1994 ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മാറ്റമായിരിക്കും ഇത്തവണത്തേത് എന്ന നിരീക്ഷണം ഒടുവില്‍ യാഥാര്‍ത്ഥ്യമായി.
ദക്ഷിണാഫ്രിക്കയിൽ ഇത്തവണ നടന്ന തെരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെട്ടത് ഒരൊറ്റ കാരണം കൊണ്ടാണ്. ഇതുവരെ രാജ്യം ഭരിച്ചവരുടെ പരാജയം മുന്നില്‍ കാണുന്നു എന്നത് തന്നെ. വർണവിവേചനത്തിന് എതിരെ പോരാട്ടം നയിച്ച നെൽസൺ മണ്ടേല തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയത് 1994 -ൽ. അന്നത്തെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസല്ല ഇന്ന്. ഇതുവരെ ഭരണം നിലനിർത്തിയെങ്കിലും ഇനിയതുണ്ടാവില്ല. ഭൂരിപക്ഷമെങ്കിലും നഷ്ടപ്പെടുമെന്നായിരുന്നു ഇത്തവണത്തെ പ്രവചനം. അതുകൊണ്ടാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ലോക ശ്രദ്ധ നേടിയതും.
1994 ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മാറ്റമായിരിക്കും ഇത്തവണത്തേത് എന്ന നിരീക്ഷണം സത്യമായി. ഭൂരിപക്ഷം നഷ്ടപ്പെട്ടു എഎന്‍സി എന്ന ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് (African National Congress). വലിയ തിരിച്ചടിയായത്, മുൻ പ്രസിഡന്‍റ് ജേക്കബ് സൂമയുടെ കാലുമാറ്റമാണ്. 2018 -ൽ വിവാദപ്പെരുമഴയെ തുടർന്ന് പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞ സൂമ, എഎന്‍സിയുമായി അന്നേ അകലം പാലിച്ചു, പുതിയ പാർട്ടി രൂപീകരിച്ച ജേക്കബ് സൂമ, തെരഞ്ഞെടുപ്പിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനെ കൈവിട്ടു. സ്വന്തം പാർട്ടിയ്ക്ക് വേണ്ടിയായി പിന്നെ പ്രചാരണം. എഎന്‍സിയുടേത് അടക്കം വോട്ട് ചോർന്നു. കോടതിയലക്ഷ്യക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച സൂമയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് കോടതി തന്നെ വിലക്കിയിരുന്നു. ശിക്ഷ കഴിഞ്ഞ് 5 വർഷം പൂർത്തിയാക്കണമെന്നാണ് ഭരണഘടനാ കോടതിയുടെ വിധി. നിലവിലെ പ്രസിഡന്‍റ് സിറിള്‍ രാമഫോസയോട് കടുത്ത അതൃപ്തിയുണ്ട് സൂമയ്ക്ക്.
മത്സരരംഗത്ത് 70 രാഷ്ട്രീയ പാർട്ടികൾ, 11 സ്വതന്ത്ര സ്ഥാനാർത്ഥികൾ. പ്രധാന പ്രതിപക്ഷം ഡെമോക്രാറ്റിക് അലയന്‍സ് (Democratic Alliance) എന്ന ഡിഎ ആണ്. മറ്റ് 10 രാഷ്ട്രീയ കക്ഷികളുമായി ധാരണയൊപ്പിട്ടിട്ടുണ്ട് ഡിഎ. എഎന്‍സിയെ പുറത്താക്കി സഖ്യകക്ഷി സർക്കാർ രൂപീകരിക്കാനാണ് ശ്രമം. നേരിട്ട് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്ന രീതിയല്ല ദക്ഷിണാഫ്രിക്കക്ക്. ജനം വോട്ട് ചെയ്ത് ജയിപ്പിക്കുന്ന പാർലമെന്‍റ് അംഗങ്ങളാണ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുക. വെറും രണ്ട് കോടി എഴുപത് ലക്ഷമാണ് രാജ്യത്തെ വോട്ടർമാരുടെ എണ്ണം. യുവാക്കളുടെ എണ്ണമാണ് കൂടുതല്‍. അതായത് സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ചവരുടെ തലമുറ. അതുകൊണ്ട് തന്നെ അവരുടെ വോട്ട് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഏറെ നിർണായകമായി.
(സിറിള്‍ രാമഫോസ)
ഇബ്രാഹം റെയ്സിയുടെ മരണം; പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിക്കുമോ?
1994 നുശേഷം ജനിച്ച, സ്വതന്ത്രരായി ജനിച്ചവർ (Born Free) എന്നറിയിപ്പെടുന്നവർക്ക് വർണ്ണവെറിയും പോരാട്ടങ്ങളും വെറും കഥകളാണ്. മുതിർന്ന തലമുറയ്ക്ക് മാത്രമാണ് മണ്ടേലയുടെ എഎന്‍സിയോട് പ്രതിപത്തി. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങൾ സർക്കാരിലെ അഴിമതിയും വര്‍ദ്ധിച്ച തൊഴിലില്ലായ്മാ നിരക്കും വർദ്ധിച്ച കുറ്റകൃത്യങ്ങളുമായിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക അസന്തുലിതാവസ്ഥ മറ്റൊന്ന്. പണ്ട് വർണവിവേചനമായിരുന്നെങ്കിൽ ഇന്ന് സാമ്പത്തിക വിവേചനം എന്നാണ് നിരീക്ഷണം.
മണ്ടേലയുടെ പോരാട്ടം വർണവിവേചനം അവസാനിപ്പിച്ചു, കറുത്ത വർഗക്കാർ ആദ്യമായി തങ്ങളുടെ ഭരണകാര്‍ത്താവിന് വേണ്ടി വോട്ട് ചെയ്തു. രാഷ്ട്രീയ അവകാശം, സ്വാതന്ത്ര്യം എല്ലാം കൈവെള്ളയിലായി. പക്ഷേ, മറുവഴിക്ക് സാമ്പത്തിക അസന്തുലിതാവസ്ഥ കൂടി. സാമ്പത്തികമായി താഴെക്കിടയിലുള്ളവർക്ക് ഇന്നും 'സ്വന്തമായി താമസിക്കാന്‍ ഒരിടം' സാക്ഷാത്കരിക്കാത്ത സ്വപ്നമാണ്. നഗരഹൃദയങ്ങൾ സമ്പന്നർക്ക് മാത്രമുള്ളത്. മറ്റുള്ളവർക്കാകട്ടെ താമസ വാടക താങ്ങാവുന്നതല്ല.
30 വർഷം മുമ്പ് ആദ്യമായി എഎന്‍സി ഭരണമേറ്റത് വർണവിവേചനം കാരണം സമൂഹത്തിന്‍റെ താഴേത്തട്ടിലേക്ക് തള്ളിമാറ്റപ്പെട്ടവർക്ക് വാസയോഗ്യമായ സ്ഥലം എന്ന വാഗ്ദാനം കൂടി നൽകിക്കൊണ്ടാണ്. 30 ലക്ഷം വീടുകൾ നിർമ്മിച്ചു ഇതിനകം. സൗജന്യമായും കുറഞ്ഞ വാടകയ്ക്കും നൽകി പലതും. പക്ഷേ, വീട് വേണ്ടുന്നവരുടെ പട്ടിക അവസാനിക്കാത്തതാണ്. നിര്‍മ്മിച്ച് നൽകിയ വീടുകളെല്ലാം നഗരങ്ങളിൽ നിന്നും ഏറെ ദൂരെയുള്ള സ്ഥലങ്ങളില്‍. സാമ്പത്തിക വിവേചനം അരക്കിട്ടുറപ്പിച്ച് കൊണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലെ നഗരപ്രാന്തങ്ങളിൽ സാധാരണ കാണുന്ന ഇരുമ്പ് ഷീറ്റുകൾ കൊണ്ടുമറച്ച ഷാക്കുകളിലാണ് ഇന്നും അധികം പേരുടെയും താമസം.
കാലാവസ്ഥാ വ്യതിയാനം; ആകാശ യാത്രകളുടെ സുരക്ഷിതത്വം കുറയുന്നുവോ?
കേപ് ടൌണ്‍ (Cape Town), കൊളോണിയൽ കുടിയേറ്റക്കാരുടെ ആവാസസ്ഥലം തുടങ്ങുന്നയിടമായിരുന്നു. അതിന്ന് സമ്പന്നർക്ക് മാത്രം സ്വന്തം. ചില സംഘടനകൾ ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളും സർക്കാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലവും ഒക്കെ കയ്യേറുന്നുണ്ട്. ആശുപത്രികളിൽ താമസമാക്കിയവരുണ്ട്, മോർച്ചറികൾ കിടപ്പ് മുറികളാക്കി മാറ്റിക്കൊണ്ട്... അതല്ലാതെ, നഗരങ്ങളിൽ താമസിക്കാൻ മറ്റൊരു വഴിയുമില്ലാത്തത് കൊണ്ട്. പക്ഷേ. തെരഞ്ഞെടുപ്പുകളിൽ ഇതൊന്നും ഒരിക്കലും വിഷയമായിട്ടില്ല. ഇത്തവണയും അതങ്ങനെ തന്നെ. ഇതൊക്കെ മാറ്റിമറിക്കുമെന്ന് വാക്ക് നൽകിയാണ്, ഇഎഫ്എഫ് അഥവാ എക്ണോമിക് ഫ്രീഡം ഫൈറ്റേഴ്സ് (Economic Freedom Fighters) എന്ന രാഷ്ട്രീയ പാർട്ടി മത്സരിച്ചത്. അധിക സമ്പത്ത് പിടിച്ചെടുത്ത് തുല്യമായി വിതരണം ചെയ്യുമെന്നാണ് വാക്ക്. ഏത് സർക്കാർ അധികാരത്തിലേറിയാലും സാമ്പത്തിക വിവേചനത്തിന് പരിഹാരം കണ്ടില്ലെങ്കിൽ അധികം താമസിയാതെ രാജ്യത്ത് കലാപം ഉണ്ടാകും എന്നൊരു മുന്നറിയിപ്പ് നൽകുന്നു സാമൂഹ്യപ്രവർത്തകരും.
ക്രിമിനൽ കേസിൽ ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ; എന്താകും രാഷ്ട്രീയഭാവി?