ഒരു ദിവസം ഹാരോൾഡിന് ഒരു കവർ വന്നു. ഒരു പ്രത്യേക സ്ഥലത്ത് എത്തുന്നത് വരെ ആ കവർ തുറക്കരുത് എന്നായിരുന്നു നിർദ്ദേശം. ഒടുവിൽ അതിൽ പറഞ്ഞ പ്രകാരം പോൾട്ടവയിലെത്തിയ ശേഷമാണ് അദ്ദേഹം ആ സത്യം അറിയുന്നത്.
'റോമിയോയുടെയും ജൂലിയറ്റിന്റെയും പ്രണയത്തേക്കാൾ മനോഹരമാണ് നമ്മുടെ പ്രണയം', പറയുന്നത് അമേരിക്കക്കാരായ ഹാരോൾഡ് ടെറൻസും ജീൻ സ്വെർലിനും. ഹാരോൾഡിന് വയസ്സ് 100. ജീന് വയസ്സ് 96. അടുത്ത മാസം ഫ്രാൻസിലാണ് ഇരുവരുടേയും വിവാഹം.
രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഒരു സൈനികനാണ് ഹാരോൾഡ്. യുദ്ധത്തിൽ പങ്കെടുത്തതിന് ഡി-ഡേ ലാൻഡിംഗിൻ്റെ 80 -ാം വാർഷികത്തോടനുബന്ധിച്ച് യുഎസ് എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ഹാരോൾഡിനെ ജൂൺ ആറിന് രാജ്യം ആദരിക്കും. അതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമായിരിക്കും ഇരുവരുടേയും വിവാഹം.
ഹാരോൾഡിന് 18 വയസ്സ് തികഞ്ഞതിന് തൊട്ടുപിന്നാലെയാണ് പേൾ ഹാർബറിലെ യുഎസ് നേവി ബേസ് ജപ്പാൻ ബോംബെറിഞ്ഞു തകർത്തത്. അന്നത്തെ അനേകം അമേരിക്കൻ യുവാക്കളെപ്പോലെ അവനും സ്വന്തം രാജ്യത്തിന് വേണ്ടി യുദ്ധത്തിൽ ചേരാൻ താൽപ്പര്യമുണ്ടായിരുന്നു.
20 വയസ്സായപ്പോഴേക്കും അദ്ദേഹം മോഴ്സ് കോഡിൽ വിദഗ്ദ്ധനായി. ഇംഗ്ലണ്ടിലേക്ക് പോകുന്ന ഒരു കപ്പലിൽ, ഫോർ P-47 തണ്ടർബോൾട്ട് യുദ്ധവിമാനങ്ങളുടെ ഒരു സ്ക്വാഡ്രണിലേക്കായിരുന്നു ഹാരോൾഡിനെ നിയോഗിച്ചത്. യുദ്ധത്തിൽ ഒരുപാട് വിമാനങ്ങളും പൈലറ്റുകളും അമേരിക്കയ്ക്ക് നഷ്ടമായിരുന്നു. അതിൽ ഹാരോൾഡിന്റെ അനേകം സുഹൃത്തുക്കളും സഹപ്രവർത്തകരും പെടുന്നു.
ഒരു ദിവസം ഹാരോൾഡിന് ഒരു കവർ വന്നു. ഒരു പ്രത്യേക സ്ഥലത്ത് എത്തുന്നത് വരെ ആ കവർ തുറക്കരുത് എന്നായിരുന്നു നിർദ്ദേശം. ഒടുവിൽ അതിൽ പറഞ്ഞ പ്രകാരം പോൾട്ടവയിലെത്തിയ ശേഷമാണ് അദ്ദേഹം ആ സത്യം അറിയുന്നത്. ഒരു റഷ്യൻ ഉദ്യോഗസ്ഥനാണ് പറയുന്നത് അദ്ദേഹം ഒരു രഹസ്യപദ്ധതിയുടെ ഭാഗമായിരിക്കുകയാണ് എന്ന്. നാസി ജർമ്മനിയുടെ കീഴിലുണ്ടായിരുന്ന സ്ഥലങ്ങൾ തകർക്കുകയായിരുന്നു സഖ്യത്തിന്റെ ലക്ഷ്യം.
ഉക്രെയ്നിലെ സഖ്യസേനയുടെ താവളം ജർമ്മനി കണ്ടെത്തി ആക്രമിക്കുന്നതുവരെ 24 മണിക്കൂറാണ് ആ ഓപ്പറേഷൻ നീണ്ടുനിന്നത്. ഹാരോൾഡ് ജീവനോടെ രക്ഷപ്പെട്ടെങ്കിലും എവിടെയാണ് എന്ന് അറിയാത്ത ഒരു പ്രദേശത്ത് തനിച്ചാണ് അയാൾ എത്തിപ്പെട്ടത്. ഒടുവിൽ ഒരു കർഷക കുടുംബമാണ് അദ്ദേഹത്തെ രക്ഷിച്ചത്.
പിന്നീടൊരിക്കൽ കൂടി അദ്ദേഹം മരണത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടു. അത് ഇംഗ്ലണ്ടിൽ തിരികെ എത്തിയ ശേഷമായിരുന്നു. ഒരു പബ്ബിൽ ചെന്ന് ഹാരോൾഡ് മദ്യം ആവശ്യപ്പെട്ടു. എന്നാൽ ഷോപ്പ് അടക്കുകയാണ് എന്ന് പറഞ്ഞ് പബ്ബുടമ മദ്യം കൊടുക്കാൻ തയ്യാറായില്ല. ഹാരോൾഡ് നിരാശനായി ഇവിടെ നിന്നും ഇറങ്ങിയതിന് തൊട്ടുപിന്നാലെ ഒരു ജർമ്മൻ റോക്കറ്റ് ആ പബ്ബ് തകർത്തു കളഞ്ഞു.
പിന്നീട്, രാജ്യത്ത് തിരികെ എത്തിയ ശേഷം അദ്ദേഹം തെൽമ എന്ന യുവതിയെ വിവാഹം കഴിച്ചു. മൂന്ന് കുട്ടികളും ഇവർക്ക് ജനിച്ചു. ടെറൻസ് ഒരു ബ്രിട്ടീഷ് മൾട്ടിനാഷണലിൽ ജോലി ചെയ്തു. ഹാരോൾഡും തെൽമയും വിരമിച്ചപ്പോൾ അവർ ഫ്ലോറിഡയിൽ സ്ഥിരതാമസമാക്കി. 2018 -ലായിരുന്നു തെൽമയുടെ മരണം. അത് ഹാരോൾഡിനെ തളർത്തി, മൂന്ന് വർഷം താൻ വേദനയിൽ കഴിച്ചുകൂട്ടി എന്ന് ഹാരോൾഡ് പറയുന്നു.
2021 -ലാണ് അദ്ദേഹം ജീനിനെ കണ്ടുമുട്ടുന്നത് അവരും വിധവയായിരുന്നു. തങ്ങളുടെ കണ്ടുമുട്ടല്‍ ജീവിതത്തെ പുതിയ തലത്തിലേക്കെത്തിച്ചു എന്നാണ് ഹാരോൾഡ് പറയുന്നത്. ആദ്യമായി ഇരുവരും കണ്ടുമുട്ടിയപ്പോൾ ഹാരോൾഡിന് ജീനിനെ നോക്കാൻ തന്നെ മടിയായിരുന്നു. എന്നാൽ, രണ്ടാമത്തെ കണ്ടുമുട്ടലിന് ശേഷം ഇരുവരും പിന്നെ പിരിഞ്ഞേയില്ല. ജീവിതത്തിന്റെ അവസാന കാലത്ത് ഇരുവരും കടുത്ത പ്രണയത്തിൽ അകപ്പെട്ടു.
ഹാരോൾഡ് നല്ലൊരു കാമുകനാണ് എന്നാണ് ജീൻ പറയുന്നത്. ഇരുവരും രണ്ട് പുതുപ്രണയികളെ പോലെ ഇപ്പോൾ ജീവിതം ആസ്വദിക്കുകയാണ്. ഒപ്പം തങ്ങളുടെ വിവാഹദിനം വന്നെത്തുന്നതിന് ആവേശത്തോടെ കാത്തിരിക്കുകയും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം