'പ്രിയപ്പെട്ട നിഷ ടീച്ചര്‍ക്ക് ശ്രേയ എഴുതുന്ന രാജിക്കത്ത്' ; രാജിക്കത്തെഴുതിയ മിടുക്കി ഇവിടെയുണ്ട്

By Rini Raveendran  |  First Published Jun 27, 2019, 3:57 PM IST

പോസ്റ്റിട്ട അന്ന് ഞങ്ങള്‍ എന്തോ റെക്കോര്‍ഡ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ്, ഇവര് കുറേപ്പേരുകൂടി ചിരിച്ചോണ്ട് ഇങ്ങനെ വരുന്നത്. ഭയങ്കര ആഘോഷമായി ശ്രേയയേയും പൊക്കിക്കൊണ്ടാണ് വരവ്. 


ആ രാജിക്കത്തില്ലേ? ശ്രേയ എസ് എന്ന മിടുക്കി തന്‍റെ ക്ലാസ് ടീച്ചര്‍ക്കെഴുതിയ കത്ത്. രണ്ട് ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കത്ത്. അതെഴുതിയ ശ്രേയ എസ്, AJJMGGHSS തലയോലപ്പറമ്പില്‍ ആറ് ബി ക്ലാസിലാണ് പഠിക്കുന്നത്. കുട്ടികള്‍ക്ക് നമ്മള്‍ ചിന്തിക്കുന്നതിനേക്കാളൊക്കെ കാര്യവിവരവും ഹ്യുമര്‍സെന്‍സുമുണ്ട്. മറ്റാരേക്കാളും ജനാധിപത്യബോധവും, സഹാനുഭൂതിയും ഒക്കെ അവര്‍ ചിലപ്പോള്‍ കാണിച്ചെന്നിരിക്കും. ഓരോ ക്ലാസ് മുറികളും ഓരോ പാഠശാലകളാണ്. അവിടെ കുഞ്ഞുങ്ങള്‍ നമ്മെയാണ് പഠിപ്പിക്കുന്നതെന്ന് മാത്രം. അത് വെളിവാക്കുന്ന കത്താണ് ശ്രേയയുടേത്. 

പ്രിയപ്പെട്ട നിഷ ടീച്ചര്‍ക്ക് ശ്രേയ എഴുതുന്ന രാജിക്കത്ത്.
25-06-19
Tuesday

Latest Videos

undefined

ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല. അതുകാരണം ഞാന്‍ ലീഡര്‍ സ്ഥാനത്തില്‍ നിന്ന് രാജി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 

ബൈ
ശ്രേയ എസ് 

ഇതായിരുന്നു ആ രാജിക്കത്ത്. അധ്യാപികയായ നിഷ നാരായണന്‍ തന്നെയാണ് കത്തിന്‍റെ ചിത്രം ശ്രേയയുടെ അനുവാദത്തോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ടീച്ചര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ കത്തങ്ങ് വൈറലായി. രാഷ്ട്രീയനേതാക്കള്‍ പോലും ശ്രേയയെ കണ്ടുപഠിക്കണമെന്നാണ് മിക്കവരും എഴുതിയത്. ആ രാജിക്കത്ത് സ്വീകരിക്കരുതെന്നും ഇതുപോലുള്ള കുട്ടികളെ നമുക്കാവശ്യമാണെന്നും കുറേപ്പേര്‍ എഴുതി. 

 ആ രാജിക്കത്തിനെ കുറിച്ച് നിഷ ടീച്ചര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു

ജൂണിലാണ് ക്ലാസ് തുടങ്ങിയത്. അപ്പോ ആദ്യത്തെ ആഴ്ച തന്നെ ഒരു ഫസ്റ്റ് ലീഡറേയും സെക്കന്‍റ് ലീഡറേയും തെരഞ്ഞെടുക്കും അതില്‍ ഫസ്റ്റ് ലീഡറാണ് ശ്രേയ. സെക്കന്‍റ് ലീഡര്‍ തേജസാണ്. അവരുടെ ചുമതല രാവിലെ ഒമ്പതര മുതല്‍ പത്തുവരെ മാറി മാറി മറ്റ് കുട്ടികള്‍ പുസ്തകം വായിക്കുന്നുണ്ടോ, പുറത്തേക്ക് പോകുന്നുണ്ടോ എന്നതൊക്കെ നോക്കുക, പിന്നെ, ഓരോ പിരിയഡ് മാറുമ്പോഴും ശബ്ദമുണ്ടാക്കാതെയും പുറത്ത് പോവാതെയും നോക്കുക. പിന്നെ, ഇന്‍റര്‍വെല്‍ ഒക്കെ അവരുടെ സ്വാതന്ത്ര്യമാണല്ലോ. അവരു പോകും വരും. ഇന്‍റര്‍വെല്ലിന് ശേഷം ബെല്ലടിച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ആരെങ്കിലും വരാത്തതുണ്ടെങ്കില്‍ അതൊന്ന് ശ്രദ്ധിക്കുക ഇങ്ങനെയുള്ള കുഞ്ഞുകുഞ്ഞ് ചുമതലകളാണ്. 

ക്ലാസില്‍ 42 കുട്ടികളാണുള്ളത്. എല്ലാം പെണ്‍കുട്ടികളാണ്. ഒരാള്‍ ശബ്ദം വെച്ചാല്‍ പോലും വലിയ ശബ്ദമായിരിക്കും. ഞങ്ങള്‍ ക്ലാസ് ലീഡര്‍മാരോട് ശബ്ദമുണ്ടാക്കാതെ നോക്കണം എന്ന് പറഞ്ഞിട്ടുണ്ട്. വലിയ ബഹളമില്ലാതെ നോക്കുക എന്നതാണ് നമ്മള്‍ കരുതുന്നതെങ്കിലും കുട്ടികള്‍ ഒരു മൊട്ടുസൂചി വീണാല്‍ പോലും കേള്‍ക്കുന്ന നിശബ്ദത ക്ലാസില്‍ പ്രതീക്ഷിക്കും. അത് അവരുടെ ക്ലാസ് ലീഡര്‍ എന്ന ചുമതലയില്‍ നിന്നുണ്ടാകുന്നതാണ്. ഒന്നുരണ്ടുപേര്‍ അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചാല്‍ത്തന്നെ പേരെഴുതും. പേരെഴുതിയാല്‍പ്പിന്നെ അവര്‍ സംസാരിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും. എന്തായാലും പേരെഴുതിയല്ലോ ഇനിയിപ്പോ സംസാരിച്ചാലെന്താണ് എന്നുള്ള മട്ടില്‍... അവരൊക്കെ കുട്ടികളല്ലേ, അമിതമായ അച്ചടക്കം അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ലല്ലോ. പകരം വലിയ ബഹളമൊന്നുമില്ലാതെ നോക്കുക. അതിനാണ് ലീഡര്‍മാര്‍.

ഇതാ ടീച്ചറേ ശ്രയയുടെ രാജിക്കത്ത്
പോസ്റ്റിട്ട അന്ന് ഞങ്ങള്‍ എന്തോ റെക്കോര്‍ഡ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ്, ഇവര് കുറേപ്പേരുകൂടി ചിരിച്ചോണ്ട് ഇങ്ങനെ വരുന്നത്. ഭയങ്കര ആഘോഷമായി ശ്രേയയേയും പൊക്കിക്കൊണ്ടാണ് വരവ്. കൂട്ടത്തില്‍ അനന്യ എന്നൊരു മിടുക്കിയുണ്ട്. അവളാണ് പറയുന്നത്, ''ടീച്ചറേ ഇതാ ശ്രേയയുടെ രാജിക്കത്ത്. ഒര് രക്ഷേമില്ല, കുറച്ച് പേരുണ്ട്, പറഞ്ഞാ അനുസരിക്കത്തേ ഇല്ല...'' എന്ന്. 

ശ്രേയയുടെ രാജിക്കത്ത് കണ്ടപ്പോള്‍ എനിക്കും ചിരിവന്നു. പക്ഷെ, അതിലെ വാക്കുകള്‍ എന്നെ ആകര്‍ഷിച്ചു. കുട്ടികളൊന്നും പറഞ്ഞാല്‍ കേള്‍ക്കുന്നില്ല. അതുകൊണ്ട് ഞാന്‍ രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത്. രാജിക്ക് അപേക്ഷിക്കുകയാണ് എന്നൊന്നുമല്ല. അവളുടെ തീരുമാനമാണ്. അത് എന്നെ അറിയിക്കുന്നുവെന്ന് മാത്രം. അതും എനിക്കിഷ്ടായി. അതിനകത്ത് വലിയൊരു ഹ്യൂമര്‍ എലമെന്‍റുണ്ട് അല്ലാതെ, ഭയങ്കര ഉത്തരവാദിത്തമൊന്നുമല്ല. അവര്‍ ആഘോഷമായി ചെയ്യുന്ന ഒരു കാര്യം. മാത്രമല്ല,  സ്വാഭാവികതയും സത്യസന്ധതയുമുണ്ട് അതില്‍.

കൂടാതെ, ബഹുമാനപ്പെട്ട ടീച്ചര്‍ എന്നല്ല, പ്രിയപ്പെട്ട ടീച്ചര്‍ എന്നാണ് എഴുതിയിരിക്കുന്നത്. അതെനിക്ക് ഒരുപാട് ഇഷ്ടായി. 

അത് കഴിഞ്ഞ് രണ്ട് മണിക്കൂര്‍ ആ ക്ലാസില്‍ ഞങ്ങളെല്ലാവരും കൂടി സംസാരിച്ചു. അത് അതിലും രസമായിരുന്നു. ഈ കത്ത് പുറത്ത് വിട്ടതുകൊണ്ടാണ്... ശരിക്ക് പറഞ്ഞാല്‍ ഇതിലും രസകരമാണ് ഓരോ കാര്യത്തിലും കുട്ടികളുടെ പ്രതികരണം. അന്നത്തെ രണ്ട് മണിക്കൂര്‍ ചര്‍ച്ചയില്‍ പലരും പല വാദവും ഉന്നയിച്ചു. ഇവിടെ രണ്ട് ലീഡര്‍മാരുണ്ട് എന്നിട്ടും മറ്റൊരു കുട്ടി ലീഡര്‍മാരുടെ ചുമതലകളില്‍ ആവശ്യമില്ലാതെ ഇടപെടുന്നു എന്നതാണ് ഒരു കുട്ടിയുടെ പരാതി. മറ്റൊരാളുടെ പരാതി ചെവിയില്‍ ചെറുതായി ഒന്ന് മന്ത്രിച്ചാല്‍ പോലും പേരെഴുതും എന്നുള്ളതാണ്. അങ്ങനെ കുറേകുറേ ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ക്ക് ശേഷം ചുമതലകള്‍ പലര്‍ക്കായി വീതിച്ചു കൊടുത്തു.

കുട്ടികള്‍ ഭയങ്കര രസമുള്ളവരാണ്. വളരെ നിഷ്കളങ്കമായി അവര്‍ ചെയ്യുന്ന പല കാര്യങ്ങളും നമ്മള്‍ കണ്ടു പഠിക്കേണ്ടതും. 18 കൊല്ലമായി ഞാന്‍ ജോലിക്ക് കേറീട്ട്. അതിനിടയില്‍ കുട്ടികളില്‍ നിന്ന് പഠിക്കാനുള്ള ഒരുപാട് അനുഭവങ്ങളുമുണ്ടായിട്ടുണ്ട്.

ക്ലാസിലെ കുട്ടികളുടെ കവിതകള്‍, പാട്ടുകള്‍ ഒക്കെ ഫേസ്ബുക്കില്‍ പങ്കുവെക്കാറുമുണ്ട്. ഇത് വൈറലാകുമെന്നൊന്നും പ്രതീക്ഷിക്കുന്നില്ല ഇടുമ്പോള്‍. പക്ഷെ, വൈറലായി. ആ കത്ത് അപ്ലോഡ് ചെയ്യുമ്പോള്‍ സ്കൂളിന്‍റെ പേരൊക്കെ ഞാന്‍ ഹൈഡ് ചെയ്തിരുന്നു. കാരണം, കുട്ടികള്‍ക്കും അവരുടേതായ സ്വകാര്യതകളും അവകാശങ്ങളും കാണുമല്ലോ എന്നോര്‍ത്ത്. ഇപ്പോള്‍ അത് തുറന്ന് പറയുന്നത് ശ്രേയയുടേയും വീട്ടുകാരുടേയും അനുവാദത്തോടെയാണ്. 

ശ്രീജിത്താണ് ശ്രേയയുടെ അച്ഛന്‍. ശ്രീകലയാണ് അമ്മ.

click me!