952 വീരന്മാരുടെ തലയോട്ടികളാല്‍ നിര്‍മ്മിക്കപ്പെട്ട 'തലയോട്ടി ഗോപുരം'

By Kiran Kannan  |  First Published May 29, 2024, 1:53 PM IST

ഇനിയൊരു സെർബിയന്‍ വിപ്ലവത്തിനുള്ള ആഗ്രഹത്തെ പോലും മുളയിലെ നുള്ളാനായി, ഒരു താക്കീതായി, ഭീഷണിയായി, മരണത്തിന്‍റെ, തലയോട്ടികളുടെ ഗോപുരം ഉയർന്നു. 



രോ യാത്രകളും ഒരോ പുതുക്കലുകളാണ്. നീണ്ട ജോലിത്തിരക്കില്‍ വീണു കിട്ടുന്ന ചില നേരങ്ങള്‍ അത്തരം യാത്രകള്‍ക്ക് വഴിമാറുന്നു. 2021 ല്‍ നടത്തിയ ഒരു സെർബിയന്‍ യാത്രയിലെ കാഴ്ചകള്‍ ഇന്നും മനസിന്‍റെ ഓരങ്ങളില്‍ മായാതെ കിടക്കുന്നത്, ഒരേസമയം അതുയര്‍ത്തിയ ഭീതിയും പോരാട്ടവീര്യവുമാണ്. ഒറ്റ കഴ്ചയില്‍ ഭയവും കാര്യമറിഞ്ഞ് വരുമ്പോള്‍ അധികാര കേന്ദ്രങ്ങളോടുള്ള അടങ്ങാത്ത പോരാട്ട ചരിത്രം ഉയര്‍ത്തിയ ഉണർവും. അതാണ് 'തലയോട്ടി ഗോപുരം' (Skull Tower) ഓരോ മനുഷ്യന്‍റെ മനസിലും ഇന്ന് അവശേഷിപ്പിക്കുന്നത്. 

ഓരോ ദേശങ്ങളുടെയും ചരിത്രം തുടങ്ങുന്നത് പടയോട്ടങ്ങളിലൂടെയാണ്, സെർബിയയുടെയും ചരിത്രം മറ്റൊന്നല്ല. ഇന്ന് മധ്യയൂറോപ്പിനും തെക്ക് കിഴക്കന്‍ യൂറോപ്പിനും ഇടയിലെ വഴിത്താരയിലാണ് സെര്‍ബിയന്‍ അതിർത്തിക്കുള്ളിലുള്ള ഭൂ ഭാഗം. പതിനെട്ട് റോമൻ ചക്രവർത്തിമാർ, അതിന് ശേഷം ലോകത്ത് ക്രിസ്ത്യൻ മത സംഘാടനത്തിന് തുടക്കം കുറിച്ച സാക്ഷാൽ കോൺസ്റ്റന്‍റീൻ, പല പല ബാൽകൺ യുദ്ധങ്ങൾ, ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ, ഹിറ്റ്ലർ, കമ്യൂണിസ്റ്റ് റഷ്യ... സെര്‍ബിയന്‍ മണ്ണില്‍ ചവിട്ടാതെ ആധുനിക ലോകത്തിന്‍റെ ചരിത്രത്തെ പരാമര്‍ശിക്കുക പോലും അസാധ്യം. ഭൂഖണ്ഡങ്ങൾക്കിടയിലുള്ള തന്ത്രപ്രധാനമായ ആ വഴിത്താരയിൽ കിടക്കുന്ന ഭൂപ്രദേശങ്ങൾക്കെല്ലാം എന്നും വിധിച്ചിട്ടുള്ളത് പടയോട്ടങ്ങളാണ്. ഒന്നിന് പുറകെ ഒന്നായി എത്തുന്ന യുദ്ധങ്ങൾ. അധിനിവേശങ്ങൾ, വിപ്ലവങ്ങൾ, കൊട്ടാരങ്ങൾ, കോട്ട കൊത്തളങ്ങൾ, ചോരച്ചാലുകൾ, രക്തസാക്ഷികൾ, മുറിവുണങ്ങാത്ത സ്മൃതികൾ ... 

Latest Videos

undefined

(ചിത്രം: കിരണ്‍ കണ്ണന്‍)

ഇബ്രാഹം റെയ്സിയുടെ മരണം; പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിക്കുമോ?

ആഘോഷം വിജയിയുടേതാകുമെങ്കിലും ചോര വീണ യുദ്ധങ്ങളുടെ ചരിത്രങ്ങളിൽ ചിലത് മരിച്ച് വീണ, പരാജയപ്പെട്ട യോദ്ധാക്കളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. ആ ഓര്‍മ്മകള്‍, പകരം ചോദിക്കാന്‍ ജീവിച്ചിരിക്കുന്നവരെ പ്രചോദിപ്പിച്ച് കൊണ്ടേയിരിക്കും. രണ്ട് നൂറ്റാണ്ടിന് ഇപ്പുറത്തും ഇന്നും സ്വാതന്ത്രബോധത്താല്‍ സെർബിയയെ ആവേശപ്പെടുത്തുന്ന അത്തരത്തിലുള്ള ഒന്നാണ്, 'തലയോട്ടി ഗോപുരം'. കിഴക്കൻ സെർബിയയിലെ നീഷ് പ്രവശ്യയിൽ ഓട്ടൊമൻ സാമ്രാജ്യ കേന്ദ്രമായ തുർക്കിയിലേക്കുള്ള പ്രധാന പാതയ്ക്ക് സമീപത്തായി 1809 -ൽ സ്ഥാപിച്ച കുപ്രസിദ്ധവും ഭീതിതവുമായ ഗോപുരം, സ്കൾ ടവർ ! 

റോം കേന്ദ്രമാക്കി, ആദ്യകാല വിശാല സാമ്രജ്യം യൂറോപ്യന്‍ വന്‍കരയില്‍ രൂപപ്പെട്ടതോടെ ആഫ്രിക്കയുമായും ഏഷ്യയുമായും വ്യാപാരബന്ധം ശക്തമായി. റോമന്‍ ചക്രവര്‍‌ത്തിമാർക്ക് പിന്നാലെ ലോകത്തെ ആദ്യത്തെ ക്രിസ്ത്യൻ സാമ്രാജ്യമായ കോൺസ്റ്റന്‍റീൻ ചക്രവർത്തിയിൽ നിന്നും ഭരണം പിടിച്ചെടുത്തതിന് ശേഷം നീണ്ട അഞ്ച് നൂറ്റാണ്ടുകൾ സാക്ഷാൽ ഓട്ടൊമൻ ചക്രവർത്തിമാരുടെ കൈപ്പിടിയിലിലായിരുന്നു സെർബിയ.

ഓട്ടൊമൻ പടയോട്ടങ്ങളുടെ സാമ്പത്തിക ഭാരവും അസ്വാതന്ത്രങ്ങളും പേറി അടിമ പട്ടാളക്കാരായി നിലകൊണ്ട ജനത. സെർബിയന്‍ ഭൂമിയുടെ ചരിത്രം മുഴുവനും  കീഴ്പ്പെടുത്തലുകളുടേത് ആയിരുന്നു, ഒരിക്കൽ കീഴ്പ്പെടുത്തിയ ചക്രവർത്തി ഇല്ലാതാകുമ്പോള്‍ അടുത്ത യുദ്ധം. പുതിയ ചക്രവര്‍ത്തി. അയാളുടെ കാലശേഷം വീണ്ടും യുദ്ധം. അധികാര സ്ഥാനത്ത് മറ്റൊരാള്‍. ഓരോ കീഴടങ്ങലും മറ്റൊരു കീഴടങ്ങലിനുള്ള തുടക്കം കൂടി കുറിച്ചു.  

ഒടുവില്‍, ഒരു രാജ്യമെന്ന ബോധ്യത്തില്‍ നിന്ന് സ്വയം ഏകീകരിക്കപ്പെടാനും സ്വന്തം ചരിത്രത്തെ സ്വയം നിർണ്ണയിക്കാനും ആ ജനത തീരുമാനിക്കുന്നത്, ചരിത്രത്തില്‍ സെർബിയയിലെ ആദ്യത്തെ പ്രക്ഷോഭം നടക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യകാലതാണ്. സ്റ്റീവൻ സെൻഡലിക് (Stevan Sinđelic) എന്ന വിപ്ലവകാരിയുടെ നേതൃത്വത്തിൽ സെർബിയൻ ജനത അക്കാലത്തെ ലോക ശക്തിയായിരുന്ന ഓട്ടൊമൻ ചക്രവർത്തിമാർക്കെതിരെ പോരാട്ടം ശക്തമാക്കി. 

1809 മെയ് മാസത്തില്‍ കിഴക്കൻ സെർബിയയിലെ നീഷ് പ്രവിശ്യയിൽ നടന്ന അതിരൂക്ഷമായ യുദ്ധത്തില്‍ സെഗാർ കുന്നിൽ മുകളില്‍ ചുറ്റും ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട് പിടിക്കപ്പെടും 
എന്നുറപ്പായപ്പോൾ, ശത്രുക്കള്‍ക്ക് കീഴടങ്ങില്ലെന്ന പോരാട്ട വീര്യത്തിൽ സ്റ്റീവനും അനുയായികളും വെടി മരുന്നുകൾക്ക് തീയിട്ട് സ്വയം അഗ്നിക്കിരയായി. ജീവനോടെ ഓട്ടോമൻ സൈന്യത്തിന്‍റെ കൈയില്‍ അകപ്പെട്ടാല്‍ അതിനേക്കാള്‍ ഭീകരമായ മരണമാണ് കാത്തിരിക്കുന്നതെന്ന ബോധ്യമാകാം അവരെ അതിന് പ്രേരിപ്പിച്ചത്. പതിനായിരക്കണക്കിന് ആളുകൾ ഇരുവശത്തും മരിച്ചു വീണ മഹായുദ്ധം അങ്ങനെ അവസാനിച്ചുവെന്ന് കരുതിയാല്‍ തെറ്റി. 

ശത്രുവിന്‍റെ മരണം ആഘോഷിക്കാന്‍, പ്രവിശ്യയിലെ ഓട്ടോമൻ ഗവർണർ ഹുർഷിദ് പാഷ സെർബിയൻ വിപ്ലവകാരികളുടെ ജഢങ്ങളിൽ നിന്ന് തലയറുത്ത് എടുത്ത് അവ സ്റ്റഫ് ചെയ്ത് ഓട്ടോമൻ ചക്രവർത്തിയായ സുൽത്താൻ മഹ്മൂദ് രണ്ടാമന് 'സമ്മാനമായി' കൊടുത്തയച്ചു. ഇത്രയും ക്രൂരമായി പെരുമാറാന്‍ പാഷയെ പ്രേരിപ്പിച്ചത്, സെർബിയൻ വിപ്ലവകാരികൾ ലോകം ഭയക്കുന്ന ഓട്ടോമൻ സാമ്രാജ്യത്തിന് നൽകിയ ചെറുതല്ലാത്ത പ്രഹരമായിരുന്നു. 

(ചിത്രം: കിരണ്‍ കണ്ണന്‍)

കാലാവസ്ഥാ വ്യതിയാനം; ആകാശ യാത്രകളുടെ സുരക്ഷിതത്വം കുറയുന്നുവോ?

ശത്രുവിന്‍റെ തലകള്‍ ചക്രവർത്തിയെ സന്തോഷിപ്പിച്ചു. ആ തലയോട്ടികള്‍ നീഷിലേക്ക് തന്നെ തിരിച്ചെത്തി, കൂടെ ഒരു കുറിപ്പും. നീഷിൻ നിന്ന് ബൽഗ്രെഡ് വഴി ഓട്ടോമൻ സാമ്രാജ്യ തലസ്ഥാനമായ ഇസ്‌താംബൂളിലേക്കുള്ള പ്രധാന വഴിയരികിൽ വിപ്ലവകാരികളുടെ തലയോട്ടികൾ കൊണ്ട് ഒരു ഗോപുരം പണിയുക! ഗവർണർ ഹുർഷിദ് പാഷ ആ ഉത്തരവ് നടപ്പാക്കി. നാല് വശങ്ങളിലായി 14 വരികളിലായി 952 വിപ്ലവകാരികളുടെ തലയോട്ടികൾ ഒട്ടിച്ചു വച്ച 15 അടിയുള്ള മുന്നറിയിപ്പ് ഗോപുരം ... !! ആ ഗോപുരത്തിന്‍റെ ഏറ്റവും മുകളില്‍ സെർബിയൻ വീരനായകൻ  സ്റ്റീവൻ സെൻഡലിക്കിന്‍റെ തലയോട്ടി സ്ഥാപിക്കപ്പെട്ടു. 

ഇനിയൊരു സെർബിയന്‍ വിപ്ലവത്തിനുള്ള ആഗ്രഹത്തെ പോലും മുളയിലെ നുള്ളാനായി, ഒരു താക്കീതായി, ഭീഷണിയായി, മരണത്തിന്‍റെ, തലയോട്ടികളുടെ ഗോപുരം ഉയർന്നു. ചുണ്ണാമ്പും മണലും ചേർന്ന മിശ്രിതത്തില്‍ അതിനകം മാംസം അഴുകിയ തലയോട്ടികള്‍ ചേര്‍ത്തുവച്ചൊരു ഗോപുരം. പക്ഷേ, ഇരുട്ട് കയറിയ ആ കണ്‍തുളകളില്‍ നിന്നും ഓട്ടോമൻ സാമ്രാജ്യം സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത സമര വീര്യമാണ് സ്വന്തം ജനതയ്ക്ക് പകര്‍ന്നത്. ഭയപ്പെടുത്താന്‍ നിര്‍മ്മിച്ച ഗോപുരം സ്വാഭിമാനത്തിന്‍റെയും ദേശീയ ബോധത്തിന്‍റെയും പ്രകോപിപ്പിക്കുന്ന ബിംബമായി വളരെ വേഗം വളര്‍ന്നു. സെർബിയയുടെ മണ്ണില്‍ വിപ്ലവത്തിന് തീ പിടിച്ചു. ഒടുവില്‍ അഞ്ച് നൂറ്റാണ്ട് നീണ്ടു നിന്ന ഓട്ടോമൻ സാമ്രാജ്യം 1878- ല്‍ സെർബിയയുടെ മണ്ണിൽ നിന്നും പൂര്‍ണ്ണമായും പിൻവാങ്ങി. ഇന്ന് 58 വീരന്മാരുടെ തലയോട്ടികളാണ് ഈ ഗോപുരത്തില്‍ അവശേഷിച്ചിരിക്കുന്നത്. സ്റ്റീവൻ സെൻഡലിക്കിന്‍റെതെന്ന് കരുതുന്ന തലയോട്ടി പ്രത്യേകം ചില്ല് കൂട്ടിലേക്ക് മാറ്റിപ്പെട്ടു.     

സെർബിയയുടെ മണ്ണില്‍ പിന്നെയും പിന്നെയും മഴ പെയ്തു വെയില്‍ വീണു. തലയോട്ടികളില്‍ പലതും ചുണ്ണാമ്പ് സുർക്കയില്‍ നിന്നും പൊഴിഞ്ഞ് വീണു. അവിടെ സ്വന്തം ദേശത്തിനായി പൊരുതി മരിച്ച ഒരു യോദ്ധാവിന്‍റെ തലയോട്ടിയുടെ വലിപ്പത്തില്‍ ഒരു അടയാളം മാത്രം അവശേഷിച്ചു. ഇന്നും കീഴടക്കപ്പെട്ടുന്ന ഓരോ ജനതയിലും ദേശസ്നേഹത്തിന്‍റെ, സ്വാഭിമാനത്തിന്‍റെ പോരാട്ട വീര്യമുണർത്തുന്നു, ഈ ഗോപുരം. കാലവും സമൂഹങ്ങളും മാറുമെങ്കിലും തലയോട്ടി ഗോപുരം കാലാതിവര്‍ത്തിയായ ഒന്നായിത്തീരുന്നു. ഒഴുകുന്ന ഒരു പുഴ പോലെ, അനുനിമിഷം പുതുക്കിക്കൊണ്ട് ചരിത്രം വീണ്ടും ഒഴുകികൊണ്ടേയിരിക്കുന്നു. ഇന്നും നിരവധി യുദ്ധങ്ങള്‍ക്കിടയിലാണ് മനുഷ്യന്‍. ഈ ചോരവീണ ചരിത്രങ്ങളില്‍ നിന്ന് എന്നാകും മനുഷ്യന് ഒരൊഴിവുണ്ടാവുക?

പെരിയാർ കടുവാ സങ്കേതത്തില്‍ പുതിയ ഇനം മത്സ്യങ്ങളും തുമ്പികളും; സര്‍വേ റിപ്പോർട്ട്

click me!