ഇതുപോലൊരു സുല്‍ത്താനെ അറബ്‌ലോകം കണ്ടിട്ടില്ല!

By Muhammad Suhaib  |  First Published Jan 11, 2020, 4:05 PM IST

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിയുടെ നയതന്ത്ര ചാതുരി. മുഹമ്മദ് സുഹൈബ് എഴുതുന്നു.
 


യമനിലെ ചാവുനിലങ്ങളില്‍ നിന്ന് എത്രയെത്രയോ വിദേശികളെയാണ് ഒമാന്‍ ജീവിതത്തിന്റെ തീരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഒരേസമയം സൗദിയുമായും ഹൂതികളുമായും നല്ല ബന്ധം സൂക്ഷിച്ച ഒമാന്‍ നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് ചുക്കാന്‍ പിടിച്ചത്. സന്‍ആയില്‍ നിന്നും ഏഡനില്‍ നിന്നും മസ്‌കത്തിലേക്ക് എത്രയോ തവണ റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സിന്റെ വിമാനങ്ങള്‍ പറന്നിരിക്കുന്നു. അങ്ങനെ ഒമാന്‍ രക്ഷപ്പെടുത്തി കൊണ്ടുവന്നവരില്‍ മലയാളിയായ ക്രൈസ്തവ പുരോഹിതന്‍ ടോം ഉഴുന്നാലിലും ഉള്‍പ്പെടുന്നു. സന്‍ആയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മസ്‌കത്തിലെത്തി സുല്‍ത്താനെ കണ്ട ടോം ഉഴുന്നാലില്‍ അവിടെ വെച്ച് പറഞ്ഞ വാക്കുകള്‍ മതി സുല്‍ത്താന്‍ ഖാബൂസ് ആരായിരുന്നുവെന്ന് മനസിലാക്കാന്‍.

 

Latest Videos

undefined

ചെറുപ്പക്കാരനായ സുല്‍ത്താന്‍ ഖാബൂസ്. ദോഫാര്‍ യുദ്ധകാലത്തെ ചിത്രം. ചിത്രത്തിന് കടപ്പാട്: ഇയാന്‍ ഗാര്‍ഡിനറിന്റെ 'ഇന്‍ ദ സെര്‍വീസ് ഓഫ് ദ സുല്‍ത്താന്‍'.

 

ദാരിദ്ര്യത്തിലും ഗോത്ര വൈരത്തെ തുടര്‍ന്നുള്ള അവസാനിക്കാത്ത കലഹങ്ങളിലും വലഞ്ഞു കഴിഞ്ഞിരുന്ന ഒരു 'പിന്നോക്ക' ഗള്‍ഫ് രാഷ്ട്രത്തെ മേഖലയിലെ ഏതൊരു വികസിതരാഷ്ട്രത്തിനുമൊപ്പം നില്‍ക്കുന്ന തരത്തില്‍ വളര്‍ത്തിയെടുത്തതോ, വിദഗ്ധരായ ഭരണതന്ത്രജ്ഞരുടെ അഭാവത്തില്‍ വലഞ്ഞിരുന്ന തുടക്കകാലത്ത്, രാജ്യത്തെ മികച്ച ഭരണ സംവിധാനത്തിലേക്ക് ഉയര്‍ത്തിയതോ മാത്രമല്ല ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിയുടെ പ്രാധാന്യം. അറേബ്യയുടെ അതിസങ്കീര്‍ണവും അപകടകരവുമായ രാഷ്ട്രീയ ഭൂമികയില്‍ ഒമാനെന്ന രാഷ്ട്രത്തെ ആരുടെയും വാലാകാതെ ഉറപ്പിച്ചു നിര്‍ത്താനും ലോകവും ഗള്‍ഫും ഉലഞ്ഞ കാലങ്ങളില്‍ സ്‌ഥൈര്യത്തോടെ രാജ്യത്തെ നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 

ഗള്‍ഫിലെ സ്വിറ്റ്‌സര്‍ലാന്റ് എന്ന് ഒമാന് പേരുകിട്ടിയത് വെറുതെയല്ല. 'ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ ശത്രുക്കള്‍ക്കൊപ്പം' എന്ന സാമ്രാജ്യത്വ തിട്ടൂരവുമായി ആരും ഇന്നുവരെ മസ്‌കത്തിന് മുന്നില്‍ വന്നുനിന്നിട്ടില്ല. അങ്ങനെ ഒമാനോട് ആവശ്യപ്പെടാനുള്ള ധാര്‍മിക സ്‌ഥൈര്യം ഒരു രാഷ്ട്രത്തിനും ഉണ്ടാകുകയുമില്ല. ജി.സി.സിയുടെ ഭാഗമായി നില്‍ക്കുമ്പോഴും സ്വതന്ത്ര വിദേശ നയമായിരുന്നു എന്നും ഒമാന്റെയും സുല്‍ത്താന്‍ ഖാബൂസിന്റെയും കരുത്ത്. 

ഇറാനും ഇറാഖും വര്‍ഷങ്ങളോളം ഏറ്റുമുട്ടിയപ്പോള്‍ മേഖല മൊത്തം ഇരുപക്ഷത്തുമായി ചേരിതിരിഞ്ഞതായിരുന്നു. അന്നും തെഹ്‌റാനിലേക്കും ബഗ്ദാദിലേക്കും മസ്‌കത്തില്‍ നിന്ന് തുല്യദൂരമായിരുന്നു. യമനില്‍ ഹൂതികള്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ സൈനിക നടപടി തുടങ്ങിയപ്പോള്‍ അതിന്റെ ഭാഗമാകാതിരിക്കാന്‍ ഒമാന് രണ്ടാമതൊന്ന് ആലാചിക്കേണ്ടിവന്നില്ല. ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദിയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും വിച്‌ഛേദിച്ചപ്പോള്‍ ഒമാന്‍ കൂടെ കൂടാത്തതെന്ത് എന്നതിന് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. കീരിയും പാമ്പുമായി ദശകങ്ങളോളം തുടര്‍ന്ന ഇറാനും അമേരിക്കയും ആണവ കരാര്‍ചര്‍ച്ചകള്‍ക്കായി ആദ്യം ഒന്നിച്ചിരുന്നത് മസ്‌കത്തിലായിരുന്നു. മാസങ്ങളോളം നീണ്ട ആ രഹസ്യചര്‍ച്ചകളാണ് ഇറാനും വന്‍ ശക്തിരാഷ്ട്രങ്ങളും തമ്മിലുള്ള ആണവകരാറിലേക്ക് പുരോഗമിച്ചത്. മസ്‌കത്തിലേക്ക് അമേരിക്കന്‍, ഇറാനിയന്‍ നയതന്ത്രജ്ഞര്‍ നിരന്തരം യാത്രചെയ്യുന്നത് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. 

ജൂതലോബിയുടെയും ഇസ്രയേലിന്റെയും കടുത്തസമ്മര്‍ദ്ദത്തിന് വഴങ്ങാതെ ഒബാമയ്ക്ക് കരാര്‍ പൂര്‍ത്തിയാക്കാന്‍ ഏതാനും ആഴ്ചകള്‍ കൂടി മതിയായിരുന്നു. പലവിധ അട്ടിമറിക്കും സാധ്യതയുണ്ടായിരുന്ന ആ കരാറിനെ അവസാനഘട്ടം വരെ രഹസ്യമായി കാത്തത് ഒമാന്റെ മികവായിരുന്നു. ആ കരാറിനെ ട്രംപ് വലിച്ചുകീറിയതാണ് ഇന്നത്തെ മിഡിലീസ്റ്റിലെ സംഘര്‍ഷത്തിന് കാരണം.

യമനിലെ ചാവുനിലങ്ങളില്‍ നിന്ന് എത്രയെത്രയോ വിദേശികളെയാണ് ഒമാന്‍ ജീവിതത്തിന്റെ തീരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഒരേസമയം സൗദിയുമായും ഹൂതികളുമായും നല്ല ബന്ധം സൂക്ഷിച്ച ഒമാന്‍ നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് ചുക്കാന്‍ പിടിച്ചത്. സന്‍ആയില്‍ നിന്നും ഏഡനില്‍ നിന്നും മസ്‌കത്തിലേക്ക് എത്രയോ തവണ റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സിന്റെ വിമാനങ്ങള്‍ പറന്നിരിക്കുന്നു. അങ്ങനെ ഒമാന്‍ രക്ഷപ്പെടുത്തി കൊണ്ടുവന്നവരില്‍ മലയാളിയായ ക്രൈസ്തവ പുരോഹിതന്‍ ടോം ഉഴുന്നാലിലും ഉള്‍പ്പെടുന്നു. സന്‍ആയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മസ്‌കത്തിലെത്തി സുല്‍ത്താനെ കണ്ട ടോം ഉഴുന്നാലില്‍ അവിടെ വെച്ച് പറഞ്ഞ വാക്കുകള്‍ മതി സുല്‍ത്താന്‍ ഖാബൂസ് ആരായിരുന്നുവെന്ന് മനസിലാക്കാന്‍.

കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സമാധാനത്തിന്റെ തുരുത്തായി ഒമാനെ നിലനിര്‍ത്തിയ മഹാനാണ് കടന്നുപോകുന്നത്. അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കേണ്ടിയിരുന്നുവെന്ന് എത്രയോ മുമ്പ് തന്നെ അഭിപ്രായമുയര്‍ന്നിരുന്നതാണ്.

ഗാന്ധിജിയെ കുറിച്ച് ഐന്‍സ്റ്റീന്‍ പറഞ്ഞ വാക്കുകള്‍ സുല്‍ത്താന്‍ ഖാബൂസിനും ബാധകമാണ്: 'മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരു മനുഷ്യന്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് വരും തലമുറകള്‍ വിശ്വസിച്ചെന്ന് വരില്ല'.

 

click me!