അവിശ്വസനീയമാം വിധം ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടില്‍ എത്തിയിട്ടും, ചൂരല്‍മലയിലേക്ക് തന്നെ തിരികെ ഓടിച്ചെന്ന ഒരധ്യാപകന്റെ ജീവിതവും അതിജീവനവും. ഉരുള്‍പ്പൊട്ടല്‍ ഇല്ലാതാക്കിയ ഒരു ദേശവും സ്‌കൂളും കുട്ടികളുമെല്ലാം നിറയുന്ന ജീവിതകഥ. കെ. പി റഷീദ് എഴുതുന്നു
ആ നാടിന് വെറുമൊരു അധ്യാപകനായിരുന്നില്ല ഉണ്ണി മാഷ്. ജോലി ചെയ്യുന്ന വെറുമൊരു നാടായിരുന്നില്ല അയാള്‍ക്കത്. ആ സ്‌കൂള്‍ വെറും തൊഴിലിടവുമായിരുന്നില്ല. ഒന്നുമില്ലായ്മയില്‍നിന്നും ആ സ്‌കൂളിനെ മികച്ച വിദ്യാലയമാക്കി മാറ്റിയതില്‍ അയാളുമേറെ പങ്കുവഹിച്ചിരുന്നു. അതാണ്, യാത്രയ്ക്കിടയില്‍ വിവരമറിഞ്ഞ് വിളിച്ച സുഹൃത്തുക്കളോട് സംസാരിക്കുമ്പോള്‍ ''എന്റെ സ്‌കൂളും കുട്ടികളുമൊക്കെ ഒലിച്ചു പോയല്ലോ...''എന്ന് പറഞ്ഞ് അയാള്‍ വിങ്ങിക്കൊണ്ടിരുന്നത്.
undefined
വെള്ളാര്‍മല ഗവ. ജി വി എച്ച് എസ് എസ്. ദുരന്തത്തിനു മുമ്പും ശേഷവും
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതശേഷിയറിഞ്ഞ് കേരളം ഞെട്ടാന്‍തുടങ്ങിയ ഇന്നലെ രാവിലത്തെ ആദ്യ മണിക്കൂറുകളില്‍, തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് പായുന്ന ഏറനാട് എക്‌സ്പ്രസിലായിരുന്നു ഉണ്ണികൃഷ്ണന്‍. ചുറ്റിലുമിരുന്നവരുടെ മൊബൈല്‍ സ്‌ക്രീനുകളിലാകെ ഉരുള്‍പ്പൊട്ടല്‍ വാര്‍ത്തകള്‍. കമ്പാര്‍ട്ട്‌മെന്റിലും തീവണ്ടിയിലാകെത്തന്നെയും മണ്ണ് വിഴുങ്ങിയ ഗ്രാമത്തെക്കുറിച്ചുള്ള സംസാരങ്ങള്‍. എതെല്ലാം കണ്ടും കേട്ടും ഒന്നും മിണ്ടാതെ അയാളിരുന്നു. നിങ്ങളീ പറയുന്നത് എന്റെ പ്രിയപ്പെട്ട ദേശത്തെക്കുറിച്ചാണെന്നും, ഇല്ലാതായത് എന്റെ സ്‌കൂളിനെക്കുറിച്ചാണെന്നും, മണ്ണിനടിയില്‍ പൂണ്ടുകിടക്കുന്നത് എന്റെ പ്രിയപ്പെട്ടവരെക്കുറിച്ചാണെന്നും പറയാതെ പറയുകയായിരുന്നു അയാളുടെ മൗനം.
അമ്പലപ്പുഴ നിന്നും വണ്ടിയില്‍ കയറിയ ഉണ്ണികൃഷ്ണന്‍ ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായ ചൂരല്‍മലയിലേക്കുള്ള യാത്രയിലായിരുന്നു. 18 വര്‍ഷമായി അതാണ് അയാളുടെ ദേശം. ഉരുള്‍പ്പൊട്ടല്‍ നക്കിത്തുടച്ച ആ മൂന്നുനില കെട്ടിടം അയാള്‍ ജോലി ചെയ്യുന്ന ചൂരല്‍മല വെള്ളാര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ്. ഒരു മരണവാര്‍ത്തയറിഞ്ഞ് തലേന്ന് ആലപ്പുഴയിലെ സ്വന്തം വീട്ടിലേക്ക് പോയ അയാള്‍ തിരിച്ചുവന്നത് മരണം വിഴുങ്ങിയ ദേശത്തേക്കായിരുന്നു. പുറത്തെടുത്തവരും മണ്ണിനടിയില്‍ പൂണ്ടുപോയവരുമായ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഓര്‍മ്മകളായിരുന്നു അയാളിലാകെ.
മണിക്കൂറുകള്‍ക്ക് ശേഷം വണ്ടി കോഴിക്കോട്ടെത്തി. മറ്റുള്ളവര്‍ക്കൊപ്പം ഉണ്ണികൃഷ്ണനും വണ്ടിയിറങ്ങി. ഗതാഗതം തടസ്സപ്പെട്ട ആ സമയത്ത്, വയനാട്ടിലേക്ക് എങ്ങനെയെങ്കിലും പായാനുള്ള തിരക്കിനിടയില്‍, തന്നെത്തേടിയെത്തിയ ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറയ്ക്കു മുന്നില്‍ ഉണ്ണികൃഷ്ണന്‍ വിങ്ങിപ്പൊട്ടി, സംസാരിച്ചു. ക്യാമറക്കുമുന്നില്‍ സംസാരിക്കുകയായിരുന്നില്ല, വിതുമ്പുകയും മന്ത്രിക്കുകയും നിലവിളിക്കുകയുമായിരുന്നു അയാള്‍. ''എല്ലാം എന്റെ കുഞ്ഞുങ്ങള്‍ തന്നെയാ. നാട്ടുകാരും. എല്ലാം വേണ്ടപ്പെട്ടവരാ. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന മനുഷ്യരുള്ള നാടാ അത്.''ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ ഇടമുറിഞ്ഞുകൊണ്ടിരുന്നു.
വെള്ളാര്‍മലയിലെ അതിഥി
ആ നാടിന് വെറുമൊരു അധ്യാപകനായിരുന്നില്ല അയാള്‍. ജോലി ചെയ്യുന്ന വെറുമൊരു നാടായിരുന്നില്ല അയാള്‍ക്കത്. ആ സ്‌കൂള്‍ വെറും തൊഴിലിടവുമായിരുന്നില്ല. ഒന്നുമില്ലായ്മയില്‍നിന്നും ആ സ്‌കൂളിനെ മികച്ച വിദ്യാലയമാക്കി മാറ്റിയതില്‍ അയാളുമേറെ പങ്കുവഹിച്ചിരുന്നു. അതാണ്, യാത്രയ്ക്കിടയില്‍ വിവരമറിഞ്ഞ് വിളിച്ച സുഹൃത്തുക്കളോട് സംസാരിക്കുമ്പോള്‍ ''എന്റെ സ്‌കൂളും കുട്ടികളുമൊക്കെ ഒലിച്ചു പോയല്ലോ...''എന്ന് പറഞ്ഞ് അയാള്‍ വിങ്ങിക്കൊണ്ടിരുന്നത്.
2006-ലാണ് വെള്ളാര്‍മല ഗവ. ഹൈസ്‌കൂളില്‍ മലയാളം അധ്യാപകന്റെ ജോലി കിട്ടി ഉണ്ണി മാഷ് എത്തുന്നത്. ജോലി അത്രയ്ക്ക് അത്യാവശ്യമായ സാഹചര്യമായിരുന്നു വീട്ടില്‍. ആര്യാട് ബിഎഡ് സെന്ററില്‍ കോഴ്‌സ് കഴിഞ്ഞ ശേഷം മിമിക്രി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചും മറ്റു ജോലിചെയ്തും കഴിഞ്ഞിരുന്ന ഉണ്ണിക്കൃഷ്ണന് പി എസ്‌സി എഴുതി കിട്ടിയ ആദ്യത്തെ ജോലി ആയിരുന്നു അത്. പുറത്തുള്ളവര്‍ക്ക് അതൊരു 'ഓണംകേറാമൂല'യായിരുന്നു. ''തേയിലത്തോട്ടത്തിലെ ജോലിക്കാര്‍ താമസിക്കുന്ന ലയങ്ങള്‍. കുറച്ച് ചെറിയ കടകള്‍. വല്ലപ്പോഴുമുള്ള ബസ് സര്‍വീസ്. മൂന്ന് നേരം തിന്നാന്‍ കിട്ടാത്ത കുട്ടികള്‍. ആ സര്‍ക്കാര്‍ സ്‌കൂളില്‍ ആരു വന്നാലും രണ്ടു മാസം, അതിനുള്ളില്‍ എങ്ങനെ എങ്കിലും രക്ഷപ്പെടും. പക്ഷെ, അവന്‍ അത് ദൈവം തന്നെ ഏല്‍പ്പിച്ച ഒരു നിയോഗം ആയി കണ്ടു. മലയാളം അദ്ധ്യാപകന്‍ ആയിട്ടും, അധ്യാപകര്‍ ഇല്ലാത്തപ്പോള്‍ കണക്കും ഫിസിക്‌സും ഒക്കെ അവന്‍ തന്നെ കുട്ടികളെ പഠിപ്പിച്ചു. ഒരു ഒറ്റയാള്‍ പോരാട്ടം.''-ഉറ്റ സുഹൃത്തായ സാജിദ് ഹംസ ആ അനുഭവം എഫ് ബിയില്‍ ഇങ്ങനെ എഴുതുന്നു.
ആലപ്പുഴയിലെ പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്താണ് ഉണ്ണികൃഷ്ണന്റെ വീട്. ഭാര്യയും കുട്ടികളും അവിടെയാണുള്ളത്. മാസത്തില്‍ ഒരു തവണയൊക്കെയാണ് നാട്ടില്‍ പോവാനാവുക. അതിനാല്‍, ചിലപ്പോഴൊക്കെ ഉണ്ണികൃഷ്ണനും ട്രാന്‍സ്ഫറിന് ആലോചിച്ചിരുന്നു. എന്നാല്‍, ഓരോ വട്ടവും നാട്ടുകാര്‍ ഇടപെട്ടു. പോവരുതെന്ന് വാശിപിടിച്ചു. ഒടുവില്‍ അയാള്‍ ആ ശ്രമം ഉപേക്ഷിച്ചു.
18 വര്‍ഷമായി അതേ സ്‌കൂളിലാണ് ഉണ്ണികൃഷ്ണന്‍. അവിടത്തെ ഒരേയൊരു സ്ഥിരം അധ്യാപകന്‍. നിലവില്‍ ഹെഡ്മാസ്റ്ററെ നിയമിച്ചെങ്കിലും ഇതുവരെ ജോയിന്‍ ചെയ്യാത്തതിനാല്‍ ഉണ്ണികൃഷ്ണനു തന്നെയാണ് ചുമതല. വളരെ കുറച്ച് കുട്ടികള്‍ മാത്രമെത്തിയിരുന്ന ആ സ്‌കൂള്‍ നിലനിര്‍ത്താനും, പഠന നിലവാരം ഉയര്‍ത്താനും ഈ കാലയളവിനിടെ അയാള്‍ കഠിനമായി ശ്രമിച്ചിരുന്നു. അതിന് നാട്ടുകാരുടെ പിന്തുണയുമുണ്ടായി. 'ഉണ്ണി ആ സ്‌കൂളില്‍ ചെല്ലുമ്പോള്‍ തുച്ഛമായ കുട്ടികളാണ് അവിടെ ഉണ്ടായിരുന്നത്. ഇന്ന് ആ സ്‌കൂളില്‍ 580-ലേറെ കുട്ടികള്‍ ഉണ്ട്. നൂറു ശതമാനം വിജയവും.''-അടുത്ത സുഹൃത്തും അധ്യാപകനുമായ അബൂബക്കര്‍ എഫ് ബിയില്‍ ഇങ്ങനെ എഴുതുന്നു.
അതിവേഗമാണ് ഉണ്ണികൃഷ്ണന്‍ നാട്ടുകാരുടെ പ്രിയപ്പെട്ട ഉണ്ണി മാഷായി മാറിയത്. ഓരോ ആളെയും പേരുവിളിക്കാനുള്ള പരിചയം അയാള്‍ക്കുണ്ടായി. ആ ദേശവും അവിടത്തെ മനുഷ്യരും ആ സ്‌നേഹം തിരിച്ചും നല്‍കി. ഉണ്ണികൃഷ്ണനൊപ്പം ബി എഡിന് പഠിച്ച അബൂബക്കര്‍ ഫേസ്ബുക്ക് കുറിപ്പില്‍ അക്കാര്യം ഓര്‍ക്കുന്നത് ഇങ്ങനെയാണ്: ''ഉണ്ണിയോട് ഞാന്‍ ഇടക്ക് ചോദിക്കും, നാട്ടിലേക്ക് പോകുന്നില്ലേ എന്ന്. അപ്പോള്‍ ഉണ്ണി പറയും, ഈ നാടും നാട്ടുകാരുടെ സ്‌നേഹവും മറക്കാന്‍ കഴിയില്ല എന്ന്. അത് സത്യമായിരുന്നു. ഉണ്ണിക്ക് ഏത് വീട്ടിലും കയറി ചെല്ലാം. ഏത് കടയില്‍ നിന്നും ചായ കുടിക്കാം. ഉണ്ണി വിളിച്ചാല്‍ ഓടിയെത്താന്‍ ഒരുപറ്റം ആളുകളുണ്ടാവും. ഇത് നേരില്‍ കണ്ട് അനുഭവിച്ച വ്യക്തിയാണ് ഞാന്‍...''
ബിഎഡിന് ഒപ്പം പഠിച്ച സുഹൃത്തുക്കളുടെ കൂട്ടായ്മയ്ക്ക് നാലഞ്ച് വര്‍ഷമായി ഉണ്ണികൃഷ്ണന്‍ വെള്ളാര്‍മലയില്‍ ആതിഥ്യം അരുളാറുണ്ടായിരുന്നു. ചൂരല്‍ മലയിലും പരിസരത്തുമുള്ള സര്‍വ്വകാഴ്ചകളും കണ്ട്, നാട്ടുകാരെയൊക്കെ പരിചയപ്പെട്ടാണ് ഓരോ തവണയും കൂട്ടുകാര്‍ നാടുവിടുക. ''കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയിലെ അസോ. പ്രൊഫസര്‍ ഗീത, എറണാകുളം എസ് ടി ഒ അനൂപ്, മാധ്യമപ്രവര്‍ത്തകനായ കെഎ സൈഫുദ്ദീന്‍, അധ്യാപകരായ നിത്യ, മുഹമ്മദലി, ഹരിദാസ്, അബൂബക്കര്‍, മുജീബ്, പ്രശോഭ് എന്നിവരാണ് അവസാനമായി അവിടെ ചെന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നത്. ഉരുള്‍പൊട്ടല്‍ തുടച്ചുമാറ്റിയ സ്‌കൂളിന് മുന്നിലുള്ള ലയത്തിനു മുന്നില്‍ ഞങ്ങള്‍ അടുപ്പുകൂട്ടി പാചകം ചെയ്തു. രാത്രി മുഴുവന്‍ സംസാരിച്ചു. അവിടെ മുഴുവന്‍ നടന്നു കണ്ടു...''-സാജിദ് ഹംസ ഓര്‍ക്കുന്നു.
ഉണ്ണികൃഷ്ണനെത്തേടി സുഹൃത്തുക്കള്‍ വെള്ളാര്‍മലയില്‍ വന്നപ്പോള്‍
ദുരന്തങ്ങളുടെ തുടര്‍ക്കഥ
ഒരു വലിയ ദുരന്തത്തില്‍നിന്നും കരകയറിയതിനു പിന്നാലെയാണ് ഉണ്ണികൃഷ്ണനെ തേടി ഇപ്പോള്‍ ഈ ദുരന്തം വന്നത്. അഞ്ചു വര്‍ഷം മുമ്പ് സമീപ പ്രദേശമായ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടല്‍ പ്രദേശത്തിന് വലിയ ആഘാതമായിരുന്നു. കേരളത്തെ ഞെട്ടിച്ച ആ ദുരന്തത്തിന്റെ ഇരകളില്‍ സ്‌കൂളിലെ അനേകം കുട്ടികളുടെ രക്ഷിതാക്കളും ഉറ്റവരുമുണ്ടായിരുന്നു. ദുരന്തം ആ കുട്ടികളെ മാനസികമായി തകര്‍ത്തുകളഞ്ഞു.
2019 ഓഗസ്റ്റ് എട്ടിനാണ് ചൂരല്‍മലയുടെ തൊട്ടടുത്ത പ്രദേശമായ പുത്തുമലയില്‍ കേരളത്തെ ഞെട്ടിച്ച ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രണ്ട് ദിവസത്തെ തോരാമഴയ്ക്ക് പിന്നാലെ വൈകുന്നേരം നാലരയ്ക്ക് ഉരുള്‍പൊട്ടി ഒരു ഗ്രാമമാകെ ഒലിച്ചുപോവുകയായിരുന്നു. 550 മില്ലിമീറ്റര്‍ മഴയാണ് അന്നവിടെ പെയ്തത്. മരിച്ച 17 പേരില്‍ ഉണ്ണികൃഷ്ണന്റെ വിദ്യാര്‍ത്ഥികളുടെ ഉറ്റവരുമുണ്ടായിരുന്നു. അന്ന് 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു.
''വലിയ ട്രോമ ആയിരുന്നു കുട്ടികള്‍ക്ക് നേരിടേണ്ടിവന്നത്. പഠനമടക്കം അവതാളത്തിലായി. കുട്ടികളുടെ മാനസികാരോഗ്യം തിരിച്ചുകൊണ്ടുവരുന്നതിനായി ഉണ്ണികൃഷ്ണന്റെ മുന്‍കൈയില്‍ ക്യാമ്പുകള്‍ അടക്കം പല പ്രവര്‍ത്തനങ്ങളും നടന്നിരുന്നു. ഞാനും അതില്‍ പങ്കാളിയായിരുന്നു.''-ഉണ്ണികൃഷ്ണന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ കെ എ സൈഫുദ്ദീന്‍ പറയുന്നു.
ക്യാമ്പുകളില്‍ ഒതുങ്ങിയില്ല കുട്ടികളെ ട്രോമയില്‍നിന്നും വഴിമാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍. മിമിക്രി കലാകാരനും മികച്ച ഗായകനുമായ ഉണ്ണികൃഷ്ണന്‍ കുട്ടികളെ കലാപ്രവര്‍ത്തനങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു. ''പിറ്റേവര്‍ഷം കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ യുവജേനോല്‍സവത്തില്‍ ഉണ്ണിയും കുട്ടികളും എത്തി. പുത്തുമലയുടെ ട്രോമ മാറാത്തവരുമുണ്ടായിരുന്നു കുട്ടികളില്‍. ആലപ്പുഴയുടെ സ്വന്തം വഞ്ചിപ്പാട്ടില്‍ മല്‍സരിക്കാനെത്തിയ അവര്‍ എ ഗ്രേഡ് വാങ്ങിയാണ് പോയത്. നല്ല ഗായകനായ ഉണ്ണി തന്നെയായിരുന്നു ഗുരു. വയനാട്ടില്‍നിന്നും ആദ്യമായാണ് ഒരു വഞ്ചിപ്പാട്ട് സംഘം കലോല്‍സവത്തിന് എത്തിയത്.''-സൈഫുദ്ദീന്റെ വാക്കുകള്‍.
ഇതിന്റെ ഭാഗമായി തന്നെയാണ് കുട്ടികളെയും നാട്ടുകാരെയും അധ്യാപകരെയുമെല്ലാം ഏകോപിപ്പിച്ച് ഷോര്‍ട്ട് ഫിലിമുകളും സംഗീത വീഡിയോകളും നിര്‍മിച്ചത്. ഉരുള്‍പ്പൊട്ടലില്‍ ഇല്ലാതായ സ്ഥലങ്ങളും മനുഷ്യരുമാണ് ഈ വീഡിയോകളിലുള്ളത്.
അവയിലൊന്നാണ് വെള്ളാര്‍മല സ്‌കൂളിന്റെയും ചൂരല്‍മലയുടെയും മനോഹരമായ ദൃശ്യങ്ങളുള്ള സംഗീത വീഡിയോ. രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലാകെ വൈറലാണ് അത്. ഉണ്ണികൃഷ്ണന്‍ തന്നെയാണ് പാട്ടെഴുതിയത്. പാടിയതും അയാള്‍തന്നെ.
ഉണ്ണികൃഷ്ണന്റെ മുന്‍കൈയില്‍ നിര്‍മിച്ച മറ്റ് രണ്ട് ഷോര്‍ട്ട് ഫിലിമുകളും യൂട്യൂബില്‍ കാണാം. കൊറോണ കാലത്താണ് സ്‌കൂളിലെ കുട്ടികളെയും അധ്യാപകരെയും ഒരുമിപ്പിച്ച് ഈ വീഡിയോകള്‍ തയ്യാറാക്കിയത്. സ്‌കൂളിന്റെ പേരുള്ള യൂ ട്യൂബ് ചാനലിലാണ് അത് പബ്ലിഷ് ചെയ്തത്.
'ഈ വെള്ളാര്‍മലയോരത്ത്' എന്ന ഒരു ഷോര്‍ട്ട്ഫിലിമിന്റെയും ആശയവും സംഗീതവുമെല്ലാം ഉണ്ണികൃഷ്ണന്റെ വകയാണ്. സ്‌കൂളിലെ കുട്ടികളും അധ്യാപകരുമെല്ലാം പങ്കാളികളാണ് ആ ഷോര്‍ട്ട് ഫിലിം നിര്‍മാണത്തില്‍. ഇപ്പോഴില്ലാത്ത സ്‌കൂളും ഉരുള്‍പൊട്ടല്‍ ജീവനെടുത്ത കുട്ടികളുമെല്ലാം നിറഞ്ഞുനില്‍ക്കുന്നുണ്ട് കൊറോണക്കാലത്ത് പകര്‍ത്തിയ ഈ വീഡിയോയില്‍.
വെള്ളാര്‍മലയിലെ ചങ്ങാതിമാര്‍ എന്ന ഷോര്‍ട്ട് ഫിലിമിലുമുള്ളത് വെള്ളാര്‍മലയിലെ മനുഷ്യരാണ്. ഉണ്ണികൃഷ്ണനും സഹപ്രവര്‍ത്തകരും കുട്ടികളുമാണ് അത് യാഥാര്‍ത്ഥ്യമാക്കിയത്.
മറ്റൊരു ഷോര്‍ട്ട്ഫിലിമും ഉണ്ണികൃഷ്ണന്റെ ഉല്‍സാഹത്തില്‍ അവിടെവെച്ച് ചിത്രീകരിച്ചു. ഇപ്പോഴില്ലാത്ത ഒരു ദേശത്തിന്റെ ഞെട്ടിക്കുന്ന സൗന്ദര്യമാണ് സാജിദ് സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രത്തില്‍.
ദുരന്തത്തിനു മുമ്പുള്ള ഒരു സന്തോഷവേളയില്‍ ഉണ്ണികൃഷ്ണന്‍
അവിശ്വസനീയമായ ഒരു രക്ഷപ്പെടല്‍!
തലനാരിഴയ്ക്കാണ്, ദുരന്തത്തില്‍നിന്ന് ഉണ്ണികൃഷ്ണനും സഹപ്രവര്‍ത്തകരും രക്ഷപ്പെട്ടത്. നാട്ടില്‍നിന്നെത്തിയ ഒരു മരണവാര്‍ത്തയാണ് ഉണ്ണികൃഷ്ണനെ ചുരമിറക്കിയതെങ്കില്‍, ഉണ്ണിക്കൃഷ്ണന്‍ സ്ഥലത്തില്ലാത്തതിനാലാണ് സഹപ്രവര്‍ത്തകര്‍ മേപ്പാടിയിലേക്ക് താമസം മാറ്റിയത്. അല്ലായിരുന്നുവെങ്കില്‍, ഉരുള്‍പൊട്ടലിന്റെ ഇരകളില്‍ ഇവരുടെ പേരുമുണ്ടായേനെ!
ദുരന്തമുണ്ടായതിന് തൊട്ടുതലേന്നാണ് ഉണ്ണികൃഷ്ണന്‍ നാട്ടിലേക്ക് പോയത്. അമ്മയുടെ സഹോദരിയുടെ മരണവാര്‍ത്തയറിഞ്ഞാണ്, പെരുമഴയത്ത് അയാള്‍ ചുരമിറങ്ങിയത്. ''സ്‌കൂളിനടുത്തുള്ള ഒരു റൂമിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. നല്ല മഴ ആയതിനാല്‍, ഞങ്ങള്‍ താല്‍ക്കാലികമായി കുറച്ചുനാള്‍ സ്‌കൂളില്‍ പോയി കിടന്നു. നല്ല ഉറപ്പുള്ള കോണ്‍ക്രീറ്റ് ബില്‍ഡിംഗാണല്ലോ. അതിനാല്‍, സുരക്ഷയെ കരുതി അവിടെ ചെന്നു കിടക്കുകയായിരുന്നു. അപ്പോഴാണ് ഈ മരണവാര്‍ത്ത വന്നത്. ഞാന്‍ നാട്ടിലേക്ക് പോന്നപ്പോള്‍ അവരെല്ലാം മേപ്പാടി ടൗണിലേക്ക് താമസം മാറി.''-ഉണ്ണികൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.
മരണവീട്ടിലെ തിരക്കുകള്‍ക്കുശേഷം വീട്ടില്‍ കിടന്നുറങ്ങുമ്പോഴാണ്, ഉരുള്‍പൊട്ടലുണ്ടായ വിവരം ഒരു സുഹൃത്ത് വിളിച്ചറിയിക്കുന്നത്. അപ്പോള്‍ തന്നെ അയാള്‍ മടക്കയാത്രയ്ക്ക് ഒരുങ്ങി. അതിരാവിലെ ഏറനാട് എക്‌സ്പ്രസിന് കോഴിക്കോട്ടേക്ക് തിരിച്ചു. ഉച്ചകഴിഞ്ഞ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ അയാളെ സുഹൃത്താണ് ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചത്. അവിടെ ഒരു ബസ് മാത്രമുണ്ടായിരുന്നു. ''ഞാനിങ്ങനെ പോയിനോക്കട്ടെ. എവിടം വരെ എത്താനാവുമെന്ന് ഒരുപിടിയുമില്ല. എത്തുന്നത് വരെ ബസില്‍ പോവും. ബാക്കി നടന്നു പോവും. എന്തായാലും അവിടെ എത്തിയേ പറ്റൂ...''-വയനാട്ടിലേക്ക് പോവുന്നതിന് തൊട്ടുമുമ്പ് ഉണ്ണികൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത് ഇതാണ്.
ആ യാത്ര സഫലമായി. അയാള്‍ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്തു. ചുണ്ടേല്‍വരെ ബസ് കിട്ടി. അവിടെ കാത്തുനിന്നപ്പോള്‍, വിവരമറിഞ്ഞ്, ചൂരല്‍മലയിലെ ചെറുപ്പക്കാരെത്തി. അവരുടെ ബൈക്കില്‍ ആദ്യം വിംസ് ആശുപത്രിയില്‍. അവിടെ നിന്നും ക്യാമ്പുകളിലേക്ക് പോയി. ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ ചൂരല്‍മലയിലാണ്. മരിച്ചവരുടെ ദേശമായി മാറിയ ചൂരല്‍മലയില്‍, തൊട്ടുമുന്നിലായി വിരിഞ്ഞ് നില്‍ക്കുന്ന ശൂന്യതയാണ്, 18 വര്‍ഷം അയാള്‍ പഠിപ്പിച്ച വിദ്യാലയം!