത്രീ. നാലുവട്ടമെങ്കിലും വീട്ടില്‍ നിന്നും തേനീച്ചകളെ മാറ്റിയിട്ടുണ്ട് എന്ന് ലിസ ആ സമയത്ത് സിഎന്‍എന്നിനോട് പറയുകയുണ്ടായി. 

'നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2017 മേയ് മാസത്തില്‍ ഒരു വലിയ തേനീച്ചക്കൂട് വീട്ടില്‍ നിന്നും മാറ്റി. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചെറിയ തേനീച്ചക്കൂട് മാറ്റേണ്ടി വന്നു. അതിനുശേഷം വീണ്ടും ഒരു ചെറിയ കൂട്. ഇതാ അതിനു ശേഷമാണ് ഈ വലിയ കൂട്ടം. എനിക്ക് തോന്നുന്നത് ഇത് അവയുടെ ​ഗ്രാന്റ് ഫിനാലേ ആണെന്നാണ്' - എന്ന് ലിസ പറയുന്നു. 

Latest Videos

undefined

"തേനീച്ചകൾ അകത്തേക്കും പുറത്തേക്കും പോകുന്നത് നിങ്ങൾക്ക് കാണാം. അത് വിചിത്രമാണ് എന്നും നിങ്ങള്‍ക്ക് തോന്നാം. ഇത്തവണ ധാരാളം തേനീച്ചകൾ ഞങ്ങളുടെ വീട്ടിൽ എത്തിക്കൊണ്ടിരിക്കുന്നു - ഏതൊരു ദിവസവും ഞങ്ങളുടെ സ്ലൈഡിംഗ് ഗ്ലാസ് വാതിലിന്റെ അടിയിൽ 20 മുതൽ 25 വരെ തേനീച്ചകൾ ഉണ്ടാകും." എന്നും ലിസ പറയുന്നു. ആദ്യമായി വലിയ കൂട്ടം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അയല്‍ക്കാര്‍ ലിസയോട് പറഞ്ഞത് ലിസയ്ക്ക് മുമ്പ് വീടിന്‍റെ ഉടമസ്ഥരായിട്ടുണ്ടായിരുന്നവര്‍ക്കും ആ വീട്ടിൽ നിന്നും ഇതുപോലെ തേനീച്ചകളെ ഒഴിപ്പിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ്. 

ജോര്‍ജ്ജിയ ബീ റിമൂവല്‍ ഓപ്പറേഷന്‍സ് (Georgia Bee Removal) ഡയറക്ടര്‍ ബോബി ചെയ്സണ്‍ പറയുന്നത്, 'എന്തുകൊണ്ടാണ് ഇത്രയധികം തേനീച്ചകള്‍ ലിസയുടെ വീട്ടില്‍ എത്തിക്കൊണ്ടിരിക്കുന്നത് എന്നതിന്‍റെ കാരണം മനസിലാവുന്നില്ല' എന്നാണ്. 'അവയ്ക്ക് ഈ വീടിനോട് എന്തോ ഒരിഷ്ടം ഉണ്ടെന്ന് തോന്നുന്നു. അതായത്, പ്രിയപ്പെട്ട തേനീച്ചകളെ സ്വാഗതം എന്നോ മറ്റോ എഴുതിയ ബോര്‍ഡ് കാണുന്നതുപോലെയാണ് അവ ഇങ്ങോട്ട് വരുന്നത്' എന്നും ബോബി പറയുന്നു. വീട്ടില്‍ നിന്നും ഏകദേശം ഒരുലക്ഷം തേനീച്ചകളെ മാറ്റിയതായും ബോബി പറയുന്നു. എന്നാല്‍, 2017 -ലാണ് ഏറ്റവുമധികം തേനീച്ചകളെ മാറ്റിയത്. അത് ഏകദേശം 120,000 എങ്കിലും വരും എന്നാണ് കരുതുന്നത്. സാധാരണ തേനീച്ചകളുടെ കോളനിയായി കരുതുന്നിടത്ത് പോലും 40,000 തേനീച്ചകളൊക്കെയാണ് കാണുന്നത്. അത് വച്ചുനോക്കുമ്പോള്‍ ഇത് ഭീകരമായ അവസ്ഥയാണ് എന്നും അദ്ദേഹം പറയുന്നു. 

ഏതായാലും ​ഇത് തേനീച്ചകളുടെ ​ഗ്രാന്റ് ഫിനാലെ ആവും എന്നും ഇനിയൊരിക്കലും തേനീച്ചകൾ ഇങ്ങനെ വരില്ല എന്നും പ്രതീക്ഷിച്ചിരിക്കുകയാണ് ലിസ. പക്ഷേ, അതെത്രത്തോളം നടക്കും എന്ന കാര്യത്തിൽ മാത്രം യാതൊരു ഉറപ്പുമില്ല എന്ന് മാത്രം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!