ആദിവാസി മേഖലകളിലെ ഭൂമി നിയമങ്ങളിൽ അടക്കം തടസ്സങ്ങളുള്ളതിനാൽ ഭേദഗതികൾ ത്വരിതം. 2018 -ൽ കൊണ്ടു വന്ന മണിപ്പൂരിലെ ധാതുനയം ഇതിന് ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്നതാണ്.
ധാതുപര്യവേക്ഷണത്തിനായി 2017 -ൽ ഇംഫാലിൽ നടന്ന വടക്കു കിഴക്കൻ നിക്ഷേപക സംഗമത്തിൽ 39 ധാരണാപത്രങ്ങളാണ് ഒപ്പിട്ടത്. അവിടെ നിക്ഷേപിക്കാനെത്തുന്നവരെല്ലാം വരത്തൻമാരാണ്. നോക്കൂ 2011 -ൽ ഉക്രൂലിൽ കരാറൊപ്പിട്ട് 5 ഖനാനുമതിയും നേടിയത് ഒഡീഷയിൽ നിന്നുള്ള കമ്പനികളാണ്.
undefined
കലാപകലുഷിതമാണ് മണിപ്പൂരിപ്പോൾ. വിനാശത്തിന്റെയും അക്രമത്തിന്റയും കൊള്ളിവയ്പ്പിന്റെയും, സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കലിന്റയും ചിത്രങ്ങളാണ് ഇപ്പോൾ മണിപ്പൂരെന്നാൽ നമുക്ക്. വംശവെറി സൃഷ്ടിച്ച നിസ്സഹായതയുടെ ആൾരൂപങ്ങളാണ് മണിപ്പൂരിലെ സ്ത്രീകളിപ്പോൾ.
എന്നാൽ, കുറച്ചു വർഷങ്ങൾക്കു മുമ്പ് മേരികോമിലൂടെയും മീരാഭായ് ചാനുവിലൂടെയുമൊക്കെ മണിപ്പൂരിലെ വനിതാ കായിക കരുത്താണ് നമുക്ക് അഭിമാനമായത്. അതിന് മുൻപും ആരെയും കസ്റ്റഡിയിലെടുക്കാൻ സൈന്യത്തിന് അധികാരം നൽകുന്ന അഫ്സ്പ നിയമത്തിനെതിരെ ഇറോം ഷർമ്മിള വർഷങ്ങളോളം നടത്തിയ സമരത്തിന്റെ പേരിലാണ് മണിപ്പൂർ നമ്മുടെ ശ്രദ്ധ കവർന്നത്.
2004 -ലാണ് മണിപ്പൂരിലെ അടുത്ത സമരം കണ്ട് ലോകം ഞെട്ടിത്തരിച്ചത്. സൈന്യത്തിനെതിരെ വസ്ത്രം വരെ ഊരിയെറിഞ്ഞ് സമരത്തിനിറങ്ങി പ്രതിഷേധിക്കേണ്ടി വന്ന മണിപ്പൂരിലെ പെണ്ണുങ്ങളുടെ കരുത്തിൽ ആസാം റൈഫിൾസ് പോലും പതറിപ്പോയി. 'വിളക്കേന്തിയ വനിതകൾ' എന്നർത്ഥം വരുന്ന 'മെയ് രാ പെയ്ബികൾ' (Meira Paibi) ആണ് അന്നാ സമരം നടത്തിയത്. മെയ്തി വിഭാഗക്കാരാണിവർ. എന്നാൽ, ഇന്നിപ്പോൾ കുക്കി സ്ത്രീകൾക്കെതിരെ പ്രവർത്തിക്കാൻ ഇവരും ഒപ്പം നിൽക്കുന്നു എന്ന ആരോപണമുയരുന്നു. എന്തൊരു വിരോധാഭാസം, അല്ലേ ?
ജനക്കൂട്ടത്തിന്റെ ആക്രമണത്തിനൊപ്പം പലപ്പോഴും പൊലീസും കൂട്ടു നിന്നപ്പോൾ അവരുടെ മാനവും ജീവനും സംരക്ഷിക്കാനുണ്ടായിരുന്നത് 'ആസാം റൈഫിൾസ്' എന്ന കരസേനാ വിഭാഗമാണ്. ഇതൊക്കെ കണ്ട് ലോകത്തിനു മുന്നിൽ തന്നെ ഇന്ത്യ വിവസ്ത്രയായി നിൽക്കുമ്പോൾ കുക്കികളും, നാഗരും, രോഹിങ്ക്യാ മുസ്ലീങ്ങളും നടത്തുന്ന കഞ്ചാവ് കൃഷിയും, ചൈനയും മ്യാൻമാറും പിന്തുണക്കുന്ന മയക്കുമരുന്ന് വ്യാപാരവും ബിജെപിക്കാരനായ മുഖ്യമന്ത്രി ബീരേൻസിങ്ങ് തടഞ്ഞതാണ് ഇപ്പോഴത്തെ കലാപത്തിന് കാരണമെന്ന പ്രചരണമാണ് മറുവിഭാഗം നടത്തുന്നത്.
എന്നാൽ, വർഷങ്ങളായി മണിപ്പൂരിനെ പിച്ചിച്ചീന്തിയെറിയാനുള്ള മറ്റൊരു ആസൂത്രിത ഗൂഢാലോചനയും ഇപ്പോഴത്തെ കലാപത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് പിന്നിലുണ്ടെന്ന് നാം അറിണം.
കലാപ മണിപ്പൂരിന്റെ പിന്നാമ്പുറങ്ങളിൽ സഞ്ചരിച്ച ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് കാണാൻ കഴിഞ്ഞത് നിബിഡവനങ്ങളുടെ സൗന്ദര്യം നിറഞ്ഞ, ആരെയും മോഹിപ്പിക്കുന്ന കാഴ്ചകളാണ്. 22,327 ചതുരശ്ര കിലോമീറ്റർ വരുന്ന മണിപ്പൂരിന്റെ 77 ശതമാനവും ഇത്തരം വനപ്രദേശങ്ങളാണ്. തലസ്ഥാനമായ ഇംഫാലും പരിസരങ്ങളും മാത്രമാണ് താഴ്വാരങ്ങളായിട്ടുള്ളത്. ഇവിടെയാണ് ഒരു കാലത്ത് മണിപ്പൂർ ഭരിച്ചിരുന്നവർ അടങ്ങുന്ന മെയ്തികളുടെ താവളം. അതിനു ചുറ്റുമുള്ള കുന്നുകളിലാണ് കുക്കികളും നാഗരും സോകളും മറ്റ് പല ചെറുഗോത്രങ്ങളുമുള്ളത്. വനവാസികളായ അവർ പട്ടിക വർഗ്ഗക്കാരാണ്. താഴ്വരയിലുള്ള മെയ്തികളെ കൂടി പട്ടിക വിഭാഗമാക്കാനുള്ള ഹൈക്കോടതി നിർദ്ദേശമാണ് ഇപ്പോഴത്തെ കലാപത്തിന് തീ കൊടുത്തത്.
നോക്കൂ, ഈ രേഖാ ചിത്രം.
പച്ച മേലങ്കി ചാർത്തി നിൽക്കുന്ന മണിപ്പൂരിന്റെ ഉള്ളറകളുടെ കാണാക്കാഴ്ചയാണിത്. ഈ സുന്ദരഭൂമിയുടെ അടിക്കാഴ്ചയാണ് ഇക്കാണുന്നത്. കോടാനുകോടി വർഷങ്ങളായി പ്രകൃതി പരുവപ്പെടുത്തിയെടുത്തിട്ടുള്ള വ്യത്യസ്ത ശ്രേണിയിൽപ്പെട്ട ധാതുസമ്പന്നമായ ഭൂമിയാണിത്. ആഭരണക്കല്ലു മുതൽ അപൂർവ ധാതുക്കൾ വരെ ഈ മണ്ണിനടിയിൽ ഒളിഞ്ഞു കിടപ്പുണ്ട്, പുറമേ എണ്ണ നിക്ഷേപവും.
ആധുനിക സാങ്കതിക വിദ്യകൾക്ക് അനുസരിച്ചുള്ള നവ ഉത്പന്നങ്ങൾക്ക് അനിവാര്യമാണ് ഇവയിൽ പല ധാതുക്കളും. അതിനാൽ തന്നെ ഇന്ത്യയിലെ നവ കുത്തക വ്യവസായികൾ മാത്രമല്ല ലോകരാജ്യങ്ങളും, സർക്കാറുകൾക്കും മേലെയുള്ള കോർപ്പറേറ്റുകളും കണ്ണും നട്ടിരിക്കുകയാണ് ഈ അക്ഷയഖനിയിൽ. ഭാരത സർക്കാറിന്റെ കീഴിലുള്ള വിവിധ ധാതു പര്യവേക്ഷ ഏജൻസികൾ നടത്തിയ പഠനങ്ങളിൽ പല ധാതുക്കളുടെയും അക്ഷയഖനിയാണ് മണിപ്പൂർ കുന്നുകൾ.
മണിപ്പൂരിന്റെ ഏതാണ്ട് 58 ശതമാനം സ്ഥലങ്ങളിലേ ക്രമീകൃത ജിയോളജിക്കൽ മാപ്പിങ്ങ് നടത്തിയിട്ടുള്ളൂ. അതിൽ ഉക്രൂൽ, ചാന്ദേൽ ജില്ലകളാണ് ഏറ്റവും ധാതുസമ്പന്നം. ഇവിടങ്ങളിലെല്ലാം പ്രധാനമായും നാഗാ, സോ, കുക്കി വിഭാഗങ്ങളും പ്രാദേശിക ഗോത്രങ്ങളും ആണ് താമസിക്കുന്നത്.
സാക്ഷരത അടക്കം പല വികസന സൂചികകളിലും മെയ്തി വിഭാഗങ്ങൾ അധിവസിക്കുന്ന താഴ്വരയിലെ ജില്ലകളിലേക്കാൾ പിന്നോക്കമാണിവിടം. എന്നാൽ, ഇവരുടെ കുന്നുകൾക്കിടയിൽ വൻ ധാതു സമ്പത്താണ്. കുന്നിനു മുകളിലാകട്ടെ വംശനാശം നേരിടുന്ന സിറോയ് ലില്ലി അടക്കം ജൈവ വൈവിദ്ധ്യ കലവറയും. മണിപ്പൂരിന്റെ സമ്പത്ത് വർദ്ധിപ്പിക്കാനും തൊഴിലുകൾ സൃഷ്ടിക്കാനുമായി ഇത് ചൂഷണം ചെയ്യണമെന്നാണ് ഭാരത സർക്കാറിന്റെ ജിയോളജിക്കൽ സർവ്വേയും മൈനിങ്ങ് മന്ത്രാലയവും മണിപ്പൂർ സർക്കാരുമൊക്കെ പറയുന്നത്.
അതിനായി അവർ വിശദമായ കണക്കും അണിനിരത്തുന്നുണ്ട്. ഈ മരമൊക്കെ വെട്ടിയെറിഞ്ഞ് കുന്നൊക്കെ വെട്ടിയാൽ 'പച്ച മാർബിൾ' എന്ന വിളിപ്പേരുള്ള സർപ്പന്റൈൻ എന്ന കല്ലിനാൽ സമ്പന്നമാണ് ചാന്ദേൽ, ഉക്രൂൽ ജില്ലകൾ. 1,100 ചതുരശ്ര കിലോമീറ്ററിലായി പരന്നു കിടക്കുന്ന പച്ച മാർബിളിന് ദേശത്തും വിദേശത്തും ടൈലും സ്ലാബും കെട്ടിട അലങ്കാരങ്ങളും കരകൗശല വസ്തുക്കളായും വൻ ആവശ്യക്കാരാണുള്ളത്. ഈ പച്ചക്കല്ലുകൾ തോണ്ടിയെടുക്കാനായി ഇവിടമാകെ ഉഴുതു മറിക്കണമെന്നാണ് ജിയോളജിക്കൽ സർവ്വേയുടെ ശുപാർശ.
മറ്റൊന്ന് ചുണ്ണാമ്പ് കല്ല്. ചുരുങ്ങിയത് 3 കോടി ടൺ നിക്ഷേപം ഈ രണ്ട് ജില്ലകളിലുണ്ട്. ഒന്നാന്തരം സിമന്റുണ്ടാക്കാനുള്ള അസംസ്കൃത വസ്തു. ഇതിലൊക്കെ കണ്ണുനട്ടാണ് സർക്കാറിന്റെ അടുപ്പക്കാരായ നവവ്യവസായികൾ സിമന്റ് കമ്പനികളെ വിലക്കെടുക്കുന്നത്.
നമ്മുടെ പളാപളാ തിളങ്ങുന്ന സ്റ്റീൽ ഉത്പന്നങ്ങളുടെ പിന്നിലെ രഹസ്യം ക്രോമൈറ്റാണ്. ഇരുമ്പിനെ തുരമ്പെടുക്കാതെ നോക്കുന്നതും കണ്ണാടിക്ക് പച്ച നിറം തോന്നിച്ച്, ബലപ്പെടുത്തുന്നതുമൊക്കെ ക്രോമൈറ്റിന്റെ മായാജാലമാണ്. നല്ല മുന്തിയ ഇനം ക്രോമൈറ്റിന്റെ വൻ നിക്ഷേപം ഈ രണ്ട് ആദിവാസി ജില്ലകളിലെ 25 ഇടങ്ങളിൽ ഇതിനകം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.
നാണയം, ഗ്യാസ് ടർബൈൻ, പൈപ്പുകൾ തുടങ്ങി റോക്കറ്റ് എൻജിനുകളെ വരെ ഏറ്റവും കടുത്ത ചൂടിൽ പോലും ആവരണം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നത് നിക്കലാണ്. ഉക്രൂൽ, ചാന്ദേൽ ജില്ലകളിലെ പാറകളുടെ അടിത്തട്ട് തുരന്നാൽ ഇവ സുലഭമാണ്.
ആദിമ കാലത്തെ ലാവപ്രവാഹത്തിലെ സൾഫറുകൾ രൂപപ്പെടുത്തിയ ഈ കുന്നുകളിലെ, താരതമ്യേന ദുർബലമായ പാറപ്രദേശങ്ങൾ ചെത്തിയെടുത്താൽ പരുവപ്പെട്ടു വരുന്നതിന്റെ ഇരുപതിലൊന്നും വിലപ്പെട്ട ചെമ്പയിരുകളാണ്.
ഇനി, ലോകത്തിലെ ഏറ്റവും അപൂർവ ധാതുക്കളിലൊന്നാണ് പ്ലാറ്റിനം. പ്ലാറ്റിനത്തിന് സ്വർണ്ണത്തിനെക്കാൾ വില വരുന്നത് അതിന്റെ ലഭ്യത ലോകമാകെ തുലോം കുറവാണ് എന്നതിനാലാണ്. ചിപ്പ് സാങ്കേതിക വിദ്യയിലേക്ക് കുതിക്കാനൊരുങ്ങുന്ന ഇന്ത്യക്ക് ഏറ്റവും ആവശ്യമായ വസ്തു. കമ്പൂട്ടർ ഹാർഡ് ഡിസ്ക്, ഒപ്റ്റിക്കൽ ഫൈബർ, ടർബൈനുകൾ, പേസ് മേക്കറുകൾ തുടങ്ങി ക്യാൻസർ ചികിത്സക്ക് വേണ്ട കീമോതെറാപ്പി മരുന്നിന് വരെ വേണ്ട പ്ലാറ്റിനത്തിന്റെ മതിയായ നിക്ഷേപം ഈ പ്രാക്ന ഗോത്രഭൂമിയിൽ മതിയാവോളമുണ്ടെന്ന് ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ലാബുകളിൽ അടുത്തിടെ തെളിഞ്ഞിരുന്നു.
ചുരാചന്ദ്പൂർ, ഇംഫാൽ കിഴക്ക് ജില്ലകളിലെ 220 ചതുരശ്ര കിലോമീറ്ററിലെ സമ്പന്നമായ എണ്ണ നിക്ഷേപത്തിന് ഒ.എൻ.ജി.സിക്ക് അനുമതി നൽകി കഴിഞ്ഞു.
ഇതിൽ കടൂതൽ അത്ഭുതങ്ങൾ ഇനിയും ഉണ്ടാകും. കഴുകൻ കണ്ണുള്ള കച്ചവടക്കാർക്ക് ഇതൊക്കെ കൊത്തിവലിക്കണമെങ്കിൽ ആദിമ ഗോത്ര വിഭാഗക്കാരെ വരുതിയിലെടുക്കണം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റോഡടക്കം അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത് ഈ ധാതു നിക്ഷേപങ്ങൾ അസംസ്കൃത രൂപത്തിൽ തന്നെ താഴ്വാരങ്ങളിലെ പണ്ഡകശാലകളിലേക്കും തുറമുഖങ്ങളിലേക്കും സുഗമമായി കടത്താനാണ്. അല്ലാതെ പ്രൊജക്റ്റ് റിപ്പോർട്ടുകളിൽ പറയും പോലെ തദ്ദേശീയർക്ക് തൊഴിലോ സമ്പത്തോ പകർന്നു നൽകാനല്ല. ഏറിയാൽ കൂലിപ്പണിയും പിച്ചക്കാശും നാട്ടുകാർക്ക് കിട്ടും.
ധാതുപര്യവേക്ഷണത്തിനായി 2017 -ൽ ഇംഫാലിൽ നടന്ന വടക്കു കിഴക്കൻ നിക്ഷേപക സംഗമത്തിൽ 39 ധാരണാപത്രങ്ങളാണ് ഒപ്പിട്ടത്. അവിടെ നിക്ഷേപിക്കാനെത്തുന്നവരെല്ലാം വരത്തൻമാരാണ്. നോക്കൂ 2011 -ൽ ഉക്രൂലിൽ കരാറൊപ്പിട്ട് 5 ഖനാനുമതിയും നേടിയത് ഒഡീഷയിൽ നിന്നുള്ള കമ്പനികളാണ്. EPW റിപ്പോര്‍ട്ട് പരിശോധിക്കാം. ഇവർ പക്ഷേ, ഒഡിയക്കാരല്ല, മറിച്ച് അവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റു നാട്ടുകാരുടെ കമ്പനികളാണ്.
നമ്മുടെ നാട്ടിൽ പറമ്പ് വിൽക്കുന്നവൻ മച്ചിങ്ങ വരെ വെട്ടിയാണ് ഒഴിയുകയെന്ന് പറയും പോലെ ഒഡീഷയിലും ഛത്തീസ്ഗഢിലും ഝാർഖണ്ഡിലും സമാന ഖനികൾ നടത്തി മൂച്ചൂടും മുടിച്ചാണ് വടക്കു കിഴക്കോട്ട് വരുന്നത്. ലോകത്തെ ഏറ്റവും മലിനമായ 10 സ്ഥലങ്ങളിലൊന്നാണ് ഒഡീഷയിലെ സുകിന്ദ താഴ്വര. ഇന്ത്യയുടെ 98 ശതമാനം ക്രോമിയം ഖനനം നടന്നിരുന്ന സുകിന്ദയിൽ വെള്ളവും വായുവും, ഭക്ഷണവും എന്തിന് പിറക്കാൻ പോകുന്ന കുഞ്ഞുങ്ങൾ വരെ മാലിന്യത്താൽ മൂടപ്പെട്ടിരിക്കുന്നു. ഇവിടത്തെ 85 ശതമാനം മരണങ്ങളും ഖനന മലിനീകരണം മൂലമെന്ന് 95 -ലെ ഒരു പഠനം വെളിപ്പെടുത്തിയിരുന്നു.
സ്വാതന്ത്ര്യം നേടി വർഷം 75 പിന്നിട്ടപ്പോൾ ഒഡീഷയുടെ വരുമാനം 60 മടങ്ങ് വർദ്ധിച്ചു. സമ്പന്നർ അതിസമ്പന്നരായപ്പോൾ അവിടുത്തെ ആദിവാസികളിൽ 73 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയാണ്. സുരക്ഷാചട്ടങ്ങൾ പാലിക്കാതെയുള്ള ഖനനാനുമതി നൽകിയാൽ നാളെ ഇത് തന്നെയാകും മണിപ്പൂരിലെ കുന്നുകളിലും സംഭവിക്കുക. ഇവിടം മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും വാസയോഗ്യമല്ലാതാകും.
ഖനനം മൂലം ചാന്ദേൽ ജില്ലയിൽ മലിനീകരണവും ചൂടും കൂടുന്നുവെന്നും ഇതു രോഗാവസ്ഥ വർദ്ധിപ്പിക്കുന്നുവെന്നും മണിപ്പൂർ സർക്കാർ കാലാവസ്ഥാ വിഭാഗം തന്നെ പറയുന്നു. 87 ശതമാനം വരുന്ന കാടാണ് അവരുടെ അന്നദാതാവും സംരക്ഷകനും. അതിനെ തകർത്തുള്ള വികസനം നടത്തിയാൽ കുടിവെള്ളം പോലും മുട്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോവുകയെന്ന് മണിപ്പൂർ പരിസ്ഥിതി വകുപ്പ് തന്നെ മുന്നറിയിപ്പ് നൽകുന്നു. സ്റ്റേറ്റ് ക്ലൈമറ്റ് സെല്ലിന്‍റെ റിപ്പോർട്ട് പരിശോധിക്കാം.
ആദിവാസി മേഖലകളിലെ ഭൂമി നിയമങ്ങളിൽ അടക്കം തടസ്സങ്ങളുള്ളതിനാൽ ഭേദഗതികൾ ത്വരിതം. 2018 -ൽ കൊണ്ടു വന്ന മണിപ്പൂരിലെ ധാതുനയം ഇതിന് ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്നതാണ്. ഊരുമൂപ്പൻമാരുടെ അനുവാദത്തോടെയേ ആദിവാസി ഭൂമികളിൽ മറ്റുള്ളവർക്ക് പ്രവേശിക്കാൻ പോലുമാകുമായിരുന്നുള്ളൂ. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 371 ഉറപ്പു നൽകുന്നത് പ്രകാരം ഇത്തരം കാര്യങ്ങളെല്ലാം മലയോരത്തെ ആദിമനിവാസികളുടെ കൂട്ടങ്ങളുടെ അനുവാദത്തോടെയാകണമെന്നാണ് 2006 -ലെ വനസംരക്ഷണ നിയമം. ഇത് ആദിവാസികൾ ആശ്രയിക്കുന്ന വനഭൂമിയിൽ പ്രത്യേക അവകാശം നൽകുന്നുണ്ട്.
2008 -ൽ മണിപ്പൂർ ജില്ലാ കൗൺസിൽ നിയമം ഭേദഗതി ചെയ്തതോടെ ഊരുമൂപ്പൻമാരുടെ അധികാരം രാഷ്ട്രീയക്കാർ നിയന്ത്രിക്കുന്ന സ്വയംഭരണ കൗൺസിലുകൾക്കായി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്തരം സ്ഥാനം കയ്യാളുന്ന രാഷ്ട്രീയക്കാർ ആന വിഴുങ്ങികളാണ്. അവർ കോർപ്പേററ്റുകളിൽ നിന്ന് ആനുകൂല്യവും പങ്കാളിത്തവുമൊക്കെ പറ്റി ആദിവാസികളെ വഞ്ചിക്കുന്നു. മാത്രമല്ല മ്യാൻമറുമായി തുറന്ന അതിർത്തി പങ്കിടുന്ന ഇവിടങ്ങളിൽ സ്വർണവും ആയുധവും മയക്കുമരുന്നും മുതൽ സിഗരറ്റ് കള്ളക്കടത്ത് വരെ സുഗമമാണ്. നമ്മുടെ അതിർത്തി കാവൽക്കാർ മുതൽ ഭരണകർത്താക്കൾ വരെ പലപ്പോഴും ഇതിൽ പങ്കാളികളാണ്. തൊഴിലില്ലായ്മ രൂക്ഷമായ അവിടെ ചെറുപ്പക്കാർ പലപ്പോഴും ഇതിൽ പങ്കാളികളാകാൻ നിർബന്ധിതരാകുന്നു. ആണുങ്ങളിൽ നല്ലൊരു പങ്ക് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളാണ്.
അങ്ങനെ ദുർബലമായ സാമൂഹ്യ അന്തരീക്ഷത്തിലേക്കാണ് കലാപത്തിലേക്കുള്ള വിത്തു പാകിയത്. അതിൽ മതതാത്പര്യവും കൂടി ഭരണാധികാരികൾ കലർത്തുകയും നിസ്സംഗത ചാലിക്കുകയും ചെയ്തതോടെ മണിപ്പൂരിലേത് കെടുത്താനാവാത്ത തീയായി പടർന്നു. കുക്കികൾ അയലത്തെ മിസോറാമിലേക്ക് പലായനം ചെയ്യുന്നു. മണിപ്പൂരിൽ പ്രബലമായ മെയ്തികൾ പക്ഷേ അയലത്തെ മിസോറാമിൽ ന്യൂനപക്ഷമാണ്. അവിടെ കുക്കികളുമായി ബന്ധമുള്ള പ്രബല വംശജരുടെ ആക്രമണം ഭയന്ന് മിസോറാമിലെ മെയ്തികൾ തിരിച്ച് മണിപ്പൂരിലേക്കും അസമിലേക്കും പലായനം ചെയ്യുന്നു.
വടക്കുകിഴക്ക് വിവിധ ഗോത്രവേരുകൾ വിവിധ സംസ്ഥാനങ്ങളിലേക്കും എന്തിന് അയൽരാജ്യങ്ങളിലേക്കും നീണ്ട് പിണഞ്ഞു കിടക്കുകയാണ്. അതിനാൽ തന്നെ ഇന്നാട്ടുകാർക്ക് അയൽരാജ്യമായ മ്യാൻമറിലേക്കും, അവിടുത്തുകാർക്ക് ഇങ്ങോട്ടും 16 കിലോമീറ്റർ വരെ പോകാൻ വിസയും പാസ്പോർട്ടുമൊന്നും വേണ്ട. ബ്രിട്ടീഷ് കാലം മുതലേയുള്ള ഈ തുറന്ന അതിര് മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്. എന്നാൽ, ഇങ്ങനെ ചെയ്താൽ അത് കലാപത്തിലേക്ക് നീങ്ങുമെന്ന് മറുപക്ഷവും വാദിക്കുന്നു.
യുദ്ധത്തിൽ ആധിപത്യം ഉറപ്പിക്കാനായി ആദ്യം കൊള്ളയും കൊള്ളിവയ്പ്പും നടത്തും. പിന്നെ കൊല. ഇതൊന്നും തടുക്കാൻ ആരുമില്ലെന്ന് വരുമ്പോഴാണ് യുദ്ധം വംശഹത്യയിലേക്ക് മാറുന്നതായി ലോകചരിത്ര പുസ്തകങ്ങൾ പറയുന്നത്. ശത്രുപക്ഷത്തെ അവസാന പ്രതിരോധവും ഇല്ലാതാക്കിയെന്ന തോന്നൽ വരുമ്പോഴാണ് സ്ത്രീകളെ കീഴ്പ്പെടുത്താൻ തുനിയുന്നത്. ഈ അനിശ്ചിതത്വങ്ങൾക്ക് എന്നാകും അവസാനം?