രമേശ് ചെന്നിത്തല എന്തുകൊണ്ടാണ് അഭിപ്രായസര്‍വേകളില്‍ ദയനീയമായ നിലയില്‍ പിന്തള്ളപ്പെടുന്നത്?
വാസ്തവത്തില്‍ കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷനേതാക്കളില്‍ ഒരാളായാണ് കഴിഞ്ഞ അഞ്ച് വര്‍ഷം ചെന്നിത്തല പ്രവര്‍ത്തിച്ചത്. പിണറായി സര്‍ക്കാര്‍ ചെയ്ത തെറ്റുകള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവരികയും തിരുത്തിക്കുകയും ചെയ്തത് ചെന്നിത്തലയാണ്. അന്വേഷണാത്മകപ്രവര്‍ത്തനം നടത്തുന്ന മാധ്യമങ്ങള്‍ക്കൊക്കെ കഴിഞ്ഞതിന്റെ പലമടങ്ങ്. ചെന്നിത്തലയുടെ സംഭാവനയ്ക്ക് മറ്റൊരു വലിയ മൂല്യം കൂടിയുണ്ട്. ഭരണകൂടത്തില്‍ സുതാര്യതയും ജനാധിപത്യവും ഏറ്റവും കുറഞ്ഞ കാലമായിരുന്നു ഈ അഞ്ച് വര്‍ഷം.
undefined
2020 ജൂണില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയത് മുതല്‍ ഈ നിയമസഭാ തെരഞ്ഞടുപ്പിനു മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് അടക്കം കേരളത്തിലും പുറത്തുമുള്ള വിവിധ മാധ്യമങ്ങള്‍ വ്യത്യസ്ത ഏജന്‍സികളെക്കൊണ്ട് നടത്തിയ സര്‍വേകളിലെല്ലാം ഒരു പോലെ വന്ന കണ്ടെത്തലുകള്‍ നാലാണ്.
1. പിണറായി സര്‍ക്കാരിനു ലഭിക്കാവുന്ന തുടര്‍ഭരണം.
2. മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപ്രീതിയുള്ള ആള്‍ പിണറായി വിജയന്‍.
3. യു ഡി എഫില്‍ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടി.
4. ജനപ്രീതിയില്‍ രമേശ് ചെന്നിത്തല മുല്ലപ്പള്ളിക്കൊപ്പം വളരെ പിന്നില്‍.
2020 ജൂണില്‍ ഏഷ്യാനെറ്റ് ന്യൂസും സി ഫോറും ചേര്‍ന്ന് നടത്തിയ സര്‍വേ തെരഞ്ഞടുപ്പ് സര്‍വേ ആയിരുന്നില്ല. ആ സമയത്തെ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് എന്തെന്നറിയാനായിരുന്നു അത്. അപ്പോള്‍ ഉമ്മന്‍ ചാണ്ടി രാഷ്ട്രീയത്തിന്റെ ഒന്നാം നിരയില്‍ തന്നെ ഉണ്ടായിരുന്നില്ല. 2016 -ലെ തെരഞ്ഞടുപ്പിലെ വന്‍ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് സംസ്ഥാനത്ത് പാര്‍ട്ടിയുടെ പദവികളോ ഉത്തരവാദിത്തങ്ങളോ ഒന്നും സ്വീകരിക്കില്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം. അനാരോഗ്യവും പ്രായവും അദ്ദേഹത്തെ ഒരര്‍ത്ഥത്തില്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്ന മട്ടിലേക്ക് എത്തിച്ചിരുന്നു.
സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തിന്റെയും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സ്പ്രിംഗ്‌ലര്‍ തുടങ്ങിയ വലിയ വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയമനസ്സ് മാറുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതായിരുന്നു ആ സര്‍വേ. ഭരണത്തിന്റെ അവസാനവര്‍ഷത്തിലേക്ക് പ്രവേശിച്ച എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തില്‍ പതിവില്ലാത്തവിധം ജനപ്രീതി ആര്‍ജ്ജിച്ചതായി ആ സര്‍വേ വെളിപ്പെടുത്തി. നേതാക്കളുടെ ജനപ്രീതിയുടെ നിലവാരവും ചൂണ്ടിക്കാട്ടപ്പെട്ടു. വിവാദങ്ങളൊന്നും കാര്യമായി സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ജനപ്രീതിയെ ബാധിച്ചില്ല. സര്‍വേ കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ വീണ്ടും കൂടുതല്‍ വലിയ വിവാദങ്ങളില്‍ മുങ്ങി. എന്നാല്‍ ഡിസംബറില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞടുപ്പ് ഫലങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് സര്‍വേയുടെ കണ്ടെത്തലുകള്‍ ഏറെക്കുറെ പൂര്‍ണമായും സ്ഥിരീകരിച്ചു. ഭീമന്‍ അഴിമതി ആരോപണങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും എല്‍ ഡി എഫ് വന്‍ വിജയം കരസ്ഥമാക്കി.
ഇതോടെ യു ഡി എഫില്‍ പരിഭ്രാന്തി പടര്‍ന്നു. മുസ്ലിം ലീഗ് നേതാക്കളും മറ്റ് ചില കോണ്‍ഗ്രസ് നേതാക്കളും ദില്ലിക്ക് പറന്നു. ഉമ്മന്‍ ചാണ്ടിയെ കൊണ്ടുവരാതെ രക്ഷയില്ലെന്ന് അവര്‍ ഹൈക്കമാന്റിനെ അറിയിച്ചു. ജോസ് കെ മാണി എല്‍ ഡി എഫില്‍ എത്തിയതോടെ മധ്യകേരളത്തില്‍ ക്രിസ്ത്യാനികളും യു ഡി എഫ് വിട്ട് പോയെന്ന് അവര്‍ കേന്ദ്രനേതാക്കളെ ധരിപ്പിച്ചു. അതിനും പരിഹാരം ചാണ്ടിയേ ഉള്ളൂ എന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഹൈക്കമാന്റ് വഴങ്ങി. ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞടുപ്പ് കമ്മിറ്റി തലവനായി നിയമിച്ചു. അതോടെ വീണ്ടും സജിവ രാഷ്ട്രീയത്തിലേക്ക് എടുത്ത് ചാടിയ ചാണ്ടിയുടെ പ്രായാധിക്യവും അനാരോഗ്യവുമൊക്കെ പൊടുന്നനെ പോയ്മറഞ്ഞു. ജനത്തിരക്കിനൊപ്പം കഴിഞ്ഞില്ലെങ്കില്‍ ശ്വാസം മുട്ടുന്ന ചാണ്ടിക്ക് പ്രാണവായു തിരിച്ചുകിട്ടിയപോലെയായി. കോണ്‍ഗ്രസിലും മുന്നണിയിലും പുതിയ ആവേശവും ഊര്‍ജ്ജവും നിറഞ്ഞു. ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്ര സംസ്ഥാനത്ത് ഉടനീളം ഉയര്‍ത്തിയ അഭൂതപൂര്‍വ്വമായ ആവേശം പോലും ഇതിന്റെ ഭാഗമായിരുന്നു. യു ഡി എഫ് ജയിച്ചാല്‍ -സ്വയം മാറി നിന്നില്ലെങ്കില്‍- മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരിക്കുമെന്ന് സംശയമില്ല. ഉറപ്പായും ചെന്നിത്തലയ്ക്കാകുമെന്ന് വിശ്വസിച്ചിരുന്ന ഊഴം വീണ്ടും ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കും.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. ഫയല്‍ ചിത്രം.
മികച്ച പ്രതിപക്ഷ നേതാവ്
വാസ്തവത്തില്‍ കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷനേതാക്കളില്‍ ഒരാളായാണ് കഴിഞ്ഞ അഞ്ച് വര്‍ഷം ചെന്നിത്തല പ്രവര്‍ത്തിച്ചത്. പിണറായി സര്‍ക്കാര്‍ ചെയ്ത തെറ്റുകള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവരികയും തിരുത്തിക്കുകയും ചെയ്തത് ചെന്നിത്തലയാണ്. അന്വേഷണാത്മകപ്രവര്‍ത്തനം നടത്തുന്ന മാധ്യമങ്ങള്‍ക്കൊക്കെ കഴിഞ്ഞതിന്റെ പലമടങ്ങ്. ചെന്നിത്തലയുടെ സംഭാവനയ്ക്ക് മറ്റൊരു വലിയ മൂല്യം കൂടിയുണ്ട്. ഭരണകൂടത്തില്‍ സുതാര്യതയും ജനാധിപത്യവും ഏറ്റവും കുറഞ്ഞ കാലമായിരുന്നു ഈ അഞ്ച് വര്‍ഷം. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സി പി എമ്മിന്റെയോ എല്‍ ഡി എഫിന്റെയോ ഉള്ളില്‍ നിന്ന് പോലും വിമര്‍ശനമോ പരിശോധനയോ ഇല്ലാതെ പോയ അധികാര കേന്ദ്രീകരണത്തിന്റെയും അരാഷ്ട്രീയമായ ഉപദേശക- ഉദ്യോഗസ്ഥ മേധാവിത്തത്തിന്റെയും കാലം. രാഷ്ട്രീയ അധികാരം മുഴുവന്‍ മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിച്ച വര്‍ഷങ്ങള്‍. അതുകൊണ്ട് തന്നെ ചെന്നിത്തല പുറത്തുകൊണ്ടുവന്ന നിരവധി പിഴവുകള്‍ തിരുത്തപ്പെട്ടിരുന്നില്ലെങ്കില്‍ കേരളത്തിന് ഉണ്ടാകുമായിരുന്ന നഷ്ടങ്ങള്‍ നിസ്സാരമല്ല. അതുകൊണ്ടാണ് പ്രതിപക്ഷനേതാവെന്ന നിലയില്‍ മുമ്പ് വി എസ് അച്യുതാനന്ദന്‍ വഹിച്ച 'വിസില്‍ ബ്ലോവര്‍' ദൗത്യം ഇക്കാലത്ത് നിര്‍വഹിച്ചത് ചെന്നിത്തല ആയത്.
പക്ഷെ ഇതൊക്കെ ആയിട്ടും പ്രതിപക്ഷനേതാവെന്ന നിലയില്‍ വി എസ് കൈവരിച്ച വ്യാപകമായ അംഗീകാരവും സമ്മതിയും എന്തുകൊണ്ട് ചെന്നിത്തലയ്ക്ക് ലഭിക്കാതെ പോകുന്നു?
ഇന്ദിരാഗാന്ധിക്കൊപ്പം രമേശ് ചെന്നിത്തല. ഫയല്‍ ചിത്രം.
ഇതിനു രണ്ടു മൂന്ന് കാരണങ്ങള്‍ ഉണ്ട്.
അതിലേറ്റവും മുഖ്യം വിശ്വാസ്യതയാണ്. ഒരിക്കലും അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന ഒരാള്‍ മറ്റൊരാളുടെ അഴിമതിയെപ്പറ്റി കുറ്റപ്പെടുത്തിയാല്‍ ജനം എത്ര മാത്രം അദ്ദേഹത്തെ വിശ്വസിക്കും? അദ്ദേഹം വിളിച്ച് പറയുന്ന അഴിമതിക്കാര്യം ശരിയാണെന്ന് അംഗീകരിച്ചാലൂം ജനം അദ്ദേഹത്തെ അംഗീകരിക്കാന്‍ തയ്യാറാകില്ല. ചെന്നിത്തലയ്ക്ക് അങ്ങിനെനെയൊരു അഴിമതിവിരുദ്ധ പശ്ചാത്തലമില്ല. അദ്ദേഹം നേരിട്ട് ആരോപണങ്ങള്‍ അധികം നേരിട്ടില്ലെങ്കിലും എണ്ണമറ്റ അഴിമതി ആരോപണങ്ങള്‍ നേരിട്ട കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയില്‍ രണ്ടാമനായിരുന്നല്ലോ അദ്ദേഹം. ഒരു അഴിമതിക്കേസിലും അദ്ദേഹം ആരോപിതര്‍ക്കെതിരെ നിലപാട് സ്വീകരിച്ചില്ല. ഒരാളുടെ ധാര്‍മ്മികതയും ആത്മാര്‍ത്ഥതയും ജനങ്ങള്‍ അംഗീകരിക്കുന്നത് ആ ആള്‍ സ്വന്തം പക്ഷത്തെ തെറ്റുകള്‍ക്കെതിരെയും ശബ്ദിക്കുന്നുണ്ടോ എന്ന് നോക്കിയാണ്. എ കെ ആന്റണി, വി എം സുധീരന്‍, അച്യുതാനന്ദന്‍ തുടങ്ങി ധാര്‍മികതയുടെയും ആദര്‍ശധീരതയുടെയും ഒക്കെ കാര്യത്തില്‍ പൊതുവെ ജനസമ്മതി നേടിയ നേതാക്കള്‍ക്കൊക്കെ സ്വന്തം പക്ഷത്തെ തെറ്റുകള്‍ക്കെതിരെയും ശബ്ദമുയര്‍ത്തിയ പാരമ്പര്യമുണ്ട്. മാത്രമല്ല തന്റെ മൂല്യങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വേണ്ടി നഷ്ടങ്ങള്‍ സഹിക്കുകയും സ്ഥാനങ്ങള്‍ ത്യജിക്കുകയും ചെയ്ത ചരിത്രമുള്ളവരുടെ ധാര്‍മ്മികത മാത്രമേ ജനം അംഗീകരിക്കുകയുള്ളൂ. ചെറുപ്പം മുതല്‍ കൂടുതല്‍ കൂടുതല്‍ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് മാത്രം സഞ്ചരിച്ചവര്‍ക്ക് ആ ഒരു പരിഗണന ജനം നല്‍കാറില്ല.
പക്ഷെ ഇവയ്‌ക്കൊക്കെ പുറമെ ചെന്നിത്തലയുടെ കുറഞ്ഞ ജനപ്രീതിക്ക് മറ്റൊരു കാരണമുണ്ട്. ആ കാരണം തന്നെയാണ് മറുവശത്ത് പിണറായിയുടെ ഉയര്‍ന്ന ജനപ്രീതിയുടെയും പിന്നില്‍.
രമേശ് ചെന്നിത്തല
ദുരന്തകാലത്തെ വിമര്‍ശനങ്ങള്‍
ഇക്കഴിഞ്ഞ അഞ്ച് വര്‍ഷം കേരളം കടന്നുപോയത് സവിശേഷമായ അനുഭവങ്ങളിലൂടെയാണ്. നിപ്പ, രണ്ട് പ്രളയങ്ങള്‍, ഓഖി , കൊവിഡ് എന്നിങ്ങനെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത മഹാദുരന്തങ്ങളാണ് കേരളം ഇക്കാലത്ത് അനുഭവിച്ചത്. മരണം, രോഗം, ആസ്തിനഷ്ടം, സാമ്പത്തികത്തകര്‍ച്ച, തൊഴില്‍നഷ്ടം, ഒറ്റപ്പെടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ നമ്മെ ചവുട്ടിമെതിച്ച കാലം. ആരോഗ്യവും സമ്പത്തും സ്വാധിനവും ഒക്കെ ഉള്ളവര്‍ പോലും ഇവയുടെ മുന്നില്‍ നിസ്സഹായരായി നിന്നപ്പോള്‍ മറ്റുള്ളവരുടെ കാര്യം പറയണോ? ഈ അന്ധകാരത്തിന്റെയും നിരാശയുടെയും കഷ്ടനഷ്ടങ്ങളുടെയും കാലത്ത് പ്രത്യാശയുടെ ഏതൊരു കച്ചിത്തുരുമ്പും മനുഷ്യന് അമൂല്യമാണ്. പരിഭ്രാന്തിയിലും ഭയത്തിലും വിറങ്ങലിച്ച് എന്തെങ്കിലും ആശ്വാസത്തിനായി ടെലിവിഷന് മുന്നില്‍ കാത്തിരുന്ന മലയാളിയുടെ മുന്നില്‍ ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും ഒക്കെ വാക്കുകളുമായി വന്ന മുഖ്യമന്ത്രിയെ ജനം ഹീറോ ആയി കണ്ടത് സ്വാഭാവികം. ലോക ചരിത്രത്തില്‍ ജനങ്ങളുടെ ആരാധനാമൂര്‍ത്തിയായി ഉയര്‍ന്നുവന്ന ഒട്ടേറെ നേതാക്കളും ആ സ്ഥാനത്തെത്തിയത് യുദ്ധവും ക്ഷാമവും പ്രളയവും പോലെയുള്ള ദുരന്തകാലങ്ങളില്‍ ഭരണാധികാരികളായിരുന്നതോടെ ആണ്. രണ്ടാം ലോക മഹായുദ്ധകാലത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ബംഗ്‌ളാദേശ് യുദ്ധാനന്തരം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മുതല്‍ മുഖ്യമന്ത്രി പിണറായിയും ആരോഗ്യമന്ത്രി കെ കെ ശൈലജയും വരെ നീളുന്നു ഈ പട്ടിക. വാസ്തവത്തില്‍ ഈ അധികാരികള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ചിട്ടുണ്ടെങ്കിലും അവര്‍ യാഥാര്‍ത്ഥത്തില്‍ ചെയ്ത കാര്യങ്ങളെക്കാളേറെ നിരാശയുടെ കാലത്ത് അവര്‍ പകര്‍ന്ന പ്രത്യാശയുടെ സന്ദേശങ്ങളാണ് അവരെ വന്‍ താരങ്ങളാക്കിയതെന്നും പറയാം.
ഈ ഇരുണ്ട കാലത്ത് അധികാരികളുടെ തെറ്റുകള്‍ ചുണ്ടിക്കാട്ടേണ്ടത് അത്യന്താപേക്ഷിതമാണ്. മാത്രമല്ല പലപ്പോഴും ദുരന്തകാലത്ത് അറിഞ്ഞോ അറിയാതെയോ അമിതാധികാരം പ്രയോഗിക്കാനും തെറ്റുകള്‍ വരുത്താനുമുള്ള അധികാരികളുടെ സാധ്യത ഏറെയാണ്. കോളനി ഭരണകാലത്ത് പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിന്റെ പേരില്‍ ഇന്ത്യയില്‍ നടന്ന ഭരണകൂട ക്രുരതകള്‍ ദേശീയ പ്രസ്ഥാനത്തിന്റെ പ്രധാന വിഷയമായിരുന്നത് ഓര്‍ക്കാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ബോംബെയിലെ പ്ലേഗ് കാലത്ത് ബ്രിട്ടീഷ് അധികാരികള്‍ നടത്തിയ മനുഷ്യത്വരഹിതമായ പ്രതിരോധനടപടികള്‍ക്കും കരി നിയമങ്ങള്‍ക്കും എതിരെ ഗര്‍ജ്ജിച്ച തിലകനെ തടവിലാക്കിയതും പ്ലേഗ് കമിഷണറെ ദേശീയവാദികളായ ചിപ്ലങ്കര്‍ സഹോദരര്‍ വെടി വെച്ചുകൊന്നതുമൊക്കെ ചരിത്രപ്രസിദ്ധം. അതുകൊണ്ടാണ് ജനാധിപത്യവ്യവസ്ഥകളില്‍ മാത്രമേ ഫലപ്രദമായും തെറ്റ് കൂടാതെയും ദുരന്തപ്രതിരോധം സാധ്യമാകൂ എന്ന പറയുന്നത്. പൗരസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും സര്‍വോപരി പ്രതിപക്ഷത്തിന്റെയും നിതാന്തമായ നിരീക്ഷണവും ജാഗ്രതയും കൊണ്ട് മാത്രമേ ഭരണകൂടങ്ങളെ നിലയ്ക്ക് നിര്‍ത്താനാവൂ.
പക്ഷെ, ഇവിടെ ഒരു കെണിയുണ്ട്. കുറെയെങ്കിലും ശരികള്‍ ചെയ്യുന്നെന്ന് ജനങ്ങള്‍ കരുതുന്ന ഒരു സര്‍ക്കാരിനെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നത് രണ്ട് തരത്തില്‍ എതിര്‍ ഫലം ഉണ്ടാക്കും. ഒന്ന്, തങ്ങളുടെ പക്ഷമാണെന്ന് ജനങ്ങളില്‍ ഒരു വലിയ വിഭാഗം സര്‍ക്കാരിനെ കണ്ടുതുടങ്ങുമ്പോള്‍ (ശരിയായോ അല്ലാതെയോ) അവര്‍ പ്രതിപക്ഷത്തിന്റെ എതിര്‍പക്ഷമാകും. അതിലും പ്രധാനം ദുരന്തകാലത്തെ സാമൂഹ്യ വിനിമയത്തിന്റെ പ്രശ്‌നമാണ്. നിരാശയുടെയും ദുരിതത്തിന്റെയും കാലത്ത് പ്രത്യാശയുടെ കച്ചിത്തുരുമ്പ് കാത്തിരിക്കുന്ന ജനത്തിന്റെ മുന്നില്‍ അവരുടെ നിരാശാബോധവും വിഷമവും കൂടുതലാക്കുന്ന നേതാക്കളെ (അവര്‍ സത്യം ആണ് പറയുന്നതെങ്കിലും ) അവര്‍ക്ക് ആവശ്യമില്ല. ദിവസവും രാവിലെ പ്രതിപക്ഷനേതാവ് ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ ഉറപ്പിക്കാവുന്നത് ഇന്ന് ഒരു പുതിയ സങ്കടവാര്‍ത്തയുമായാണെന്നാണ്. ആധുനിക ആശയവിനിമയ ശാസ്ത്രത്തിന്റെ ബാലപാഠമാണ് നിരന്തരം ഇരുണ്ട വിശേഷങ്ങള്‍ നല്‍കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ജനം ആ ഇരുട്ടുമായി ബന്ധപ്പെട്ട കാണുക എന്നത്. (നെഗറ്റിവ് കമ്യൂണിക്കേഷന്‍ /നെഗറ്റീവ് നറേറ്റിവ്). പ്രത്യേകിച്ച് എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട, യുദ്ധവും പ്രകൃതിദുരന്തവും പോലെയുള്ള ദുരിതകാലത്ത്. അന്നേരങ്ങളില്‍ കുറ്റം മാത്രം പറയുന്നവര്‍ നിഷേധാത്മകത മാത്രമുള്ള ദോഷൈകദൃക്കുകളായി കാണപ്പെടും. പ്രത്യാശയുടെയും ധനാത്മകതയുടെയും ഭാഗമായി മറുപക്ഷവും.
രമേശ് ചെന്നിത്തല
നിരന്തര ഇടപെടലുകള്‍ വിനയായാവുമ്പോള്‍
അത് സമൂഹ മനഃശാസ്ത്രത്തിലെ ഒരു സ്വഭാവമാണ്. ദുരിതം, രോഗം, മരണം, അഴിമതി തുടങ്ങിയ തിന്മകളുമായി (Bads) ബന്ധപ്പെട്ട് (association) അവര്‍ പ്രതിപക്ഷനേതാവിനെയും പ്രാപ്തി, പ്രതിരോധം, പ്രതീക്ഷ എന്നീ നന്മകളുമായി (Goods) ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും കണ്ടുപോകും. പ്രത്യേകിച്ച് ഇരുളടഞ്ഞ നിരാശാഭരിതകാലങ്ങളില്‍.
രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സര്‍ക്കാരുകളുടെയും തെരഞ്ഞടുപ്പ് പ്രചാരണത്തിലെ നിഷേധാത്മകമായ വശങ്ങളെപ്പറ്റി (Negative Public Communication) സ്വീഡനില്‍ നടന്ന പഠനം ചൂണ്ടിക്കാട്ടുന്നത് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സ്വന്തം നയങ്ങള്‍ വിശദീകരിക്കുന്നതിനു പകരം മറുപക്ഷത്തെ ആക്രമിക്കുക മാത്രം ചെയ്യുന്ന പ്രചാരണം ഇക്കാലത്ത് ജനം ഇഷ്ടപ്പെടുന്നില്ലെന്നാണത്രെ. മാത്രമല്ല രാഷ്ട്രത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേറെ പരസ്പരം കടിച്ചുകീറുന്ന രാഷ്ട്രീയകക്ഷികളോടും ജനാധിപത്യത്തോട് തന്നെയും വിശ്വാസം നഷ്ടപ്പെടുക എന്ന അപായം കൂടി ഇതിലുണ്ടെന്നും ഇതിനാല്‍ ആണ് പോളിംഗ് കുറഞ്ഞുപോകുന്നതെന്നും മുന്നറിയിപ്പ് നല്‍കുന്നു ബെന്റ് യൊഹാന്‍സണ്‍. ജനാധിപത്യത്തില്‍ നിലവിലുള്ള വ്യവസ്ഥയ്ക്കെതിരെ രോഷത്തിനൊപ്പം (anger) ബദല്‍ വ്യവസ്ഥയെക്കുറിച്ച് പ്രതീക്ഷയും (hope) ഉയര്‍ത്താത്ത പൊതു രാഷ്ട്രീയസന്ദേശങ്ങള്‍ വിഫലമാണെന്ന് എത്രയോ ഗവേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
അങ്ങിനെ നോക്കുമ്പോള്‍ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ചെന്നിത്തല ചെയ്ത നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് നിര്‍ഭാഗ്യവശാല്‍ ഈ ദുരന്തകാലത്ത് അദ്ദേഹത്തിന് വിനയായതെന്ന് പറയാം. സര്‍ക്കാരിനെയും അതിന്റെ ജനപ്രിയനായ മുഖ്യമന്ത്രിയെയും കുറ്റം മാത്രം പറയുന്നതിനൊപ്പം പ്രത്യാശയുടെ ബദല്‍ സന്ദേശങ്ങളോ പ്രവര്‍ത്തനത്തിന്റെ ബദല്‍ മാതൃകകളോ കൂടി മുന്നോട്ട് വെച്ചിരുന്നെങ്കില്‍ ഒരു പക്ഷെ രമേശിന്റെ ഗ്രാഫ് ഇത്രയധികം താഴെപ്പോകാനിട ഉണ്ടാകുമായിരുന്നില്ലെന്ന് തോന്നുന്നു.