നേപ്പാള്‍ രാജാവും റാണിയും അടക്കം രാജകുടുംബത്തിലെ പത്തുപേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 21 വര്‍ഷങ്ങള്‍. ഇനിയും ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളാണ് ആ കൂട്ടക്കുരുതി അവശേഷിപ്പിക്കുന്നത്. പി ആര്‍ വന്ദന എഴുതുന്നു
കൊട്ടാരത്തിലെ ജീവനക്കാരുടെ സംഭാഷണങ്ങള്‍ ആസ്പദമാക്കി രചിക്കപ്പെട്ട രക്തകുണ്ഡ എന്ന പുസ്തകത്തില്‍ പറയുന്നത് ദീപേന്ദ്രയുടെതുപോലുള്ള ഒട്ടനവധി മുഖംമൂടികള്‍ കണ്ടെത്തിയിരുന്നു എന്നാണ്. കിരീടം മോഹിച്ച ഗ്യാനേന്ദ്ര രാജാവിനേയും രാജകുമാരന്‍മാരേയും കൊല്ലാന്‍ അക്രമിസംഘത്തെ വിട്ടെന്നും അവര്‍ ദീപേന്ദ്രയുടെ മുഖംമൂടി ധരിച്ചെത്തി എന്നുമാണ് കൂട്ടിവായിക്കേണ്ടത്. എന്തായാലും അന്വേഷണകമ്മിഷന്‍ ഈ ഗൂഢാലോചനാവാദങ്ങളൊന്നും അംഗീകരിച്ചില്ല.
undefined
ദീപേന്ദ്ര
ലോകത്തെ നടുക്കിയ ഒരു കൂട്ടക്കൊലയുടെ ഇരുപത്തിയൊന്നാം വാര്‍ഷികദിനമാണിന്ന്. ഒരു കൊട്ടാരത്തില്‍ നടന്ന കൊലപാതകത്തില്‍ മരിച്ചത് ഒരു രാജകുടുംബത്തിലെ ഒമ്പതു പേര്‍. പരിക്ക് പറ്റിയത് നാലുപേര്‍ക്ക്. കൊലപാതകം നടത്തിയത് രാജകുമാരന്‍. അധികാരത്തര്‍ക്കമാണോ പ്രണയനൈരാശ്യമാണോ അതോ ഇതൊന്നുമല്ലാത്ത എന്തെങ്കിലും കാരണത്താല്‍ വേറെ ആരെങ്കിലും ആസൂത്രണം ചെയ്തതാണോ ഈ െകാലകള്‍?
ഒരു കഥയിലും കാണാത്തത്ര അവിശ്വസനീയമായി നടന്ന കൊലപാതകത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറവും ചോദ്യങ്ങള്‍ ബാക്കിയാണ്. ഉത്തരങ്ങള്‍ പൂര്‍ണമായി വിശ്വസിക്കാനാവാത്ത, അല്ലെങ്കില്‍ അപൂര്‍ണമായ അവസ്ഥ.
നേപ്പാളിലാണ് സംഭവം. രാജകുടുംബം താമസിച്ചിരുന്ന നാരായണ്‍ഹിതി കൊട്ടാരത്തില്‍. രാജകുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ച് കൂടിയിരിക്കുമ്പോഴാണ് പെട്ടെന്ന് കാര്യങ്ങള്‍ വഴിമാറുന്നത്. രാത്രി 9 മണിയോടെയാണ് ബന്ധുക്കളുടെ കൊച്ചുവര്‍ത്തമാനം മരണത്തിന്റെ ആര്‍ത്തനാദമായത്. നേപ്പാള്‍ രാജാവ് ബീരേന്ദ്ര, മഹാറാണി ഐശ്വര്യ, മകള്‍ ശ്രുതി രാജകുമാരി, ഇളയ മകന്‍ നിരഞ്ജന്‍ രാജകുമാരന്‍, രാജാവിന്റെ സഹോദരന്‍ ധീരേന്ദ്ര, രാജാവിന്റെ മൂത്ത സഹോദരിയും ബജ്ഹംഗ് റാണിയുമായ ശാന്തി രാജകുമാരി,രാജാവിന്റൊ മറ്റൊരു സഹോദരി ശാരദ രാജകുമാരി, ഭര്‍ത്താവ് കുമാര്‍ കംഗ്ട, രാജാവിന്റെ കസിന്‍ ജയന്തി രാജകുമാരി എന്നിവരാണ് വെടിയേറ്റുവീണത്. രാജാവിന്റെ മറ്റൊരു സഹോദരി ഷോവ രാജകുമാരി, രാജാവിന്റെ മരുമകന്‍ കുമാര്‍ ഗോരഖ്, രാജാവിന്റെ സഹോദരന്‍ ഗ്യാനേന്ദ്രയുടെ ഭാര്യ കോമള്‍ രാജകുമാരി, രാജാവിന്റെ മറ്റൊരു കസിന്‍ കേതകി ചെസ്റ്റര്‍ എന്നിവര്‍ക്ക് പരിക്ക് പറ്റി.
ഒന്നിച്ചിരുന്ന കുടുംബക്കാര്‍ക്കിടയിലേക്ക് തോക്കുമായെത്തിയത് ബീരേന്ദ്രരാജാവിന്റെ് മൂത്ത മകന്‍ ദീപേന്ദ്ര രാജകുമാരനെന്നായിരുന്നു ചില ദൃക്‌സാക്ഷി മൊഴികള്‍. രണ്ടംഗ അന്വേഷണകമ്മീഷനും ഇക്കാര്യം കണ്ടെത്തി. എല്ലാവരേയും വെടിവെച്ച ശേഷം സ്വയം തലയില്‍ വെടിയുതിര്‍ത്ത ദീപേന്ദ്രയെ ബോധരഹിതനായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധം വീണ്ടെടുക്കും മുമ്പ്, എന്തിനെന്നോ ഏതിനെന്നോ പറയാന്‍ കഴിയാതെ മൂന്ന് നാളിനിപ്പുറം ദീപേന്ദ്രയും മരിച്ചു.
രാജകുടുംബത്തിന്റെ വംശാവലിയാകെ തകിടംമറിഞ്ഞ ആ നാളുകളില്‍ ഭരണക്രമവും ചിട്ടയും തെറ്റാതിരിക്കാന്‍ അബോധാവസ്ഥയില്‍ തന്നെയായിരുന്ന ദീപേന്ദ്രയെ രാജാവായി വാഴിച്ചിരുന്നു. കാര്യങ്ങള്‍ നോക്കിനടത്താന്‍ ഗ്യാനേന്ദ്രയെ (ബീരേന്ദ്ര രാജാവിന്റെ സഹോദരന്‍) റീജന്റുമാക്കി. ദീപേന്ദ്രയുടെ മരണത്തിന് പിന്നാലെ ഗ്യാനേന്ദ്ര രാജാവുമായി. നേപ്പാളിലെ അവസാന രാജാവായിരുന്നു ഗ്യാനേന്ദ്ര. 2008 വരെ രാജാവായി തുടര്‍ന്ന ഗ്യാനേന്ദ്ര ജനാധിപത്യത്തിന്റെത അവരോധിക്കലോടെയാണ് പദവിയൊഴിഞ്ഞത്.
അവിശ്വസനീയമായിരുന്നു ആ കൊലപാതകവാര്‍ത്ത. നേപ്പാളുകാര്‍ക്ക് മാത്രമല്ല. ലോകത്തിനാകെ. ബീരേന്ദ്ര രാജാവും മകന്‍ ദീപേന്ദ്ര രാജകുമാരനും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. ബ്രിട്ടനിലെ ETON കോളേജിലെ ചെറിയൊരു പഠനകാലം ഒഴിച്ചുനിര്‍ത്തിയാല്‍ നേപ്പാളില്‍ തന്നെയാണ് രാജകുമാരന്‍ പഠിച്ചതും വളര്‍ന്നതും. ത്രിഭുവന്‍ സര്‍വകലാശാലയില്‍ നിന്ന് ജ്യോഗ്രഫിയില്‍ ബിരുദാനന്തരബിരുദം നേടിയത് സ്വര്‍ണമെഡലോടെയാണ്. അവിടെതന്നെയാണ് പിഎച്ച്ഡിക്കും പഠിച്ചത്. ഒപ്പം രാജാവിന്റെ ചുമതല ഭംഗിയായി നിറവേറ്റാനായി സൈനികപരിശീലനവും നേടി. തന്റെ കൊച്ചുരാജ്യത്തോട് സ്‌നേഹവും ഭാവി രാജാവ് എന്നനിലക്കുള്ള ഉത്തരവാദിത്തത്തെ കുറിച്ച് പൂര്‍ണ ബോധ്യവും ഉണ്ടായിരുന്നു ദീപേന്ദ്രക്ക്.
അതെല്ലാം മാറ്റിമറിച്ച് ഒരു കൊടുംക്രൂരതക്ക് എന്താണ് 29-കാരനായ രാജകുമാരനെ പ്രേരിപ്പിച്ചത് എന്നതിന് ഏറ്റവും കൂടുതല്‍ കേട്ട കഥ പ്രണയനൈരാശ്യത്തിേേന്റതാണ്. ഇന്ത്യയില്‍ നിന്നുള്ള രാജകുടുംബാംഗം ദേവയാനിയെ വിവാഹം കഴിക്കണമെന്ന ദീപേന്ദ്രയുടെ ആഗ്രഹം കുടുംബം അംഗീകരിച്ചില്ല. പ്രത്യേകിച്ച് അമ്മ ഐശ്വര്യക്കായിരുന്നു ഏറ്റവും എതിര്‍പ്പ്. ലണ്ടനിലെ പഠനകാലത്താണ് ദീപേന്ദ്ര ദേവയാനിയെ പരിചയപ്പെടുന്നത്. ദേവയാനി രാജകുടുംബത്തിന് അത്ര യോജിച്ച വധുവല്ലെന്നായിരുന്നു റാണിയുടെ നിലപാട്. കുടുംബം തെരഞ്ഞെടുക്കുന്നയാളെ വിവാഹം കഴിക്കണമെന്നും അതല്ലെങ്കില്‍ കിരീടം വേണ്ടെന്ന് വെക്കേണ്ടിവരുമെന്നൊക്കെ ദീപേന്ദ്രയോട് പറഞ്ഞെന്നാണ് കഥ. ദേവയാനി ഭാവിറാണിയായാല്‍ നേപ്പാള്‍ ഭരണകാര്യങ്ങളില്‍ ഇന്ത്യയുടെ സ്വാധീനം കൂടുമെന്ന ഭയം രാജകൊട്ടാരത്തിന്റെ ഉള്ളറകളില്‍ ഉണ്ടായിരുന്നതായും കേള്‍ക്കുന്നു.
എന്തായാലും തന്റെറ ഇഷ്ടത്തോടുള്ള കുടുംബത്തിന്റെ എതിര്‍പ്പ് ദീപേന്ദ്രക്ക് തീരെ ഇഷ്ടമായില്ലെന്നും ദേഷ്യം പിടിച്ച രാജകുമാരന്‍ എല്ലാവരേയും വകവരുത്തിയെന്നുമാണ് നേപ്പാള്‍ കൂട്ടക്കൊലക്ക് പിന്നിലെന്ത് എന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ കേട്ട ഉത്തരം. ഐശ്വര്യ റാണിയുടെ സുന്ദരമായ മുഖം വെടിവെയ്പില്‍ തകര്‍ന്നിരുന്നു. മകന്‍ അമ്മയോട് ദേഷ്യം തീര്‍ത്തതാണ് എന്ന് അന്നുണ്ടായ സംസാരവും ഈ കഥയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്.
പിന്നെ കേട്ട കഥ, നേപ്പാളില്‍ ജനാധിപത്യം ഉയര്‍ന്നുവരുന്നതും രാജകുടുംബത്തിന്റെന അധികാരങ്ങള്‍ കൈമാറുന്നതുമെല്ലാം ദീപേന്ദ്രയെ അസ്വസ്ഥനാക്കിയിരുന്നു എന്നും അതിന്റെ ബാക്കിയാണ് കുടുംബത്തിന്റെഅ ഉന്മൂലനം ചെയ്യല്‍ എന്നുമാണ്. ചിലരിതിനെ ശക്തിയുക്തം എതിര്‍ക്കുന്നുണ്ട്. രാജകുമാരന്‍ പുരോഗമനവാദിയായിരുന്നുവെന്നും ജനാധിപത്യത്തിന്റെന ശക്തിയെ മാനിച്ചിരുന്നുവെന്നുമാണ് ഇക്കൂട്ടരുടെ മറുവാദം.
പിന്നെ കേട്ടത് കുറച്ച് ഗൂഢാലോചനാവാദങ്ങളാണ്. ദീപേന്ദ്രക്ക് ശേഷം രാജാവായ ഗ്യാനേന്ദ്ര, അതായത് രാജാവിന്റെ സഹോദരന്‍ , വെടിവെയ്പ് സമയത്ത് അവിടെയില്ലായിരുന്നു എന്നതാണ് അതിന്നടിസ്ഥാനം. കുടുംബത്തിലെ എല്ലാവരും കൂടിയിരുന്നപ്പോള്‍ അദ്ദേഹം മാത്രം പോഖ്‌റയിലായിരുന്നു. എന്തിന് എന്നതാണ് ചോദ്യം. ഗ്യാനേന്ദ്രയുടെ കുടുംബത്തിലാരും മരിച്ചിട്ടില്ല എന്നതും ഗൂഢാലോചനവാദക്കാര്‍ ഈ ചോദ്യത്തോട് ചേര്‍ത്തുവെക്കുന്നു. അബദ്ധത്തില്‍ ഓട്ടോമാറ്റിക് ഗണ്‍ പൊട്ടിയതു കൊണ്ടുണ്ടായ അപകടമെന്ന് ഗ്യാനേന്ദ്ര ഇടക്ക് വിശദീകരിച്ചതും പിന്നീട് മാറ്റിപ്പറഞ്ഞതുമെല്ലാം സംശയം കൂട്ടി.
മാവോയിസ്റ്റ് നേതാവായ പ്രചണ്ഡ കൂട്ടക്കൊലക്ക് പിന്നില്‍ ഇന്ത്യയുടേയോ അമേരിക്കയുടേയോ രഹസ്യാന്വേഷണ ഏജന്‍സികളാകുമെന്ന് പറഞ്ഞു. കൊട്ടാരത്തിലെ ജീവനക്കാരുടെ സംഭാഷണങ്ങള്‍ ആസ്പദമാക്കി രചിക്കപ്പെട്ട രക്തകുണ്ഡ എന്ന പുസ്തകത്തില്‍ പറയുന്നത് ദീപേന്ദ്രയുടെതുപോലുള്ള ഒട്ടനവധി മുഖംമൂടികള്‍ കണ്ടെത്തിയിരുന്നു എന്നാണ്. കിരീടം മോഹിച്ച ഗ്യാനേന്ദ്ര രാജാവിനേയും രാജകുമാരന്‍മാരേയും കൊല്ലാന്‍ അക്രമിസംഘത്തെ വിട്ടെന്നും അവര്‍ ദീപേന്ദ്രയുടെ മുഖംമൂടി ധരിച്ചെത്തി എന്നുമാണ് കൂട്ടിവായിക്കേണ്ടത്.
എന്തായാലും നേപ്പാള്‍ ചീഫ് ജസ്റ്റിസ് കേശവ് പ്രസാദ് ഉപാധ്യായയും സ്പീക്കര്‍ താരാനാഥ് റാണാഭട്ടും ഉള്‍പെട്ട അന്വേഷണകമ്മിഷന്‍ ഈ ഗൂഢാലോചനാവാദങ്ങളൊന്നും അംഗീകരിച്ചില്ല. ദീപേന്ദ്ര രാജകുമാരന്‍ തന്നെയാണ് കൂട്ടക്കൊല നടത്തിയതെന്നായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട്. നാട്ടുകാരും പുറംനാട്ടുകാരും അത് പക്ഷേ പൂര്‍ണമായും ഉള്‍ക്കൊണ്ടില്ല, അംഗീകരിച്ചില്ല. കൊട്ടാരത്തില്‍ വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാതിരുന്നത്, ഗ്യാനേന്ദ്ര സ്ഥലത്ത്ഇല്ലാതിരുന്നത്, വലംകൈയ്യനായിട്ടും ദീപേന്ദ്രയുടെ തലയിലെ വെടിപ്പാട് ഇടതുചെന്നിയിലായത്, അന്വേഷണം രണ്ടാഴ്ച കൊണ്ട് അവസാനിച്ചത്, കാര്യമായ ഫോറന്‍സിക് പരിശോധനകള്‍ നടക്കാഞ്ഞത്, സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് സഹായം വാഗ്ദാനം ചെയ്തിട്ടും സഹായം സ്വീകരിക്കാതിരുന്നത്. സംശയങ്ങള്‍ ഏറെയായിരുന്നു.
ജനാധിപത്യത്തിന്റെ പ്രഭാവത്തില്‍ മങ്ങിക്കൊണ്ടിരുന്ന നേപ്പാള്‍ രാജകുടുംബത്തിന്റെ ശോഭ കൂട്ടക്കൊലക്ക് പിന്നാലെ തീര്‍ത്തും മോശമായി. വര്‍ഷങ്ങള്‍ക്കിപ്പുറം നേപ്പാളില്‍ രാജഭരണമല്ല. നാരായണ്‍ഹിതി കൊട്ടാരം ഇപ്പോള്‍ മ്യൂസിയമാണ്.
കൊട്ടാരത്തിലെ കൂട്ടക്കൊല നേപ്പാളിന്റെ ചരിത്രത്താളുകളില്‍ ചുവന്ന ലിപികളാല്‍ എഴുതിച്ചേര്‍ത്തപ്പെട്ടിരിക്കുന്ന ഒരേടായിരിക്കുന്നു. അത് മറിച്ചുനോക്കുന്നത് ആരായാലും അവരാ ചോദ്യം ഉന്നയിച്ചിരിക്കും. എന്നാലും എന്തിന് ?