കേരളം ചുട്ടുപൊള്ളുന്നത് എന്തുകൊണ്ട്, പൊള്ളിക്കുന്നത് ഏതൊക്കെ കാലാവസ്ഥാ ഘടകങ്ങള്‍?

By Web Team  |  First Published Apr 20, 2023, 3:04 PM IST

കേരളമടക്കം വിവിധ സംസ്ഥാനങ്ങള്‍ അതികഠിനമായ ചൂടില്‍ ചുട്ടുപൊള്ളുകയാണ്. എന്തുകൊണ്ടാണ് ഈ കൊടുംചൂട്? ഏതൊക്കെ കാലാവസ്ഥാ ഘടകങ്ങള്‍ ആണ് അതിനു കാരണമാവുന്നത്? കൊച്ചിയിലെ ഭൗമ പാരിസ്ഥിതിക ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥ ശാസ്ത്രജ്ഞനായ ഡോ. വേണു ജി നായര്‍ എഴുതുന്നു


കേരളമടക്കം വിവിധ സംസ്ഥാനങ്ങള്‍ അതികഠിനമായ ചൂടില്‍ ചുട്ടുപൊള്ളുകയാണ്. ഈ വര്‍ഷം തുടങ്ങിയതു മുതല്‍ പൊള്ളുന്ന ചൂടും കൊടും വെയിലുമാണ് കേരളത്തില്‍. പാതിരാവില്‍പോലും കൊടുംചൂടാണ് അനുഭവപ്പെടുന്നത്. സൂര്യാഘാത ഭീഷണി യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. നമ്മുടെ മിക്ക ജില്ലകളിലും സാധാരണ ജീവിതം വലിയ പ്രതിസന്ധിയിലേക്കാണ് പോവുന്നത്. 

എന്തുകൊണ്ടാണ് ഈ കൊടുംചൂട്? ഏതൊക്കെ കാലാവസ്ഥാ ഘടകങ്ങള്‍ ആണ് അതിനു കാരണമാവുന്നത്? 

Latest Videos

undefined

ആ നാല്  ഘടകങ്ങള്‍

അതിന് ആദ്യമായി, ഒരു സ്ഥലത്തെ അന്തരീക്ഷത്തിന്റെ ചൂട് നിര്‍ണയിക്കുന്നത് ഏതൊക്കെ ഘടകങ്ങള്‍ ആണെന്ന് മനസ്സിലാക്കണം. പ്രധാനമായും നാല്  ഘടകങ്ങള്‍ ആണ് അന്തരീക്ഷ താപം നിര്‍ണയിക്കുന്നത്. 

1. സൂര്യനില്‍ നിന്നുള്ള വികിരണങ്ങളുടെ ആഗിരണ- പ്രസരണ തോതുകള്‍ (Radiative Flux Transfer of Atmosphere). താഴെ കൊടുത്തിരിക്കുന്ന ചിത്രം ഇതിന്റെ കണക്കുകള്‍ ആണ് കാണിക്കുന്നത്. 

 


         
2. അന്തരീക്ഷത്തില്‍, ട്രോപോസ്ഫിയറിന്റെ  മുകളില്‍ നിന്ന് (ഏതാണ്ട് 12 -18  കിലോമീറ്റര്‍ ഉയരത്തില്‍) ഭൂമിയുടെ ഉപരിതലത്തിലേയ്ക്ക് വായു താഴ്ന്നു വരുന്നത്. അതിവേഗത്തിലുള്ള ഭീമന്‍ കാറ്റുകള്‍ (Jet Streams) ആ ഉയരത്തില്‍ ഉണ്ടാക്കുന്ന ചുഴികള്‍ (Cyclonic circulation)  ആണ് ഇതിനു കാരണമാകുന്നത്. 

3. സമുദ്രത്തില്‍ നിന്നും, സമീപത്തെ മലമ്പ്രദേശങ്ങളില്‍ നിന്നുമുള്ള കാറ്റുകള്‍ കൊണ്ടുവരുന്ന ഉഷ്ണ വായു. (Advection of Heat from nearby places).

4. താപ ദ്വീപ് പ്രഭാവം (Heat Island Effect). കോണ്‍ക്രീറ്റ്, റോഡിലെ ബിറ്റുമിന്‍, എയര്‍ കണ്ടിഷണര്‍ തുടങ്ങിയവയില്‍ നിന്നും പുറത്തേയ്ക്കു വമിക്കുന്ന താപമാണ് ഒരു പ്രദേശത്തെ താപ ദ്വീപായി (Heat Island Effect) മാറ്റുന്നത്. (ഇത് തികച്ചും പ്രാദേശികമാണ് -(Local effect only) ).

ഇനി ഈ നാലു ഘടകങ്ങള്‍ എങ്ങനെയാണ് കേരളത്തിലെ കൊടും ചൂടിന്റെ കാരണമാവുന്നത് എന്നു നോക്കാം. 

1. ഭീമന്‍ കാറ്റുകള്‍ (Jet Streams) ഉണ്ടാക്കുന്ന ചുഴികള്‍ (Cyclonic circulation): 

ഭൂമിയുടെ താപ സന്തുലന കണക്കു പ്രകാരം (Heat Balance of Earth),  സൂര്യനില്‍ നിന്നും വരുന്ന രശ്മികളുടെ 23  ശതമാനത്തെ, മേഘങ്ങള്‍ ശൂന്യാകാശത്തേയ്ക്കു പ്രതിഫലിപ്പിക്കും. ഇതിന്റെ നാലു ശതമാനത്തെ  മേഘങ്ങള്‍ വലിച്ചെടുക്കും. മേഘങ്ങള്‍ ഇല്ലാത്ത തെളിഞ്ഞ പകല്‍ ആണെങ്കില്‍ ഈ രശശമികള്‍ (23 +4 = 27%)  ഭൂമിയിലേയ്ക്ക് നേരെ വരും. കേരളത്തില്‍ ഈ ദിവസങ്ങളിലെല്ലാം ഏതാണ്ട് നല്ല തെളിഞ്ഞ ആകാശമായിരുന്നു. അപ്പോള്‍ തീര്‍ച്ചയായും, താഴേയ്ക്ക് വന്ന സൂര്യ പ്രകാശത്തിന്റെ അളവില്‍   മാറ്റമുണ്ടായിരുന്നു എന്ന് വ്യക്തമാണല്ലോ. 

അതുപോലെ, ഭൂമിയില്‍ പതിക്കുന്ന സൂര്യ വികിരണത്തിന്റെ അഞ്ചു ശതമാനംഭൂമി അതിനെ തൊട്ടുകിടക്കുന്ന അന്തരീക്ഷത്തിലേക്ക് നേരിട്ട് കൊടുക്കും (Sensible Heat from touching the earth's surface). അടുത്ത കാലത്തായി മണ്ണിന്റെ ജലാംശമൊക്കെ നഷ്ടപ്പെട്ടത്  (Soil Moisture) ഈ താപം നല്ല രീതിയില്‍ അന്തരീക്ഷത്തില്‍ എത്താന്‍ കാരണമായിട്ടുണ്ട്.  ഇതെല്ലം അന്തരീക്ഷ താപനില കൂടാന്‍ കാരണമായി. 

2. ഇനി രണ്ടാമത്തെ ഘടകം. കേരളത്തിന് മുകളിലൂടെ   ഭീമന്‍ കാറ്റുകള്‍ (Sub Tropical Jet streams) കടന്നു പോകുകയും അത് ഭൂ ഉപരിതലത്തില്‍നിന്നും 10-14 കിലോമീറ്റര്‍ ഉയരത്തില്‍ (10-14 km above surface of earth) ന്യുനമര്‍ദ്ദ ചുഴികള്‍ (Trough Zones) ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍ വായു താഴേയ്ക്ക് ഇറങ്ങി വന്ന്, താഴത്തെ അന്തരീക്ഷ മര്‍ദ്ദത്തിന്റെ ഫലമായി സമ്മര്‍ദ്ദ താപ നില (Heating due to adiabatic compression of air during subsidence) സ്വീകരിക്കുന്നു. ഇത് ചൂട് സാധാരണയില്‍ നിന്നും വീണ്ടും കൂട്ടി.  

3. അടുത്തതായി മൂന്നാമത്തെ  ഘടകം. കടലില്‍ വീഴുന്ന സൂര്യ വികിരണങ്ങളില്‍ നിന്നും 24% വരെ കടല്‍ അന്തരീക്ഷത്തിനു കൊടുക്കും. അറബിക്കടല്‍ നന്നായി ചൂടായി കിടക്കുന്നതു കൊണ്ട് അതു നല്ല അളവില്‍ ഉണ്ടായിട്ടുണ്ടാവാം എന്നു കരുതാം. അറബിക്കടല്‍ ശരാശരി താപ നിലയില്‍ നിന്നും 1.2  ഡിഗ്രി ഉയര്‍ന്നു നില്‍ക്കുകയായിരുന്നു എന്ന് കൂടി ഓര്‍ക്കുക. അറബിക്കടലില്‍ നിന്നും ഈ ദിവസങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റ് കേരളത്തിലേയ്ക്കു വീശുകയും കൂടി ചെയ്തപ്പോള്‍ ചൂട് കൂടാനുള്ള മൂന്നാമത്തെ ഘടകവും ഒത്തുവന്നു. 

4. അടുത്തത് താപ ദ്വീപ് എന്ന പ്രതിഭാസം. നാലാമത്തെ ഘടകമായ താപ ദ്വീപ് പ്രതിഭാസം (Heat Island Effect) കൊച്ചി പോലുള്ള നഗരങ്ങളില്‍  മിക്കവാറും ദിവസങ്ങളില്‍ ഉണ്ട്.   

ഈ ലേഖനം എഴുതുന്ന ഇന്നലെ (19.04.2023) ഭീമന്‍ കാറ്റുകള്‍ ചുഴികള്‍ ഉണ്ടാക്കുന്നത്  നിര്‍ത്തി നേരെ ഉള്ള വഴി തിരഞ്ഞെടുത്തിട്ടുണ്ട് (Almost straight Trajectory). അതിന്റെ ഒരു ആശ്വാസം ഇന്നലെ ഉണ്ടായിരുന്നു. നാം മുകളില്‍ ചര്‍ച്ച ചെയ്ത മറ്റു ഘടകങ്ങളും ദിനംപ്രതി മാറിയും മറിഞ്ഞും വന്നു കൊണ്ടിരിക്കും. 

 

(ലേഖകന്‍ കൊച്ചിയിലെ ഭൗമ പാരിസ്ഥിതിക ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥ ശാസ്ത്രജ്ഞനാണ്.) 

click me!