ഒഡിഷ ട്രെയിന്‍ ദുരന്തം; വരാനുള്ളത് മണ്‍സൂണ്‍ കാലം... നിസ്സഹായരായി അലിസേട്ടിനെ പോലെ ആയിരങ്ങള്‍

By Dhanesh Ravindran  |  First Published Jun 5, 2023, 1:24 PM IST

നിമിഷനേരത്തില്‍ ഉറക്കം ഞെട്ടിയുണരും മുമ്പ് കാതുകളിലേക്ക് നിലവിളികളുയര്‍ന്നു. തലയ്ക്ക് നല്ല വേദന... കഴ്ച മങ്ങി. ആരൊക്കെയോ തന്‍റെ മുകളില്‍ വന്ന് വീഴുന്നതായി അയാള്‍ക്ക് തോന്നി. ശരീരം ഒന്ന് അനക്കാന്‍ പോലും കഴിയുന്നില്ല. അതിനിടെ ബോഗിയില്‍ ചോരയുടെ ഗന്ധമുയര്‍ന്നു. ശരീരം ഒന്ന് അനക്കാന്‍ പോലും കഴിയാത്തവിധം അലി സേട്ട് തളര്‍ന്നു. അയാളുടെ ബോധം പതുക്കെ മറഞ്ഞു. 



ണ്‍സൂണിന് തൊട്ടുമുമ്പുള്ള ശാന്തതയില്‍ പശ്ചിമ ബംഗാളിന്‍റെയും ബംഗ്ലാദേശിന്‍റെയും അതിര്‍ത്തിയിലൂടെ പത്മാനദി ശാന്തമായി ഒഴുകുകയായിരുന്ന ഒരു ദിവസം പുലര്‍ച്ചെയാണ് മൂർഷിദാബാദ് സ്വദേശി ബോപ്പൂർ അലി സേട്ട് സുഹൃത്തിനൊപ്പം കല്‍ക്കത്തയിലേക്ക് തിരിച്ചത്. ഉച്ചയ്ക്ക് മൂന്ന് ഇരുപതിന് കൊല്‍ക്കത്ത ഷാലിമാര്‍ സ്റ്റേഷനില്‍ നിന്നും പുറുപ്പെടുന്ന 12841 കോറമണ്ഡല്‍ എക്സ്പ്രസില്‍ കയറിയാല്‍ പിറ്റേന്ന് വൈകീട്ട് നാലേഅമ്പതിന് ചെന്നൈയില്‍ എത്തും അവിടെ നിന്ന് അടുത്ത ട്രെയിന്‍ പിടിച്ച് തൃശ്ശൂര് എത്തണം. അവിടെയാണ് മൂർഷിദാബാദ് സ്വദേശി ബോപ്പൂർ അലിസേട്ടിന് ജോലി. സുഹൃത്തിനോടൊപ്പം മൂർഷിദാബാദ് നിന്നും കൊല്‍ക്കത്തയിലേക്കുള്ള വണ്ടി പിടിക്കുമ്പോള്‍ അലിസേട്ടിന് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. വരാനിരിക്കുന്ന മണ്‍സൂണ്‍ താണ്ടിയാല്‍ വീടൊന്ന് പുതുക്കിപ്പണിയണം. പിന്നെ കുട്ടികളുടെ വിദ്യാഭ്യാസം മറ്റ് കുടുംബാംഗങ്ങള്‍... അങ്ങനെയങ്ങനെ... 

അലി സേട്ട് ആദ്യമായിട്ടല്ല കേരളത്തിലേക്ക് വരുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി അയാള്‍ ഈ റൂട്ടിലൂടെ കടന്നുപോകുന്നു. രാജ്യത്തിന്‍റെ പല ദേശങ്ങളില്‍ പല തരത്തിലുള്ള ജീവിത സാഹചര്യങ്ങളായത് കൊണ്ട് തന്നെ ഉയര്‍ന്ന ദിവസക്കൂലി ലഭ്യമായ കേരളം, മറ്റ് നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗത്തിന് ഒരു കാലത്ത് മലയാളിക്ക് ഗള്‍ഫ് എന്നത് പോലെയാണ്. സ്വാതന്ത്ര്യാനന്തരം  തൊഴിലാളികള്‍ക്ക് രാജ്യത്തെവിടെയും ദിവസങ്ങള്‍ക്കുള്ളില്‍ സഞ്ചരിച്ച് എത്താന്‍ കഴിയുന്നതരത്തില്‍ വിവിധ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് റോഡ്, റെയില്‍ ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെട്ടത്, അലി സേട്ടിനെ പോലെയുള്ള നിരവധി തൊഴിലാളികളുടെ ജീവിതത്തിലേക്ക് കൂടി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ എത്തിക്കുന്നതിന് സഹായിച്ചു. പശ്ചിമ ബംഗാള്‍, ഒഡിഷ, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ രണ്ട് പകലും ഒരു രാത്രിയും യാത്ര ചെയ്ത് തമിഴ്നാട്ടിലും പിന്നെ അവിടെ നിന്ന് കേരളത്തിലേക്കും തൊഴിലാളികളെയും എത്തിച്ച് ഇന്ത്യന്‍ റെയിവേ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ ജീവിതത്തിലേക്കും പുതിയൊരു ദിശാബോധം നല്‍കി. 

Latest Videos

പതിവ് പോലെ കൊല്‍ക്കത്തയിലെ ഷാലിമാര്‍ സ്റ്റേഷനില്‍ നിന്നും പുറുപ്പെടുന്ന 12841 നമ്പര്‍ കോറമണ്ഡല്‍ എക്സ്പ്രസില്‍ ജൂണ്‍ രണ്ടാം തിയതി ഉച്ച തിരിഞ്ഞ് മൂന്ന് ഇരുപതിന് പുറപ്പെടുമ്പോള്‍ വണ്ടിയിലെ തിങ്ങി നിറഞ്ഞ തിരക്കില്‍ തങ്ങള്‍ക്കും ഒരു ഇടം കണ്ടെത്താന്‍ അലി സേട്ടിനും സുഹൃത്തിനും കഴിഞ്ഞു. മണ്‍സൂണിന് തൊട്ട് മുമ്പുള്ള ചൂടുകാലമായിരുന്നതിനാലും പകല്‍ മുഴുവനും വെയിലത്ത് കിടന്നിരുന്നതിനാലും ട്രെയിനിനുള്ളില്‍ പതിവ് ചൂട് അല്പം കൂടുതലായിരുന്നു. എല്ലാ ദിവസവും ആയിരക്കണക്കിന് തൊഴിലാളികളെയും കൊണ്ട് ആയിരത്തി അറുനൂറോളം കിലോമീറ്റര്‍ അപ്പുറത്തേക്ക് എത്തിക്കുന്നതില്‍ വീഴ്ച വരുത്താത്ത കോറമണ്ഡല്‍ എക്സപ്രസ് അന്നും പതിവ് പോലെ പുറപ്പെട്ടു.  ഒന്നിനോടൊന്ന് ചേര്‍ത്ത് വച്ച് 23 ബോഗികള്‍... കിഴക്കൻ തീരദേശത്ത് കൂടി, തൊഴിലാളികളുടെ വിശ്വസ്ഥനായ ആ വണ്ടി തെക്കന്‍ സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് കുതിച്ച് പാഞ്ഞു.

ആറ് വര്‍ഷമായി കോറമണ്ഡല്‍ എക്സ്പ്രസിന്‍റെ ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ അലി സേട്ട് കേരളത്തിലേക്കുള്ള യാത്ര തുടങ്ങിയിട്ട്. ഓരോ സ്റ്റേഷനും അവിടെ ട്രെയിന്‍ എത്തുന്ന സമയവും അയാള്‍ക്ക് മനഃപ്പാഠമാണ്. പിറ്റേന്ന് ഏഴോടെ ചെന്നൈയില്‍ ഇറങ്ങി അവിടെ നിന്നും പാലക്കാട് വഴി തൃശ്ശൂര്‍ക്കുള്ള ട്രെയിന്‍ പിടിക്കണം. യാത്രാ ക്ഷീണവും ചൂടും തിരക്കും കാരണം ഭക്ഷണം നേരത്തെ കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു അലി സേട്ട്. അതിനാല്‍ സുഹൃത്തിനോടൊപ്പം ഏഴ് മണിയോടെ വീട്ടില്‍ നിന്നും പൊതിഞ്ഞെടുത്ത ചപ്പാത്തി കഴിച്ച് തിരക്കിനിടെയിലും എവിടെയെങ്കിലും തല ചാരിവച്ച് ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അലി സേട്ട്. വൈകുന്നേരം ആറ് മുപ്പത്തിയേഴിന് ട്രെയിൻ ബാലേസോർ പിന്നിട്ടു. അടുത്ത സ്റ്റേഷൻ ഏഴ് നാൽപതോടെ ബദ്ര. അലി സേട്ട് മനസില്‍ കണക്ക് കൂട്ടി. 

 

‘ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒളിച്ചോടാനാകില്ല’; റെയിൽ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും രാഹുൽ ഗാന്ധി

അപ്പോഴേക്കും കോറമണ്ഡല്‍ എക്സ്പ്രസ് യാത്ര തുടങ്ങി 260 കിലോമീറ്റർ പിന്നിട്ട് കഴിഞ്ഞിരുന്നു. ബഹനഗ റെയിൽവേ സ്റ്റേഷനും പിന്നിട്ട് ട്രെയിന്‍ മുന്നോട്ട് നീങ്ങി, ഏതാണ്ട് 130 കിലോമീറ്റര്‍ സ്പീഡില്‍. പച്ച സിഗ്നല്‍ കിട്ടിയതിനാല്‍ ഡ്രൈവര്‍ക്ക് മറ്റൊന്നും ആലോചിക്കേണ്ടിയിരുന്നില്ല. വേഗത ഒട്ടും കുറയ്ക്കാതെ കോറമണ്ഡല്‍ എക്സ്പ്രസ് കുതിച്ച് പാഞ്ഞു. പക്ഷേ..... പെട്ടെന്ന് ട്രെയിന്‍ ഒന്ന് കുലുങ്ങി. കുലുക്കത്തിന്‍റെ ആഘാതത്തില്‍ കണ്ണ് തുറന്ന അലി സേട്ട് കണ്ടത് ട്രെയിനിനുള്ളിലേക്ക് തെറിച്ച് വീഴുന്ന കരിങ്കല്‍ ചീളുകളായിരുന്നു. ആരെങ്കിലും ട്രെയിന് കല്ലെറിഞ്ഞതാകുമെന്ന് കരുതുന്നതിന് മുമ്പ് തന്നെ അലി സേട്ട് കിടന്നിരുന്ന ബോഗി മറിഞ്ഞിരുന്നു. നിമിഷനേരത്തില്‍ ഉറക്കം ഞെട്ടിയുണരും മുമ്പ് കാതുകളിലേക്ക് നിലവിളികളുയര്‍ന്നു. തലയ്ക്ക് നല്ല വേദന... കഴ്ച മങ്ങി. ആരൊക്കെയോ തന്‍റെ മുകളില്‍ വന്ന് വീഴുന്നതായി അയാള്‍ക്ക് തോന്നി. ശരീരം ഒന്ന് അനക്കാന്‍ പോലും കഴിയുന്നില്ല. അതിനിടെ ബോഗിയില്‍ ചോരയുടെ ഗന്ധമുയര്‍ന്നു. ശരീരം ഒന്ന് അനക്കാന്‍ പോലും കഴിയാത്തവിധം അലി സേട്ട് തളര്‍ന്നു. അയാളുടെ ബോധം പതുക്കെ മറഞ്ഞു. 

ആരോ തന്നെ വലിച്ചെടുത്ത് ആംബുലന്‍സിലേക്ക് മാറ്റുമ്പോള്‍ അയാള്‍ അര്‍ദ്ധബോധത്തിലായിരുന്നു. അപ്പോഴൊക്കെ തലയ്ക്കുള്ളില്‍ ആംബുലന്‍സുകളുടെ നിലവിളി ശബ്ദം മാത്രമായിരുന്നു. പിന്നീടെപ്പോഴോ കണ്ണ് തുറന്നപ്പോള്‍... ശരീരം മുഴുവനും മരവിച്ച അവസ്ഥയിലായിരുന്നു. ഏതോ ആശുപത്രിയിലാണ് താനെന്ന് അലി സേട്ടിന് മനസിലായി. എന്താണ് സംഭവിച്ചതെന്ന് പലരുടെയും സംഭാഷണത്തില്‍ നിന്നും അയാള്‍ പതുക്കെ മനസിലാക്കാന്‍ ശ്രമിച്ചു. അതിനിടെയാണ് തന്‍റെ സുഹൃത്തിനെ കുറിച്ച് അലി സേട്ട് ഓര്‍ത്തത്. അയാള്‍, ആശുപത്രിയില്‍ മുഴുവനും തന്‍റെ സുഹൃത്തിനെ അന്വേഷിച്ച് നടന്നു. അതിനിടെ ആശുപത്രിയിലൊരുക്കിയ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിച്ചു. തനിക്ക് കുഴപ്പമില്ലെന്നും തലയ്ക്ക് ചെറിയൊരു മുറിവുണ്ടെന്നും വീട്ടിലറിയിച്ചു. സുഹൃത്തിന്‍റെ വിളി വല്ലതും വന്നോയെന്ന് ചോദിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. വീണ്ടും ആശുപത്രിയില്‍ സുഹൃത്തിന്‍റെ പേര് ചൊല്ലി വിളിച്ച് അയാള്‍ നടന്നു. 

ഒടുവില്‍, അലി സേട്ടിനൊപ്പം സുഹൃത്തിനെയും ബാലേസോറിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നെന്നും നിലഗുരുതരമായതിനെ തുടര്‍ന്ന് കട്ടക്കിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്നും അറിയാന്‍ കഴിഞ്ഞു. വീണ്ടും നീണ്ട കാത്തിരിപ്പ്. ഒടുവില്‍ പതിനാല് മണിക്കൂറിന് ശേഷം ആ വര്‍ത്തയെത്തിയപ്പോള്‍ അലി സേട്ട് വീണ്ടും തളര്‍ന്നിരുന്നുപോയി. മണിക്കൂറുകള്‍ക്ക് മുമ്പ് ഒരുമിച്ച് ട്രെയിന്‍ കയറിയ, ഒരുമിച്ച് ഭക്ഷണം കഴിച്ച് ഉറങ്ങിയവര്‍... നിമിഷ നേരം കൊണ്ട് ലോകം കീഴ്മേല്‍ മറിയുന്നതായി അലി സേട്ടിന് തോന്നി. 

ആശുപത്രിയില്‍ നിന്നും ഓരോ നിമിഷവും പുതിയ പുതിയ മൃതദേഹങ്ങള്‍ മാറ്റുന്ന തിരക്കിലായിരുന്നു ആശുപത്രി ജീവനക്കാര്‍.... അവിടമെങ്ങും ചോരയുടെ ഗന്ധം മാത്രം. ആശുപത്രിയുടെ ബെഡ്ഡിലും തറയിലുമായി പരിക്കേറ്റ് കിടക്കുന്നവര്‍ വേറെ. ചെറിയ ചെറിയ പരിക്കുമായി വന്നവരെ അപ്പോള്‍ അപ്പോള്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കി തിരികെ വിടാന്‍ തിരക്ക് കൂട്ടുന്ന  പോലീസുകാര്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍.... ഇതിനിടെ സര്‍ക്കാര്‍ നല്‍കിയ അമ്പതിനായിരം രൂപ ധനസഹായവുമായി നിരവധി പേര്‍, ഉടുമുണ്ട് മാത്രമായി അവരവരുടെ നാടുകളിലേക്ക് തിരികെ കിട്ടിയ ജീവനും പരിക്കേറ്റ ശരീരവുമായി ലഭ്യമായ വണ്ടികളില്‍ കയറിത്തുടങ്ങിയിരുന്നു. പലരോടൊപ്പവും അതുവരെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, സഹയാത്രികള്‍, കുട്ടികള്‍, ബന്ധുക്കള്‍ പലരുമുണ്ടായിരുന്നില്ല. പലര്‍ക്കും ജീവിതത്തിന്‍റെ തുടര്‍ച്ചകള്‍ തന്നെ ഇല്ലാതായി. പലരും സാരമായി പരിക്കേറ്റ ശരീരവുമായി ഇനിയും തൊഴിലെടുക്കാന്‍ കഴിയുമോയെന്ന ആശങ്കയിലായിരുന്നു. കാലോ കൈയോ അടക്കമുള്ള പല ശരീരഭാഗങ്ങള്‍ പലതും നഷ്ടപ്പെട്ട് ആശുപത്രിയില്‍ കഴിയുന്നവരുടെ നിലവിളികള്‍ അതിനും മുകളിലായി ഉയര്‍ന്നുകൊണ്ടേയിരുന്നു. അലി സേട്ട് ആകാശത്തേക്ക് നോക്കി. മറ്റൊരു കാലവര്‍ഷത്തിന്‍റെ വരവറിയിച്ച് ആകാശത്ത് മണ്‍സൂണ്‍ മേഘങ്ങള്‍ ഉരുണ്ടുകൂടിത്തുടങ്ങിയിരിക്കുന്നു. വീട്... മഴ.... സാധാരണക്കാരായ മറ്റനേകം മനുഷ്യരെ പോലെ അലി സേട്ട് വീണ്ടും തളര്‍ന്നിരുന്നു. 

ഒഡീഷ ട്രെയ്‌നപകടം: അനുശോചനം രേഖപ്പെടുത്തി പാക് ക്രിക്കറ്റര്‍ റിസ്‌വാന്‍; കൂടെയുണ്ടെന്ന് അക്തറും ഹസന്‍ അലിയും

click me!